അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി (ഖ.സി) (1829-1921)

 


പ്രകൃതി രമണീയവും മനോഹരവുമായ ആത്മീയതയുടെ വസന്ത ഭൂമികയാണ് ലക്ഷദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത്.

ആ പ്രദേശത്തെ അറിയപ്പെടുന്ന മഹാനും ശൈഖ് സയ്യിദ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ വംശപരമ്പരയിൽപ്പെട്ടവരുമായ സയ്യിദ് ശൈഖ് മുഹമ്മദ് അൽ ജീലാനി അവർകളുടെ പുത്രനായി 1829 ജൂലായ് 2 (ഹി: 1244 ദുൽഹജ്ജ് 29) വ്യാഴാഴ്ച മാതൃഗൃഹമായ കുന്നാംകുലം തറവാട്ടിലാണ് കഥാപുരുഷനായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ (ഖ.സി) ജനിച്ചു വളർന്നുവന്നത്.

പ്രവാചക വംശപരമ്പരയിലെ 34ാം കണ്ണിയായ മഹാനവർകൾ
ശൈശവകാലം തൊട്ടെ അനിതരസാധാരണമായ സ്വഭാവവിശേഷണങ്ങളാൽ ഏവരുടേയും ശ്രദ്ധയാകർഷിക്കപ്പെട്ടു. മതപരവും ഭൗതികവുമായ എല്ലാവിധ അറിവുകളും കരസ്ഥമാക്കി. വേദത്തിലും വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്നു. മരത്തിൽ തീർത്ത ആയിരം വർഷങ്ങൾ രേഖപ്പെടുത്തിയ ഒരു കലണ്ടർ മഹാനവർകളുടെ ഗോളശാസ്ത്രത്തിലെ മികവ് ബോധ്യപ്പെടുത്തുന്നതാണ്. ഈ അത്ഭുത കരകൗശലവിദ്യ അടുത്തറിയുന്നതിനായി വിദേശികളടക്കം നിരവധിപേരാണ് പ്രസ്തുത കലണ്ടർ സൂക്ഷിച്ചിരിക്കുന്ന മകന്റെ തറവാട്ടിൽ സന്ദർശനം നടത്താറുള്ളത്.

ആന്ത്രോത്ത് ദ്വീപിലെ പ്രമുഖ സയ്യിദ് തറവാടായ പുറാടം എന്ന ഗൃഹത്തിൽ നിന്ന് സയ്യിദത്ത് ആയിശ മുത്തുബീവിയെയാണ് മഹാൻ വിവാഹം ചെയ്തിട്ടുള്ളത്. ഈ ദാമ്പത്യത്തിൽ സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയതങ്ങൾ (അഹ്‌മദ് ജീലി എന്ന പേരിൽ പ്രസിദ്ധനും, പണ്ഡിതനുമായ ഇദ്ദേഹമാണ് പിതാവിന്റെ പേരിലുള്ള മൗലിദിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്). സയ്യിദ് മുഹമ്മദ് കോയതങ്ങൾ (ഇവർക്ക് പരമ്പരയില്ല) എന്നീ സന്താനങ്ങൾ പിറന്നു.

ആത്മീയതയോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിൽ ഉടലെടുത്തതോടെ ആത്മജ്ഞാനിയായ ഒരു ഗുരുവിനെ കണ്ടെത്തണമെന്ന അഭിലാഷം ദിനംപ്രതി വർദ്ധിച്ചുവന്നു. അങ്ങിനെ ആന്ത്രോത്ത് ദ്വീപ് നിവാസിയും കാലഘട്ടത്തിന്റെ ഗുരു സ്ഥാനീയരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ബുഖാരി അൽ ഖാദിരി (ഖ.സി) മഹാനവർകളിൽ ആത്മീയഗുരുവെ കണ്ടെത്തുകയും, ഖാദിരിയ്യ, ചിശ്‌തിയ്യ, ത്വബക്കാത്തിയ്യ, സുഹ്റവർദ്ദിയ്യ ത്വരീഖത്തുകൾ സ്വീകരിച്ച് ഗുരുശിഷ്യ ബന്ധത്തിലധിഷ്ഠിതമായ ആത്മീയ ജീവിതം ആരംഭിക്കുകയും ചെയ്തു.

