പ്രവാചകന്മാര്‍ വ്യത്യസ്ഥ തട്ടുകളില്‍ ഉള്ളതുപോലെ, സൂഫികളും പല തട്ടുകളിലുള്ളവരാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ നോക്കുമ്പോള്‍ ഖുത്വുബ്, ഔത്താദ്, അഖ്ബാറ്, ബുദലാഅ് (അബ്ദാല്‍), നുജബാഅ്, നുഖബാഅ്, എന്നിങ്ങനെ സൂഫികള്‍ പല മര്‍ത്തബകളിലായി വഭജിക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം.
ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) തന്‍റെ ഫതാവല്‍ ഹദീസിയ്യയില്‍ വിശദീകരിക്കുന്നു; അല്ലാഹുവിന് അദൃശ്യ പുരുഷന്മാരുണ്ട്. അവര്‍ക്ക് രിജാലുല്‍ ഗൈബ് എന്നാണ് പറയപ്പെടുക. കാരണം കൂടുതല്‍ ആളുകളും അവരെ അറിയാത്തവരാണ്. ഇവരുടെ നേതാവ് ഫര്‍ദ്ദല്‍ ജാമിആയ ഗൗസായ ഖുത്വുബാണ്. ഈ ഖുത്വുബിന് സൂഫികളിലുള്ള സ്ഥാനം ഒരു വൃത്തത്തിന് അതിന്‍റെ കേന്ദ്രബിന്ദുപോലെയാണ്. ഇവര്‍ നിമിത്താണ് ലോകത്ത് നന്മ വര്‍ഷിക്കുന്നത്.
രണ്ടാമത്തെ വിഭാഗം ഔത്താദുകളാണ്. ഇവര്‍ നാലുപേരാണ്. സാധാരണക്കാര്‍ക്ക് അവരെ തിരിച്ചറിയുക പ്രയാസമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് അഖ്ബാറുകള്‍ ഏഴ് ആളുകളാണ്. ബുദലാഅ് (അബ്ദാലുകള്‍) നാല്‍പ്പതുപേരാണ്. നുഖബാഅ് ഇവര്‍ എഴുപത്പേരും, നുജബാഅ് മുന്നൂറാണെന്നും ഹദീസില്‍ വന്നി ട്ടുണ്ട്.
ഖുത്വുബ് വഫാത്താകുമ്പോള്‍ നാല് ഔത്താദുകളില്‍ നിന്ന് ഒരാളെ ഖുത്വുബായി പകരം നിശ്ചയിക്കും. നാല് ഔത്താദുകളില്‍ ഒരാള്‍ മരണം വരിക്കുമ്പോള്‍ ഏഴ് അഖ്ബാറുകളില്‍ നിന്ന് ഒരാളെ പകരക്കാരനായി ഉയര്‍ത്തപ്പെടും. നാല്‍പ്പത് അബ്ദാലുകളില്‍ നിന്നൊരാള്‍ മരണപ്പെടുമ്പോള്‍ എഴുപത് നുഖബാക്കളിലൊരാളെ തല്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. എഴുപത് നുഖബാക്കളില്‍ നിന്ന് ഒരാൾ പരലോകം പ്രാപിക്കുമ്പോള്‍ മുന്നൂറ് നുജബാക്കളിലൊരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടും. മുന്നൂറ് നുജബാക്കളിലൊരാള്‍ മരണമടയുമ്പോള്‍ ജനങ്ങളില്‍ ഉത്തമനായ ഒരാളെ അതിലേക്ക് നിയോഗിക്കപ്പെടും. സാത്വികരായ ജനതയുടെ മേല്‍ ലോകം അവസാനിക്കുകയില്ല എന്ന ഹദീസ് ഇതാണ് വ്യക്തമാക്കുന്നത്.
