ഭാരതത്തിന്‍റെ ആത്മീയ പാരമ്പര്യത്തിന് സൂഫീധാര നല്‍കിയ അമൂല്യ സംഭാവനകള്‍ ആര്‍ക്കും അവഗണിക്കാനാവുന്നതല്ല. ഖാന്‍ഗാഹുകളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കീര്‍ത്തനങ്ങള്‍ക്കൊണ്ട് മുഖരിതമാണ് നമ്മുടെ സാംസ്കാരിക ചരിത്രം. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയും, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും നമ്മുടെ സംസ്കാരത്തിന് ഊടും പാവും നെയ്തവരാണ്. ഹിജ്റ ആദ്യശതകങ്ങളില്‍ തന്നെ സൂഫികളുടെ സാന്നിദ്ധ്യം കേരളക്കരയിലും എത്തിയിട്ടുണ്ട്. തൊട്ട് കൂടായ്മയും തീണ്ടീകൂടായ്മയും കൊണ്ട് സാമാന്യജനങ്ങള്‍ മൃഗതുല്യരായി കഴിഞ്ഞിരുന്ന ഒരു സമൂഹത്തില്‍ ഏകദൈവ വിശ്വാസത്തിന്‍റേയും സമഭാവനയുടേയും സഹജാവബോധത്തിന്റെയും തീ പന്തങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത് സൂഫികളായിരുന്നു. പീഢിതരായ ജനലക്ഷങ്ങള്‍ അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അവരുടെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മലയാളക്കരയില്‍ സൂഫിസം തഴച്ച് വളര്‍ന്നത്.
ധന്യമായ സൂഫിപരമ്പരയിലെ ഒരു ജ്വലിക്കുന്ന നക്ഷത്രമാണ് വടകര താഴെയങ്ങാടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങള്‍. യമനിലെ ഹള്റമൗത്ത് പ്രദേശമായ തരീം പട്ടണത്തില്‍ ഹിജ്റ 1080 (ക്രി.വ.1669)ലാണ് ജനനം. പ്രവാചക പരമ്പരയിലെ 29ാം കണ്ണിയായ മഹാനവര്‍കളുടെ പിതാവ് സയ്യിദ് ഹാമിദ് ഇബ്നു അബ്ദുള്ള ബാഅലവി(റ)യാണ്.
പ്രവാചക പൗത്രന്‍ ഹുസൈന്‍(റ)വിന്‍റെ സന്താനപരമ്പയില്‍ പ്രശസ്തരായിരുന്ന യമനിലെ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ് എന്നവരുടെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ സകറാന്‍ പുത്രന്‍ സയ്യിദ് അലി പുത്രന്‍ സയ്യിദ് ഹസന്‍ പുത്രന്‍ സയ്യിദ് അലി എന്നവരുടെ പുത്രനായ സയ്യിദ് അബ്ദുള്ള ബാഅലവി ഹിജ്റ 1039ല്‍ യമനിലെ വഹ്ത്വിലാണ് വഫാത്തായത്.
ഇവരെക്കുറിച്ച് അയ്മനു ഇബ്നു ഹാഷിം ഇബ്നു മുഹമ്മദുല്‍ ഹബ്ശി എന്ന പണ്ഡിതന്‍ അല്‍ ബുര്‍ഹാനുല്‍ ജലീ ഫീ തര്‍ജ്ജിമത്തില്‍ ഇമാം അബ്ദുള്ളാഹില്‍ അലി എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്
മഹാപണ്ഡിതനും സൂഫിവര്യരുമായ അബ്ദുള്ള ബാഅലവിയുടെ പുത്രന്‍ സയ്യിദ് ഹാമിദിന്‍റ പുത്രനാണ് സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങള്‍.
ഹിജ്റ 1113 (ക്രി.വ. 1701)-ല്‍ സഹോദരന്മാരായ സയ്യിദ് ജമാലുദ്ദീന്‍ മുഹമ്മദ് ഹാമിദ് വലിസീതിതങ്ങള്‍(റ), സയ്യിദ് മുശ്ശൈഖ് ഹാമിദ് കുഞ്ഞിസീതിതങ്ങള്‍(റ) എന്നിവരോടൊപ്പമാണ് മലയാളക്കരയില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തിയ സഹോദരന്മാര്‍, അവിടെ തങ്ങുകയും, തുടര്‍ന്ന് താനൂര്‍ ഇടത്താവളമാക്കിയ ശേഷമാണ് വടകരയില്‍ താമസമാക്കിയത്. ബാഅലവി ഖബീലയില്‍പ്പെട്ട ഇവര്‍ മലബാറില്‍ എത്തിച്ചേര്‍ന്ന ആദ്യ ഹള്റമി (ഹളര്‍മൗത്ത്) സാദാത്തുക്കളാണ്.
