ആത്മസംസ്കരണമാകുന്ന തസ്വവ്വുഫിലൂടെ ആത്മാവ് ആർജ്ജിച്ചെടുക്കുന്ന ജ്ഞാനമാണ് ആത്മീയ ജ്ഞാനം. ആത്മീയ ജ്ഞാനത്തിന്റെ അത്യുന്നതി അവർണ്ണനീയമാണ്. ആന്തരികമായ സകല മറകളും നീങ്ങി ശുദ്ധമായ ഹ്യദയങ്ങൾക്കാണ് ഈ ജ്ഞാനം ലഭ്യമാകുന്നത്. ഇത്തരത്തിൽ ആത്മീയ ജ്ഞാനത്തിന്റെ അഗ്രഗണ്യസ്ഥാനത്ത് വിരാചിച്ച മഹാമനീഷികളായ മഹാത്മാക്കൾ അനവധിയാണ്. അവരാണ് ജനമനസ്സുകളെ സ്ഫുടം ചെയ്ത് നാഥന്റെ സവിധത്തിലേക്ക് മാർഗ്ഗദർശനം ചെയ്യുന്നത്. ഹൃദയത്തിലെ സർവ്വ മാലിന്യങ്ങളും നിശേഷം നീക്കം ചെയ്ത് ഇലാഹീ ജ്ഞാന പ്രഭ പ്രവേശിക്കാനുതകുന്ന തരത്തിൽ ഹൃദയങ്ങളെ അവർ ശുദ്ധീകരിക്കുന്നു. വളരെ അത്യന്താപേക്ഷിതവും ഏറ്റവും മഹത്തരവുമായ ദൗത്യമാണ് ലോകത്ത് ഇങ്ങിനെയുള്ള മഹത്തുക്കൾ നിറവേറ്റുന്നന്നത്.
ഇത്തരത്തിൽ ആ മഹത്തായ ദൗത്യ നിർവ്വഹണത്തിലൂടെ അനേകം ജനമനസ്സുകളിൽ ഇലാഹീ ചിന്തയും ധ്യാനവും ദൃഢമാക്കി പ്രകാശിപ്പിച്ച മഹത്തുക്കളിൽ പ്രധാനിയാണ് വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി). അവിടുത്തെ ആണ്ടുനേർച്ചയാണ് വടകരയിൽ നടക്കുന്നത്. ഈ അവസരത്തിൽ അവിടുത്തെ കുറിച്ച് അൽപം നമുക്ക് അനുസ്മരിക്കാം.
വടകര താഴെയങ്ങാടിയിലാണ് ജനനം. മതവിജ്ഞാനം കരസ്ഥമാക്കിയ മഹാനവർകൾ ആത്മീയ പാതയിൽ അതീവ താൽപര്യവും ശ്രദ്ധയും ഉള്ളവരായിരുന്നു. ഇലാഹീ പ്രയാണ പാതയാൽ ലക്ഷ്യസാക്ഷാത്കാരം നേടിത്തരാൻ അർഹനായ ഒരു ഗുരുവിന് വേണ്ടി തീഷ്ണമായ അന്വേഷണം നടത്തികൊണ്ടിരുന്നു. തഥവസരത്തിൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ആത്മജ്ഞാനത്തിന്റെ നിറകുടമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽജീലാനി അവർകളെ കുറിച്ച് കേൾക്കാൻ ഇടയായി. തുടർന്ന് നേരിൽ കണ്ടപ്പോൾ നാം അന്വേഷിക്കുന്ന ഗുരുവിനെ ലഭിച്ചുവെന്ന് ബോധ്യമായി. ആത്മീയജ്ഞാനത്തിലും മഅരിഫത്തിലും താൽപര്യവും ആഗ്രഹവുമുള്ളതിനാൽ ഒരു തവണ കണ്ടപ്പോൾ തന്നെ കാര്യം ഗ്രഹിച്ചു.
