ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) (1078-1166)

സൂഫി നഭോമണ്ഡലത്തിലെ ജ്വലിക്കുന്ന താരവും, ആത്മീയ അമരക്കാരനും, പ്രഗത്ഭ പണ്ഡിതനും പരിഷ്കര്‍ത്താവുമായ ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി), ഹി: 470 റമളാന്‍ 1ന് (ക്രി.വ. 1078 മാര്‍ച്ച് 17) ശനിയാഴ്ച ഇറാഖിലെ ബാഗ്ദാദിനു സമീപം ജീലാന്‍ പ്രദേശത്തെ തബറ്സ്ഥാനില്‍ ജനിച്ചു. സയ്യിദ് അബുസ്വാലിഹ് എന്നവരാണ് പിതാവ്. പിതാവിന്‍റെ വംശ പരമ്പര സയ്യിദ് ഹസന്‍ (റ) ലേക്കും, മാതാവ് സയ്യിദത്ത് ഫാത്വിമയുടെ വംശ പരമ്പര സയ്യിദ് ഹുസൈന്‍ (റ) ലേക്കും എത്തിച്ചേരുന്നു.

ഗുരുവര്യരായ അബുല്‍ ഖൈര്‍ അബുഹസനില്‍ അലിയ്യുല്‍ മുബാറഖില്‍ മഖ്സൂമിയുടെ കീഴില്‍ നിന്നാണ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി ആദ്ധ്യാത്മികജ്ഞാനം കരസ്ഥമാക്കിയത്. തുടര്‍ന്ന് ഇരുപതുവര്‍ഷത്തോളം ഇറാഖീ മരുഭൂമിയില്‍ ഫഖീറായി നടന്നു. ഏതാണ്ട് അമ്പതുവയസ്സായതോടെയാണ് അദ്ദേഹം ആത്മീയതയുടെ മൂര്‍ധന്യതയിലെത്തിയത്. ക്രി.വ. 1131ല്‍ ബാഗ്ദാദില്‍ ഒരു കൂടാരം നിര്‍മ്മിക്കുകയും, പ്രബോധന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് നാടെങ്ങും അദ്ദേഹത്തിന്‍റെ പ്രസിദ്ധി പ്രചരിച്ചു.

ഹിജ്റ ആറാം നൂറ്റാണ്ടില്‍ ഇറാഖിലാണ് ഖാദിരിയ്യ ത്വരീഖത്ത് രൂപപ്പെട്ടത്. ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയോട് ചേര്‍ത്താണ് ഈ ത്വരീഖത്ത് പ്രചാരം നേടിയത്. ഖാദിരിയ്യ ത്വരീഖത്തിന്‍റെ തുടക്കം മുതല്‍തന്നെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സന്ദേശം വ്യാപിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ശൈഖ് ഫരീദുദ്ദീന്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ ഈ ത്വരീഖത്ത് മലബാറിലുമെത്തിയിരുന്നു.

ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന പദവിയാണ് ഖുത്വുബ്. അച്ചുതണ്ട് എന്നാണ് ഖുത്വുബിന്‍റെ ഭാഷാര്‍ത്ഥം. പ്രപഞ്ച സംവിധാനത്തിന്‍റെ അടിസ്ഥാന ഘടകവും ഭൗമമണ്ഡലത്തിന്‍റെ കേന്ദ്രബിന്ദുവായി മാറുക എന്നതാണ് സാങ്കേതികമായി അതിന്‍റെ ആശയം. ഒരു കാലഘട്ടത്തില്‍ ഒരു ഖുത്വുബ് മാത്രമെ ഉണ്ടാവുകയുള്ളു. തന്‍റെ യുഗത്തിലെ അല്ലാഹു അനുവദിച്ച, മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചു പോരുക പ്രസ്തുത വ്യക്തിയായിരിക്കും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി ഇത്തരമൊരു സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഖുത്വുബുകള്‍ അധിവസിക്കുക. ഇത് ഒരു നാടിന് ലഭിക്കുകയെന്നത് വലിയ അനുഗ്രഹമായിട്ടാണ് പണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഔലിയാഅ് (300 പേര്‍), നുജബാഅ് (70 പേര്‍), ഔതാദ് (40 പേര്‍), നുഖബാഅ് (10 പേര്‍), ഉറഫാഅ് (7 പേര്‍), മുഖ്താറൂന്‍ (3 പേര്‍), ഖുത്വുബ് (ഒരാള്‍) എന്നിങ്ങനെയാണ് ഈ ശ്രേണി. ഇവരെയാണ് അല്ലാഹു പ്രപഞ്ചത്തിന്‍റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ നാമങ്ങള്‍ സൂചിപ്പിക്കുന്ന പോലെതന്നെ, ഇവരോരോരുത്തര്‍ക്കും പ്രത്യേക ഉത്തരവാദിത്വങ്ങളും പ്രവൃത്തികളുമുണ്ട്. ഔലിയാഇന്‍റെ ലോകത്തെ ഏറ്റവും ഉന്നതരാണ് ഖുത്വുബ്. അല്ലാഹുവോട് ഏറ്റവും അടുപ്പമുള്ളവരാണ് അവര്‍. മാത്രമല്ലാ ഭൗതിക പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തില്‍ അല്ലാഹുവിന്‍റെ അനുമതിയോടെ അവര്‍ക്ക് വലിയൊരു പങ്കുമുണ്ട്.

ഖുത്വുബ് എന്നാല്‍ അച്ചുതണ്ട്, നെടുന്തൂണ് എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹുവിന്‍റെ ആജ്ഞാനുവര്‍ത്തികളായി മുഖ്യ സ്ഥാനത്ത് നിലകൊള്ളുന്ന നേതാവ് എന്നാണ് ഇതുകൊണ്ടുള്ള വിവക്ഷ. പ്രവാചകരുടെ പരിസമാപ്തിക്കുശേഷം ഇവര്‍ മുഖ്യ പദവിയില്‍ നിന്നുകൊണ്ട് ആത്മീയ ഭരണവും, ഭൗതിക ഭരണവും ഒന്നിച്ച് നിയന്ത്രിക്കുന്നു. ബഹുഭൂരിപക്ഷം ഖുത്വുബ്കളും പരസ്യമായ ഭൗതിക ഭരണം ഇല്ലാത്തവരും, അതേസമയം എല്ലാം രഹസ്യമായി നിയന്ത്രിക്കുന്നവരുമാണ്. ത്വരീഖത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.

ഖുത്വുബ് എന്ന സ്ഥാനം കരസ്ഥമാക്കാന്‍ ആത്മീയ ലോകത്ത് അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാവിനും പരമാത്മാവിനുമിടക്ക് ഇരുളിന്‍റെയും വെളിച്ചത്തിന്‍റെയും എഴുപതിനായിരം ആവരണങ്ങളുണ്ടെന്നാണ് പണ്ഡിതമതം. ഏഴുവീതം സംസ്കരണമാണ് ഇവിടെ ആവശ്യം. അതിലൂടെ പതിനായിരം വീതം ആവരണങ്ങള്‍ മുറിച്ചുകടക്കാന്‍ സാധിക്കുന്നു. അതോടെ ആത്മാവ് പരമാത്മാവിലെത്തുന്നു. ആധ്യാത്മിക യാത്ര നടത്തുന്ന ഒരാള്‍ കടന്നുപോകേണ്ട വഴികള്‍ ഇവയാണ്. ആത്മാവ് (നഫ്സ്), യാത്ര (സൈര്‍), ജഗം (ആലം), അവസ്ഥ (ഹാല്‍), സ്ഥാനം (മഹല്ലത്ത്), പാത (ത്വരീഖത്ത്), പ്രകാശം (നൂറ്). ഇവയിലോരോന്നിനും ഏഴ് ഘട്ടങ്ങളുണ്ട്. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി ഇവയെല്ലാം കടന്നുപോയ വ്യക്തിയായിരുന്നു.

