സയ്യിദത്ത് അസ്മ മുത്തുബീവി (ത്വ.ഉ)
(സൂഫിവര്യര്‍ വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ സഹധര്‍മ്മിണി)
ആത്മീയ പ്രചാരണ രംഗത്തും സാമൂഹിക പരിഷ്കരണത്തിലും ജനസേവനത്തിലും മായാത്ത പാദമുദ്ര ചാര്‍ത്തിയ പ്രമുഖ സയ്യിദ് തറവാടാണ് പൊന്നാനി വെട്ടം പോക്കിരിയാനകം. ആയിരങ്ങളുടെ ആശയും ആശ്രയകേന്ദ്രവുമായി പഴയകാല പ്രതാപങ്ങളുടെ സുരഭില സ്മൃതികളോടെ ഇന്നും തളിര്‍ത്തു നില്‍ക്കുന്നു.
വെട്ടം പോക്കിരിയാനകത്ത് സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി, പൊന്നാനി വലിയ ജാറത്തിങ്ങല്‍ സയ്യിദ് അബൂബക്കര്‍ സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍ ദമ്പതിമാരുടെ പുത്രി സയ്യിദത്ത് ഫാത്വിമ മുല്ലബീവിയുടെയും, പൊന്നാനി വലിയ ജാറത്തിങ്ങല്‍ സയ്യിദത്ത് സൈനബ ചെറിയ ഇമ്പിച്ചിബീവിയുടെയും മലപ്പുറം ഒറ്റകത്ത് പുതിയ മാളിയേക്കല്‍ സയ്യിദ് ഹുസൈന്‍ ഹൈദ്രോസ് ചെറുകുഞ്ഞിക്കോയ തങ്ങളുടെ പുത്രന്‍ വലിയ ജാറത്തിങ്ങല്‍ സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങള്‍ അവര്‍കളുടെയും പ്രഥമ പുത്രിയായി സയ്യിദത്ത് അസ്മ മുത്തുബീവി 1955 ഏപ്രില്‍ 12 (1394 ശഅബാന്‍ 19) ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് വെട്ടം പോക്കിരിയാനകം തറവാട്ടില്‍ ജനിച്ചു. സയ്യിദ് ഹുസൈന്‍ കോയതങ്ങള്‍, സയ്യിദ് അഹ്‌മദ് മുത്തുക്കോയതങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി എന്നിവര്‍ സഹോദരങ്ങളാണ്.
പൊന്നാനിയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായ എം.ഐ.യു.പി സ്ക്കുളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നേടി.
പ്രമുഖ സൂഫിവര്യന്‍ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളുടെയും സയ്യിദത്ത് ആയിശ ആറ്റബീവിയുടെയും പുത്രന്‍ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളാണ് മഹതിയെ വിവാഹം ചെയ്തത്. 1971 മെയ് 27 (1391 റ.ആഖിര്‍ 1) വ്യാഴാഴ്ച, പൊന്നാനി മഖ്ദൂമും, തിരൂരങ്ങാടി ഖാസിയുമായ പഴയകത്ത് സയ്യിദ് അലിക്കോയ തങ്ങള്‍ മഖ്ദൂമിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, വടകര താഴെയങ്ങാടിയിലെ ആനേന്‍റവിടെ വീട്ടില്‍ വെച്ച് നിക്കാഹ് നടന്നു. മാസങ്ങള്‍ക്കുശേഷം 1971 ഒക്ടോബര്‍ 10 (1391 ശഅബാന്‍ 19) ഞായറാഴ്ചയായിരുന്നു വിവാഹം. ഹിജ്റ വര്‍ഷ പ്രകാരം മഹതിയുടെ ജന്മദിനമായ ശഅബാന്‍ 19നു തന്നെ വിവാഹസുദിനവും വന്നുചേര്‍ന്നത് ആ അസുലഭമുഹൂര്‍ത്തത്തെ ഏറെ ആഹ്ലാദകരമാക്കി. സയ്യിദവര്‍കളുടെ ജീവിതസഖിയാവുന്നതിനുവേണ്ടി ജന്മമെടുത്തതാണെന്നതില്‍ ഒട്ടും സംശയമില്ലാത്ത വിധമാണ് ദാമ്പത്യജീവിതം മുന്നോട്ട് പോയത്. ഈ ദാമ്പത്യവല്ലരിയില്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ ഫസല്‍ക്കോയതങ്ങള്‍, സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയതങ്ങള്‍, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആരിഫാബീവി എന്നിവരാണ് മക്കള്‍.
ആദ്യകാലത്ത് ഭര്‍തൃമാതാപിതാക്കളോടും സഹോദരങ്ങളോടും കൂടെ വടകര താഴെയങ്ങാടിയിലെ ആനേന്‍റവിടെ വീട്ടിലായിരുന്നു താമസം. തുടര്‍ന്ന് 1974ല്‍ കരിമ്പനപ്പാലത്തെ ബൈത്തുല്‍ ആയിശാബിയിലേക്ക് കുടുംബസമേതം താമസം മാറി.
