ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ഏതൊരു യാത്രികനും അങ്ങോട്ടുള്ള വഴി വ്യക്തമായി അറിയുന്നവരില്‍ നിന്നും പഠിച്ചറിഞ്ഞ ശേഷം അവരുടെ ഉപദേശപ്രകാരം യാത്ര ചെയ്താല്‍ വഴിപിഴച്ച് പോകാതെ നിഷ്പ്രയാസം എത്തിച്ചേരാന്‍ കഴിയുമെന്നത് ഒരു അനിഷേധ്യ സത്യമാണ്. തന്‍റെ രക്ഷിതാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആദ്യമായി കണ്ടെത്തേണ്ടത് അല്ലാഹുവിനെ അറിഞ്ഞ ഒരു ജ്ഞാനിയെയാണ്. ഒരു ജ്ഞാനിയെ കണ്ടെത്തിയാല്‍ അവരില്‍ വിശ്വാസമര്‍പ്പിച്ച് അവരുടെ ഉപദേശനിര്‍ദ്ദേശ പ്രകാരം മാത്രം സഞ്ചരിച്ചാല്‍ അല്ലാഹുവില്‍ എത്തിച്ചേരല്‍ സാധ്യമായിത്തീരും.
وَقَدْ اَجْمَعَ اَهْلُ الطَّرِيقِ عَلٰي وُجُوبِ اِتِّخٰاذِ الْاِنْـسٰانِ لَهُ شَيْخًا يُـرْشِدُهُ اِلٰي زَوٰالِ تِلْكَ الـصِّفٰاتِ الَّـتِي تَـمْنَعُهُ مِنْ دُخُولِ حَضْرَةِ اللهِ تَـعٰالٰي بِـقَلْـبِهِ لِـتَـصِحَّ صَلٰوتُـهُ ...
ഒരു മനുഷ്യന് ഒരു ശൈഖിനെ കണ്ടെത്തല്‍ (തുടരല്‍) നിര്‍ബന്ധമാണെന്നതില്‍ തസവ്വുഫിന്‍റെ ഇമാമുകള്‍ എല്ലാവരും ഏകസ്വരക്കാരാണ്. അവന്‍റെ നമസ്കാരം സ്വീകരിക്കപ്പെടുന്നതിനായി തന്‍റെ ഹൃദയം കൊണ്ട് അല്ലാഹു തആലായുടെ സന്നിധിയില്‍ പ്രവേശിക്കുന്നതിന് പ്രതിബന്ധമായിരിക്കുന്ന അവന്‍റെ ദുര്‍ഗ്ഗുണങ്ങള്‍ നീക്കം ചെയ്യാന്‍ ശൈഖ് അവനെ രൂപപ്പെടുത്തും. ഭൗതികാസക്തി, ഗര്‍വ്വ്, പൊങ്ങച്ചം, ലോകമാന്യത, വൈരാഗ്യം, അസൂയ, വിദ്വേഷം, കാപട്യം ഇത്യാദി ആന്തരിക രോഗങ്ങള്‍ ഓരോന്നും ചികിത്സിച്ചു ഇല്ലായ്മ ചെയ്യല്‍ സംശയലേശമന്യേ നിര്‍ബന്ധമാകുന്നു. ഇവ നിഷിദ്ധങ്ങളാണെന്നും ഇവയുടെ പേരില്‍ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ആകയാല്‍ ഇത്തരം ദുര്‍ഗ്ഗുണങ്ങള്‍ നീക്കം ചെയ്യുവാന്‍ ഒരു ശൈഖിനെ സ്വീകരിച്ചിട്ടില്ലാത്ത ഓരോരുത്തരും അല്ലാഹു വിനോടും, റസൂലിനോടും വിരോധം വെച്ചവനായി തീരുന്നു. കാരണം അവന്‍ ആയിരം ജ്ഞാനഗ്രന്ഥങ്ങള്‍ മനഃപാഠമാക്കിയാലും ശരി, ശൈഖില്ലാതെ ഈ ചികിത്സയില്‍ അവന്‍ നേര്‍വഴി പ്രാപിക്കുന്നതല്ല (ജാമിഉല്‍ ഉസൂല്‍). അപ്പോള്‍ എല്ലാവ്യക്തികളും ആഗ്രഹിക്കുന്ന നേര്‍വഴി പ്രാപിക്കാന്‍ ആത്മീയഗുരുവുമായി ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യല്‍ നിര്‍ബന്ധമാകുന്നു.