അഭിവന്ദ്യ ഗുരുവിൽ നിന്ന് ഖിലാഫത്തും (അധികാരം), ഖിർഖയും (സ്ഥാനവസ്ത്രം) നേടി ആത്മീയഗുരു പദവിയിലേക്ക് ഉയർന്നതോടെ, ദ്വീപിലും കേരളക്കരയിലുമായി നിരവധിപേരാണ് അവിടുത്തെ ശിഷ്യഗണങ്ങളായി മാറിയത്. ദ്വീപിലെ പ്രമുഖരായ ശൈഖ് ഖാലിദ് ബിൻ ഹസൻ സ്വാദിഖുൽ യമനി എന്ന ഖാലിദ് ശൈഖ് (റ), അഹ്‌മദ് മസ്താൻ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.

ദ്വീപിലെ ആത്മീയ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തിച്ച്, 1921 ഫെബ്രുവരി 2 (ഹി: 1339 ജ.അവ്വൽ 23) ബുധനാഴ്ച 93ാം വയസ്സിൽ മഹാനവർകൾ കൾ കേരളക്കരയിലെ ചരിത്രപ്രസിദ്ധമായ വടകര താഴെയങ്ങാടി പ്രദേശത്ത് എത്തിച്ചേർന്നു. ഈ അവസരത്തിലാണ് വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകൾ, ബുഖാരി ശൈഖ് തങ്ങളെ കാണുകയും ത്വരീഖത്ത് സ്വീകരിച്ച് ഗുരു ശിഷ്യബന്ധം സ്ഥാപിക്കുകയും ചെയ്തത്.

ആ മഹാത്മാവിന്റെ വടകരയിലെ വാസം കേവലം 40 നാളുകൾ മാത്രമായിരുന്നുവെങ്കിലും ആ ചെറിയ കാലയളവിനുള്ളിൽ തന്നെ ധാരാളം ആളുകൾക്ക് അവിടുത്തെ ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചു. മഹാജ്ഞാനിയും യതിവര്യനുമായ പുണ്യാത്മാവ് 1921 മാർച്ച് 14 (ഹി: 1339 റജബ് 4) തിങ്കളാഴ്ച വടകര താഴെയങ്ങാടിയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു.

ആത്മീയതയുടെ ദിവ്യപ്രകാശം പകർന്നുനൽകി നേരവകാശിയായി സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളെ നിർദ്ദേശിച്ചുകൊണ്ടാണ് ആ പുണ്യാത്മാവ് ഭൗതിക ജീവിതത്തിന് വിരാമമിട്ടത്.

സയ്യിദ് ബുഖാരി ശൈഖ് തങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്ന താഴെയങ്ങാടി കടപ്പുറം പാണ്ടികശാല തറവാട്ടിലെ കാരണവരും വടകര ജുമാഅത്ത് പള്ളി മുത്തവല്ലിയുമായ മുഹമ്മദ് ഹാജി അവർകളാണ് തന്റെ അധീനതയിലും അവകാശത്തിലുമുള്ള പൊതു ഖബർസ്ഥാനിന്റെ മതിൽക്കെട്ടിനു പുറത്തുള്ള സ്ഥലം മഹാനവർകളുടെ അന്ത്യവിശ്രമത്തിനായി വിട്ടുനൽകിയത്. അവിടെ നിർമ്മിക്കപ്പെട്ടതാണ് മഖാമുൽ അഅ്ല.

