ആദ്ധ്യാത്മിക സരണി


ത്വരീഖത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം സത്യമാര്‍ഗ്ഗം എന്നാണ്. സത്യത്തിലേക്കുള്ള (حـق) വഴി എന്നാണ് ഈ പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഞാനാണ് സത്യം, ഞാനല്ലാതെ വേറെ ആരാധ്യനില്ല, അതിനാല്‍ എന്നെ മാത്രം ആരാധിക്കുവിന്‍ എന്ന് അല്ലാഹു പരിശുദ്ധ വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരാധന ചെയ്യാന്‍ മാത്രമായി അല്ലാഹു തെരഞ്ഞെടുത്ത സൃഷ്ടിയാണ് മനുഷ്യന്‍. അതുകൊണ്ടാണ് ഇതര ജീവികള്‍ക്കില്ലാത്ത വിശേഷബുദ്ധിയും ചിന്താശക്തിയും മനുഷ്യന് ലഭിച്ചത്. ചിന്താശക്തി ഉണര്‍ത്തിക്കൊണ്ടാണ് ആരാധന ചെയ്യേണ്ടത്. മനസ്സാന്നിദ്ധ്യം കൊണ്ടാണല്ലോ ചിന്തയും കര്‍മ്മവും പരിപൂര്‍ണ്ണമാകുന്നത്. ഇബാദത്ത് എന്നതിന് റൂഹുല്‍ ബയാന്‍ തഫ്സീറില്‍ പറയുന്നത് റബ്ബിനെ അറിയുക എന്നാണ്. ഈ അര്‍ത്ഥ പ്രകാരം റബ്ബിനെ അറിയാന്‍ വേണ്ടിയാണ് റബ്ബ് മനുഷ്യനെ സൃഷ്ടിച്ചത് എന്നും അതല്ലാത്തതൊന്നും മനുഷ്യ സൃഷ്ടിപ്പില്‍ നിന്നും റബ്ബ് ഉദ്ദേശിച്ചിട്ടില്ല എന്നും വ്യക്തമാണ്. അത്പ്രകാരം നാഥനെ അറിയാന്‍ ഓരോ മനുഷ്യനും കടപ്പെട്ടവനാണ്. അതുകൊണ്ട് തന്നെയാണ് മനുഷ്യന് നിര്‍ബന്ധമായ കാര്യങ്ങളില്‍ ആദ്യത്തേത് അല്ലാഹുവിനെ അറിയലാണെന്ന് നബി(സ) തങ്ങള്‍ പഠിപ്പിച്ചത്.

اَوَّلُ مٰا يَجِبُ عَلَى اْلاِنْـسٰانِ مَعْرِفَةُ اللهِ تَعٰالَي

മനുഷ്യന്‍റെ മേല്‍ ആദ്യം നിര്‍ബന്ധമായത് അല്ലാഹുവിനെ അറിയലാണ്. (അനുഭവംകൊണ്ട്) ഈ അറിവാണ് അല്ലാഹുവിലേക്കുള്ള വഴി, അഥവാ ത്വരീഖത്ത്. ഈ അറിവ് വേണ്ടാത്തവരും ആഗ്രഹിക്കാത്തവരുമായി ആരുമില്ല. പക്ഷെ, അത് എങ്ങിനെ സാധ്യമാകും എന്നതാണ് ഓരോ മനുഷ്യനേയും അലട്ടുന്ന മുഖ്യവിഷയം. നബി(സ)തങ്ങള്‍ പറഞ്ഞു;

طَلَبُ الْعِلْـمِ فَرِيضَةٌ عَلٰي كُلِّ مُسْلِـمٍ وَمُسْلِـمَةٍ

എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും നിര്‍ബന്ധ ബാധ്യതയാണ് അല്ലാഹു വിനെ സംബന്ധിക്കുന്ന അറിവ് നേടല്‍. മേല്‍ ഉദ്ധരിച്ച നബിവചനത്തിന്‍റെ ആശയം ലോകത്തുള്ള എല്ലാ അറിവുകളും നേടിയെടുക്കല്‍ നിര്‍ബന്ധമാണ് എന്നല്ല. അതിന് ഒരാള്‍ക്കും സാധ്യവുമല്ല. മറിച്ച് അല്ലാഹുവിലുള്ള ജ്ഞാനം എന്ന് തന്നെയാണ്.

ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ)തങ്ങള്‍ വരെയുള്ള ലക്ഷത്തില്‍ പരം പ്രവാചകന്മാരും لٰااِلٰهَ اِلَّا الله എന്ന ആശയം അതത് സമുദായങ്ങള്‍ക്ക് ബോധ്യപ്പെടുത്താനും, അതുവഴി അല്ലാഹുവിലേക്ക് ക്ഷണിക്കാനുമാണ് നിയുക്തരായത്. നബിതിരുമേനി പറയുന്നു;

