വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ (1948-2017)

 


1948 ആഗസ്റ്റ് 8 (1367 ശവ്വാല്‍ 2) ഞായറാഴ്ച രാവിലെ 10 മണിക്ക് വടകര താഴെ അങ്ങാടിയിലെ ആനേന്‍റവിട തറവാട്ടില്‍ ജനിച്ചു. ആത്മീയജ്ഞാനത്തിലൂടെയും ആതുരസേവനത്തിലൂടെയും സഹജീവികള്‍ക്ക് തണലായി നിറഞ്ഞു നിന്ന സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ ‘വടകര തങ്ങള്‍’ എന്ന പേരില്‍ വിഖ്യാതരായവരും, സ്നേഹമെന്ന പദത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയുള്‍ക്കൊണ്ട മഹാനുഭാവനുമായിരുന്നു. അല്ലാഹുവിന്‍റെ കരുണാ കടാക്ഷത്തിലേക്ക് ആത്മസമര്‍പ്പണം ചെയ്തുള്ള ജീവിതമായിരുന്നു സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങളുടേത്. സ്നേഹമെന്ന സത്യത്തിന് പരിധികളില്ലെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ഉള്‍ക്കൊണ്ടു. ഖാദിരിയ്യാ ത്വരീഖത്തിന്‍റെ വഴിയില്‍ ജീവിതത്തെ ക്രമപ്പെടുത്തി. മത-ജാതി വ്യത്യസ്തകള്‍ക്കതീതമായി അദ്ദേഹം സഹജീവികളെ സ്നേഹിച്ചു. ഐഹിക ജീവിതത്തിലെ ക്ഷണികവും ബാലിശവുമായ കാര്യങ്ങളിലൊന്നിലും സയ്യിദ് താല്പര്യം കാണിച്ചില്ല. അതിനാലാണ് തങ്ങള്‍ക്ക് എല്ലാവരോടും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞത്. നിറഞ്ഞ ആ പാല്‍പുഞ്ചിരി തന്നെയായിരുന്നു ആ മഹാനുഭാവന്‍റെ ജീവിതം. സങ്കടങ്ങളെയും വിഷമങ്ങളെയും ജീവിതത്തിന്‍റെ സൗന്ദര്യത്തില്‍ ലയിപ്പിച്ചു. സാമീപ്യം ആഗ്രഹിച്ചെത്തുന്നവരോട് ഈ ജീവിത വീക്ഷണം പങ്കുവെച്ചു. സ്നേഹമെന്ന രണ്ടക്ഷരത്തിന്‍റെ മാന്ത്രികതയെ അവരുടെ മനസ്സുകളിലേക്ക് ചേര്‍ത്തു ലയിപ്പിച്ചു. കുടുംബ കലഹവുമായെത്തിയവര്‍, സ്വത്തു തര്‍ക്കവുമായെത്തിയവര്‍, എല്ലാവരും സയ്യിദിന്‍റെ സമക്ഷത്തില്‍ നിന്ന് മടങ്ങിപ്പോയത് നിറഞ്ഞ സമാധാനവുമായി. വൈരം കാരണം ഹൃദയം കടുത്തു പോയവര്‍ക്കും തല പെരുത്തു പോയവര്‍ക്കും സയ്യിദിന്‍റെ സാമീപ്യം സമാധാനത്തിന്‍റെ കടലായി മാറി. ലക്ഷങ്ങള്‍ക്ക് പ്രാര്‍ത്ഥനയും രോഗശാന്തിയുമേകിയ തങ്ങളുടെ ഖ്യാതി ദേശാന്തരങ്ങള്‍ ഭേദിക്കുന്നതാണ്. പാരമ്പര്യമായി ലഭിച്ച അറിവായിരുന്നു സയ്യിദിന് ചികിത്സ. ആത്മജ്ഞാനത്തിന്‍റെ നിറകുടമായ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ കുടുംബ പരമ്പരയിലെ കണ്ണിയായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളാണ് സയ്യിദ് കുഞ്ഞിക്കോയതങ്ങളുടെ പിതാവ്. ശൈഖ് അബൂബക്കര്‍ ഖബീലയില്‍പ്പെട്ട സയ്യിദത്ത് ആയിശ ആറ്റബീവി മാതാവുമാണ്. പ്രഥമ ദൃഷ്ടിയില്‍ തന്നെ കാണുന്നവരുടെ ഹൃദയം കീഴടക്കാന്‍ കഴിവുളള തേജോമയനായിരുന്ന സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ ആത്മജ്ഞാനിയും പാരമ്പര്യ ചികിത്സയുടെ പ്രയോക്താക്കാളില്‍ പ്രശസ്തനുമായിരുന്നു. പിതാവ് തന്നെയാണ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ ആത്മീയ ഗുരു. ആത്മീയകാര്യങ്ങളിലെ അറിവിനൊപ്പം പാരമ്പര്യ ചികിത്സയുടെ മൊഴിമുത്തുകളും പ്രായോഗിക രീതികളും സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ മകന് പകര്‍ന്നു നല്‍കി.

