ആത്മാന്വേഷികള്‍ക്ക് വഴികാട്ടിയായി ആത്മജ്ഞാനം നേടിയ ഗുരു ആവശ്യമാണ്.
ഗുരുവിനെ കണ്ടെത്തി ഗുരുവിന്‍റെ നിര്‍ദേശങ്ങളെ പാലിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്ന ശിഷ്യരില്‍ ആന്തരിക സത്യത്തിന്‍റെ പ്രകാശനം സംഭവിക്കും.
ഗുരു ശിഷ്യ ബന്ധത്തിലേക്കുള്ള പ്രവേശിക ബൈഅത്ത് എന്ന കരാറിലൂടെയാണ്.
ബൈഅത്തില്‍ ഗുരു ശിഷ്യനില്‍ നിന്നും ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച കരാറുവാങ്ങുകയും
ശിഷ്യന്‍ അനുവര്‍ത്തിക്കേണ്ട ചില അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
ഈ അനുഷ്ഠാനവും കരാറും ഗുരുവിനും ശിഷ്യനുമിടയിലുള്ള ബന്ധത്തെ നിലനിര്‍ത്തുകയും ശിഷ്യന്‍ അതിനെ അവഗണിക്കുമ്പോള്‍ ബന്ധം അറ്റുപോകുകയും ചെയ്യും.
വളരെ കൂടിയ ആത്മീയ പ്രഭാവമുള്ള ഗുരുവിന്റെ കൈകളില്‍ പിടിച്ചു കൊണ്ടാണ് ഒരാൾ ബൈഅത്തിൽ ഏർപ്പെടുന്നത്.
ബൈഅത്ത് പ്രവാചകന്മാരിലൂടെ തുടര്‍ന്നു വരുന്ന ഗുരു ശിഷ്യ ബന്ധത്തിന്‍റെ തുടര്‍ച്ചയാണ്.
ജീവിച്ചിരിക്കുന്ന ഒരു ഗുരുവിലൂടെയല്ലാതെ ആരും തന്നെ ആത്മീയ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.
ബൈഅത്ത് പോലെയോ അതിലധികമോ പ്രാധാന്യം ഉള്ളതാണ് ഗുരുവുമൊത്തുള്ള സഹവാസം.
ഈ സഹവാസം ഗുരുവുമൊന്നിച്ചുള്ള ജീവതമാകാം.
ഗുരുമുഖത്ത് നിന്നും ആത്മീയമായ അറിവുകള്‍ പകര്‍ന്നെടുക്കുന്നതിന് സഹവാസം അനിവാര്യതയാണ്.
ഗുരുവിനെ ദര്‍ശിക്കലും ഗുരുവിന്‍റെ ദര്‍ശനത്തിലാകുകയും ഗുരുവിന് സേവനങ്ങള്‍ ചെയ്യുക. സംശയ നിവൃത്തി വരുത്തുക തുടങ്ങി സഹവാസം കൊണ്ട് നേടിയെടുക്കാനുള്ള നേട്ടങ്ങള്‍ പലതാണ്.
ഗുരുവിനെ യഥാർത്ഥത്തില്‍ തിരിച്ചറിയാനാകുക ഇങ്ങിനെയുള്ള സഹവാസത്തിലൂടെയാണ്.
ശിഷ്യനെ ശുദ്ധീകരിക്കാന്‍ ഗുരുവിനും ഗുരുവിനെ തിരിച്ചറിയാന്‍ ശിഷ്യനും സഹവാസം സഹായകമാകും.
ഗുരുവിനെ തിരിച്ചറിയുമ്പോഴേ ശിഷ്യന്‍ യഥാർത്ഥ ആത്മീയ ശിഷ്യനായി മാറുന്നുള്ളൂ.
ഗുരുവുമൊത്തുള്ള യാത്രകൾ ഭക്ഷണം തുടങ്ങിയവ ശിഷ്യനില്‍ ഉള്‍ക്കാഴ്ചയുടെ പുതിയ ലോകം തുറക്കും.
പല ഗുരുമാരും ഇത്തരം സന്ദര്‍ഭങ്ങളെ ശിഷ്യന്‍റെ അഹന്താ ബോധത്തെ ചവിട്ടി മെതിക്കാനുളള അവസരമായി ഉപയോഗപ്പെടുത്തും.
ഗുരുവിന്‍റെ സാമൂഹിക പദവിയോ പ്രസിദ്ധിയോ ഒന്നുമല്ല ശിഷ്യന്‍റെ സമര്‍പ്പണമാണ് ശിഷ്യരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുക.
ശിഷ്യന്‍ ഗുരുവിനെ തെരഞ്ഞെടുത്താല്‍ പോരാ, ഗുരു ശിഷ്യനേയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
രണ്ടു പേരുടേയും തെരഞ്ഞെടുപ്പ് അനുപൂരകമാകുമ്പോഴാണ് ഗുരു ശിഷ്യ ബന്ധം ഉണ്ടാകുന്നത്.