ലോക ജനതയുടെ പരിഷ്കരണം, ത്വരീഖത്തിലൂടെ ശുദ്ധീകരണം, ആദ്ധ്യാത്മിക സരണികളുടെ ജനകീയത തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ശൈഖ് സയ്യിദ് മുഹ് യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) ഹിജ്റ 561 റ.ആഖിര്‍ 11 (ക്രി.വ. 1166 ഫെബ്രുവരി 14) തിങ്കളാഴ്ച 90-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.

മഹാത്മാവിന്‍റെ സ്മരണ നമ്മുടെ അകം പുറം ശുദ്ധീകരിക്കാന്‍ തൗഫീഖ് ചെയ്യുമാറാകട്ടെ! ആമീന്

ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) അവര്‍കളുടെ പിതൃപരമ്പര (ശജറ).

1. സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി).
2. സയ്യിദ് അബുസ്വാലിഹ്.
3. സയ്യിദ് മൂസ.
4. സയ്യിദ് അബുഅബ്ദുള്ളാഹ്.
5. സയ്യിദ് യഹ്‌യസ്സാഹിദ്.
6. സയ്യിദ് മുഹമ്മദ്.
7. സയ്യിദ് ദാവൂദ്.
8. സയ്യിദ് മൂസ.
9. സയ്യിദ് അബ്ദുള്ളാഹില്‍ ജൗനി.
10. സയ്യിദ് മൂസല്‍ ജൗനി.
11. സയ്യിദ് അബ്ദുള്ളാഹില്‍ മഹ്ള്.
12. സയ്യിദ് ഹസന്‍ മുസന്ന.
13. സയ്യിദ് ഹസന്‍.
14. സയ്യിദത്ത് ഫാത്തിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
15. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).

ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) അവര്‍കളുടെ മാതൃപരമ്പര (ശജറ)

1. സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി).
2. സയ്യിദത്ത് ഉമ്മുല്‍ ഖൈര്‍ ഫാത്വിമ.
3. സയ്യിദ് അബ്ദുള്ളാഹി സൗമഇ.
4. സയ്യിദ് അബു ജമാലുദ്ദീന്‍.
5. സയ്യിദ് മുഹമ്മദ്.
6. സയ്യിദ് മഹ്മൂദ്.
7. സയ്യിദ് അബ്ദുല്‍ അത്വാഅ് അബ്ദുള്ള.
8. സയ്യിദ് കമാലുദ്ദീന്‍ ഈസ.
9. സയ്യിദ് അബു അലാഉദ്ദീന്‍ മുഹമ്മദ് ജവാദ്.
10. സയ്യിദ് അലിയ്യുരിള 11. സയ്യിദ് മൂസല്‍ കാളിം.
12. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്.
13. സയ്യിദ് മുഹമ്മദ് ബാഖിര്‍.
14. സയ്യിദ് സൈനുൽ ആബിദീന്‍.
15. സയ്യിദ് ഹുസൈന്‍.
16. സയ്യിദത്ത് ഫാത്തിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
17. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).


ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) അവര്‍കളുടെ ത്വരീഖത്ത് സില്‍സില.

1. അശ്ശൈഖ് ഖുത്വുബുല്‍ അഖ്ത്താബ് ഗൗസുല്‍ അഹ്ളം ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി)

2. ശൈഖ് സയ്യിദ് അബു സഈദ് ഇബ്നു അലിയ്യില്‍ മുബാറക്കില്‍ മഖ്സൂമി : ഹിജ്റ 403 റജബ് 12 (ക്രി.വ. 1013 ജല്പവരി 27) ഹങ്കാറയില്‍ ജനിച്ചു. ഹിജ്റ 513 റബീഉല്‍ ആഖിര്‍ 11 (ക്രി.വ. 1119 ജൂലൈ 22)ല്‍ വിടപറഞ്ഞു. ഇമാം അഹ്‌മദിന്‍റെ ഖബറിനു സമീപമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

3. ശൈഖ് സയ്യിദ് അബുല്‍ ഹസന്‍ അലിയ്യില്‍ ഖുറശിയ്യില്‍ ഹങ്കാരി: ഹിജ്റ 486 മുഹറം 1 (ക്രി.വ. 1093 ഫെബ്രുവരി 1)ന് ബാഗ്ദാദില്‍ വെച്ച് വഫാത്തായി.

