കേരളത്തിനകത്തും പുറത്തും ആത്മീയരംഗത്തും ആതുരശുശ്രൂഷാ മേഖലയിലും നിത്യസ്മരണീയ മായാമുദ്ര ചാർത്തിയ മഹത്വ്യക്തിത്വമാണ് വടകരയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ. അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ ബുറൈരി (ഖ.സി) എന്നാണ് പൂർണ്ണമായ പേര്. സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെയും അദൻ പ്രദേശത്തുനിന്നെത്തിയ ഹൈദ്രോസ്സിയ സയ്യിദ് കുടുംബത്തിലെ അബ്ദുള്ളാഹിൽ ഹൈദ്രോസ്, ആനേൻറവിട സയ്യിദത്ത് സുഹറ ഇമ്പിച്ചി ബീവി ദമ്പതികളുടെ പുത്രിയായ സയ്യിദത്ത് ആമിന ആറ്റബീവിയുടെയും പുത്രനായി ക്രി.വ. 1882 മാർച്ച് 4 (ഹിജ്റ 1299 റ.ആഖിർ 13) ശനിയാഴ്ച വടകര താഴെയങ്ങാടിയിലെ 'ആനേൻറവിട' എന്ന തറവാട്ടിൽ ജനിച്ചു. വടകരയ്ക്ക് അറബിയിൽ ബുറയ്റ എന്നാണ് പ്രയോഗിക്കുന്നത്. ഈ പദം പേരിനോട് ചേർത്തതിനാലാണ് ബുറൈരി എന്ന വിശേഷണത്താൽ അറിയപ്പെടുന്നത്.
കേരളത്തിലെ സയ്യിദ് വംശപരമ്പരകളിൽ പ്രമുഖ സ്ഥാനമുള്ള മശ്ഹൂർ ഖബീല യമനിലെ സയ്യിദ് മുഹമ്മദ് മശ്ഹൂർ എന്നവരുടെ സന്താന പരമ്പരയിലേക്കാണ് ചേരുന്നത്. ഈ ഖബീലയെ ആലുമശ്ഹൂർ എന്നുവിളിക്കുന്നു. മശ്ഹൂറിന് മജ്ദൂബ് എന്ന വിശേഷണം കൂടിയുണ്ട്. ആരാധനകളിലും രിയാളകളിലും ദൈവീകസാമീപ്യം സജീവമാകുമ്പോൾ ആത്മസാക്ഷാത്കാരം സിദ്ധിക്കുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണം ലഭിക്കാൻ കാരണം.
തേജസുറ്റ രൂപത്തിലും ഭാവത്തിലുമായിരുന്നു മുല്ലക്കോയതങ്ങൾ വളർന്ന് വലുതായത്. ജീവിത പ്രയാസങ്ങളിലൂടെ ദിനരാത്രങ്ങൾ തള്ളിനീക്കിയിരുന്ന മാതാപിതാക്കൾക്ക് സമാശ്വാസവും, സംതൃപ്തിയും പകർന്നായിരുന്നു മഹാൻറെ പിറവി.
നിഷ്കളങ്കവും നൈർമല്ല്യവും തുളുമ്പുന്ന വാക്ധോരണി, തികഞ്ഞ ശുഭാപ്തി വിശ്വാസം, സത്യസന്ധത, സൽസ്വഭാവം അനുസരണശീലം, അനുകമ്പ, ദയ, സഹിഷ്ണുത, വിനയം, പ്രായത്തിൽ മികച്ച പക്വത തുടങ്ങിയ ആകർഷണീയ സ്വഭാവവിശേഷണങ്ങൾ ബാല്യം മുതൽക്കെ മുല്ലക്കോയതങ്ങളിൽ പ്രകടമായിരുന്നു. തന്നിൽ അന്തർലീനമായിരുന്ന ശ്ലാഘനീയമായ ഈ സവിശേഷത പ്രായത്തിൻറെ വിവിധ ഘട്ടങ്ങളിലും തുടർന്നുവന്നു.
