സൂഫിവര്യനും ആത്മീയഗുരുവുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി)യുടെ സഹധര്‍മ്മിണിയാണ് ഫാളിലത്ത് സയ്യിദത്ത് ആയിശ ആറ്റബീവി(റ).
1919-ല്‍ വടകരക്കടുത്ത് കാരക്കാട് (നാദാപുരം റോഡ്) തറമ്മല്‍ തറവാട്ടില്‍ സയ്യിദത്ത് കോയമ്മബീവിയുടേയും, ശൈഖ് അബൂബക്കര്‍ ഖബീലയില്‍പ്പെട്ട കാരക്കാട് പുതിയ പുരയില്‍ സയ്യിദ് ഇബ്രാഹിം കോയതങ്ങളുടേയും പുത്രിയായി ജനിച്ചു. സഹോദരങ്ങള്‍, സയ്യിദ് സൈന്‍ കോയതങ്ങള്‍, സയ്യിദ് ഹസൻ കുഞ്ഞിസീതി കോയതങ്ങള്‍, സയ്യിദ് ഹൈദ്രോസ് കോയതങ്ങള്‍, സയ്യിദത്ത് റുഖിയ ചെറിയബീവി.
ഹള്റമൗത്തിലെ തരീം പ്രദേശത്തെ പ്രമുഖ പണ്ഡിതനും, ആത്മജ്ഞാനിയുമായ ശൈഖ് അബൂബക്കർ ഖബീലയുടെ വംശനാഥൻ ശൈഖ് സയ്യിദ് അബൂബക്കർ ബിൻ സാലിം ഇവരാണ് പ്രശസ്തമായ താജുസ്സ്വലാത്ത് എന്ന ദുആ രചിച്ചിട്ടുള്ളത്.
അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങൾ, ആദ്യപത്നിയുടെ വിയോഗാനന്തരം മാതാവിന്‍റെ നിര്‍ബന്ധ നിര്‍ദ്ദേശമനുസരിച്ചായിരുന്നു പതിനാല് വര്‍ഷത്തിനുശേഷം, 1938-ൽ പിതൃസഹോദരീ പൗത്രികൂടിയായ, സയ്യിദത്ത് ആയിശ ആറ്റബീവിയെ വിവാഹം ചെയ്തത്. നിഷ്കളങ്കവും നൈർമല്യവുമായ വാക്കുകളും, അനുകമ്പ, ദയ, തുടങ്ങിയ സ്വഭാവവിശേഷണങ്ങളും പ്രകടമാക്കിയിരുന്ന മഹതിയെ സര്‍വ്വരും ഏറെ ഇഷ്ടപ്പെട്ടു. ആദര്‍ശ പുരുഷനായ ശൈഖ് തങ്ങള്‍ക്ക് അനുയോജ്യയായ ജീവിതപങ്കാളി തന്നെയായിരുന്നു ആ പുണ്യവതി. വിവാഹശേഷം, ശൈഖ് തങ്ങള്‍ ജനിച്ചുവളര്‍ന്ന ആനേന്‍റവിട വീടിന് എതിര്‍വശത്ത് വാങ്ങിയ വീട്ടിലേക്ക് താമസം മാറ്റി.
പ്രസ്തുത ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ പൂക്കൾ, ജ്വലിക്കുന്ന നക്ഷത്രങ്ങൾ തന്നെയായിരുന്നു. സയ്യിദ് ഹാമിദ് മശ്ഹൂര്‍ മുത്തുക്കോയതങ്ങള്‍, സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍, സയ്യിദ് മശ്ഹൂര്‍ പൂക്കോയതങ്ങള്‍ എന്നീ പുത്രന്മാരും, സയ്യിദത്ത് ഫാത്വിമത്ത് സുഹറ ഇമ്പിച്ചിബീവി, സയ്യിദത്ത് ആയിശബീവി എന്നീ പുത്രിമാരും പിറന്നു. ഇവരില്‍ സയ്യിദ് മശ്ഹൂര്‍ പൂക്കോയതങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വിടപറഞ്ഞു.
സയ്യിദത്ത് ആയിശ ആറ്റബീവിയുടെ ഓരോ പ്രവൃത്തിയും, പെരുമാറ്റവും, ശൈഖ് തങ്ങളുടെ പദവിയും, പ്രശസ്തിയും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട രീതിയിലായിരുന്നു. മഹാനവര്‍കളെ തേടിയെത്തുന്ന അനുചരന്മാരുടേയും, ബന്ധുമിത്രാദികളുടേയും ബാഹുല്യത്തിനനുസൃതമായി ഗൃഹാന്തരീക്ഷം ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ മഹതിയുടെ അര്‍പ്പണമനോഭാവവും, ത്യാഗശീലവും ശ്ലാഘനീയമാണ്. ശൈഖ് തങ്ങളുടെ ജ്ഞാനോപദേശം ശ്രവിക്കുവാനും, പരിദേവനങ്ങള്‍ ബോധിപ്പിക്കാനുമായിട്ടെത്തുന്ന നിരവധി ശിഷ്യര്‍ക്ക് ശൈഖ് തങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക സാഹചര്യങ്ങള്‍ മഹതി ഒരുക്കി കൊടുത്തിരുന്നു. സ്വന്തം അനാരോഗ്യത്തെപോലും അവഗണിച്ചുകൊണ്ട് സ്മര്യപരുഷന്‍റെ പരിചരണ കാര്യങ്ങളില്‍ അവര്‍ സദാ ശ്രദ്ധപുലര്‍ത്തിയിരുന്നു.
സ്നേഹനിര്‍ഭരമായ ചര്യകളാല്‍ ജീവിതം നയിച്ച ആ പുണ്യവതി, 1982 ജൂലായ് 6 (ഹിജ്റ 1402 റമളാന്‍ 14)ന് ചൊവ്വാഴ്ച രാത്രി കരിമ്പനപ്പാലത്തെ ബൈത്തുല്‍ ആയിശാബിയില്‍ വെച്ച് ഭൗതിക ജീവിതത്തില്‍ നിന്ന് വിടപറഞ്ഞു. മഹതിയുടെ ആകസ്മിക വേര്‍പാട് ശൈഖ് തങ്ങളേയും, സന്താനങ്ങളേയും, സ്നേഹജനങ്ങളേയും അതീവ ദുഃഖത്തിലാഴ്ത്തി. പിറ്റേ ദിവസം താഴെയങ്ങാടി മസ്ജിദുല്‍ ഹുസ്ന വമഹല്ലുല്‍ അസ്ന മഖാമില്‍, വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ആ ധര്‍മ്മപത്നിയുടെ ജനാസ ഖബറടക്കം ചെയ്തു. സയ്യിദത്ത് ആയിശ ആറ്റബീവിയുടെ അനുസ്മരണ ദിനമായ റമളാന്‍ 14ന് എല്ലാവര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ട് ആണ്ടുനേര്‍ച്ച നടത്തിവരുന്നു.
ഒളിമങ്ങാത്ത ഓര്‍മ്മകള്‍ മഹിത സ്മരണകളായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.