ഇമാം അലി(റ)യിൽ നിന്ന് ഇമാം അഹ്‌മദ്(റ) ഉദ്ധരിക്കുന്നു: ശുറൈഹ്ബ്നു അബ്ദുല്ല(റ) പറയുന്നു: “ഇറാഖിൽ വെച്ച് അലി(റ)ന്റെ സാന്നിദ്ധ്യത്തിൽ ശാമുകാരെ സംബന്ധിച്ച് പരാതി പറയപ്പെട്ടു. അപ്പോൾ ഇറാഖുകാർ പറഞ്ഞു. അമീറുൽ മുഅ്മിനീൻ! നിങ്ങൾ ശാമുകാരെ ശപിക്കണം. തൽസമയം അലി(റ) പറഞ്ഞു. ഇല്ല, ശാമുകാരെ ശപിക്കുകയില്ല. തിരുദൂതർ(ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അബ്ദാലുകൾ ശാമിലാണ്. അവർ നാൽപ്പത് പേരാണ്. അവരിൽ ഒരാൾ മരണമടയുമ്പോൾ ആ സ്ഥാനത്തേക്ക് വേറൊരാളെ അല്ലാഹു നിയോഗിക്കും. അവർ നിമിത്തമാണ് മഴ വർഷിക്കപ്പെടുന്നത്. അവർ കാരണം തന്നെയാണ് ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്നതും. അവർ നിമിത്തമാണ് ശാമുകാർ ഇലാഹീ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതും".
ഈ ഹദീസിന്റെ റിപ്പോർട്ടർമാരിൽ ശുറൈഹ്ബ്നു അബ്ദില്ലാഹ് വിശ്വാസയോഗ്യനും മറ്റുള്ളവർ സ്വഹീഹിന്റെ റാവികളുമാണ്.
വേറൊരു റിപ്പോർട്ടിൽ അലി(റ) പറയുന്നു: ഞാൻ തിരുദൂതരോട് അബ്ദാലുകളെ കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു; അവർ 40 പേരാണ്. അപ്പോൾ ഞാൻ ആവശ്യപ്പെട്ടു; പ്രവാചകരെ, എനിക്ക് വിശദീകരിച്ചുതന്നാലും അവിടുന്ന് അരുൾ ചെയ്തു. അവർ കണിശക്കാരോ ദീനിൽ ഇല്ലാത്തതിനെ കെട്ടിയുണ്ടാക്കുന്നവരോ അല്ല. അവർ ഉന്നതപദവി എത്തിച്ചത് അധിക നിസ്കാരം കൊണ്ടോ അധിക നോമ്പ് കൊണ്ടോ സ്വദഖ കൊണ്ടോ അല്ല. എന്നാൽ ശരീരത്തെ അധീനപ്പെടുത്തുകയും ഹൃദയത്തെ ദുർഗുണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും നേതാക്കൾക്കും സമൂഹത്തിനും നന്മ ചെയ്തതിന്റെയും പേരിലാണ്.
വേറൊരു റിപ്പോർട്ടിൽ അവർ ചുവന്ന മാണിക്യത്തേക്കാൾ വിരളമാണ്. (അൽഹാവിലിൽ ഫതാവ). ചുരുക്കത്തിൽ ഹദീസിന്റെ ഘടനയിൽ വ്യത്യസ്തതയുണ്ടെങ്കിലും ഈ ആശയം സ്വഹീഹായ നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്.
ശൈഖ് അഹ്‌മദ് ളിയാഉദ്ദീൻ തന്റെ ജാമിഉൽ ഉസൂലിൽ പറയുന്നു; ഔലിയാക്കൾക്ക് നാല് സ്ഥാനങ്ങൾ ഉണ്ട്. ഒന്ന്:- നുബുവ്വത്തിന്റെ പ്രാതിനിധ്യം. രണ്ട്: രിസാലത്തിന്റെ പ്രാതിനിധ്യം. മൂന്ന്:- ഉലുൽ അസ്മിന്റെ പ്രാതിനിധ്യം, നാല്:- ഉലുൽ അസ്വ് ഫിയാന്റെ പ്രാതിനിധ്യവും. നുബുവ്വത്തിൻ്റെ പ്രാതിനിധ്യം ഉലമാഇനും, രിസാലത്തിന്റെ പ്രാതിനിധ്യം അബ്ദാലുകൾക്കും, ഉലുൽ അസ്മിന്റെ ഔത്താദുകൾക്കും, ഉലുൽ അസ്വ് ഫിയാഇന്റെ അഖ്താബുകൾക്കുമാണ്.
ഇനി നമുക്ക് സ്വൂഫികളിലെ വിഭാങ്ങളെ പരിജയപ്പെടാം ...
