
കേരളത്തിലെ ഇസ്‌ലാമിക പ്രചാരത്തിലും നവോത്ഥാനത്തിലും സ്മരണീയ മുദ്ര ചാര്‍ത്തിയ തറവാടാണ് പൊന്നാനി വലിയ ജാറം തറവാട്. കേരളത്തിലെ ഹൈദ്രോസ് പരമ്പരക്ക് തുടക്കം കുറിച്ച ഖുത്തുബുസ്സമാന്‍ സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് തങ്ങള്‍ (ഖ.സി) മുതലാണ് 300 വര്‍ഷം പഴക്കമുള്ള തറവാടിന്‍റെ ആരംഭം കുറിക്കുന്നത്.
ക്രി.വ.1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, അവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ബാല്യത്തില്‍ തന്നെ ക്രി.വ.1703 (ഹിജ്റ 1115)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറി. ശേഷം പൊന്നാനിയില്‍ വന്ന് താമസമാക്കിയ ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖും വലിയ്യുമായി മാറിയ ഖുത്തുബുസ്സമാന്‍ സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് തങ്ങള്‍ (ഖ.സി) അവര്‍കളുടെ സന്താനപരമ്പരയില്‍ നിന്ന് മലപ്പുറത്ത് താമസമാക്കിയ ഹൈദ്രോസ് പരമ്പരയിലെ സയ്യിദ് മുഹമ്മദ് ഹൈദ്രോസ് തങ്ങള്‍, സയ്യിദത്ത് അസ്മ മുത്തുബീവി ദമ്പതികളുടെ പുത്രന്‍ ഒറ്റകത്ത് പുതിയമാളിയേക്കല്‍ സയ്യിദ് ഹുസൈന്‍ ഹൈദ്രോസ് ചെറുകുഞ്ഞിക്കോയ തങ്ങളുടെയും, ചാവക്കാട് കീക്കോട് സയ്യിദ് ഹൈദ്രോസ് സഖാഫ് കോയതങ്ങള്‍, വലിയ ജാറത്തിങ്കല്‍ സയ്യിദത്ത് നഫീസ ചെറുകുഞ്ഞിബീവി ദമ്പതികളുടെ പുത്രി സയ്യിദത്ത് സൈനബ ചെറിയ ഇമ്പിച്ചിബീവിയുടെയും പുത്രനായി സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങള്‍ 1924 നവംബര്‍ 1 (1343 റ.ആഖിര്‍ 3) ശനിയാഴ്ച പൊന്നാനി വലിയ ജാറം തറവാട്ടില്‍ ജനിച്ചു. സയ്യിദത്ത് നഫീസ ചെറുകുഞ്ഞിബീവി ഏക സഹോദരിയാണ്.
ഭൗതിക വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും, അനുകൂല സാഹചര്യങ്ങളും കുറവായിരുന്ന അക്കാലത്ത്, പ്രാഥമിക പഠനത്തിനു ശേഷം പത്താം തരം പൂര്‍ത്തിയാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് സയ്യിദ് കുഞ്ഞിക്കോയതങ്ങള്‍. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ മതവിദ്യാഭ്യാസവും കരസ്ഥമാക്കിയ അദ്ദേഹത്തിന് സയ്യിദ് വംശപരമ്പരകളെക്കുറിച്ച് നല്ല അവഗാഹമുണ്ടായിരുന്നു. നിരവധി മഹാത്മാക്കളുമായുള്ള സഹവാസം ആത്മീയ മാര്‍ഗ്ഗത്തില്‍ ജീവിതം ചിട്ടപ്പെടുത്താന്‍ പ്രചോദനമായി. പിതാവ് സയ്യിദ് ഹുസൈന്‍ ഹൈദ്രോസ് ചെറുകുഞ്ഞിക്കോയതങ്ങള്‍ പൊന്നാനി വലിയ ജാറം അങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
സയ്യിദ് കുഞ്ഞിക്കോയതങ്ങള്‍ പല സ്ഥാപനങ്ങളിലും ഉദ്യോഗ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി വെട്ടംപോക്കിരിയാനകത്ത് സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവിയുടെയും പൊന്നാനി വലിയ ജാറത്തിങ്കല്‍ സയ്യിദ് അബൂബക്കർ സഖാഫ് ഇമ്പിച്ചിക്കോയതങ്ങളുടെയും പുത്രി സയ്യിദത്ത്
ഫാത്വിമ മുല്ലബീവിയെയാണ് സഹധര്‍മ്മിണിയായി സ്വീകരിച്ചത്. പ്രസ്തുത ദാമ്പത്യത്തില്‍ സയ്യിദ് ഹുസൈന്‍ കോയതങ്ങള്‍, സയ്യിദത്ത് അസ്മ മുത്തുബീവി, സയ്യിദ് അഹ്‌മദ് മുത്തുക്കോയതങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി എന്നിവര്‍ പിറന്നു.
മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ കുടുംബാംഗമായ സയ്യിദത്ത് കുഞ്ഞിബീവിയുമായുള്ള വിവാഹത്തില്‍ സയ്യിദത്ത് ആരിഫാബീവി എന്ന പുത്രി പിറന്നു.
1993 ഫെബ്രുവരി 16ന് മാതൃസഹോദരന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ സഖാഫ് കുഞ്ഞിസീതിക്കോയ തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് മരുമക്കത്തായ സമ്പ്രദായമനുസരിച്ച് വലിയ ജാറം തറവാടിന്‍റെ അധികാരസ്ഥാനിയായി. ചുമതലകളില്‍ നയപരമായ നൈപുണ്യം തെളിയിക്കും വിധത്തിലുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനവും അലങ്കരിച്ചു.
2001 ജനുവരി 8 (1421 ശവ്വാല്‍ 21) തിങ്കളാഴ്ച തങ്ങളവര്‍കള്‍ താമസിച്ചുവന്നിരുന്ന മലപ്പുറം മുണ്ടുപറമ്പിലെ ഗൃഹത്തില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. മുണ്ടുപറമ്പ് ജുമാമസ്ജിദ് അങ്കണത്തിലെ സയ്യിദന്മാരുടെ ഖബര്‍സ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
സന്താനങ്ങളില്‍ സയ്യിദ് ഹുസൈന്‍ കോയതങ്ങള്‍, കോഴിക്കോട് കാപ്പാട് പള്ളിക്കണ്ടി സയ്യിദ് ഇമ്പിച്ചിക്കോയതങ്ങളുടെ പുത്രി സയ്യിദത്ത് സുഹറാബീവിയെയാണ് വിവാഹം ചെയ്തിട്ടുള്ളത്.
പുത്രി സയ്യിദത്ത് അസ്മ മുത്തുബീവിയെ സൂഫിവര്യൻ വടകര ബൈത്തുല്‍ ആയിശാബിയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളുടെ പുത്രനും സൂഫിവര്യനുമായ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളാണ് വിവാഹം ചെയ്തിട്ടുള്ളത്.
പുത്രന്‍ സയ്യിദ് അഹ്‌മദ് മുത്തുക്കോയതങ്ങള്‍, കോഴിക്കോട് മുക്കം കളന്‍തോട് ശൈശൈഖ് തങ്ങളുടെ പുത്രി ആക്കോട് ഉമ്മുഹാനി ശരീഫാബീവിയെയാണ് വിവാഹം ചെയ്തിട്ടുള്ളത്.
പുത്രി സയ്യിദത്ത് ഖദീജ കുഞ്ഞുബീവിയെ പൊന്നാനി മഖ്ദും പുതിയകത്ത് സയ്യിദ് അബ്ദുറഹ്‌മാന്‍ ഹൈദ്രോസ് ആറ്റക്കോയതങ്ങളുടെ പുത്രന്‍ ചാലിയം തലാഞ്ചേരി സയ്യിദ് സൈനുല്‍ ആബിദീന്‍ ഹൈദ്രോസ് തങ്ങളാണ് വിവാഹം ചെയ്തിട്ടുള്ളത്.
പുത്രി സയ്യിദത്ത് ആരിഫാബീവിയെ എടരിക്കോട് പുതിയ മാളിയേക്കല്‍ സയ്യിദ് ഹൈദ്രോസ് പൂക്കോയതങ്ങളുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ഹൈദ്രോസ് തങ്ങളാണ് വിവാഹം ചെയ്തിട്ടുള്ളത്.
സയ്യിദവര്‍കളുടെ പാരത്രിക ജീവിതം ധന്യമാവട്ടെ! അവരേയും നമ്മേയും സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഒരുമിച്ചുകൂട്ടട്ടെ! (ആമീന്‍)