4. ശൈഖ് സയ്യിദ് അബുല്‍ ഫറഹില്‍ മുഹമ്മദ് ത്വര്‍തൂസി : സിറിയയില്‍ ജനിച്ച മഹാനവര്‍കള്‍ ആത്മീയവീഥിയിലെ നിത്യചൈതന്യമാര്‍ന്ന ഉന്നത പദവി അലങ്കരിച്ചവരായിരുന്നു. ഹിജ്റ 447 ശഅബാന്‍ 3 (ക്രി.വ. 1055 ഒക്ടോബര്‍ 28)ന് ഭൗതിക ജീവിതത്തോട് വിടപറഞ്ഞ് ത്വര്‍തൂസില്‍ അ ന്ത്യവിശ്രമം കൊള്ളുന്നു.

5. ശൈഖ് സയ്യിദ് അബ്ദുല്‍ വാഹിദുല്‍ തമീമി : ഹിജ്റ 227 റജബ് 22 (ക്രി.വ.842 മെയ് 7)ന് യമനില്‍ ഭൂജാതരായി. വിജ്ഞാന മുത്തുകള്‍ വിതറിയ ജീവിതത്തിനുടമയായിരുന്നു. ജമാദുല്‍ ആഖിര്‍ 9ന് ബാഗ്ദാദില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു.

6. ശൈഖ് സയ്യിദ് അബ്ദുല്‍ അസീസ് യമനി : ഹിജ്റ 200 ശവ്വാല്‍ 13 (ക്രി.വ. 816 മെയ് 15)ന് യമനില്‍ ഭൂജാതരായി. ഹിജ്റ 332 ദുല്‍ഹജ്ജ് 11 (ക്രി.വ. 944 ആഗസ്റ്റ് 4)ന് വിടപറഞ്ഞ് യമനില്‍ അ ന്ത്യവിശ്രമം കൊള്ളുന്നു.

7. ശൈഖ് സയ്യിദ് അബൂബക്കര്‍ ഷിബിലി : ഹിജ്റ 247 (ക്രി.വ. 861)ല്‍ ബാഗ്ദാദില്‍ ജനിച്ചു. സൂഫിമണ്ഡലത്തില്‍ വെട്ടിതിളങ്ങുന്ന വെള്ളിനക്ഷത്രമായിരുന്നു. ഹിജ്റ 334 ദുല്‍ഹജ്ജ് (ക്രി.വ.946 ജൂലൈ) വെള്ളിയാഴ്ച രാത്രി, 87ാം വയസ്സില്‍ വഫാത്തായി. ബാഗ്ദാദിലെ അഹ്ളമിയ്യ മഹല്ലില്‍ അബു ഹനീഫ അവര്‍കളുടെ മഖ്ബറക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.

8. ശൈഖ് സയ്യിദ് അബുല്‍ ഖാസിം ജുനൈദുല്‍ ബാഗ്ദാദി : ഹിജ്റ 220 (ക്രി.വ. 835)ല്‍ ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ചു. നിരവധി അത്ഭുതസിദ്ധികള്‍ പ്രകടമായ മഹാപുരുഷന്‍ ഹിജ്റ 297 റജബ് 28 (ക്രി.വ. 910 ഡിസംബര്‍ 4)ന് വിടപറഞ്ഞു. ശൂനിസിയ്യയില്‍ ഗുരുവര്യന്‍ സിരിയ്യുസിഖ്തി അവര്‍കളുടെ മഖ്ബറയ്ക്കു സമീപത്തായി അന്ത്യവിശ്രമം കൊള്ളുന്നു. നുസ്ഹത്തുല്‍ മജാലി സ്, അല്‍ബിദായ തുടങ്ങിയ അറബിഗ്രന്ഥങ്ങളില്‍ അത്ഭുതസിദ്ധികള്‍ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്.

