സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ (സാനി) (മ:1876)(സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ പ്രപൗത്രന്‍)
സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങളുടെയും താഴങ്ങാടി മഖാമിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പൗത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രിയും, വടകരയിലെ സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജബീവിയുടെയും പുത്രനായി താഴങ്ങാടി തറവാട്ടില്‍ ജനിച്ചു.
പിതാവ് സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങളില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്.
ഇസ്ലാമിക ശരീഅത്ത് (നടപടി ക്രമങ്ങള്‍) ഗ്രഹിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ത്വരീഖത്ത്. ശരീഅത്തിനെ ദൃഢമായി സ്വീകരിക്കാനും നിര്‍ബന്ധ സാഹചര്യങ്ങളില്‍ അശ്രദ്ധ സംഭവിക്കാതിരിക്കാനും സൂക്ഷ്മത പാലിച്ച് ജീവിക്കാനും ശൈഖന്മാര്‍ മുരീദന്മാരെ (ശിഷ്യന്മാരെ) ത്വരീഖത്തിലൂടെ പ്രാപ്തമാക്കുന്നതുമൂലം അവര്‍ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നു. പ്രവാചകന്‍റെ കാലത്തോളം പാരമ്പര്യമുള്ള ത്വരീഖത്ത് ആരംഭകാലത്തു തന്നെ നബിയും അനുചരന്മാരും നിലനിര്‍ത്തി പോന്നിരുന്നു.
ഹിജ്റ അഞ്ചാം നൂറ്റാണ്ടോടെയാണ് വിവിധ പേരുകളില്‍ സംഘടിത പ്രസ്ഥാനമായി ത്വരീഖത്ത് നിലവില്‍ വരുന്നത്. സ്ഥാപകരുടെ പേരിലോ പ്രചരിപ്പിച്ച ശൈഖുമാരുടെ പേരിലോ ബന്ധപ്പെടുത്തിയാണ് ത്വരീഖത്തുകള്‍ അറിയപ്പെടുന്നത്. അന്നു മുതല്‍ ഇന്നുവരെ ശാഖോപശാഖകളായി പല ത്വരീഖത്തുകളും പ്രചാരത്തിലുണ്ട്. ഖാദിരിയ്യ, ചിശ്തിയ്യ, തബക്കാത്തിയ്യ, സുഹ്റവര്‍ദിയ്യ, രിഫാഇയ്യ, ശാദുലിയ്യ, കുബ്റവിയ്യ, യസവിയ്യ, നഖ്ശബന്ദിയ്യ, തുടങ്ങിയവ ത്വരീഖത്തുകളില്‍ പ്രാധാന്യമുള്ളവയാണ്.
ഹിജ്റ ആറാം നൂറ്റാണ്ടില്‍ ഇറാഖിലാണ് ഖാദിരിയ്യ ത്വരീഖത്ത് രൂപപ്പെട്ടത്. ശൈഖ് സയ്യിദ് മുഹ്‌യദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയോട് ചേര്‍ത്താണ് ഈ ത്വരീഖത്ത് പ്രചാരം നേടിയത്. ഖാദിരിയ്യ ത്വരീഖത്തിന്‍റെ സന്ദേശം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വ്യാപിച്ചു കൊണ്ടിരുന്ന പ്രാരംഭഘട്ടത്തില്‍തന്നെ ശൈഖ് ഫരീദുദ്ദീന്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ പ്രസ്തു ത്വരീഖത്ത് മലബാറിലുമെത്തിയിരുന്നു.
പുത്രന്മാരായ ശൈഖ് സയ്യിദ് അബ്ദുറസാഖ്, ശൈഖ് സയ്യിദ് അബ്ദുല്‍ അസീസ് എന്നിവരിലൂടെയാണ് ഖാദിരിയ്യ ത്വരീഖത്ത് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പ്രചരിച്ചത്. സയ്യിദ് അലി അല്‍ ഹദ്ദാദ് യമനിലും, സയ്യിദ് മുഹമ്മദ് അല്‍ബതാഇഹി സിറിയയിലും, സയ്യിദ് മുഹമ്മദ് ബിന്‍ അബ്ദുസ്സമദ് ഹിജാസിലും ഇതിന്‍റെ പ്രബോധന പ്രചരണവുമായി ബന്ധപ്പെട്ട് പ്രര്‍ത്തിച്ചു. പേര്‍ഷ്യ വഴിയാണ് ഖാദിരിയ്യ ത്വരീഖത്ത് ഉത്തരേന്ത്യയിലെത്തിയത്. യമനില്‍ നിന്ന് ഇവിടെ എത്തിയ സാദാത്തുകള്‍ വഴിയാണ് വിവിധ പ്രദേശങ്ങളില്‍ ഇതിന്‍റെ സന്ദേശങ്ങള്‍ പ്രചരിച്ചത്.
മലബാറിലെ ഖാദിരിയ്യ ത്വരീഖത്തില്‍ പ്രബലനായ പൊന്നാനി സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദ്രോസ് തങ്ങളുടെ ഖാദിരിയ്യ പരമ്പരയുടെ തുടര്‍കണ്ണിയാണ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ എന്ന ചെറിയ കുഞ്ഞിക്കോയതങ്ങളവര്‍കള്‍.
സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍, കാരക്കാട് പുതിയപുരയില്‍ സയ്യിദത്ത് ആയിശബീവിയേയും, കൂടാതെ മറ്റൊരു വിവാഹവും ചെയ്തിട്ടുണ്ട്. ഇരുദാമ്പത്യങ്ങളിലായി സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍, സയ്യിദ് ഹസന്‍ മശ്ഹൂര്‍ കോയഞ്ഞിക്കോയതങ്ങള്‍, സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് അഹ്മദ് മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ എന്ന സയ്യിദ് അബുതങ്ങള്‍ തുടങ്ങി എട്ട് പുത്രന്മാരും, സയ്യിദത്ത് ഉമ്മുഹാനി എന്ന കോയമ്മബീവി, സയ്യിദത്ത് ആയിശബീവി, സയ്യിദത്ത് കുഞ്ഞിമാമിബീവി, സയ്യിദത്ത് ബഹിയ ചെറിയബീവി, സയ്യിദത്ത് റൗള പൂക്കുഞ്ഞിബീവി, സയ്യിദത്ത് ശൈഖാബീവി എന്ന കോയമ്മബീവി, സയ്യിദത്ത് റൂക്കിയാ ബീകുഞ്ഞി ബീവി, സയ്യിദത്ത് കുഞ്ഞിബീവി, എന്നീ പുത്രിമാരും പിറന്നു. ഇവരുടെ പരമ്പര വടകരയുടെ സമീപ പ്രദേശങ്ങളിലായി താമസിച്ചുവരുന്നു. ക്രി.വ.1876-ല്‍ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവിന്‍റെ വിയോഗശേഷം താഴങ്ങാടി മഖാമിന്‍റേയും, തറവാടിന്‍റേയും കൈകാര്യവും, ത്വരീഖത്ത് അധികാരവും സിദ്ധിച്ചത് പുത്രന്‍ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ക്കായിരുന്നു.
സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങളുടെ ഖാദിരിയ്യ ത്വരീഖത്ത് സില്‍സില
1. ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍.
2. ശൈഖ് സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍.
3. ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍.
4. ശൈഖ് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍.
5. ശൈഖ് സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങള്‍.
6. ശൈഖ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദ്രോസ്.
7. ശൈഖ് സയ്യിദ് അലിഇബ്നു ഹുസൈന്‍ അല്‍ ഹൈദ്രോസ് ഹള്റമി.
8. ശൈഖ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദ്രോസ് ഹള്റമി.
9. ശൈഖ് സയ്യിദ് അലിഇബ്നു അബ്ദുള്ളാഹില്‍ ഹൈദ്രോസ്.
10. ശൈഖ് സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍.
11. ശൈഖ് സയ്യിദ് അബ്ദുള്ള അഫീഫുദ്ദീന്‍.
12. ശൈഖ് സയ്യിദ് ഹുസൈന്‍ ഹിശാമുദ്ദീന്‍.
13. ശൈഖ് സയ്യിദ് ശരീഫ് നൂറുദ്ദീന്‍.
14. ശൈഖ് സയ്യിദ് അബൂബക്കര്‍ ഇബ്നു അബ്ദുള്ളാഹില്‍ ഹൈദ്രോസ് അദനിയ്യ്.
15. ശൈഖ് സയ്യിദ് ജമാലുദ്ദീന്‍ മുഹമ്മദ്ബ്നു ഉമറുല്‍ഹള്റമി.
16. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നു മസ്ഊദുല്‍ അന്‍സാരി.
17. ശൈഖ് സയ്യിദ് ഖാസി മുഹമ്മദ് ഇബ്നു സഈദത്വിബിരി.
18. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നു അബൂബക്കര്‍.
19. ശൈഖ് സയ്യിദ് ഇസ്മായീല്‍ ജബ്റാനി.
20. ശൈഖ് സയ്യിദ് സിറാജുദ്ദീന്‍ അബൂബക്കര്‍.
21. ശൈഖ് സയ്യിദ് മുഹ്യ്ദ്ദീന്‍ ഇബ്നു അഹമ്മദ്.
22. ശൈഖ് സയ്യിദ് അബൂബക്കര്‍ ഇബ്നു മുഹമ്മദ് നഈം.
23. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നു അഹ്മദുല്‍ അസദിയ്യി.
24. ശൈഖ് സയ്യിദ് ഖുതുബുല്‍ അക്ത്വാബ് ശൈഖ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി.
25. ശൈഖ് സയ്യിദ് അബു സഈദ് ഇബ്നു അലിയ്യില്‍ മുബാറക്കില്‍ മഖ്സൂമി.
26. ശൈഖ് സയ്യിദ് അബുല്‍ ഹസനി അലിയില്‍ കുറശിയ്യില്‍ ഹങ്കാരി.
27. ശൈഖ് സയ്യിദ് അബു ഫറഹി മുഹമ്മദുത്തര്‍തൂസി.
28. ശൈഖ് സയ്യിദ് അബ്ദുല്‍ വാഹിദ് തമീമി.
29. ശൈഖ് സയ്യിദ് അബ്ദുല്‍ അസീസ് യമനി.
30. ശൈഖ് സയ്യിദ് അബൂബക്കര്‍ ഷിബിലി.
31. ശൈഖ് സയ്യിദ് ജുനൈദുല്‍ ബാഗ്ദാദി.
32. ശൈഖ് സയ്യിദ് സിരിയ്യിനല്‍ സിഖ്തി.
33. ശൈഖ് സയ്യിദ് മഅ്റൂഫില്‍ കര്‍ഖി.
34. ശൈഖ് സയ്യിദ് അലിയ്യുബ്നു മൂസ്സരിളാ.
35. ശൈഖ് സയ്യിദ് മൂസ്സല്‍ ഖാളിം.
36. ശൈഖ് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്.
37. ശൈഖ് സയ്യിദ് മുഹമ്മദ് ബാഖിര്‍.
38. ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍.
39. ശൈഖ് സയ്യിദ് ഹുസൈന്‍.
40. ശൈഖ് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
41. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).