'തമസ്സ് നീക്കി വെളിച്ചം നല്‍കുന്നയാള്' എന്നാണ് ഗുരു പദത്തിന്‍റെ അര്‍ത്ഥം. ഇത് ത്വരീഖത്ത് സംവിധാനത്തിലെ ശൈഖുമാരുടെ ധര്‍മ്മമാണ്. വേദങ്ങളും ഗ്രന്ഥങ്ങളും ഉരുവിട്ട് പഠിപ്പിക്കുന്നതിലേറെ പ്രാവര്‍ത്തികമാക്കി യുള്ള അദ്ധ്യാപനമാണ് ത്വരീഖത്തില്‍ നടക്കുന്നത്. സ്വന്തം മനസ്സിലെ ഇരുട്ടകറ്റി വെളിച്ചം നിറച്ച്, മനസ്സിനെ ദുര്‍ഗ്ഗുണങ്ങളില്‍ നിന്നെല്ലാം ശുദ്ധീകരിച്ച് സദ്ഗുണ സമ്പന്നമാക്കുകയും ആത്മാവില്‍ പ്രകാശം നിറക്കുകയും ചെയ്യുന്ന ഗുരു, തന്നെ ലക്ഷ്യമാക്കിയെത്തുന്ന ശിഷ്യന്മാരെ അവരുടെ മനസ്സിന്‍റെ (ആത്മാവിന്‍റെ) അവസ്ഥാന്തരങ്ങള്‍ മനസ്സിലാക്കി പടിപടിയായി വളര്‍ത്തുകയാണ് ത്വരീഖത്ത് സംവിധാനത്തിലെ 'തര്‍ബിയ്യത്ത്'. ഗുരുവിനെ മുറബ്ബി എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. വാക്കുകള്‍ പോലും ഇവിടെ അപൂര്‍വ്വമായിരിക്കും. ഗുരു ആത്മശക്തി കൊണ്ടാണ് ശിഷ്യന്‍റെ മനസ്സിനെ കാണുന്നതും, നിയന്ത്രിക്കുന്നതും. പ്രവാചകരുടേയും, അനുചരന്മാരുടേയും ജീവിതത്തില്‍ ഇതിനെല്ലാം ശരിയായ മാതൃകകളുണ്ടായിരുന്നു. ആയിരക്കണക്കിനു ശിഷ്യന്മാരില്‍ ഓരോരുത്തരുടേയും മനമറിഞ്ഞും ഹിതമറിഞ്ഞുമായിരുന്നു നബി(സ) അവരെ സംസ്കരിച്ചിരുന്നത്. അനുചരന്മാരുടെ (സ്വഹാബികളുടെ) മനസ്സിന്‍റെ അടിസ്ഥാന ഗുണങ്ങള്‍ നോക്കി, ദൗര്‍ബല്യങ്ങളും പിഴവുകളും നീക്കി, അവരുടെ പ്രകൃതിക്കിണങ്ങുന്ന സദ്ഗുണങ്ങള്‍ നിറച്ചുകൊണ്ടാണ് ആത്മീയമായി നബി(സ) അവരെ വളര്‍ത്തിയതും ഉയര്‍ത്തിയതും. നബിതിരുമേനി(സ)യുടെ ആത്മദൃഷ്ടിയുടെ സിദ്ധികള്‍ മനസ്സിലാക്കിയിട്ടുള്ള ആരും ഇതിലതിശയിക്കുകയില്ല. 'നമസ്കാരത്തില്‍ എന്‍റെ കണ്‍മുന്നിലേക്കെന്നപോലെ പിന്നിലേക്കും എനിക്ക് കാഴ്ചയുണ്ട്, നിങ്ങളുടെ റുകൂഅ്, സുജൂദ് തുടങ്ങിയ ചലനങ്ങളും അതോടൊപ്പം മനസ്സിനകത്തെ ഭക്തിയും കര്‍മ്മങ്ങളിലെ ഒതുക്കവുമെല്ലാം ഞാന്‍ കാണുന്നു' എന്ന് നബി(സ)തങ്ങള്‍ പ്രസ്താവിച്ച ഹദീസ് സഹീഹുല്‍ ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. നബി(സ)തങ്ങള്‍ സ്വഹാബത്തിനെ സംസ്കരിച്ചതും വളര്‍ത്തിയതും അവരുടെ മനസ്സും ആത്മാവും കണ്ടും വായിച്ചുമായിരുന്നുവെന്നത് സുവിദിതമാണ്. അവരുടെ സാധാരണ ചോദ്യങ്ങള്‍ക്ക് നബി(സ) വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയിരുന്നതുപോലും, ചോദിച്ചവരുടെ അവസ്ഥയും മനോനിലയും പരിഗണിച്ചു കൊണ്ടായിരുന്നുവെന്ന് ഹദീസ് പണ്ഡിതര്‍ വ്യക്തമാക്കിയതാണ്.
നബി(സ)തങ്ങളുടെ ഈ മാതൃക അക്ഷരംപ്രതി പിന്‍പറ്റിക്കൊണ്ടാണ് സൂഫീത്വരീഖത്തുകളിലെ ഗുരുശിഷ്യ ബന്ധവും ജീവിതവും. ത്വരീഖത്തിലെ ഗുരു തന്‍റെ ശിഷ്യന്മാര്‍ക്ക് പൂര്‍ണ്ണനായ ആത്മീയ ഗുരുവാകുന്നതും ഇതുകൊണ്ടു തന്നെ. ഗുരുവിനെ ശിഷ്യന്മാര്‍ കാണുന്നത് (കാണേണ്ടത്) നബി(സ)തങ്ങളുടെ പ്രതിനിധി (نٰائِبْ رَسُولْ) (ബാഹ്യമായും, ആന്തരികമായും പരിവര്‍ത്തനം വന്നവര്‍) ആയിട്ടാണ്. നബി(സ)യുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് പോലെ, (അനുസരിക്കേണ്ടത് പോലെ) ശൈഖിന്‍റെ ഉപദേശനിര്‍ദ്ദേശങ്ങളും ശിക്ഷണങ്ങളും ശിഷ്യന്മാര്‍ സര്‍വ്വാത്മനാ അനുസരിക്കുന്നു, കൈകൊള്ളുന്നു. നബി(സ)യുടെ സവിധത്തില്‍ വിശ്വാസികള്‍ പാലിക്കേണ്ട എല്ലാ ചിട്ടകളും ഖുര്‍ആന്‍ പഠിപ്പിച്ച എല്ലാ കാര്യങ്ങളും ശിഷ്യന്മാര്‍ ഗുരുവിന്‍റെ മുമ്പില്‍ പാലിക്കുന്നു. അല്ലാഹുവിനോടും, റസൂലിനോടുമുള്ള അടുപ്പം കൊണ്ട് ആത്മാവും മനസ്സും പ്രതിയുക്തമായ ഗുരുവിനെ സമ്പന്ധിച്ചിടത്തോളം ശിഷ്യന്മാര്‍ ഇങ്ങിനെ കലവറയില്ലാതെ അനുസരിക്കുന്നത് കൊണ്ട്, (വിധേയപ്പെടുന്നത് കൊണ്ട്) ശര്‍ഇയ്യായ (നിയമസംഹിത) അപാകതകളൊന്നും വരാനില്ല. ആത്മസംസ്കരണത്തിന്‍റെ സര്‍വ്വ ഗുണങ്ങളും ഒത്തിണങ്ങിയിട്ടുള്ള ആളായിരിക്കും ത്വരീഖത്തിലെ ശൈഖ്. ഈ ശൈഖിനു മുമ്പില്‍ സര്‍വ്വാത്മനാ സ്വയം അര്‍പ്പിച്ചവനാണ് ശിഷ്യന്‍. കുളിപ്പിക്കുന്നവന്‍റെ കയ്യില്‍ 'കുളിപ്പിക്കപ്പെടുന്ന മയ്യിത്ത് വിധേയപ്പെടുന്നത് പോലെ' ശൈഖിനു മുമ്പില്‍ തന്‍റെ മനസ്സ് സമര്‍പ്പിച്ച് കൊടുക്കണമെന്നാണ് ത്വരീഖത്തിലെ നിയമം. ഇത് പാലിക്കുമ്പോള്‍ ശിഷ്യന്‍ വളരുന്നു, ഉയരുന്നു. ശിക്ഷണ കാര്യത്തില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായങ്ങളും ഗുരുവിന്‍റെ താല്‍പര്യത്തിനും ഉദ്ദേശത്തിനും മുമ്പില്‍ സമര്‍പ്പിച്ചവനു മാത്രമെ ഇങ്ങിനെ ശിഷ്യനാകാന്‍ സാധിക്കുകയുള്ളു. ഈ ആത്മബന്ധമാണ് ത്വരീഖത്തിന്‍റെ സവിശേഷത.