9. ശൈഖ് സയ്യിദ് സിരിയ്യിനിസിഖ്ത്വി : ഹിജ്റ 155 (ക്രി.വ. 772)ല്‍ ആയിരുന്നു ജനനം. ഹിജ്റ 253 റമളാന്‍ 6 (ക്രി.വ. 867 സപ്തംബര്‍ 9) ചൊവ്വാഴ്ച സുബഹിക്കു ശേഷം ഭൗതിക ജീവിതത്തില്‍ നിന്നും വിടവാങ്ങി, ബാഗ്ദാദ് പട്ടണത്തില്‍ നിന്നും അല്‍പ്പം അകലെയായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ശൂനിസിയ്യയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒട്ടനവധി മഹാത്മാക്കള്‍ക്ക് അന്ത്യവിശ്രമസ്ഥാനമരുളിയ ഇവിടമില്‍, പച്ച കുബ്ബയാലുള്ള മഖ്ബറയാണ് മഹാനവര്‍കളുടേത്. ബാഗ്ദാദ് ഗവര്‍ണറായിരുന്ന മുഹമ്മദ് നാമിഖ് ബാഷ ക്രി.വ. 1629ല്‍ മഖ്ബറ പുനര്‍നിര്‍മ്മാണം ചെയ്തു. ക്രി.വ. 1977ലും മഖ്ബറയുടെ വിപുലീകരണ പ്രവൃത്തികള്‍ നടത്തുകയുണ്ടായി.

10. ശൈഖ് സയ്യിദ് മഅ്റൂഫുല്‍ കര്‍ഖി : ഹിജ്റ 133 (ക്രി.വ. 750)ല്‍ ബാഗ്ദാദിനടുത്തുള്ള കര്‍ഖ് എന്ന സ്ഥലത്ത് ഭൂജാതനായി. ഹിജ്റ 200 (ക്രി.വ 816)ല്‍ ബാഗ്ദാദില്‍വെച്ച് വഫാത്തായി. ഔലിയാക്കളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ അന്ത്യയാത്ര ബാഗ്ദാദ് നഗരത്തെ ശോകമൂകമാക്കി. ബാഗ്ദാദിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള തുദൈര്‍ മൈതാനിയില്‍ സ്ഥിതിചെയ്യുന്ന ദര്‍ഗ്ഗാശരീഫ് പ്രസിദ്ധമായൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

11. ശൈഖ് സയ്യിദ് അലി ഇബ്നു മൂസരിള്വാ : ഹിജ്റ 148 ദുല്‍ഖഅദ് 11 (ക്രി.വ. 766 ജനുവ രി 1)ല്‍ മദീനയില്‍ ജനിച്ചു. മൂസല്‍ ക്വാളിം അവര്‍കളുടെ പുത്രന്മാരില്‍ പ്രഗത്ഭനായിരുന്നു. നിരവധി കറാമത്തുകള്‍ക്ക് ഉടമയായിരുന്ന മഹാന്‍ അലിരിള്വാ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹിജ്റ 203 സഫര്‍ 17 (ക്രി.വ 818 മെയ് 26)ല്‍ വിടപറഞ്ഞു. ആധുനിക ഇറാനിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഇവരുടെ മഖ്ബറ.

12. ശൈഖ് സയ്യിദ് മൂസല്‍ കാള്വിം : മക്കയുടെ സമീപപ്രദേശമായ അബവാഇല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖിന്‍റേയും സയ്യിദത്ത് ഹമീദയുടേയും പുത്രനായി ഹിജ്റ 128 സഫര്‍ 7 (ക്രി.വ. 745 നവംബര്‍ 8)ല്‍ ജനിച്ചു. അത്ഭുതസിദ്ധികളുടെ നിറകുടമായിരുന്നു. ഹിജ്റ 183 റജബ് 25 (ക്രി.വ.799 സപ്തംബര്‍ 1)ല്‍, ബാഗ്ദാദില്‍വെച്ച് 54ാം വയസ്സില്‍ വഫാത്തായി. ബാഗ്ദാദിന്‍റെ പടിഞ്ഞാറ് ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെ കരയിലെ പ്രകൃതിരമണീയ പ്രദേശമായ ക്വാളിമിയ്യയിലാണ് മഖ്ബറ സ്ഥിതിചെയ്യുന്നത്.