മാറാ രോഗങ്ങള്‍ പോലും ചികിത്സിച്ച് ഭേദമാക്കാനും മനസ്സുകളെ അറിയാനുമുള്ള സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങളുടെ സിദ്ധി അപാരമായിരുന്നു. രോഗം ആദ്യം കീഴടക്കുന്നത് മനസ്സിനെയാണെന്നും മനസ്സിനെ രോഗത്തില്‍ നിന്ന് മോചിപ്പിച്ചാല്‍ ശരീരത്തെയും എളുപ്പത്തില്‍ തന്നെ അതില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്നും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മഹാന്‍ ലോകത്തിന് കാണിച്ചു കൊടുത്തു. വര്‍ഷങ്ങളോളം ഉന്നത ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും രോഗം ഭേദമാകാത്ത എത്രയെത്ര ആളുകള്‍ക്കാണ് അദ്ദേഹം ശാന്തി നല്‍കിയത്. സ്വദേശങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള നാനാ വിഭാഗം ജനങ്ങളുടെ ഒഴുക്ക് സയ്യിദ് ഇഹലോകത്തില്‍ നിന്നും വിടവാങ്ങും വരെ വര്‍ദ്ധിക്കുകയേ ചെയ്തുള്ളൂ.

ജീവിതത്തോടൊപ്പം മരണവുമുണ്ടെന്ന പരമ സത്യം ഉള്‍കൊണ്ടതിനാല്‍ ക്ഷണികമായ ഐഹിക ജീവിതത്തിന്‍റെ ദൈര്‍ഘ്യം പരിമിതമാണെന്ന ചിന്ത സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരുന്നു. മരണ ശേഷം ഖബറടക്കേണ്ട സ്ഥലം ഏതെന്ന് അദ്ദേഹം തന്നെ നിര്‍ണ്ണയിച്ചു. മരണമെന്ന ചിന്തയില്‍ നിന്നുപോലും ഓടിയൊളിക്കുന്നവരില്‍ നിന്നും എത്രയോ ഉയരത്തിലായിരുന്നു സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ ചിന്താമണ്ഡലം.
സൂഫിയായി ജീവിക്കുമ്പോള്‍ തന്നെ ചുറ്റിലും നടക്കുന്ന മാറ്റങ്ങളെ നോക്കി കാണാനും തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവയെ കുറിച്ച് വ്യക്തമായ ധാരണയോടെ ശരിയേത് തെറ്റേത് എന്ന് പറയാന്‍ മടി കാണിച്ചില്ല. ആത്മീയ ഗുരു മാത്രമായി സയ്യിദിനെ കരുതിയ ചിലര്‍ ഇത് കണ്ട് അത്ഭുതപരതന്ത്രരായിട്ടുണ്ട്.