ഹള്റമൗത്തില്‍ നിന്ന് 1703-ല്‍ മലബാറിലെത്തിയ പൊന്നാനി വലിയ ജാറത്തിങ്കല്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളില്‍ നിന്നാണ് ഈ സഹോദരന്മാര്‍ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. പ്രവാചകനില്‍ നിന്ന് ശൈഖ് മുഹിയദ്ദീന്‍ വഴിയായി 37ാം ഗുരുസ്ഥാനീയരാണ് ചെറുസീതി തങ്ങള്‍.
ചെറുസീതി തങ്ങളുടെ പത്നി യമനിലെ സയ്യിദത്ത് ഖദീജാബീവിയും, ഏകപുത്രി സയ്യിദത്ത് ആയിശാബീവിയുമാണ്. സഹോദരീ പുത്രനും മശ്ഹൂര്‍ ഖബീലാംഗവുമായ സയ്യിദ് അബ്ദുറഹ്‌മാൻ മശ്ഹൂര്‍ തങ്ങളാണ് പുത്രിയെ വിവാഹം ചെയ്തത്.
ചെറുസീതി തങ്ങളുടെ അത്ഭുതസിദ്ധികള്‍ ഓരോന്നായി കേട്ടറിഞ്ഞ നാടുവാഴിക്ക്, മഹാനോടുള്ള ആദരവ് ദിനംപ്രതി വര്‍ദ്ധിച്ചുവന്നു. ഒരുദിവസം ചെറുസീതി തങ്ങള്‍ക്ക് പാരിതോഷികമായി എന്താണ് നല്‍കേണ്ടതെന്ന് അന്വേഷിച്ചു. താമസിക്കുവാനും, ആരാധനകള്‍ നിര്‍വ്വഹിക്കുവാനും, ഖബറടക്കം ചെയ്യുന്നതിനും വേണ്ടി സ്ഥലം ലഭിച്ചാല്‍ നന്നായിരുന്നു എന്ന് മറുപടി നല്‍കി. നാടുവാഴി സന്തോഷപൂര്‍വ്വം താഴെയങ്ങാടി മഖാം ഉള്‍പ്പെടുന്ന വിശാലമായ പ്രദേശം തങ്ങള്‍ക്ക് പതിച്ചുനല്‍കി. അവിടെ നാടുവാഴിയുടെ സഹായത്തോടെ ആത്മീയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒരു പള്ളി പണിതു. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ആത്മാന്വേഷികള്‍ ശിഷ്യത്വം സ്വീകരിക്കുന്നതിനായി അനുദിനം എത്തിക്കൊണ്ടിരുന്നു. അതോടെ പലയിടങ്ങളിലും ശിഷ്യഗണങ്ങള്‍ വര്‍ദ്ധിച്ചുവന്നു. മഹാനവര്‍കള്‍ കാരക്കാട് നിന്ന് മറ്റൊരു വിവാഹം കഴിക്കുകയും, അവിടെ വീട് നിര്‍മ്മിക്കുകയും ചെയ്തു.
സയ്യിദ് അബ്ദുറഹ്‌മാൻ മശ്ഹൂര്‍ തങ്ങള്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍, ടിപ്പുസുല്‍ത്താന്‍,സയ്യിദ് ശൈശൈഖ് ജിഫ്രി, സയ്യിദ് ഹസന്‍ ജിഫ്രി തുടങ്ങി നിരവധിപേര്‍ ചെറുസീതി തങ്ങളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ച് ആത്മീയതയുടെ ഉന്നത ശ്രേണിയില്‍ വിരാജിച്ചവരാണ്.