ഗുരുവിനെ തെരഞ്ഞെടുക്കാന്‍ ശിഷ്യന് അവകാശമില്ല.
ശിഷ്യനെ തെരഞ്ഞെടുക്കല്‍ ഗുരുവിന്റെ അവകാശത്തില്‍ പെട്ടതാണ്.
പലരും ഇന്നയാളെ ഞാൻ ഗുരുവായി തെരഞ്ഞെടുത്തു എന്ന് അവകാശപ്പെടാറുണ്ട്.
ഗുരു പക്ഷേ അവരെ ശിഷ്യനായി തൃപ്തിപ്പെട്ടോ ഇല്ലയോ എന്ന് ഗുരുവിനു മാത്രമേ അറിയുകയുള്ളൂ.
ശിഷ്യനിലൂടെ ആത്മജ്ഞാന പ്രകാശനം സംഭവിക്കുന്നുവെങ്കില്‍ ഗുരുവിന്റെ ശിഷ്യനാണെന്ന് മനസിലാക്കാം.
ഒരു ഗുരുവിനെ സമീപിക്കുന്നവര്‍ എല്ലാവരും ശിഷ്യന്മാർ ആകുന്നില്ല.
പലരും സ്നേഹത്തിന് പാത്രീഭൂതരായിരിക്കും.
അവരാണ് ആഷിക്കുകള്‍.
ജീവിച്ചിരിക്കുന്ന ഗുരുവിനെ സ്വീകരിക്കാന്‍ പല കാരണങ്ങളാല്‍ വിമുഖതയുള്ള ആളുകൾ ഗുരുവുണ്ട് എന്ന അവകാശത്തിനായി മരണപ്പെട്ടവരെ ആത്മ ഗുരുവായി സ്വീകരിക്കുന്ന പുതിയ ശൈലികൾ രൂപപ്പെടുന്നുണ്ട്.
അത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ ജീവിച്ചിരിക്കുന്ന ഗുരുവിനെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവരും തങ്ങളുടെ അഹംബോധത്തിനെ കയ്യൊഴിയാന്‍ മടിയുള്ളവരുമാണ്.
അവരുടെ അവകാശ വാദങ്ങള്‍ തികഞ്ഞ കപടതയും മൗഢ്യവും ആത്മ വഞ്ചനയുമാണ്.
പുസ്തകങ്ങളെയോ മണ്‍മറഞ്ഞവരുടെ കല്ലറകളെയോ ഗുരുവായി സ്വീകരിച്ച് ആത്മീയ ഉന്നതി പ്രാപിക്കാന്‍ ആര്‍ക്കും ആവുകയില്ല തന്നെ.
ഓരോ കാലഘട്ടത്തിലും ആത്മസത്തയെ സത്യത്തോട് ഉരച്ചു ചേര്‍ത്ത കാലത്തിന്‍റെ വഴികാട്ടികള്‍ മനുഷ്യാകാരം പൂണ്ട് ദൈവിക നിയോഗമായി നിലകൊള്ളുമ്പോള്‍ അവരെ അവഗണിച്ച് കാലത്തിന് പുറകോട്ട് സഞ്ചരിക്കാന്‍ നടത്തുന്ന വൃഥാ ശ്രമങ്ങള്‍ തന്നെ ഒരു ഗുരുവില്‍ സമര്‍പ്പണം നടത്താനുള്ള അഹംബോധ വിമുഖതയുടെ വെളിപ്പെടലാണ്.
തെളിഞ്ഞു കത്തുന്ന പ്രകാശ ഗോപുരങ്ങളുടെ വെളിച്ചത്തില്‍ വഴിനടക്കാന്‍ മടിയുള്ള പലരും കാലം ചെയ്തവരുടെ ശിഷ്യരായി അവകാശ വാദം ഉന്നയിക്കുന്നതാണ് എക്കാലത്തേയും കാഴ്ച.
ജീവിച്ചിരിക്കുന്ന ഒരു ഗുരുവുമായുള്ള ബൈഅത്തിലൂടെ മാത്രമേ ഒരാൾ ആത്മീയ സരണയിലേക്ക് പ്രവേശിക്കുന്നുള്ളൂ.
അങ്ങിനെ പ്രവേശിച്ചതിനര്‍ത്ഥം സഞ്ചാരം പൂര്‍ത്തിയാക്കി എന്നല്ല.
വഴിയില്‍ പ്രവേശിച്ചു എന്ന് മാത്രമാണ്.
യാത്ര തുടരേണ്ടതുണ്ട്.
ഗുരുവിന്‍റെ യാഥാർത്ഥ്യം തിരിച്ചറിയുവോളം.
