സ്വൂഫീവര്യന്മാർ പറയുന്നു : അല്ലാഹുവിന്റെ സ്മരണ കൂടാതെ വല്ല ശ്വാസോച്ഛ്വാസവും എന്നിൽ നിന്നുണ്ടായാൽ സ്വന്തത്തെ തന്നെ ഞാൻ അറുത്ത് കളയും , അഥവാ ഇത്തരക്കാർ നിരന്തരം യജമാനനായ റബ്ബിന്റെ ഓർമ്മയിലാണ് "
ഒരു സ്വൂഫിയായ മനുഷ്യൻ വന്യമൃഗങ്ങൾ അധിവസിക്കുന്ന കാട്ടിൽ നിരന്തരം അല്ലാഹുവിന്റെ സ്മരണയിൽ വ്യാപൃതരായിരുന്നു . ഒരവസരം ഒരു വന്യമൃഗം ചാടി വന്ന് മഹാനവർകളുടെ ശരീരം കടിച്ചു കീറി . ഈ സംഭവം കണ്ടു നിന്നയാളും മഹാനവർകളും ബോധരഹിതരായി വീണു . ശേഷം ബോധം തിരിച്ചു കിട്ടിയപ്പോൾ സ്വൂഫിയോട് കാര്യം അന്വേഷിച്ചു . അപ്പോൾ പറഞ്ഞു : ആ വന്യ മൃഗത്തെ എനിക്കായി തന്നെ നിർത്തിയതാണ് . അല്ലാഹുവിന്റെ സ്മരണ നഷ്ടപ്പെട്ടാലുടൻ ആ വന്യമൃഗം ആക്രമിക്കുന്നതാണ്.
ഇങ്ങനെ അല്ലാഹുവിന്റെ സ്മരണക്ക് സർവ്വതിനേക്കാളും സ്ഥാനം നൽകുന്ന എത്രയെത്ര മഹാന്മാരായ സ്വൂഫിയാക്കളുടെ ചരിത്രമാണ് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.
ഓ ! സത്യവിശ്വാസികളെ അല്ലാഹുവിനെ നിങ്ങൾ നിരന്തരം ഓർമ്മിക്കുക " പ്രസ്തുത ഖുർആൻ വചനത്തിന്റെ വിശദീകരണത്തിൽ ഇബ്നു അജീബ( റ ) പറഞ്ഞു : '(നിരന്തരം ഓർമ്മിക്കൽ) എന്നതിന്റെ വിവക്ഷ അവനെ ഒരിക്കലും മറക്കാതിരിക്കലാണ്.
മഹാനായ ഇബ്നുഅബ്ബാസ് ( റ ) വിശദീകരിച്ചു : അല്ലാഹു ഫർളാക്കിയ ഏതൊരു ആരാധനക്കും ചില പ്രത്യേക സമയം കണക്കാക്കപ്പെട്ടിരിക്കുന്നു . പക്ഷെ അല്ലാഹുവിന്റെ സ്മരണക്ക് പ്രത്യേകമായി ഒരു സമയവും നിർണ്ണയിക്കപ്പെട്ടിട്ടില്ല. “അല്ലാഹു' എന്ന നാമത്തിലുള്ള ഫനാഇന്റെ (വിലയം) നിലയനുസരിച്ച് ദാത്തിലുള്ള ഫനാഅ് ലഭിക്കും. പ്രത്യേകക്കാരിൽ പ്രത്യേകക്കാരായ ചില മഹത്തുക്കൾ സ്വന്തത്തിന്റെ വുജൂദി (ഉൺമ) നെ കാണാതെ ഹഖിൽ (അല്ലാഹു ) വിലയം പ്രാപിക്കുന്നു. അവരാണ് യഥാർത്ഥ സ്മരണക്ക് ഭാഗ്യം നൽകപ്പെട്ടവർ. ഇവരുടെ അടുക്കൽ പലപ്പോഴും സാധാരണഗതിയിലുള്ള ദിക്റ് പോലും ശിർക്കിന്റെ ഇനത്തിൽ പെട്ടുപോകും. കാരണം അല്ലാഹു എന്ന പരമസത്യം മാത്രമാണ് യാഥാർത്ഥ്യം എന്ന് അനുഭവിച്ചറിഞ്ഞ് പരമാനന്ദത്തിൽ നിലകൊള്ളുമ്പോൾ മറ്റൊന്നിനും 'ഉൺമ' കാണുകയില്ല. ഈ അവസ്ഥയിലാണ് പല മഹാന്മാരും ദിക്റ് നിമിത്തമായി പാപങ്ങൾ അധികരിക്കുമെന്നും ഹൃദയത്തിന്റെ ഉൾക്കാഴ്ച അടഞ്ഞു പോകുമെന്നും പറഞ്ഞത്. ഇപ്രകാരം ഈ ആനന്ദാനുഭൂതിയിൽ പല മഹാന്മാരും പറഞ്ഞു “ഒരു മണിക്കൂർ അല്ലാഹുവിന്റെ സ്മരണ എഴുപത് വർഷത്തെ ആരാധനയേക്കാൾ ഉത്തമമാണ് ".