ജീവിതത്തിന്‍റെ അവസാനകാലത്ത് തങ്ങള്‍ അധികവും കാരക്കാട്ടെ തറവാട്ടിലായിരുന്നു താസിച്ചിരുന്നത്. വിയോഗം സംഭവിച്ചാല്‍ ഭൗതികശരീരം ഖബറടക്കം ചെയ്യുന്നതിന് വേണ്ടി കാരക്കാട്ടും, വടകരയിലും ഖബറുകള്‍ കുഴിക്കാന്‍ തങ്ങള്‍ സഹചാരികളോട് വസ്വിയത്ത് ചെയ്തിരുന്നു. ആര്‍ക്കാണോ പ്രയാസം കൂടാതെ ഭൗതികശരീരം ഉയര്‍ത്താന്‍ കഴിയുന്നത്, അവര്‍ സ്വദേശത്ത് ഖബറടക്കം നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1771 ആഗസ്റ്റ് 29ന് വ്യാഴാഴ്ച (ഹിജ്റ 1185 ജമാദുല്‍ അവ്വല്‍ 17) ആ സൂര്യതേജസ്സ് വിടവാങ്ങി. വടകര സ്വദേശികള്‍ പുണ്യ ഭൗതികശരീരം ഉയര്‍ത്തിയപ്പോള്‍ നിഷ്പ്രയാസം പൊങ്ങുകയും, താഴെയങ്ങാടി മഖാമില്‍ ആദരപൂര്‍വ്വം ഖബറടക്കം നടത്തുകയും ചെയ്തു. തദവസരത്തില്‍ കാരക്കാട് നിര്‍മ്മിച്ച ഖബറിടത്തില്‍ ഭൗതികശരീരം കാണപ്പെടുകയും അത് ഖബറടക്കം ചെയ്യുകയും ചെയ്തു. കാരക്കാട് മഖാമിലും വിശ്വാസികള്‍ സിയാറത്തിന് വേണ്ടി പതിവായി എത്തി ക്കൊണ്ടിരിക്കുന്നു.
1924-ല്‍ വടകരയിലെ പ്രസിദ്ധ കവി തേര്‍ക്കണ്ടി മുഹമ്മദ് അവര്‍കളാണ് 'ചെറുസീതിതങ്ങള്‍ മാല' രചിച്ചത്. മഹാനവര്‍കളുടെ പേരിലുള്ള മൗലിദ്, 1980-ല്‍ പൗത്രനും പ്രമുഖ സൂഫിവര്യനുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി) (1882-1987) രചന നിര്‍വ്വഹിച്ചിട്ടുള്ളതാണ്.
സജ്ജനങ്ങളുമായുള്ള സഹവാസം നമ്മെ നന്മയിലേക്ക് നയിക്കട്ടെ! (ആമീന്‍)
സയ്യിദ് സൈൻ ഹാമിദ് ചെറുസീതി തങ്ങളുടെ വംശപരമ്പര
1. സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങള്‍
2. സയ്യിദ് ഹാമിദ്
3. സയ്യിദ് അബ്ദുള്ള
4. സയ്യിദ് അലി
5. സയ്യിദ് ഹസന്‍
6. സയ്യിദ് അലി
7. സയ്യിദ് അബൂബക്കര്‍ സക്കറാന്‍
8. സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ്
9. സയ്യിദ് മുഹമ്മദ് മൗലദ്ദവീല
10. സയ്യിദ് അലി ഹൈദര്‍
11. സയ്യിദ് അലവി
12. സയ്യിദ് മുഹമ്മദ് ഫഖീഹില്‍ മുഖദ്ദം
13. സയ്യിദ് അലി ബാഅലവി
14. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ മിര്‍ബാത്ത്
15. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം
16. സയ്യിദ് അലവി
17. സയ്യിദ് മുഹമ്മദ്
18. സയ്യിദ് അലവി
19. സയ്യിദ് ഉബൈദുള്ള
20. സയ്യിദ് അഹ്‌മദ് മുഹാജിര്‍
21. സയ്യിദ് ഈസല്‍ നുക്കൈബ്
22. സയ്യിദ് മുഹമ്മദ്
23. സയ്യിദ് അലിയ്യില്‍ ഉറൈള്
24. സയ്യിദ് ജഅഫര്‍ സ്വാദിഖ്
25. സയ്യിദ് മുഹമ്മദ് ബാഖിര്‍
26. സയ്യിദ് സൈനുല്‍ ആബിദീന്‍
27. സയ്യിദ് ഹുസൈന്‍
28. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്
29. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ)