സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ (1690-1775)
(കേരളത്തിലെ മശ്ഹൂര്‍ ഖബീലയുടെ വംശനാഥന്‍)
കേരളത്തില്‍ മശ്ഹൂര്‍ ഖബീലയുടെ ചരിത്രം ആരംഭിക്കുന്നത് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ എന്നവരുടെ പുത്രനായ സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ 1710-ല്‍ വടകരയില്‍ എത്തിച്ചേരുന്നതോടെയാണ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വടകരയിലാണ് മശ്ഹൂര്‍ സാദാത്തീങ്ങള്‍ കൂടുതലായി താമസിച്ചുവരുന്നത്.
ഹിജ്റ 1101 (ക്രി.വ.1690)ല്‍ ഹള്റമൗത്തില്‍ ഭൂജാതരായ സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍, സ്വദേശത്തു നിന്ന് ഖുര്‍ആനും തജ്വീദും അഭ്യസിക്കുകയും, പിന്നീട് സയ്യിദ് അബ്ദുള്ള ഇബ്നു അലവി അല്‍ ഹദ്ദാദ് (1634-1720) അവര്‍കളെ പോലുള്ള മഹാന്മാരായ പണ്ഡിതന്മാരില്‍ നിന്ന് മതവിദ്യയും സ്വായത്തമാക്കിക്കൊണ്ട് ഹിജ്റ 1121 (ക്രി.വ.1710)ല്‍ മലബാറിലെ വടകരയിലെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹള്റമൗത്തില്‍ നിന്നും വടകരയിലെത്തിയ മാതൃസഹോദരനും ആത്മിയ ഗുരുവുമായ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങളുടെ പാത പിന്‍തുടര്‍ന്നു കൊണ്ടാണ് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ വടകര താഴങ്ങാടിയില്‍ എത്തിച്ചേര്‍ന്നത്.
അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ വാരിവിതറിയ തിരമാലകള്‍ക്കുമീതെ ഓളപ്പരപ്പിന്‍റെ താളലയങ്ങള്‍ക്കനുസരിച്ച് താഴ്ന്നും പൊങ്ങിയും നീങ്ങുന്ന ഒരു മുസ്വല്ല ഇരിപ്പിടമാക്കിക്കൊണ്ട് പടിഞ്ഞാറുനിന്ന് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ കരയെ ലക്ഷ്യമാക്കി വരുന്നു. കൂടിനിന്നവരെല്ലാം ഹര്‍ഷപുളകിതരായി. കരയിലേക്ക് വന്നണഞ്ഞ സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളെ സ്നേഹാദരപൂര്‍വ്വം സ്വീകരിച്ചു.
സയ്യിദ് ചെറുസീതിതങ്ങളുടേയും, യമനില്‍ നിന്നുള്ള ഭാര്യ സയ്യിദത്ത് ഖദീജ ബീവിയുടേയും പുത്രി സയ്യിദത്ത് ആയിശ ബീവിയെയാണ് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ വിവാഹം ചെയ്തത്.
കേരളത്തില്‍ വൈജ്ഞാനിക ആത്മീയപ്രബോധന രംഗത്ത് നിസ്തൂലമായ സേവനങ്ങള്‍ അര്‍പ്പിച്ചവരാണ് മശ്ഹൂര്‍ സാദാത്ത് വംശത്തിലെ മഹാന്മാര്‍. അവര്‍ കേരളത്തിലൂടനീളം സഞ്ചരിച്ച് ജനങ്ങളെ സമുദ്ധാരണം നടത്തുകയും നേര്‍വഴിയിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് സാന്ത്വനമേകുകയും ചെയ്തിരുന്നു. മലയാളക്കരയിലെ മുസ്ലിം സമൂഹത്തിന്‍റെ സ്വത്വനിര്‍മ്മിതിയിലും അവരുടെ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം നിലനിര്‍ത്തുന്നതിലും നിസ്തൂലവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളാണ് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളും അവരുടെ പിന്‍തലമുറക്കാരും നിര്‍വ്വഹിച്ചത്. ഇസ്ലാമിന്‍റെ വ്യാപനം കൂടുതല്‍ മേഖലകളിലേക്ക് വികസിക്കുന്നതിനും സൂഫിസരണികളിലൂടെ നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തിന്‍റെ ആത്മസംസ്കരണവും സമൂഹത്തിന്‍റെ ആത്മീയമായ വീണ്ടെടുപ്പും സാധ്യമാകുന്നതിനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തായ സംഭാവനകള്‍ നല്‍കി.
സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍-സയ്യിദത്ത് ആയിശബീവി ദാമ്പത്യവല്ലരിയില്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍, സയ്യിദത്ത് ശൈഖാബീവി എന്നിവര്‍ പിറന്നു. അറേബ്യന്‍ സംസ്കാരത്തിന്‍റെ പൈതൃക വേഷവിധാനമായ നീളന്‍ കുപ്പായവും തലപ്പാവും ചേര്‍ന്നുള്ള ശുഭ്രവസ്ത്രധാരണരീതിയും, തഖ്‌വയിലധിഷ്ഠിതമായ ജീവിതവുമായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ നയിച്ചിരുന്നത്, മാതൃസഹോദരനായ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങളില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയും, സയ്യിദ് ചെറുസീതിതങ്ങളുടെ വിയോഗശേഷം ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഗുരുവായിത്തീരുകയും ചെയ്തു.
ജാതിമതഭേദമന്യേ സര്‍വ്വരാലും ആദരണീയരും ആശ്രിതവത്സരുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ ആത്മിയശോഭയില്‍ വലിയൊരു ജനവിഭാഗം ആത്മിയതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ആയിരങ്ങളുടെ ഹൃദ്തടത്തില്‍ അറിവിന്‍റെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കികൊണ്ടാണ് ആ സത്യജീവിതത്തിന് വിരാമമായത്. ഹിജ്റ 1189 റംസാന്‍ 25 (ക്രി.വ.1775, നവംബര്‍ 19) തിങ്കളാഴ്ച 85ാം വയസ്സില്‍, ഇഹലോകവാസം വെടിഞ്ഞ പുണ്യാത്മാവ് വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
പ്രസ്തുത മഖാമിനകത്ത് മൂന്ന് ഖബറുകൾക്കാണ് താബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ ഉയർന്ന് നിൽക്കുന്ന താബൂത്തിനു താഴെ സയ്യിദ് സൈൻ ഹാമിദ് ചെറുസീതി തങ്ങളും, തൊട്ടടുത്ത് വലതു വശത്തായി സയ്യിദ് അബ്ദുറഹിമാൻ മശ്ഹൂർ തങ്ങളും, ഇടതുവശം ചേർന്ന് സയ്യിദത്ത് ആയിശ ബീവിയും അന്ത്യവിശ്രമം കൊളളുന്നു.
സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ വംശ പരമ്പര (ശജറ)
പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം.
1. സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍.
2. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍.
3. സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍.
4. സയ്യിദ് അലി ഹൈദര്‍.
5. സയ്യിദ് മുഹമ്മദ് ജമാലുദ്ദീന്‍.
6. സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍.
7. സയ്യിദ് അബ്ദുറഹ്മാന്‍.
8. സയ്യിദ് അലി.
9. സയ്യിദ് അബൂബക്കര്‍ സകറാന്‍.
10. സയ്യിദ് അബ്ദുറഹ്മാന്‍ സക്കാഫ്.
11. സയ്യിദ് മുഹമ്മദ് മൗലദ്ദവീല.
12. സയ്യിദ് അലി ഹൈദര്‍.
13. സയ്യിദ് അലവി.
14. സയ്യിദ് മുഹമ്മദ് ഫഖീഹില്‍ തുര്‍ബ.
15. സയ്യിദ് അലി ബാ അലവി.
16. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ ളഫാര്‍.
17. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം.
18. സയ്യിദ് അലവി.
19. സയ്യിദ് മുഹമ്മദ്.
20. സയ്യിദ് അലവി.
21. സയ്യിദ് ഉബൈദുള്ള.
22. സയ്യിദ് അഹമ്മദ്.
23. സയ്യിദ് ഈസ.
24. സയ്യിദ് മുഹമ്മദ്.
25. സയ്യിദ് അലിയ്യില്‍ ഉറൈളി.
26. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്.
27. സയ്യിദ് മുഹമ്മദ് ബാഖിര്‍.
28. സയ്യിദ് സൈനുൽ ആബിദീന്‍.
29. സയ്യിദ് ഹുസൈന്‍.
30. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
31. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).