അബുൽ അബ്ബാസ് (റ) പറഞ്ഞു : ഞങ്ങളുടെ സർവ്വസമയവും ലൈലത്തുൽ ഖദ്റാണ്. അത് നിഷ്ഫലമാക്കാൻ ഒരു പിശാചിനോ രേഖപ്പെടുത്താൻ ഒരു മലക്കിനോ സാധിക്കുകയില്ല.
മഹാനായ ഇമാം ശിബ്‌ലി (റ) തന്റെ ആദ്യകാലഘട്ടത്തിൽ എപ്പോഴും തനിക്കൊപ്പം ഒരു കെട്ട് വടിക്കഷ്ണം കരുതാറുണ്ടായിരുന്നു. തന്റെ ഹൃദയം അല്ലാഹുവിനെ തൊട്ട് അശ്രദ്ധമാകുമ്പോൾ കെട്ടിൽ നിന്ന് ഒരു വടിയെടുത്ത് അത് പൊട്ടുന്നതുവരെ സ്വന്തത്തെ ശക്തമായി അടിക്കുമായിരുന്നു. പലപ്പോഴും വൈകുന്നേരം ആകും മുമ്പ് വടിക്കെട്ട് തീർന്നു പോകുമായിരുന്നു. എന്ന് മാത്രമല്ല, പലപ്പോഴും മഹാനവർകൾ തന്റെ കൈകാലുകൾ കൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ ചുമരിൽ അടിക്കാറുണ്ടായിരുന്നു.
മഹത്തുക്കൾ പറയുന്നു; അല്ലാഹുവിനെ സ്മരിക്കൽ അത് മൂർച്ഛയേറിയ വാളാണ്. തന്റെ ശത്രുവിനെ തുരത്തിയോടിക്കാനും പരമലക്ഷ്യ പൂർത്തീകരണത്തിന് വിഘ്നം സൃഷ്ടിക്കുന്ന സർവ്വ ആപത്തുകളെ പ്രതിരോധിക്കാനുമുള്ള ആയുധമാണത്. മഹാനായ അബൂബക്കർ വാസിത്വി (റ)യോട് ദിക്റിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു : അതിരറ്റ അനുരാഗത്തോടും ശക്തമായ ഭയത്തോടും അശ്രദ്ധയാകുന്ന മൈതാനത്തിൽ നിന്നും പരിശുദ്ധ ദർശനമാകുന്ന വിശാല ഭൂമിയിലേക്കുള്ള പ്രയാണമാണത്.
മഹാനായ ദുന്നൂനിൽ മിസ്‌രി (റ) പറഞ്ഞു ; അല്ലാഹുവിനെ പൂർണ്ണമായി സ്മരിക്കുന്നവൻ മറ്റു സർവ്വതിനേയും വിസ്മരിച്ച് പോകുന്നതാണ് ", മഹാനായ ഹാമിദുൽ അസ്വദ് (റ) പറഞ്ഞു : ഞാൻ ഒരിക്കൽ മഹാനായ ശൈഖ് ഇബ്റാഹീമുൽ ഖവാസ്സി (റ)ന്റെ കൂടെ യാത്ര ചെയ്ത് ഒരു സ്ഥലത്ത് ചെന്നെത്തി. മഹാനവർകൾ തന്റെ വിരിപ്പ് വിരിച്ച് അവിടെ ഇരുന്നു. ഒപ്പം ഞാനുമിരുന്നു. അർദ്ധരാത്രിയായപ്പോൾ ഒരു കൂട്ടം പാമ്പുകൾ ഇറങ്ങി വന്നു. പേടിച്ചു വിറച്ച് ഞാൻ ശൈഖിനെ വിളിച്ചട്ടഹസിച്ചു. ഉടൻ ശൈഖിന്റെ മറുപടി : താങ്കൾ അല്ലാഹുവിനെ ഓർമ്മിക്കുവീൻ. ഞാൻ മഹാന്റെ ആജ്ഞ അനുസരിച്ചു. അത്ഭുതം. പാമ്പുകളൊക്കെ വന്ന വഴിയേ പോയി. എനിക്ക് സമാധാനമായി. കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും പാമ്പിൻ കൂട്ടങ്ങൾ പത്തി വിടർത്തി അടുത്തെത്തി. ഞാൻ വീണ്ടും നില വിളിച്ചു. അപ്പോൾ ശൈഖ് മുൻ വാചകം ആവർത്തിച്ചു. ഞാൻ അനുസരിച്ചു. നേരം പുലരുന്നത് വരെ ഇത് തന്നെയായിരുന്നു അവസ്ഥ. പ്രഭാതമായപ്പോൾ ശൈഖവർകൾക്കൊപ്പം ഞാനും എഴുന്നേൽക്കുമ്പോൾ മഹാന്റെ വിരിപ്പിൽ നിന്നും ഒരു ഭയങ്കര സർപ്പം ഇറങ്ങിപ്പോകുന്നു. കാര്യം തിരക്കിയപ്പോൾ മഹാനവർകൾ പറഞ്ഞു : അടുത്ത കാലയളവിൽ കഴിഞ്ഞ രാത്രിയേക്കാൾ പരമാനന്ദം തനിക്ക് ആസ്വദിക്കാൻ സാധിച്ചില്ല എന്നായിരുന്നു.
യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്‌മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....
ആമീൻ...