13. ശൈഖ് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് : ഹിജ്റ 80 റബീഉല്‍ അവ്വല്‍ 14 (ക്രി.വ.699 മെയ് 20) തിങ്കളാഴ്ച മദീനയില്‍ പിറവികൊണ്ടു. ഹിജ്റ 148 റജബ് 15 (ക്രി.വ. 765 സപ്തംബര്‍ 6) തിങ്കളാഴ്ച ഭൗതികലോകത്തു നിന്നും വിടപറഞ്ഞു. മഹാജ്ഞാനിയും പണ്ഡിതശ്രേഷ്ഠനുമായിരുന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ജന്നത്തുല്‍ ബഖീഇലാണ്.

14. ശൈഖ് സയ്യിദ് മുഹമ്മദ് ബാക്കിര്‍ : ഹിജ്റ 57 (ക്രി.വ. 677)ല്‍ മദീനയില്‍ ജനിച്ചു. ആത്മീയ മണ്ഡലത്തില്‍ ഉന്നത പദവിയാര്‍ജ്ജിച്ച മഹാന്‍ ഹിജ്റ 115 ദുല്‍ഹജ്ജ് 7 (ക്രി.വ.733 ജനുവരി 28)ന് വഫാത്തായി. പ്രസിദ്ധമായ ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ സ്ഥിതിചെയ്യുന്നത്.

15. ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍ : അഹ്ലുബൈത്ത് വംശപാരമ്പര്യത്തിന്‍റെ ഉത്തമ പ്രതീകമായി ഹിജ്റ 38 ശഅബാന്‍ 5 (ക്രി.വ. 659 ജനുവരി 6)ന് മദീനയില്‍ ജനിച്ചു. മഹാപണ്ഡിതനും, ആത്മമജ്ഞാനിയുമായിരുന്ന മഹാനവര്‍കള്‍ ഹിജ്റ 95 മുഹറം 25 (ക്രി.വ.713 ഒക്ടോബര്‍ 20) ന് വിടപറഞ്ഞു. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

16. ശൈഖ് സയ്യിദ് ഹുസൈന്‍ : ഹിജ്റ 4 ശഅബാന്‍ 5 (ക്രി.വ. 626 ജനുവരി 10)ന് മദീനയില്‍ ഭൂജാതരായി. കര്‍മ്മയോഗിയായിരുന്ന മഹാന്‍ ഹിജ്റ 61 മുഹറം 10 (ക്രി.വ. 680 ഒക്ടോബര്‍ 10)ന് 54ാം വയസ്സില്‍, ഇറാഖിലെ കര്‍ബല രണാങ്കണത്തില്‍വെച്ച് വീരമൃത്യു വരിച്ചു.

17. ശൈഖ് സയ്യിദ് അലിയ്യിബ്നു അബിത്വാലിബ് : ക്രി.വ. 601ല്‍ മക്കയില്‍ ജനിക്കുകയും, നക്ഷത്രതുല്ല്യ സ്വഹാബിവര്യരായ മഹാത്മാവ് ഹിജ്റ 40 റമളാന്‍ 21 (ക്രി.വ. 661 ജനുവരി 29)ല്‍ ഇറാഖിലെ കൂഫയില്‍വെച്ച് ഇഹലോകവാസം വെടിഞ്ഞു.

18. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ) : സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമായികൊണ്ട് ക്രി.വ. 570ല്‍ മക്കയിലെ ഹിജാസില്‍ ഭൂജാതരായി. ഹിജ്റ 11 റബീഉല്‍ അവ്വല്‍ 12 (ക്രി.വ. 632 ജൂണ്‍ 8) തിങ്കളാഴ്ച മദീനയില്‍ വെച്ച് വഫാത്തായി. റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.