വടകര കുരിയാടി തെയ്യത്താം തെങ്ങില്‍ സാദാത്ത് മഖാം

 

 ചരിത്ര പ്രസിദ്ധമായ യമനിലെ ഹള്റമൗത്തില്‍ നിന്നും മലബാറിലെത്തിച്ചേര്‍ന്ന സ്വാഹിബുല്‍ വഹ്ത്വ് സയ്യിദ് വംശത്തിന്‍റെ സന്തതീ പരമ്പരയാണ് വടകരയിലെ കുരിയാടി സാദാത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ള ഇമ്പിച്ചിക്കോയതങ്ങള്‍, സയ്യിദ് അഹ്മദ് പൂക്കോയതങ്ങള്‍, സയ്യിദ് ശാദുലിതങ്ങള്‍, സയ്യിദ് അബുല്‍ ഹസന്‍ സ്വാലിഹ് തങ്ങള്‍ എന്നീ മഹാത്മാക്കള്‍.

ഹിജ്റ 1250 (ക്രി.വ. 1834)നു ശേഷമുള്ള കാലഘട്ടത്തിലാണ്, സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ വഹ്ത്വിന്‍റെ പ്രിയ പുത്രന്മാരായ ഈ സയ്യിദന്മാര്‍ ജീവിച്ചിരുന്നത്.

സയ്യിദ് അബൂബക്കര്‍ സകറാൻ എന്നവരുടെ പുത്രന്‍ സയ്യിദ് ശൈഖ് അലി എന്നവരുടെ പുത്രന്‍ സയ്യിദ് ഹസന്‍ എന്നവരുടെ പുത്രന്‍ സയ്യിദ് അലി എന്നവരുടെ പുത്രന്‍ സയ്യിദ് അബ്ദുള്ള എന്നവരുടെ സന്താനപരമ്പരയാണ് സ്വാഹിബുല്‍ വഹ്ത്വ് എന്ന വിശേഷണത്താല്‍ ഖ്യാതി നേടിയത്. ഹള്റമൗത്തിലെ അദന്‍ പട്ടണത്തിന് സമീപമാണ് വഹ്ത്വ് എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെ താമസമാക്കിയതിനാലാണ് സ്വാഹിബുല്‍ വഹ്ത്വ് എന്ന വിശേഷണം ലഭിച്ചത്. പൂര്‍വ്വികര്‍ ബാഗ്ദാദില്‍ നിന്നെത്തി വടകരയില്‍ താമസമാക്കിയവരാണ്.

പഠനകാലം മുതല്‍ തന്നെ സര്‍വ്വരുടേയും സ്നേഹാദരങ്ങള്‍ പിടിച്ചുപ്പറ്റികൊണ്ട്, മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃക നല്‍കിയവരായിരുന്നു കുരിയാടി സ്വാഹിബുല്‍ വഹ്ത്വ് സയ്യിദന്മാര്‍.

ആത്മീയതയോടുള്ള അടങ്ങാത്ത പ്രതിപത്തി ഇവര്‍ക്കുണ്ടായിരുന്നു. വന്ദ്യപിതാവ് സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ വഹ്ത്വില്‍ നിന്നാണ് ഇവര്‍ ത്വരീഖത്ത് സ്വീകരിച്ചത്.

ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുള്‍ ഖാദിര്‍ ജീലാനി തങ്ങളുടെ (ഖ.സി) ഖാദിരിയ്യ ത്വരീഖത്തിലും, ശൈഖ് സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ തങ്ങളുടെ (ഖ.സി) രിഫാഈ ത്വരീഖത്തിലും അധികാരം സിദ്ധിക്കുകയും ആത്മീയ ഗുരുപദവിയിലേക്കുയരുകയും ചെയ്തു. നിരവധിപേര്‍ക്ക് ആത്മജ്ഞാനത്തിന്‍റെ മഹാവെളിച്ചം പകര്‍ന്നു നല്‍കിയിട്ടുണ്ട്.
കുരിയാടിയിലെ സ്വാഹിബുല്‍ വഹ്ത്വ് സയ്യിദന്മാരുടെ സഹോദരീ പൗത്രനും സൂഫിവര്യനുമായ ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളുടെ നിര്‍ദ്ദേശപ്രകാരം പുത്രനും, മുത്തവല്ലിയും തായ്‌വഴി ത്വരീഖത്തധികാരം സിദ്ധിച്ചവരുമായ ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളാണ് മഖാമും പള്ളിയും പണികഴിപ്പിച്ചത്. ഇവരുടെ കാലശേഷം പിന്‍ഗാമികള്‍ മഖാമും പള്ളിയും സംരക്ഷിച്ചുവരുന്നു.

കുരിയാടിയിലെ സ്വാഹിബുല്‍ വഹ്ത്വ് സയ്യിദന്മാരുടെ സന്തതീപരമ്പര കാലക്രമത്തില്‍ വേരറ്റുപോവുകയാണുണ്ടായത്.

