സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (മ:1780)


സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (മ:1780)
(കേരളത്തിലെ മശ്ഹൂര്‍ ഖബീല വംശനാഥന്‍ സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ പുത്രന്‍)

സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെയും സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പുത്രി സയ്യിദത്ത് ആയിഷാബീവിയുടെയും പുത്രനായി വടകര താഴങ്ങാടി തറവാട്ടില്‍ ജനിച്ചു. സയ്യിദത്ത് ശൈഖാബീവി സഹോദരിയാണ്.

നബി(സ)യുടെ വംശപരമ്പരയേയും കുടുംബത്തേയുമാണ് അഹ്‌ലുബൈത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ), അലിയ്യിബ്നു അബീത്വാലിബ്(ക.വ), ഫാത്വിമത്തുസ്സഹ്റ(റ), ഇമാം ഹസ്സന്‍(റ), ഇമാം ഹുസൈന്‍(റ) എന്നീ അഞ്ച് മഹാത്മാക്കളും അവരുടെ വംശപരമ്പരയുമാണ് അഹ്‌ലുബൈത്തെന്ന വിശേഷണത്താല്‍ കൂടുതല്‍ വിശ്രുതമായത്. ഗൗസീങ്ങള്‍, ഖുതുബീങ്ങള്‍, ഔലിയാക്കള്‍, പണ്ഡിതശ്രേഷ്ഠര്‍, സമുദായനേതാക്കള്‍ തുടങ്ങിയ ധാരാളം മഹത്തുക്കള്‍ ഈ പരമ്പരയിലുണ്ട്. അന്ത്യനാള്‍വരെ നിലനില്‍ക്കുന്ന ഈ പരമ്പരയെ സ്നേഹിക്കല്‍ വിശ്വാസത്തിന്‍റെ ഭാഗമാണ്.

അല്ലാഹുവിന്‍റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും, എന്‍റെ സന്താനപരമ്പരയേയും ഞാന്‍ ഇതാ നിങ്ങളെ ഏല്‍പ്പിക്കുന്നു എന്ന് പ്രവാചകന്‍ അരുള്‍ ചെയ്തിട്ടുണ്ട്.

പ്രവാചക പരമ്പരയില്‍ പിറന്ന് പ്രസിദ്ധിയാര്‍ജ്ജിച്ചവരുടെ പേരിലാണ് അവരുടെ സന്താനപരമ്പരകള്‍ പിന്നീട് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വിവിധ ഖബീലകളായി (ഗോത്രം) ഇവര്‍ അറിയപ്പെടുന്നു.

കേരളത്തിലെ ഭൂരിപക്ഷം പ്രവാചക കുടുംബത്തിന്‍റേയും തായ്‌വേര് യമനിലെ ഹള്റമൗത്തിലാണ്. കിഴക്ക് ഒമാനും പടിഞ്ഞാറ് യമനും വടക്ക് ദഹന മരുഭൂമിയും അതിരിടുന്ന പ്രദേശമാണ് ഹള്റമൗത്ത്. ഇറാഖിലെ ബസ്വറയില്‍ നിന്ന് ക്രി.വ.929 (ഹിജ്റ 317)ല്‍ ഹള്റമൗത്തിലെത്തിയ പണ്ഡിതശ്രേഷ്ഠനായ അഹമ്മദ് ബിന്‍ ഈസ അല്‍മുഹാജിറാണ് യമനീ വംശപരമ്പരക്ക് ആരംഭം കുറിച്ചത്. ക്രി. വ.956 (ഹിജ്റ 345)ല്‍ വിടപറഞ്ഞ ഇവരുടെ മഖ്ബറ ഹള്റമൗത്തിലെ അല്‍ ഹസീസയിലാണ്.

ഖുലഫാഉറാശിദുകളുടെ കാലശേഷം പ്രാവചക കുടുംബങ്ങള്‍ക്ക് പല മുസ്ലിം ഭരണാധികാരികളില്‍ നിന്നുപോലും തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവന്നു. മാന്യമായ അംഗീകാരവും ആദരവും ലഭിച്ചില്ലെന്നു മാത്രമല്ല, അമവി-അബ്ബാസി ഭരണകൂടത്തിനു കീഴിലും മറ്റുചില മുസ്ലിം ഭരണാധികാരികളില്‍ നിന്നും അനുഭവിച്ച പീഢനങ്ങളും നിരവധിയാണ്. തന്മൂലമാണ് ജന്മനാടുകളില്‍നിന്ന് പാലായനം ചെയ്ത് ഹള്റമൗത്തിലെത്തിയത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ സയ്യിദ് കുടുംബങ്ങള്‍ യമനിലെ ഹള്റമൗത്തില്‍ നിന്നും, റഷ്യയിലെ ബുഖാറയില്‍ നിന്നും മലബാറിലെത്തിയതോടെ മലബാറിലെ മുസ്ലീം മതജീവിതത്തിലും മാറ്റങ്ങള്‍ വന്നു. സൂഫിമാര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി. ദര്‍ഗ്ഗകളും, മാലകളും, മൗലിദുകളും മുസ്ലീം ജീവിതത്തിന്‍റെ ഭാഗമായി. ആദ്ധ്യാത്മിക ജീവിതം കൂടുതല്‍ കരുപ്പിടിച്ചുവന്നു. സയ്യിദന്മാര്‍ (നബി കുടുംബം) മലബാറിലെ മുസ്ലീം ജീവിതത്തില്‍ മാത്രമല്ല, പൊതുരംഗത്തും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തി. മലബാറില്‍ നടന്ന അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും, നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും ഈ അറബ് വംശജരാണ് നേതൃത്വം നല്‍കിയത്. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും അവര്‍ തന്നെ മുന്നോട്ടുവന്നു.