എന്താണ് ബൈഅത്ത്.
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക;
اِنَّ الَّـذِينَ يُـبٰايِـعُونَكَ اِنَّـمٰا يُـبٰايِعُونَ اللهَ يَدُ اللهِ فَـوْقَ اَيْـدِيـهِمْ فَـمَنْ نَكَثَ فَاِنَّـمٰا يَـنْكُثُ عَلٰي نَـفْسِهِ وَمَنْ اَوْفٰي بِـمٰا عٰاهَدَ عَلَـيْهِ اللهُ فَـسَيُؤْتِـيهِ اَجْـرًا عَظِيمًا.
(നബിയെ) താങ്കളുമായി ഉടമ്പടി ചെയ്യുന്നവര്‍ അല്ലാഹുവിനോട് തന്നെയാണ് ഉടമ്പടി ചെയ്യുന്നത്. അവരുടെ കരങ്ങള്‍ക്ക് മീതെയുള്ളത് അല്ലാഹുവിന്‍റെ കരമാണ്. (ചെയ്ത ഉടമ്പടി) ആരെങ്കിലും ലംഘിച്ചാല്‍ അവന് ദോഷകരമായിട്ടാണ് അത് ഭവിക്കുക. ആരെങ്കിലും അല്ലാഹുവിനോട് ചെയ്ത ഉടമ്പടി പൂര്‍ത്തീകരിച്ചാല്‍ അവന് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതുമാണ്. നബിയുമായി നടത്തുന്ന ഉടമ്പടി തന്നോട് (അല്ലാഹുവിനോട്) തന്നെയാണെന്ന് ശരിവെച്ച് കൊണ്ടും, ആ ഉടമ്പടി പാലിച്ച് പൂര്‍ത്തീകരിക്കുന്നവരാണ് മഹത്തായ പ്രതിഫലത്തിന്നര്‍ഹരെന്ന് വ്യക്തമാക്കികൊണ്ടുള്ള അല്ലാഹുവിന്‍റെ പ്രഖ്യാപനമാണല്ലോ ഇതില്‍ അടങ്ങിയിരിക്കുന്നത്. അപ്പോള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ആര്‍ക്കും ബൈഅത്ത് സമ്പന്ധമായ അനുശാസനം അവഗണിക്കാന്‍ സാധ്യമല്ല. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ബൈഅത്ത് അനിവാര്യമാണ്. സൂറത്തുല്‍ മുംതഹിനയില്‍,
يٰا اَيُّـهَا الـنَّـبِـيُّ اِذٰا جٰاءَكَ الْـمُؤْمِنٰاتُ يُـبٰايِـعْنَكَ
എന്ന് തുടങ്ങുന്ന സുദീര്‍ഘമായ ഈ സൂക്തത്തില്‍ നിന്നും ഇത് വ്യക്തമാണ്. ഉടമ്പടി ചെയ്യാനായി നബി(സ)യെ സമീപിക്കുന്ന സ്ത്രീകള്‍ക്കും, നബി ബൈഅത്ത് ചെയ്തു കൊടുക്കണമെന്ന് അല്ലാഹു കല്‍പിക്കുന്നതായി ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. ഈമാന്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു സ്വഹാബികള്‍ നബി(സ)യുമായി ബൈഅത്ത് ചെയ്തത്. സ്ത്രീകള്‍ക്കും അത് അനിവാര്യമാണല്ലോ. നബി(സ)തങ്ങളുടെ ഈ പാത മാറ്റങ്ങള്‍ക്ക് വിധേയമാവാതെ പിന്തുടര്‍ന്നു വരുന്ന ആത്മീയ ഗുരുവര്യന്മാർ കാണിച്ചുതന്ന മാര്‍ഗ്ഗത്തിലൂടെ അവര്‍ നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാന്‍ നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കുമാറാവട്ടെ!