അശ്ശൈഖ് ഖാലിദ് ബിൻ ഹസൻ (റ) ആന്ത്രോത്ത് (1894-1961).


അശ്ശൈഖ് ഖാലിദ് ബിൻ ഹസൻ (റ) ആന്ത്രോത്ത് (1894-1961).

(അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) (1882-1987) അവർകളുടെ സതീർത്ഥ്യൻ)

പ്രകൃതിരമണീയമായ ആന്ത്രോത്ത് ദ്വീപിലെ കുന്നിൽ തറവാട്ടിൽ ഹസൻ, ആയിശ ദമ്പതികളുടെ പുത്രനായി ഹിജ്റ 1311 (1894)ൽ ശൈഖ് ഖാലിദ് എന്ന ശൈഖ് ഖാലിദ് ബിൻ ഹസൻ സാദിഖുൽ യമനി ജനിച്ചു.
പിതാവിന്റെ കുടുംബം യമൻ വംശജരായിരുന്നു.

ചെറുപ്രായത്തിൽ തന്നെ ആത്മീയ മാർഗ്ഗത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആന്ത്രോത്ത് ദ്വീപ് സ്വദേശിയും മഹാജ്ഞാനി യും കാലഘട്ടത്തിന്റെ ഖുത്വുബുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി (ഖ.സി) (1829-1921) മഹാനവർകളുടെ ശിഷ്യത്വം സ്വീകരിച്ചു. ആ ആദ്ധ്യാത്മിക ജ്ഞാന സമുദ്രത്തിൽ നിന്ന് അമൂല്യങ്ങളായ പല അറിവുകളും കരസ്ഥമാക്കി. നീണ്ട വർഷങ്ങൾ സേവകനും സന്തതസഹചാരിയുമായി കഴിഞ്ഞുകൂടി. ആന്ത്രോത്ത് സ്വദേശി അഹ്‌മദ് മസ്താൻ, ശൈഖ് ബുഖാരി തങ്ങളുടെ പ്രമുഖനായ മറ്റൊരു ശിഷ്യനാണ്.

1921ൽ ശൈഖ് ബുഖാരി തങ്ങളോടൊപ്പം മലബാറിലെ വടകരയിൽ എത്തിച്ചേർന്നു. ഈ അവസരത്തിലാണ് അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) (1882-1987), ശൈഖ് ബുഖാരി തങ്ങളിൽനിന്ന് ശിഷ്യത്വം സ്വീകരിക്കുന്നത്. വടകരയിലെ വാസത്തിന്റെ നാൽപ്പതാം നാൾ 1921 മാർച്ച് 4 (1339 റജബ് 4)ന് തിങ്കളാഴ്ച അശ്ശൈഖ് സയ്യിദ് ബുഖാരി മുത്തുക്കോയതങ്ങൾ (ഖ.സി) വടകരയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു. വടകര താഴെയങ്ങാടിയിലെ മഖാമുൽ അഅ്ലയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

മുൻകല്പന പ്രകാരം അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി), ശൈഖ് ഖാലിദ് ഇരുവരെയും ത്വരീഖത്തിന്റെ ആത്മീയ പിൻഗാമികളായി അധികാരപ്പെടുത്തുകയും ചെയ്തു.

ജനമനസ്സുകളിൽ കലിമത്തിന്റെ വിത്തുപാകി മുളപ്പിച്ചെടുക്കാൻ അധികാരം സിദ്ധിക്കുമ്പോൾ ശൈഖ് ഖാലിദ് അവർകൾക്ക് 27 വയസ്സ് മാത്രമായിരുന്നു പ്രായം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റി സഞ്ചരിച്ച ശൈഖ് ഖാലിദ് അവർകൾക്ക് മലബാറിലും നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്നു. ആത്മീയജ്ഞാനം വഴി പലരെയും ഉന്നതപദവിയിൽ എത്തിച്ച മഹാൻ ഇടയ്ക്കിടെ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളെ സന്ദർശിച്ചിരുന്നു. പലവിധ വിജ്ഞാനങ്ങളെ കുറിച്ചും അവർ ചർച്ച ചെയ്തിരുന്നു.

ആത്മജ്ഞാനിയും സൂഫിവര്യരുമായ ശൈഖ് ഖാലിദ് അവർകളുടെ വടകര സ്വദേശിയായ ശിഷ്യൻ ഉമർ മൂപ്പന്റെ ഒരനുഭവ സംഭവം പറയാം. ശൈഖ് ഖാലിദ് അവർകൾ സീമന്തപുത്രൻ കോയാമ്മുവിനെ, ഉമർ മൂപ്പനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു ഇവനെ എല്ലാ നിലയിലും സംരക്ഷിക്കുകയും വിദ്യാഭ്യാസം നൽകുകയും വേണം.