ഹള്റമൗത്തില്‍ നിന്ന് ആത്മീയ പ്രചാരകരായും വ്യാപാരികളായും, നിരവധി സയ്യിദ് കുടുംബങ്ങള്‍ ഇന്ത്യയിലെ സമുദ്രതീരങ്ങളില്‍ അണഞ്ഞിരുന്നു. വടകരയിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങള്‍ (ബാഅലവി) കുടുംബം, വടകരയിലെ സയ്യിദ് മശ്ഹൂര്‍ കുടുംബം, കോഴിക്കോട്ടെ സയ്യിദ് ജിഫ്രി കുടുംബം, പൊന്നാനിയിലെ സയ്യിദ് ഹൈദ്രോസ് കുടുംബം, വളപട്ടണത്തെ സയ്യിദ് ബുഖാരി കുടുംബം, പിന്നീടു വന്ന മമ്പുറത്തെ സയ്യിദ് മൗലദ്ദവീല കുടുംബം എന്നിങ്ങനെ മുപ്പതിലധികം സയ്യിദ് കുടുംബങ്ങള്‍ മലബാറില്‍ വന്നുചേര്‍ന്നിട്ടുണ്ട്.

ഹള്റമൗത്തിലെ ഐനാത്ത് പട്ടണത്തിനു സമീപം തരീം പ്രദേശത്തു നിന്നാണ് കേരളത്തിലേക്ക് സയ്യിദന്മാര്‍ ആദ്യമായി എത്തിച്ചേര്‍ന്നത്. ഹള്റമൗത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് തരീം പ്രദേശം. തരീമിനെ അലങ്കരിച്ചിരുന്ന 360-ല്‍ പരം മസ്ജിദുകളും, കെട്ടിടങ്ങളും, തെരുവീഥികളും പ്രാചീന സംസ്കാരത്തിന്‍റെ നാഴികക്കല്ലുകളാണ്. ഒരു കാലഘട്ടത്തില്‍ 99% പ്രവാചക കുടുംബങ്ങളും അധിവസിച്ചിരുന്നത് തരീം പ്രദേശത്തായിരുന്നു. ഇവരില്‍ ചില സാദാത്തുക്കളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

ഹൈദ്രോസ്, മശ്ഹൂര്‍, ശിഹാബുദ്ദീന്‍, ജിഫ്രി, ബാഫഖിഹ്, ബാഅലവി, ജമലുലൈല്‍, ആലുബറാമി, ഐദീദ്, മുഖൈബില്‍, മുസാവ, ആലുശില്ലി, ആലു ശ്വാതിരി, ആലുഹബ്ശി, ഹദ്ദാദ്, സഖാഫ്, ആലുല്‍ ഹാദി, മൗലദ്ദവീല, സ്വാഹിബുല്‍ വഹ്ത്വ്, രിഫാഈ തുടങ്ങിയ മുപ്പതോളം പ്രവാചക കുടുംബങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ റഷ്യയിലെ ബുഖാറയില്‍ നിന്നും എത്തിച്ചേര്‍ന്ന ബുഖാരി ഖബീലയും, ഇറാഖിലെ ബഗ്ദാദില്‍ നിന്നും എത്തിച്ചേര്‍ന്ന ജീലാനി ഖബീലയും ഇവരില്‍ ഉള്‍പ്പെടുന്നു.

യമനിലെ ഹളര്‍മൗത്തില്‍ നിന്നും മശ്ഹൂര്‍ ഖബീലാംഗമായി മലബാറില്‍ എത്തിച്ചേര്‍ന്ന സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ പുത്രനായി ജനിച്ച ആദ്യത്തെ പരമ്പരയാണ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍.

സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ ബാല്യം മുതല്‍ തന്നെ വളരെ പ്രശസ്തനായിരുന്നു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മഹാന്‍, പിതാവിനാലും സര്‍വ്വരാലും ജമാലുദ്ദീന്‍ എന്ന് പ്രശംസിക്കപ്പെട്ടു. സഹോദരി സയ്യിദത്ത് ശൈഖാബീവിയെ വിവാഹം ചെയ്തത് തോട്ടോളി തറവാട്ടിലെ ഒരു പ്രമുഖ സയ്യിദാണ്. വന്ദ്യപിതാവില്‍ നിന്ന് തന്നെയാണ് മഹാനവര്‍കള്‍ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്.

വടകരയില്‍ നിന്ന് സയ്യിദത്ത് അലവിയ്യ ബീവിയെ വിവാഹം ചെയ്ത സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ക്ക് പ്രസ്തുത ദാമ്പത്യത്തില്‍, സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങളും, കാരക്കാട് നിന്നുള്ള മറ്റൊരു വിവാഹത്തില്‍ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് അലവി മശ്ഹൂര്‍ തങ്ങള്‍ എന്നിവരുള്‍പ്പെടെ പത്തിലേറെ സന്താനങ്ങള്‍ പിറന്നു. ക്രി.വ.1780-ല്‍ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങളിലൂടെ വടകരയിലും, മറ്റു സന്താനങ്ങളിലൂടെ കേരളത്തിലാകെയും മശ്ഹൂര്‍ ഖബീല വ്യാപിച്ചു. പിതാവും, പുര്‍വ്വികരും അന്ത്യവിശ്രമം കൊള്ളുന്ന താഴങ്ങാടി മഖാമിന്‍റേയും, തറവാടിന്‍റേയും കൈകാര്യകര്‍ത്താവും, അവകാശിയും ത്വരീഖത്തധികാരവും സിദ്ധിച്ചത് പുത്രന്‍ സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങള്‍ക്കായിരുന്നു.