അങ്ങിനെ നമ്മുടെ സ്മര്യപുരുഷൻ സയ്യിദ് ശൈഖ് ബുഖാരി തങ്ങളിൽ ഗുരുവെ കണ്ടെത്തുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ബൈഅത്ത് (ശിഷ്യത്വം) ചെയ്യുകയും മഹാനവർകളുടെ തർബിയത്തിൽ കഴിഞ്ഞുകൂടുകയും ചെയ്തു.
ഗുരുവിലുള്ള ആത്മാർഥ സഹവാസവും നിഷ്കളങ്ക സേവനവും സമ്പുർണ്ണ സമർപ്പണവും ധ്രുതഗതിയിൽ ഉന്നതങ്ങൾ കീഴടക്കാൻ മഹാനവർകൾക്ക് സഹായകമായി. ആയിരക്കണക്കിന് ശിഷ്യരിൽ അഗ്രിമസ്ഥാനം പ്രാപിച്ച മഹാൻ വന്ദ്യരായ ഗുരുവിന്റെ പിൻഗാമിയും പ്രധാന പ്രതിനിധിയുമായി പതിറ്റാണ്ടുകളോളം ആത്മീയ രംഗത്ത് നിറസാന്നിദ്ധ്യമായി.
അവരുടെ ആത്മീയ ഗുരുവിനെപോലെ ഇസ്തിഖാമത്തിലധിഷ്ഠിതമായ ജീവിതം നയിച്ച മഹാനവർകൾ അന്ധകാര നിബിഢമായ അനവധി ഹൃദയങ്ങളിൽ അത്യുന്നതമായ മഅരിഫത്തിന്റെ പ്രഭ ചൊരിഞ്ഞു. അണുപോലും തെറ്റാതെയുള്ള മഹാനവർകളുടെ ജീവിത ചിട്ടകൾ എല്ലാവർക്കും എപ്പോഴും മാതൃകയാണ്. സത്യത്തിന് വേണ്ടി ഏതറ്റംവരെ പോകാനും യാതൊരു മടിയുമില്ലാത്ത പ്രകൃതമായിരുന്നു മഹാനവർകളുടേത്. സത്യത്തിനെതിരിൽ ആരാണെന്നത് അവിടെ ഒരു പ്രസക്തിയുമില്ല. ആരുടേയും പ്രശംസ ആഗ്രഹിക്കുകയോ ആക്ഷേപം ഭയക്കുകയോ ചെയ്തിരുന്നില്ല. പൂർവ്വസൂരികളുടെ ഉറച്ച നിലപാട് അത് തന്നെയാണ് മഹാനവർകളുടേതും.
സമീപിക്കുന്ന നിസ്വാർത്ഥരായ ഇലാഹീ പ്രയാണാർത്ഥികളെ ആത്മ സംസ്കരണത്തിലൂടെ പരിപോഷിപ്പിച്ചിരുന്നു മഹാനവർകൾ. ആത്മീയലോകത്തും മഹാന്മാർക്കിടയിലും പ്രശസ്തരാണ് ഈ ഗുരുവര്യൻ എന്നത് നിരവധി സംഭവങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു.
അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) 1987 ഡിസംബർ 5 (ഹിജ്റ 1408 റ.ആഖിർ 13) ൽ 105ാം വയസ്സിൽ വിടവാങ്ങുമ്പോൾ ആത്മീയ സമർപ്പണത്തിന്റെ സ്ഥൈര്യത്തിന്റെ ധൈര്യത്തിന്റെ അർപ്പണ ബോധമുള്ള പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്തു കഴിഞ്ഞിരുന്നു.
ചുരുക്കത്തിൽ, ആത്മാർത്ഥ സേവന നിരതമായ ആ മഹത്ജീവിതം, അവിടുന്ന് ആത്മീയ ജ്ഞാനാർത്ഥികളുടെ അനിഷേധ്യഗുരുവാണെന്ന് തീർച്ചയായും അടയാളപ്പെടുത്തുന്നു. മഹാന്മാരെ സ്നേഹിച്ച് അവരുടെ മാർഗ്ഗം പുൽകി വിജയിക്കാൻ നാഥൻ തുണക്കട്ടെ! ആമീൻ...