പതിനേഴാം വയസ്സിൽ കുടുംബത്തിൻറെ പൂർണ്ണമായ സംരക്ഷണച്ചുമതല മഹാനിൽ അർപ്പിതമായി. തന്മൂലം ഉപജീവനത്തിനായി സ്വീകരിച്ച പ്രധാന മാർഗ്ഗം വൈദ്യചികിത്സയായിരുന്നു. ഈ മേഖലയിൽ അതിവേഗം നൈപുണ്യം നേടുകയും മികച്ചൊരു ആയുർവേദ ഭിഷഗ്വരനായി അറിയപ്പെടുകയും സർക്കാറിൽ നിന്ന് അംഗീകാരവും അനുമതിയും ലഭിക്കുകയും ചെയ്തു. പ്രചുരപ്രചാരം നേടിയ വൈദ്യശാസ്ത്ര കൃതികളിലെ പരിജ്ഞാനവും, പാരമ്പര്യ വൈദ്യന്മാരിൽ നിന്നും പൗരാണിക സിദ്ധവൈദ്യന്മാരിൽ നിന്നും സമ്പാദിച്ച അമൂല്യങ്ങളായ അപൂർവ്വ ഔഷധമുറകളും, ചികിത്സാവിധികളും സ്വായത്തമാക്കിയുള്ള പ്രശസ്തി അനുദിനം സ്വദേശത്തും വിദേശത്തും പ്രചരിച്ചു.
പാരമ്പര്യ ചികിത്സകൾ പലതും ചെയ്ത് ഫലം ലഭിക്കാതെ നിരാശരായവരും, ആധുനിക വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധ ഡോക്ടർമാർ അസാധ്യമെന്നുപറഞ്ഞ് ഉപേക്ഷിച്ചവരുമായ ധാരാളം രോഗികൾ മുല്ലക്കോയതങ്ങളിൽ അഭയം തേടുകയും രോഗമുക്തി കൈവരിക്കുകയും ചെയ്യുന്ന വാർത്ത നാടാകെ പരന്നു. തുടർന്ന് നാടിൻറെ നാനാഭാഗത്തുനിന്നും വിദേശങ്ങളിൽ നിന്നുപോലും ചികിത്സക്കായി രോഗികൾ വന്നെത്തുകയും രോഗമുക്തി നേടി മടങ്ങുകയും പതിവായിത്തീർന്നു.
പൈതൃകമായി സിദ്ധിച്ച ആദ്ധ്യാത്മികതയോടുള്ള അടങ്ങാത്ത അഭിനിവേശവും തതനുസൃതമായ സാഹചര്യവും ക്രമാനുഗതമായി സമന്വയിച്ചപ്പോൾ സൂഫിമാർഗ്ഗത്തിൽ യൗവ്വനകാലത്തുതന്നെ ആകൃഷ്ടരായി. ആത്മജ്ഞാനിയും മഹാത്മാവുമായ ആന്ത്രോത്ത് സ്വദേശി അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങളിൽ (1829-1921) ഗുരുവിനെ കണ്ടെത്തുകയും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയും ചെയ്തു.
ശൈഖ് ബുഖാരി തങ്ങളുടെ വിയോഗശേഷം ആത്മീയ ഗുരുപദവിയിലേക്കുയർന്നു.
വടകര കാരക്കാട് ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട സയ്യിദത്ത് ആയിശ ആറ്റബീവിയാണ് സഹധർമ്മിണി. സയ്യിദ് ഹാമിദ് മശ്ഹൂർ മുത്തുക്കോയതങ്ങൾ, സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, സയ്യിദത്ത് കോയമ്മബീവി, സയ്യിദത്ത് ഫാത്തിമ സുഹറ ഇമ്പിച്ചിബീവി, സയ്യിദത്ത് ആയിശബീവി എന്നിവർ മക്കളാണ്.
1987 ഡിസംബർ 5 (1408 റ.ആഖിർ 13) ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആ പുണ്യാത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു. പിറന്ന ദിവസം തന്നെ ഇഹലോകവാസം വെടിഞ്ഞു എന്ന അത്യപൂർവ്വ സൗഭാഗ്യത്തിന് അർഹരായി ശൈഖ് തങ്ങൾ. അതോടൊപ്പം പിറന്നുവീണ ഗൃഹമായ ആനേൻറവിട തറവാട് നിന്നിടത്തു പിന്നീട് നിർമ്മിച്ച മസ്ജിദുൽ ഹുസ്ന മഖാമിലാണ് അന്ത്യവിശ്രമസ്ഥാനം ഒരുക്കിയത്. വർഷംതോറും നടത്തിവരാറുള്ള മുഹ്യദ്ദീൻ ശൈഖിൻറെ ആണ്ട്നേർച്ചാദിനം തന്നെയാണ് ശൈഖ് തങ്ങളുടെ വഫാത്ത് എന്നതും ഏറെ പ്രത്യേകത നിറഞ്ഞതാണ്.