ഗുരുശിഷ്യബന്ധം ത്വരീഖത്തിൽ

ഗുരു, ശിഷ്യന്മാർക്ക് സമ്പൂർണമായ ആത്മീയ ഗുരുവാണ്. ഗുരുവിനെ ശിഷ്യർ കാണുന്നത് നബിതങ്ങളുടെ പ്രതിനിധിയായിട്ടാണ് (നായിബ് റസൂൽ). നബിതങ്ങളുടെ നിർദ്ദേശം അനുസരിക്കുന്നത് പോലെ ഗുരുവിന്റെ ഉപദേശ നിർദ്ദേശങ്ങളും ശിക്ഷണങ്ങളും ശിഷ്യന്മാർ സർവ്വാത്മനാ അനുസരിക്കുന്നു. അഥവാ സ്വീകരിക്കുന്നു. നബിതങ്ങളുടെ സന്നിധിയിൽ വിശ്വാസികൾ പാലിക്കേണ്ട എല്ലാ ചിട്ടകളും ഖുർആൻ പഠിപ്പിച്ച എല്ലാ അദബുകളും ഇവിടെ ശിഷ്യന്മാർ ഗുരുവിനു മുൻപിൽ പാലിക്കുന്നു. തർബിയ്യത്തിന്റെ ഗുരുവിനെ സംബന്ധിച്ചിടത്തോളം ഇങ്ങിനെ കലവറയില്ലാതെ അനുസരിക്കുന്നത് കൊണ്ട് അഥവാ വിധേയപ്പെടുന്നത് കൊണ്ട് ശറഇയ്യായ അപകടങ്ങളൊന്നും വരാനില്ല. എന്തുകൊണ്ടെന്നാൽ പ്രവാചകത്വത്തിന്റെ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയിട്ടുള്ള ആളായിരിക്കും ത്വരീഖത്തിലെ ശൈഖ്. ഈ ശൈഖിനു മുന്നിൽ സർവ്വസ്വവും സമർപ്പിച്ചവനാണ് ശിഷ്യൻ. മയ്യിത്ത് കുളിപ്പിക്കുന്നവന്റെ മുന്നിൽ കിടക്കുന്ന മയ്യിത്തിനെപ്പോലെ തന്നെ മനസ്സും ശരീരവും ശൈഖിന് മുന്നിൽ സമർപ്പിച്ചു കൊടുക്കണമെന്നാണ് ത്വരീഖത്തിലെ നിയമം. ഇത് പാലിച്ചില്ലെങ്കിൽ ശിഷ്യൻ ആത്മീയമായി വളരുകയും ഉയരുകയും ചെയ്യില്ല. സ്വന്തം അഭിപ്രായങ്ങളും താല്പര്യങ്ങളും ഗുരുവിന്റെ താൽപര്യത്തിനു മുന്നിൽ സമർപ്പിച്ചവനു മാത്രമെ ഇവിടെ ശിഷ്യനാകാൻ യോഗ്യതയുള്ളു. ഈ ആത്മബന്ധമാണ് ത്വരീഖത്തിന്റെ സവിശേഷത.

(പരമസത്ത) അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കി ഹഖിന്റെ മാർഗ്ഗത്തിൽ പ്രവേശിച്ചവനാണ് ശിഷ്യൻ. സൃഷ്ടികളെ വിട്ട് സ്രഷ്ടാവിലേക്ക് പൂർണ്ണമായും തിരിഞ്ഞ മനസ്സില്ലാതെ ഇത് സാധ്യമാവുകയില്ല. സ്രഷ്ടാവിന്റെ സാമീപ്യമാണ് മുത്തും രത്നവുമെന്നും, ഭൗതികലോകം കേവലം ചിപ്പികൾ മാത്രമെന്ന് ഒരാൾക്ക് ബോധ്യമാവുമ്പോഴാണ് ഈ വിചാരമുണ്ടാവുക. ഇങ്ങിനെയുള്ള വിചാരം മനസ്സിലുണർന്നാൽ ഹഖിലെത്തിച്ചേരാനുള്ള എല്ലാ തടസ്സങ്ങളും മറകളും അവനിൽനിന്ന് നീക്കപ്പെടും. ഇങ്ങനെ സ്വയം സമർപ്പിതനായ ശിഷ്യനെ അല്ലാഹുവിനെ ശരിയായവിധത്തിൽ അറിയാനും ആ അറിവിന്റെ പാരമ്യത്തിലെത്താനുമുള്ള വഴിയിലേക്കാനയിക്കുകയും അതിലൂടെ വഴി നടത്തുകയുമാണ് ഗുരുവിന്റെ ദൗത്യം. ഗുരു കരം ഗ്രഹിച്ച് ആ സരണിയിൽ പ്രവേശിക്കുന്നതോടെ ഹഖിനെ ലക്ഷ്യമാക്കിയിറങ്ങിയ ശിഷ്യൻ, സാലിക് (പ്രസ്തുത സരണിയിൽ പ്രവേശിച്ചവൻ) ആവുകയായി. ഇനി അയാളുടെ സരണിയിലൂടെയുള്ള സഞ്ചാരത്തിനിടയിൽ പല ഘട്ടങ്ങളുമുണ്ട്. അതിനെല്ലാം വ്യത്യസ്ത പേരുകളുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ശിഷ്യന്റെ മനസ്സിന്റെ (ആത്മാവിന്റെ) മാറിമാറി വരുന്ന അവസ്ഥാന്തരങ്ങളും ആത്മാവിന്റെ പദവികളും ഗുരു സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിനെല്ലാം ആരോഹണങ്ങളും അവരോഹണങ്ങളുമുണ്ടാകും. യാത്രയുടെ ഓരോ പടവിലും ധർമ്മങ്ങളും ചുമതലകളും വ്യത്യസ്തമായിരിക്കും. അവ യഥാവിധം നിർവ്വഹിക്കുമ്പോഴാണ് മുന്നേറ്റവും ആരോഹണവുമുണ്ടാവുക. ഇല്ലെങ്കിൽ മുന്നേറ്റമില്ലാതെ നിലകൊള്ളുകയോ, ചിലപ്പോൾ പിന്നോട്ടു പോവുകയോ ചെയ്യും. ഓരോ പടവുകളിലും ഉയർച്ചയിലും ആത്മാവിലെ പ്രതിഫലനങ്ങളും ആത്മാവിലുദിക്കുന്ന പ്രകാശകിരണങ്ങളും വ്യത്യസ്തമായിരിക്കും. നഫ്സിന്റെ പുരോഗതിക്കനുസരിച്ച് പദവികൾ കൂടിക്കൊണ്ടിരിക്കും. അമ്മാറ, ലവ്വാമ, മുൽഹിമ, മുത്ത്മഇന്ന, റാളിയ, മർളിയ, കാമില ഇവയെല്ലാം പുരോഗതിക്കനുസരിച്ച് നഫ്സിന് നൽകപ്പെടുന്ന വിശേഷണങ്ങളാണ്. ഇപ്രകാരം സംവിധാനിക്കപ്പെട്ടിരിക്കുന്ന ഒരു ആത്മീയ യാത്രയാണ് ത്വരീഖത്തിൽ നടക്കുന്നത്. യാത്രയുടെ പൂർണ്ണ ഉത്തരവാദിത്വവും ആജ്ഞാശക്തിയും നായകനായ ഗുരുവിനാണ്. യാത്രയാകട്ടെ, ശരീരം കൊണ്ടല്ല. രഹസ്യങ്ങളുടെ കലവറയായ മനസ്സുകൊണ്ടാണ്. ശിഷ്യനെ സംബന്ധിച്ചിടത്തോളം യോഗ്യനായ തൻ്റെ ഗുരുവിന്റെ മേൽനോട്ടത്തിലുള്ള ആത്മീയയാത്ര സുരക്ഷിതമായിരിക്കും. ലക്ഷ്യത്തിലെത്തും വരെ ഗുരുവര്യൻ നോക്കിക്കൊള്ളും. ദുർവിചാരത്തിന്റെ ഇടപെടലുകളാണ് ആത്മീയ യാത്രയിലെ വലിയ പ്രശ്നം. ഇവ ഗുരുവിചാര ശക്തികൊണ്ട് തകർക്കപ്പെട്ടില്ലെങ്കിൽ ശിഷ്യൻ പിശാചിന്റെ കളിപ്പാട്ടമായി മാറാൻ സാധ്യതയേറെയാണ്. ഇതുകൊണ്ടാണ് "ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്താനായിരിക്കുമെന്ന്" മഹാത്മാക്കൾ പറഞ്ഞത്.

ശരിയായ അറിവ് നേടാനും, അതനുസരിച്ച് പ്രവർത്തിക്കാനും ഏവരിലും അനുഗ്രഹമുണ്ടാവട്ടെ!