اَفْضَلُ مٰا قُلـْتُ اَنَا وَالنَّبِـيُّـونَ مِنْ قَـبْلِي لٰااِلٰهَ اِلَّا الله

ഞാനും, എനിക്ക് മുമ്പ് കഴിഞ്ഞുപോയ നബിമാരും മൊഴിഞ്ഞ ഏറ്റവും ശ്രേഷ്ഠതയുള്ള വചനം അല്ലാഹു അല്ലാത്ത ആരാധ്യനില്ല എന്നതാണ്. മുഹമ്മദ് നബി(സ)തങ്ങളാകട്ടെ നാല്‍പ്പതാം വയസ്സില്‍ നുബുവ്വത്ത് ലഭിക്കുകയും പ്രബോധനം ആരംഭിക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷം പിന്നിട്ട ശേഷം മിഅ്റാജ് (വാനാരോഹണം) രാത്രിയിലാണ് അഞ്ച് വഖ്ത്ത് നമസ്കാരം നബിയുടെ ഉമ്മത്തിനായി അല്ലാഹു പാരിതോഷികം നല്‍കി നിര്‍ബന്ധമാക്കിയത്. അതുവരെയുള്ള പന്ത്രണ്ട് വര്‍ഷക്കാലം ഇസ്ലാമിന്‍റെ അടിത്തറ ഉറപ്പിക്കാനാണ് നബി(സ)തങ്ങള്‍ ശ്രമിച്ചത്. لٰااِلٰهَ اِلَّا الله ആയിരുന്നു അത്. കാരണം അടിത്തറ ഭദ്രമാക്കാതെ പടുത്തുയര്‍ത്തിയാല്‍ നിലംപതിച്ച് പോകും. അതായത് لٰااِلٰهَ اِلَّا الله എന്ന ആശയം മനസ്സില്‍ ഉറച്ച ശേഷം ചെയ്യുന്ന പ്രവര്‍ത്തികള്‍ മാത്രമാണ് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇബാദത്തുകളെന്ന് സാരം. അല്ലാഹു പറയുന്നു;

اِلَـيْهِ يَصْعَدُ الْكَلِـمُ الطَّيِّبُ وَالعَمَلُ الصّٰالِحُ يَرْقَعُهُ

പരിശുദ്ധ വചനം (لٰااِلٰهَ اِلَّا الله) അല്ലാഹുവിനെ കൊള്ളെ ഉയരുന്നു, സല്‍കര്‍മ്മം (പരിശുദ്ധ വചനം നിമിത്തം) അവൻ (الله) സ്വീകരിക്കും. മുഹമ്മദ് നബിയോട് കൂടി നബിമാരുടെ നിയോഗം അവസാനിച്ചെങ്കിലും അവരുടെ ദൗത്യം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അല്ലാഹു പറഞ്ഞു;

قُلْ هٰذِهِ سَبِـيلِـي اَدْعُـو اِلَي اللهِ عَلٰي بَـصِيرَةٍ اَنَا وَمَنِ اتَّـبَعَـنِي.

(നബിയേ) പറയുക, ഇതാണെന്‍റെ മാര്‍ഗ്ഗം. ഞാനും, എന്നെ പിന്തുടര്‍ന്ന വരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് ഉള്‍ക്കാഴ്ച അവലംബിച്ചു കൊണ്ടാണ്.

وَلْـتَكُنْ مِنْكُـمْ اُمَّةٌ يَدْعُـونَ اِلَي الْـخَيْرِ وَيَأْمُـرْنَ بِالْـمَعْرُوفِ وَيَـنْـهَوْنَ عَنِ الْـمُنْكَرِ.

നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും കൊണ്ട് നന്മയിലേക്ക് (അല്ലാഹുവിലേക്ക്) ക്ഷണിക്കുന്ന ഒരു സമുദായം നിങ്ങളില്‍ ഉണ്ടാകണം. (ഇത് അല്ലാഹുവിന്‍റെ വചനമാണ്). പ്രവാചക ശിരോമണി അരുളിയിരിക്കുന്നു;

اَلْـعُلَـمٰاءُ وَرَثَـةُ الْاَنْـبِيٰاءِ.

പണ്ഡിതന്മാര്‍ (അല്ലാഹുവിനെ അറിഞ്ഞ), പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു. പ്രവാചകന്മാരുടെ അറിവുകള്‍ കൊണ്ട് കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചപ്പോള്‍ അവര്‍ പ്രവാചകന്മാരുടെ പ്രതിനിധികളും അനന്തരാവകാശികളും പകരം പ്രവര്‍ത്തിക്കുന്നവരുമായി തീര്‍ന്നു.

قٰالَ رَسُولُ اللهِ ﷺ اِنَّ اللهَ عَـزَّوَجَلَّ يَـبْعَـثُ لِـهٰذِهِ الْاُمَّةِ عَلٰي رَأْسِ كُلِّ مِأَةِ سَنَةٍ مَنْ يُجَـدِّدُ دِيـنَـهٰا.

റസൂല്‍(സ)തങ്ങള്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു തആലാ ഈ സമുദായത്തിന് എല്ലാ ശതകത്തിന്‍റേയും തുടക്കത്തില്‍ ആ ശതകത്തിന്‍റെ ദീന്‍ പുനര്‍ജ്ജീവിപ്പിക്കുന്ന ഓരോ വ്യക്തികളെ നിയോഗിക്കുന്നതാണ് (അബൂഹുറൈയെ തൊട്ട് ഈ ഹദീസ് അബൂദാവൂദും, ഹാക്കിമും നിവേദനം ചെയ്തിട്ടുണ്ട്). ഇങ്ങിനെയുള്ള വ്യക്തികളായിരിക്കും പ്രവാചകന്മാരുടെ അനന്തരാവകാശം ഏറ്റെടുത്ത് അവരുടെ ദൗത്യം നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്ന മുറബ്ബികള്‍ (ആത്മീയ ഗുരുവര്യന്മാര്‍). അല്ലാഹുവിന്‍റേയും ജനങ്ങളുടേയും ഇടയിലുള്ള ഇടയാളുകളാണ് അവര്‍.