1948-ൽ മുഹമ്മദ് ഹാജി പ്രസ്തുത മഖാമിന്റെ പരിപാലനവും, അധികാരവും അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകൾക്ക് നൽകി. തുടർന്ന് മശ്ഹൂർ തങ്ങളവർകളുടെ മേൽനോട്ടത്തിൽ മഖാം പരിപാലിച്ചുവരുന്നതിനിടെ 1984-ൽ കടപ്പുറം പാണ്ടികശാല തറവാട്ടിലെ കാരണവരും ജമാഅത്ത് പള്ളി മുത്തവല്ലിയുമായ മായിൻകുട്ടി ഹാജി മകൻ പീടികയിലകത്ത് പി. സി. ഉമ്മർകുട്ടി ഹാജി മഖാം നിൽക്കുന്ന സ്ഥലത്തിന്റെ മുഴുവൻ അധികാര കൈവശ അവകാശങ്ങളും 895/1984 ആധാര പ്രകാരം രേഖകൾ രജിസ്റ്റർ ചെയ്തു കൊണ്ട് സയ്യിദ് മശ്ഹൂർ മുല്ലക്കോയതങ്ങളവർകളുടെ പുത്രനും ശിഷ്യനും ത്വരീഖത്തവകാശിയുമായ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) അവർകൾക്ക് നൽകി. കാലപ്പഴക്കത്താൽ നാലു ഭാഗത്തെ ചുമരുകളും ജീർണ്ണാവസ്ഥയിലാവുകയും മേൽക്കൂര പൂർണ്ണമായിനശിക്കുകയും ചെയ്തിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് മഖാമിന്റെ മേൽക്കൂര ഓലകെട്ടി മേയുകയും വാതിലുകളും മറ്റും സ്ഥാപിച്ച് താൽക്കാലിക പുനരുദ്ധാരണം നടത്തുകയും സിയാറത്തിനായി സൗകര്യമേർപ്പെടുത്തുകയും ചെയ്തു.

കേസിന്റെ നാൾവഴികളിലൂടെ..

മഖാമിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മഖാം സ്ഥിതിചെയ്യുന്ന സ്ഥലം വടകര ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വടകര ദർസ്സ് കമ്മിറ്റി, വടകര മുൻസിഫ് കോടതിയെ സമീപിച്ചു. വടകര കോടതിയിൽ നിന്ന് കൈവശക്കാരായ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) അവർകൾക്ക് പ്രതികൂലമായ വിധിയാണ് ഉണ്ടായത്. തുടർന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയും അവിടെ നിന്ന് ഭാഗികമായ വിജയം ലഭിച്ചുവെങ്കിലും അന്തിമമായ അനുകൂലവിധി ലഭിക്കുന്നതിനായി സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയിലും കൈവശക്കാരുടെ വാദം വേണ്ടവിധം അംഗീകരിക്കപ്പെട്ടില്ല. അതോടെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ സമീപിക്കുകയും അന്തിമവിജയം തങ്ങൾക്ക് അനുകൂലമാവുകയും ചെയ്തു.

19.08.2004 (ഹി: 1425 റജബ് 4) വ്യാഴാഴ്ചയായിരുന്നു സുപ്രീംകോടതി അന്തിമവിധി പ്രസ്താവിച്ചത്. മഹാനവർകളുടെ 86ാം ആണ്ടനുസ്മരണ ദിനത്തിലാണ് അന്തിമവിധി ലഭിച്ചതെന്നത് ഏറെ അതിശയകരമാണ്.

69 ആണ്ടുനേർച്ചകൾക്ക് നേതൃത്വം നൽകിയ പ്രിയ ശിഷ്യൻ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകളുടെ വിയോഗത്തെ തുടർന്ന് പ്രിയ പുത്രനും ശിഷ്യനുമായ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) അവർകൾ മഖാമിന്റെ കൈകാര്യ കർത്താവാവുകയും, ആധുനിക രീതിയിൽ മഖാം പുനരുദ്ധാരണം നടത്തുകയും ചെയ്തു. ആണ്ടനുസ്മരണ ദിനത്തിൽ മഖാമിൽ സമൂഹ സിയാറത്തും, മൗലിദ് പാരായണവും, അരി വിതരണവും ആരംഭിച്ചു. 99ാം ആണ്ടുനേർച്ചയുടെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് ആദരവായ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) നമ്മെ വിട്ടുപിരിഞ്ഞത്.

മുൻഗാമികൾ പകർന്നുനൽകിയ ആത്മവീര്യം ഒട്ടും നഷ്ടപ്പെടാതെ, പിൻഗാമികൾ ഇന്നും ഏറെ ആവേശത്തോടും ഭംഗിയായും തന്നെ മഖാം പരിപാലനവും ആണ്ട് നേർച്ചകളും നടത്തിവരുന്നു.

ത്യാഗത്തിന്റേയും ആത്മസമർപ്പണത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമായ മുൻഗാമികൾ കൊണ്ട വെയിലാണ് നാമിന്ന് അനുഭവിക്കുന്ന തണൽ എന്നുമാത്രം ഓർമ്മിപ്പിച്ചുകൊണ്ടും ഗുരുപാദങ്ങളെ സ്മരിച്ചുകൊണ്ടും ചുരുക്കുന്നു.