കാലക്രമത്തില്‍ സഹോദരങ്ങള്‍ വീടുവെച്ച് താമസം മാറിയതോടെ സയ്യിദ് മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളും മാതാപിതാക്കളും ഭര്‍തൃസഹോദരി സയ്യിദത്ത് ആയിശാബീവിയും, സഹധര്‍മ്മിണിയും സന്താനങ്ങളും ഒരുമിച്ച് കരിമ്പനപ്പാലത്തെ വസതിയില്‍ താമസം തുടര്‍ന്നു. ഇവരെ പരിചരിക്കേണ്ട ഉത്തരവാദിത്വം കൂടി സയ്യിദത്ത് അസ്മ മുത്തുബീവിയില്‍ വന്നുചേര്‍ന്നു.
ആത്മീയഗുരുവര്യരും ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖും ഭര്‍തൃപിതാവുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളില്‍ നിന്ന് 1976ല്‍ ശിഷ്യത്വം സ്വീകരിച്ചു. സംതൃപ്തമായ കുടുംബജീവിതത്തിന്‍റെ മുഖ്യഘടകമായ കുടുംബിനി എന്നതിലുപരി എല്ലാ കാര്യങ്ങളിലും മഹതിയുടെ പങ്ക് അനിഷേധ്യമാണ്. 1982 റമളാന്‍ 14ന് ഭര്‍തൃമാതാവ് സയ്യിദത്ത് ആയിശ ആറ്റബീവിയുടെ ആകസ്മിക വേര്‍പാട് മനോവിഷമത്തോടൊപ്പം ഉത്തരവാദിത്വങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. അര്‍പ്പണബോധവും ത്യാഗശീലവും സമന്വയിച്ച മാതൃകാമഹിളയായി സര്‍വ്വരാലും ആദരിക്കപ്പെട്ട ആ പുണ്യവതിയുടെ അഭാവത്തില്‍ ഗൃഹാന്തരീക്ഷം മുന്നോട്ട് കൊണ്ടുപോവുക എന്നത് ഏറെ ശ്രമകരം തന്നെയായിരുന്നു. ഭര്‍തൃപിതാവ് എന്നതിലുപരി ഗുരുകൂടിയായ ഉപ്പാവയുടെ പരിചരണ കാര്യങ്ങളിലുള്ള ശ്രദ്ധയും ജാഗ്രതയും അവിടുത്തെ അനുഗ്രഹവും ആശിര്‍വാദവും ധാരാളമായി ലഭിക്കാന്‍ അത് ഹേതുവായി. ഭര്‍തൃസഹോദരിയും ആത്മജ്ഞാനത്തിനുടമയുമായ സയ്യിദത്ത് ആയിശാബീവിയുടെ ദൈനംദിന കാര്യങ്ങളിലും, സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലും അതീവ ശ്രദ്ധചെലുത്തി.
പൊന്നാനിയിലെ ഉമ്മാമയായ സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവിയും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിത്വത്തിനുടമയായിരുന്നു. അത്ഭുതാനുഭവങ്ങളുടെ കലവറകൂടിയായ കുഞ്ഞാറ്റബീവിയെ ഒരു വലീമത്തായിട്ടാണ് ജനങ്ങള്‍ കണ്ടിരുന്നത്. അവരുടെ തനി പകര്‍പ്പായിട്ടാണ് സയ്യിദത്ത് അസ്മ മുത്തുബീവിയുടെ ജീവിതം.
1987ല്‍ ഉപ്പാവയുടെ വിയോഗശേഷം സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ അധികാരസ്ഥാനിയായതോടെ അനുഗ്രഹവും ശിഷ്യത്വവും തേടി ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരുടെ കാര്യങ്ങളും കുടുംബജീവിതവും, കുടുംബബന്ധങ്ങളും എല്ലാം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മഹതിക്ക് സാധിച്ചു.
സയ്യിദവര്‍കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി പരിചരിക്കുന്നതില്‍ അതീവ താല്പര്യം കാണിച്ചു. സഹനവും സൗമ്യതയും സമന്വയിച്ച സ്വഭാവപ്രകൃതത്താല്‍ സയ്യിദവര്‍കളുടെ സഹധര്‍മ്മിണിപദം സന്തോഷകരമാക്കി. യാത്രകളിലും മറ്റും പ്രിയപത്നിയുടെ സാന്നിധ്യമില്ലാത്ത വേളകള്‍ വളരെ വിരളമായിരുന്നു.
2017ല്‍ സയ്യിദവര്‍കളുടെ ആകസ്മിക വിയോഗം മഹതിയെ മാനസികമായി വളരെ ആഴത്തില്‍ പിടിച്ചുലച്ചുവെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് കുടുംബ കാര്യങ്ങളിലും, ആത്മീയ പ്രസ്ഥാനത്തിലെ ശിഷ്യരുടെ കാര്യങ്ങളിലും മക്കളോടൊപ്പം വ്യാപൃതയായി. നിത്യവും പ്രിയതമന്‍റെ മഖാം സിയാറത്തും, മൗലിദും പ്രാര്‍ത്ഥനയുമായി, യുഗപരുഷന്മാരുടെ വാസംകൊണ്ട് അനുഗ്രഹീതമായ വടകര കരിമ്പനപ്പാലത്തെ ബൈത്തുല്‍ ആയിശാബിയില്‍ വിശ്രമ ജീവിതം നയിച്ചുവരുന്നു.
മഹതിയവര്‍കള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സ് നല്‍കി ഇനിയും ഒരുപാടുകാലം ആ സ്നേഹത്തണലില്‍ ജീവിച്ച് മരിക്കാനുള്ള സൗഭാഗ്യം ഞങ്ങള്‍ക്ക് നല്‍കണമേ..