1. ഖുത്വുബ് (അച്ചുതണ്ട്) : അഹ്‌വാല് മഖാമാത്തുകളെ ഒരുമിച്ചു കൂട്ടിയവൻ അല്ലെങ്കിൽ മഖാമാത്തുകളിൽ ഏതെങ്കിലും മഖാം ഉണ്ടാവുകയും അദ്ദേഹത്തിന്റെ കാലത്ത് തന്റെ ജനതക്കിടയിൽ മഖാം കൊണ്ട് അദ്ദേഹം ഒറ്റപ്പെടുകയും ചെയ്താൽ അദ്ദേഹം അവരുടെ ഖുത്വുബാണ്. അപ്പോൾ ഒരു പ്രദേശത്തുള്ള ഇത്തരം വ്യക്തി ആ പ്രദേശത്തുകാരുടെ ഖുത്വുബാണ്. എന്നാൽ സാങ്കേതികമായി ഖുത്വുബ് എന്ന് പറയപ്പെടുന്നത് ഒരു കാലത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ. (യവാഖീത് 339).
സ്വൂഫികളിലെ ഓരോ വിഭാഗത്തിലെയും പ്രഥമൻ അവരുടെ ഖുത്വുബാണെന്ന് ജാമിഉൽ ഉസൂലിലും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ഫർദുൽ ജാമിആയ ഖുത്വുബ് ഒരു കാലഘട്ടത്തിൽ ഒന്നേ ഉണ്ടാവുകയൂള്ളൂ. ആ ഖുത്വുബിന്റെ സാങ്കേതിക നിർവ്വചനം വളരെ ഗഹനമായതു കൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല.
2. ഔതാദ് : ഔലിയാക്കളിൽ ഉത്തമസ്ഥാനം വഹിക്കുന്നവരും ഖുത്വുബീങ്ങളുടെ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്നവരും ലോകത്തെ നാല് ധ്രുവങ്ങൾ കണക്കെ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തവരുമാണവർ. ഇവർ നാലുപേരാണ്.
3. അഖ്ബാര്‍ (സന്ദേശവാഹകര്‍): ഇറാദത്ത്, ഖുദ്റത്ത്, സംഅ്, ബസ്വറ്, കലാമ്, ഇല്‍മ്, ഹയാത്ത് അഥവാ ഉദ്ദേശം, കഴിവ്, കേള്‍വി, കാഴ്ച, സംസാരം, അറിവ്, ജീവന്‍ എന്നതാണ് ഇതുകൊണ്ട് സൂഫിയാക്കള്‍ വിവക്ഷിക്കുന്നത്.
4. ബുദലാഅ് (അബ്ദാലുകൾ): ഔലിയാക്കളിൽ ഒരു വിഭാഗം. അവർ ഒരു സ്ഥലത്ത് നിന്ന് യാത്ര പോകുമ്പോൾ അവരുടെ അസാന്നിദ്ധ്യം മറ്റുള്ളവർ ഗ്രഹിക്കാത്ത വിധം അവിടെ ഒരു രൂപം ഉപേക്ഷിച്ചുപോകും. ഇങ്ങനെ പകരമാക്കാൻ കഴിവുള്ളവരായതുകൊണ്ടാണ് “അബ്ദാൽ” എന്ന നാമം സിദ്ധിച്ചത്.