യമനിലെ ഹളര്‍മൗത്തില്‍ നിന്ന് വടകരയിലെത്തിച്ചേര്‍ന്ന അസ്സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍, അസ്സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങള്‍ എന്നിവരിലാണ് സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങളുടെ കുടുംബ വേരുകള്‍ ചെന്നു നില്‍ക്കുന്നത്. പ്രവാചക വംശപരമ്പരയിലെ മശ്ഹൂര്‍ ഖബീലയിലാണ് സയ്യിദ് കുഞ്ഞിക്കോയതങ്ങളുടെ കുടുബം. സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ എന്നവര്‍ 1710-ല്‍ വടകരയിലെത്തിച്ചേര്‍ന്നതോടു കൂടിയാണ് കേരളത്തില്‍ മശ്ഹൂര്‍ ഖബീലയുടെ ചരിത്രം ആരംഭിക്കുന്നത്. മാതൃസഹോദരനായ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങളുടെ പാത പിന്തുണര്‍ന്ന് വടകരയിലെത്തിയ സയ്യിദ് അബ്ദുറഹിമാന്‍ മശ്ഹൂര്‍ തങ്ങള്‍, ചെറുസീതി തങ്ങളുടെ പുത്രിയെയാണ് വിവാഹം ചെയ്തത്. ഇവരിലൂടെയാണ് കേരളത്തില്‍ മശ്ഹൂര്‍ കുടുംബം വളരുന്നത്. സയ്യിദ് അബ്ദുറഹിമാന്‍ മശ്ഹൂറിന്‍റെ ആറാം തലമുറയാണ് സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍.

എങ്ങിനെ ജീവിക്കണം, എങ്ങിനെ ജീവിതത്തെ വീക്ഷിക്കണം എന്ന അറിവ് ബന്ധപ്പെട്ടവരോട് വ്യക്തമായി പറഞ്ഞു വെച്ചതിന് ശേഷമാണ് സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ ഇഹലോകവാസം വെടിഞ്ഞത്. പ്രിയപ്പെട്ടവര്‍ ഉപ്പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്.

മലബാറിലെ പുകള്‍പ്പെറ്റ സയ്യിദ് കുടുംബമായ പൊന്നാനി വലിയ ജാറത്തിങ്കല്‍ ഹൈദ്രോസ് ഖബീലയില്‍പ്പെട്ട സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങളുടേയും, മറ്റൊരു പ്രമുഖ സയ്യിദ് തറവാടായ വെട്ടം പോക്കിരിയാനകത്ത് സയ്യിദത്ത് ഫാത്വിമ മുല്ലബീവി ശരീഫയുടേയും പ്രഥമ പുത്രി സയ്യിദത്ത് അസ്മ മുത്തുബീവിയെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത്. ഈ ദാമ്പത്യത്തില്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ ഫസല്‍ക്കോയതങ്ങള്‍, സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയതങ്ങള്‍, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആരിഫാബീവി എന്നീ സന്താനങ്ങള്‍ പിറന്നു.

പുത്രന്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ ഫസല്‍ക്കോയതങ്ങള്‍, ശിഹാബുദ്ദീന്‍ ഖബീലയില്‍പ്പെട്ട പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ പുത്രി സയ്യിദത്ത് സ്വാലിഹത്ത് ബീവിയെ വിവാഹം ചെയ്തു. സയ്യിദത്ത് ആയിശ ആലിയ, സയ്യിദത്ത് ആമിന വര്‍ദ്ദ എന്നിവര്‍ മക്കളാണ്. അഭിവന്ദ്യപിതാവിന്‍റെ ആത്മീയ മാര്‍ഗ്ഗം പിന്തുടര്‍ന്നു കൊണ്ട് വടകര കരിമ്പനപ്പാലത്തെ പ്രസിദ്ധമായ ബൈത്തുല്‍ ആയിശാബീയില്‍ താമസിച്ചുവരുന്നു.

പുത്രന്‍ സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയതങ്ങള്‍, അഹ്ദല്‍ ഖബീലയില്‍പ്പെട്ട വളപട്ടണം സയ്യിദിന്‍റകത്ത് സയ്യിദ് ഹുസൈന്‍കോയ തങ്ങളുടെ പുത്രി സയ്യിദത്ത് ഷാഹിന ബീവിയെ വിവാഹം ചെയ്തു. സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍, സയ്യിദത്ത് ആയിശ സഫ, സയ്യിദത്ത് അസ്മ വഫ, സയ്യിദ് അഫ്ഹാം അബ്ദുള്ള മശ്ഹൂര്‍, സയ്യിദ് അബ്ദുറഹ്മാന്‍ അദ്ഹം മശ്ഹൂര്‍ എന്നിവര്‍ മക്കളാണ്. അഭിവന്ദ്യപിതാവിന്‍റെ ആത്മീയ മാര്‍ഗ്ഗം പിന്തുടര്‍ന്നു കൊണ്ട് വടകര കരിമ്പനപ്പാലത്തെ അല്‍മഹല്‍ എന്ന ഭവനത്തില്‍ താമസിച്ചുവരുന്നു.