ഹിജ്റ 1318 (ക്രി.വ. 1900)ത്തോടുകൂടി ഈ മഹാത്മാക്കള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സയ്യിദന്മാരില്‍ പ്രമുഖനായിരുന്ന സയ്യിദ് അഹ്മദ് പൂക്കോയതങ്ങളാണ് ഏറ്റവും ഒടുവില്‍ ഹിജ്റ 1318 റ.ആഖിര്‍ 28 (ക്രി.വ. 1900 ആഗസ്റ്റ് 28)ന് വിടപറഞ്ഞത്. റ.ആഖിര്‍ 28ന് മഖാം ആണ്ടു നേര്‍ച്ചയായി നടത്തിവരുന്നു.

ജാതിമതഭേദമന്യേ സര്‍വ്വരാലും ആദരിക്കപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് വടകര കുരിയാടിയിലെ തെയ്യത്താം തെങ്ങില്‍ സാദാത്ത് മഖാം. തെയ്യത്താം തെങ്ങില്‍ തങ്ങളുടെ പഴയ തറവാട് വീടും സ്രാമ്പിയുമായിരുന്നു ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഒരുകാലത്ത് വൃക്ഷലതാധികളാല്‍ തിങ്ങിനിറഞ്ഞിരുന്ന ഇവിടെ സര്‍പ്പങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. സര്‍പ്പകോപത്താല്‍ പ്രയാസമനുഭവിക്കുന്നവരും, കടിയേറ്റവരും മഖാമില്‍ വഴിപാടുകളും നേര്‍ച്ചകളും അര്‍പ്പിക്കുക പതിവാണ്. മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍, മത്സ്യലഭ്യതയ്ക്കും മറ്റു ഉദ്ദേശപൂര്‍ത്തീകരണത്തിനുമായി പ്രാര്‍ത്ഥനകള്‍ നടത്താന്‍ വിശ്വാസികള്‍ മഖാമില്‍ എത്തിച്ചേരുന്നു.

സയ്യിദന്മാരുടെ തറവാട് വകയില്‍പ്പെട്ട തെയ്യത്താം തെങ്ങില്‍ പറമ്പില്‍ നിര്‍മ്മിച്ചതാണ്, മസ്ജിദുല്‍ ഹുസ്ന വ മഹല്ലുല്‍ അസ്ന ജുമുഅത്ത് പള്ളി എന്ന പ്രസിദ്ധമായ ആരാധനാലയം.


കുരിയാടി സയ്യിദന്മാരുടെ വംശ പരമ്പര (ശജറ)

1  സയ്യിദ് അബ്ദുള്ള ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍, സയ്യിദ് ശാദുലി തങ്ങള്‍, സയ്യിദ് അബുല്‍ ഹസന്‍ സ്വാലിഹ് തങ്ങള്‍
2. സയ്യിദ് മുഹമ്മദ്
3. സയ്യിദ് ഹസന്‍
4. സയ്യിദ് മുഹമ്മദ്
5. സയ്യിദ് ഹസന്‍
6. സയ്യിദ് സൈന്‍
7. സയ്യിദ് ഹാമിദ്
8. സയ്യിദ് അബ്ദുള്ള
9. സയ്യിദ് അലി സ്വാഹിബുല്‍ വഹ്ത്വ്
10. സയ്യിദ് ഹസന്‍
11. സയ്യിദ് ശൈഖ് അലി
12. സയ്യിദ് അബൂബക്കര്‍ സകറാന്‍
13. സയ്യിദ് അബ്ദുറഹ്മാന്‍ സക്കാഫ്
14. സയ്യിദ് മുഹമ്മദ് മൗലദ്ദവീല
15. സയ്യിദ് അലി ഹൈദര്‍
16. സയ്യിദ് അലവി
17. സയ്യിദ് മുഹമ്മദ് ഫഖീഹില്‍ തുര്‍ബ
18. സയ്യിദ് അലി ബാ അലവി
19. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ ളഫാര്‍.
20. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം.
21. സയ്യിദ് അലവി.
22. സയ്യിദ് മുഹമ്മദ്.
23. സയ്യിദ് അലവി.
24. സയ്യിദ് ഉബൈദുള്ള.
25. സയ്യിദ് അഹ്മദ്.
26. സയ്യിദ് ഈസ.
27. സയ്യിദ് മുഹമ്മദ്.
28. സയ്യിദ് അലിയ്യില്‍ ഉറൈളി.
29. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്.
30. സയ്യിദ് മുഹമ്മദ് ബാഖിര്‍.
31. സയ്യിദ് സൈനുല്‍ ആബിദീന്‍.
32. സയ്യിദ് ഹുസൈന്‍.
33. സയ്യിദത്ത് ഫാത്തിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
34. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).