ഇമാം സുയൂഥി(റ) തന്റെ ഫതാവയിൽ ഉദ്ധരിക്കുന്നു: അറഫാ ദിവസം ശൈഖ് മുഫർറജ് ദമാമീലി(റ)നെ തന്റെ ചില മുരീദുമാർ അറഫയിൽ വെച്ച് കാണാനിടയായി, എന്നാൽ ദമാമീലിലുള്ള ജനങ്ങൾ അദ്ദേഹത്തെ അവിടെയും കണ്ടു. എന്ന് മാത്രല്ല മാതാവിന് അരികിൽ നിന്ന് അന്നേദിവസം അദ്ദേഹം പുറത്തുപോയതുമില്ല എന്നവർ മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാജിമാർ തിരിച്ചുവന്നപ്പോൾ ഹജജ് വേളയിൽ അറഫയിൽ വെച്ച് ശൈഖവർകളെ ദർശിച്ച വ്യക്തി സ്വദേശത്തുള്ളവരോട് വിവരം പറഞ്ഞപ്പോൾ അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല. വിഷയം ചർച്ചയാവുകയും ചർച്ച വാക്കേറ്റമാവുകയും രണ്ട് പേരും ഞാൻ അന്നേ ദിവസം ശൈഖവർകളെ കണ്ടിട്ടില്ലെങ്കിൽ എന്റെ ഭാര്യയുടെ ത്വലാഖ് ഇല്ലാതായി പോകട്ടെ എന്ന് സത്യം ചെയ്യുകയും ചെയ്തു. പ്രശ്നം ശൈഖവർകളുടെ മുമ്പിൽ എത്തിയപ്പോൾ ശൈഖവർകൾ പ്രതികരിച്ചു. രണ്ടാൾക്കും ത്വലാഖുണ്ട്. നിങ്ങളുടെ ത്വലാഖ് നഷ്ടപ്പെട്ടിട്ടില്ല. രണ്ട് പേരും രണ്ട് സ്ഥലത്ത് വെച്ച് കണ്ടതും എന്നെ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് മഹാനവർകൾ വിശദീകരിച്ചു. വലിയ്യ് വിലായത്തിന്റെ തംകീനിന്റെ അവസ്ഥയിൽ അദ്ദേഹത്തിന് ഒന്നിലധികം രൂപങ്ങളിൽ രൂപപ്പെടാം. ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് അറഫയിൽ വെച്ച് കണ്ടു എന്നതും ദമാമീലിൽ വെച്ച് ദർശിച്ചു എന്നതും സത്യം തന്നെയാണ്. (അൽ ഹാവിലിൽ ഫതാവ).
ഇത്തരം സംഭവങ്ങൾ മുൻകഴിഞ്ഞ പല മഹത്തുക്കളിൽ നിന്നും ജാമിഉകറാമാത്തിൽ ഔലിയാഇലും മറ്റു നിരവധി ഗ്രന്ഥങ്ങളിലും രേഖപ്പെട്ടുകിടക്കുന്നു.
5. നുജബാഅ് : ജനങ്ങളുടെ ഭാരം വഹിക്കുന്നതിന് നിയുക്തരാക്കപ്പെട്ട ഒരു വിഭാഗം ഔലിയാക്കളാണവർ. ജനങ്ങളോട് അവർക്കുള്ള കാരുണ്യവും അനുകമ്പയും നിമിത്തം മനുഷ്യർക്ക് പ്രയാസമേറിയ കാര്യങ്ങളിൽ അവർ ജനങ്ങളെ സഹായിക്കും. സ്വന്തം കാര്യം അവർ ഒട്ടും കൈകാര്യം ചെയ്യുകയുമില്ല. (താരീഫാത്ത്).
അന്യരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്ന പല മഹത്തുക്കളും പ്രയാസത്തിന്റെ തീച്ചൂളയിൽ കിടക്കുന്നതായി പൂർവ്വീക ചരിത്രങ്ങളിലും വർത്തമാന കാലങ്ങളിലും കാണാൻ കഴിയും.
എന്നാൽ വിവരദോഷികൾ പറയും: നാം നമ്മുടെ പ്രയാസങ്ങൾ ബോധിപ്പിക്കാൻ ചെല്ലും, എന്നാൽ അദ്ദേഹം അതിലും വലിയ പ്രയാസത്തിലാണ്. ഇവിടെ വസ്തുത അവർ നുജബാഇൽ പെട്ടവരായതുകൊണ്ട് അവരുടെ കാര്യം ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നതാണ്. അവർ എഴുപത് പേരാണെന്ന് മഹത്തുക്കൾ വ്യക്തമാക്കുന്നു.
6. നുഖബാഅ് : ബാത്വിനായ സ്വിഫത്ത് (ആന്തരീക വിശേഷണം) കൊണ്ട് ദൃഢത കൈവരിച്ച, ജനങ്ങളുടെ ആന്തരിക രഹസ്യങ്ങളുടെ മേൽ വെളിവാകുന്ന ഒരു പ്രത്യേക വിഭാഗം ഔലിയാക്കൾ. ഇവർ മുന്നൂറ് പേരാണ്.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് അല്ലാഹുവിന് ഔലിയാക്കൾ എന്ന പ്രത്യേകക്കാർ ഉണ്ടെന്നും അവർ വ്യത്യസ്ത സ്ഥാനങ്ങളിലുള്ളവരാണെന്നും വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും പൂർവ്വീക ചരിത്രങ്ങളുടെയും പിൻബലത്തോടെ സ്ഥിരപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിക്കാം.