പ്രഥമ പുത്രി സയ്യിദത്ത് ബുഷറാബീവിയെ വിവാഹം ചെയ്തത് പൊന്നാനി ഉസബിയകത്ത് സയ്യിദ് ഇബ്രാഹിം കോയഞ്ഞിക്കോയതങ്ങളുടെ (യു.കെ.കെ.തങ്ങള്‍) (കോഴിക്കോട് മുസല്‍ത്തം വീട്) പുത്രന്‍ സഖാഫ് ഖബീലയില്‍പ്പെട്ട സയ്യിദ് അഹമദ് ശരീഫ് സഖാഫ് തങ്ങളാണ്. സയ്യിദ് അബ്ദുല്‍ ബാസിത്ത് സഖാഫ്, സയ്യിദ് കാമില്‍ അഹ്മദ് സഖാഫ്, സയ്യിദത്ത് ഫാത്വിമ സഹ്റ എന്നിവരാണ് മക്കള്‍. വടകര കരിമ്പനപ്പാലത്തെ അല്‍ മശ്ഹൂര്‍ എന്ന ഭവനത്തില്‍ താമസിച്ചുവരുന്നു.

ഇളയപുത്രി സയ്യിദത്ത് ആരിഫ ബീവിയെ, കൊയിലാണ്ടി നൂര്‍മഹലില്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രന്‍ ബാഫഖി ഖബീലയില്‍പ്പെട്ട സയ്യിദ് ഹുസൈന്‍ ബാഫഖിതങ്ങളാണ് വിവാഹം ചെയ്തിട്ടുള്ളത്. സയ്യിദ് നിഹാല്‍ ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് അമല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ മക്കളാണ്. വടകര കരിമ്പനപ്പാലത്തെ അല്‍നൂര്‍ എന്ന ഭവനത്തില്‍ താമസിച്ചുവരുന്നു.

മക്കളായ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ ഫസല്‍ക്കോയതങ്ങള്‍ക്കും, സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയതങ്ങള്‍ക്കും പാരമ്പര്യമായി ലഭിച്ചതും സ്വാനുഭവത്തില്‍ നിന്ന് ലഭിച്ചതുമായ അറിവുകള്‍ പകര്‍ന്നു നല്‍കി. സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ക്ക് നിതാന്തമായ പ്രാര്‍ത്ഥനയായിരുന്നു ജീവിതം. രോഗ ശാന്തി തേടിയെത്തിയവര്‍ക്ക് പ്രാര്‍ത്ഥനയുടെ ഫലത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. അങ്ങിനെ നിരാശമുറ്റിയവരെ ജീവിതത്തിന്‍റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തി പരോപകാരത്തിന്‍റെ പര്യായമായി. 2017 ജൂണ്‍ 10 (1438 റംസാന്‍ 15)ന് ശനിയാഴ്ച രാവിലെ 10 മണിക്ക്  വിടപറഞ്ഞ് കരിമ്പനപ്പാലത്തെ വസതിക്കു സമീപത്തെ മഖാമുല്‍ വസീലയില്‍ നിദ്ര കൊള്ളുന്ന ആ മഹാനുഭാവന് പ്രാര്‍ത്ഥനയുടെ പൂമരം തീര്‍ക്കേണ്ടതുണ്ട്. സാമീപ്യം തേടിയെത്തിയവര്‍ക്ക് പ്രാര്‍ത്ഥനയുടെ ദിവ്യ വചസ്സുകള്‍ പകര്‍ന്നു നല്‍കിയ യുഗപ്രഭാവന് അതു മാത്രമാണ് തിരിച്ചു നല്‍കാനാവുക.