അതിരറ്റ സന്തോഷത്തോടെ ഗുരുകൽപ്പന സ്വീകരിച്ച ഉമർ മൂപ്പൻ, തൻ്റെ മക്കളെക്കാളുപരിയായി വളരെ ശ്രദ്ധയോടെ തന്നെ ഗുരുപുത്രനെ പരിപാലിച്ചുവന്നു. വടകര ബി. ഇ. എം. ഹൈസ്കൂളിൽ പഠിച്ചിരുന്ന കോയാമ്മുവിനെ സന്ദർശിക്കാൻ ശൈഖ് ഖാലിദ് അവർകൾ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. ഒരു ദിവസം ഉമർ മൂപ്പന്റെ വീട്ടിലെ കിണറ്റിൽ ഒരു കോഴി അകപ്പെട്ടു. കോഴിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി കിണറ്റിലിറങ്ങാൻ തയ്യാറായ കോയാമ്മുവിനെ വീട്ടുകാർ പലതവണ വിലക്കിയെങ്കിലും, വിലക്കുകളെല്ലാം അവഗണിച്ച് കോയാമ്മു നിർബന്ധപൂർവ്വം കിണറ്റിലിറങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, കിണറ്റിൽ വെച്ച് ആ ഓമന പുത്രൻ മരണപ്പെട്ടു. ഉമർ മൂപ്പൻ വളരെയധികം വിഷമിച്ചു. കോയാമ്മുവിന്റെ മയ്യിത്ത് വടകര ശൈഖ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുകയും ചെയ്തു.

അതേസമയം തന്നെ ശൈഖ് ഖാലിദ് അവർകൾ ആന്ത്രോത്ത് ദ്വീപിലെ വീട്ടിൽ വെച്ച് കിത്താബ് പാരായണം ചെയ്യുന്ന സന്ദർഭത്തിൽ ചുവരിൽ തൂക്കിയിരുന്ന ഏകമകന്റെ കണ്ണാടി തനിയെ താഴെ വീണു. പെട്ടെന്ന് കിത്താബ് പാരായണം നിർത്തുകയും, വീട്ടുകാരോട്, എനിക്ക് ഉടനെ മലബാറിലേക്ക് പോകണം, എൻ്റെ പെട്ടി വേഗം തയ്യാറാക്കൂ.. എന്ന് ആവശ്യപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി, വടകര കിഴെത്ത് എന്ന വീട്ടിൽ ശൈഖ് ഖാലിദ് അവർകൾ വന്നു കയറുമ്പോൾ ഉമർ മൂപ്പൻ വരാന്തയിലുണ്ടായിരുന്നു. ഗുരുവിനെ കണ്ടമാത്രയിൽ ശിഷ്യൻ വിങ്ങിപ്പൊട്ടി, വാക്കുകൾ ഉച്ചരിക്കാനാവാതെ വിഷമിച്ചു. പുത്ര വിയോഗം എങ്ങിനെ ഗുരുവിനെ അറിയിക്കുമെന്നോർത്ത് ധർമ്മസങ്കടത്തിലായി.

ഗുരുവര്യർ ഉമർ മൂപ്പനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇതെന്തൊരു അത്ഭുതം! തുടർന്ന് ഗുരു ഇപ്രകാരം പറഞ്ഞു. സാരമില്ല ഉമറെ, 'കുല്ലു നഫ്സിൻ ദായിക്കത്തുൽ മൗത്ത്' എല്ലാ ശരീരങ്ങളും മരണത്തിൻെറ രുചി ആസ്വദിക്കേണ്ടിവരുമെന്ന ഖുർആൻ വചനമാണ് ഗുരുവര്യർ ഓതി കേൾപ്പിച്ചത്.

ഉമറെ, നീ എനിക്ക് കഞ്ഞി നൽകി എന്നെ സ്വീകരിക്കാറല്ലെ പതിവ്, ഇപ്പോൾ നീ വിഷമത്തിലായി അല്ലേ? നീ ക്ഷമിക്കൂ. എൻെറ മകന്റെ കാര്യങ്ങൾ എനിക്ക് ഇടയ്ക്കിടെ ഓർമ്മ വന്നിരുന്നു. ഇനി ആ സമയവും കൂടി എൻ്റെ റബ്ബിനെ (മഖ്സൂദിനെ) ഓർത്ത് ഇരിക്കാമല്ലോ.

ക്ഷമാശീലരും ത്യാഗീവര്യരുമായ ആത്മീയ ഗുരുനാഥരുടെ ഉന്നത അവസ്ഥകളെ സൂചിപ്പിക്കുന്നതാണ് ഈ സംഭവം.

ആത്മീയ അറിവുകളും അത്ഭുത സിദ്ധികളും കൊണ്ട് സംഭവബഹുലമായ ജീവിതത്തിന് വിരാമമായത് 67ാംമത്തെ വയസ്സിൽ (ഹിജ്റ 1380 ശഅബാൻ 5) 1961 മാർച്ച് 23 ബുധനാഴ്ചയാണ്. അന്നു തന്നെ ആന്ത്രോത്ത് ദ്വീപിലെ പുറത്താപ്പള്ളിക്കുസമീപം ഖബറടക്കം നടത്തി.

ശൈഖ് ഖാലിദ് എന്ന ഖാലിദ് വമ്പനെ കുറിച്ച് ഒരുപാട് അനുഭവകഥകൾ ജനങ്ങൾക്ക് ഇന്നും പറയുവാനുണ്ട്.

ശൈഖ് ഖാലിദ് അവർകളെക്കുറിച്ച് മൗലിദും, മാലയും പ്രചാരത്തിലുണ്ട്.