മഹാന്മാരായ സ്വൂഫികൾക്കെതിരെയുള്ള വിമർശനം, നിന്ദ്യതയും നിസ്സാര വത്കരിക്കലുമാണെന്ന് തെറ്റിദ്ധച്ചരിച്ചവരുണ്ട്. ആരും വിമർശിക്കാത്തവർ മാത്രമേ യഥാർത്ഥ സ്വൂഫികളാവൂ എന്ന ഒരു മിഥ്യാ ധാരണയുമുണ്ട്. സ്വൂഫികളുടെ ചരിത്രം പഠിച്ചാൽ അതെല്ലാം നമുക്ക് തിരുത്തപ്പെടാവുന്നതാണ്. സമൂഹത്തിൽ ഏറ്റവും ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമകളാണ് സമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയാസവും ബുദ്ധിമുട്ടും ആക്ഷേപങ്ങങ്ങളും നേരിടേണ്ടി വരുന്നവർ.
മുത്ത്നബി (സ) തങ്ങൾ പറഞ്ഞു:
أشد الناس بلاء ألأنبياء فالأمثل فالأمثل
ജനങ്ങളിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരിക പ്രവാചകന്മാർക്കും ശേഷം അവരുടെ സ്ഥാനമലങ്കരിക്കുന്ന മഹാന്മാരായ സ്വൂഫികൾക്കുമാണ്.
മുത്ത്നബി(സ)യുടെ ഈ വിശുദ്ധ വചനം മഹാന്മാരുടെ പദവിയും പവിത്രതയുമനുസരിച്ച്
വിമർശനത്തിന്റെ ശക്തിയും വർദ്ധിക്കുമെന്ന യാഥാർത്ഥ്യം നമ്മെ പഠിപ്പിക്കുന്നുണ്ട്.
മഹാനായ ഇബ്നു അജീബ(റ) പറയുന്നു:
ഒരാൾ വിമർശനങ്ങൾ കൊണ്ടും മറ്റും പരീക്ഷിക്കപ്പെടുന്നത് അയാൾ ദീൻ മുറുകെ പിടിക്കുന്നതിന്റെ കാർക്കശ്യത്തെ ആധാരമാക്കിയാണ് . മതവിഷയത്തിൽ അതീവ സൂക്ഷമതയോടെ ജീവിക്കുന്നവനാണങ്കിൽ വിമർശനങ്ങളും പരീക്ഷണങ്ങളും വർദ്ധിക്കും. (ഈഖാള്)
ഇബ്നു അജീബ(റ) തുടർന്ന് പറയുന്നു:
وقال الشيخ أبو الحسن رضي الله عنه:آذاني إنسان مرة فضقت ذرعا بذلك فنمت فرأيت يقال لي : من علامة الصديقية كثرة أعدائها ثم لا يبالي بهما.
*إذا تقرر هذا علمت أن إذاية الخلق للولي سنة ماضية ، بعني سنة أنبياء الله ورسله [فلن تجد لسنة الله تبديلا
ഒരിക്കൽ ശൈഖ് അബുൽ ഹസൻ(റ)വിനെ നിരന്തരമായി ഒരാൾ വിമർശിച്ചപ്പോൾ വിഷമം അനുഭവിക്കുകയും വിഷമം സഹിച്ചുള്ള ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കാണുകയും ചെയ്തു. സ്വപ്നത്തിൽ വന്ന് ഒരാൾ വന്ന് പറഞ്ഞു. ശത്രുത അധികരിക്കൽ സത്യസന്ധതയുടെ അടയാളത്തിൽ പെട്ടതാണ്. അതിന് ശേഷം വിമർശനം അദ്ദേഹം കാര്യമാക്കാറില്ല. അത് കൊണ്ട് സമൂഹം മഹാന്മാരെ എതിർക്കൽ പണ്ട് മുതൽക്കെയുള്ള നടപടിയാണ്. അത് അല്ലാഹുവിന്റെ നടപടിയും കൂടിയാണ് . അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവുമുണ്ടാകില്ല.
സമൂഹത്തിൽ സ്വൂഫികളോടുള്ള എതിർപ്പിന്റെ പേരിൽ അന്ധമായ വിരോധം വെച്ച് വിമർശിക്കുന്നവരെ എക്കാലത്തും കാണാവുന്നതാണ്. അത്തരം വിമർശകരുടെ യഥാർത്ഥ മുഖം വിശദീകരിച്ച് ഇമാം അൽ ഖുത്വ് ബുശ്ശഅ്റാനി(റ) അവരെ മൂന്നായി തരം തിരിക്കുന്നുണ്ട്.
ثم قال رضي الله عنه والناس في إنكار الكرامات على أقسام : منهم من ينكرها مطلقة ، وهم أهل مذهب معروفون ، وعن التقوى مصروفون قال بعضهم هم المجسمة
ഇമാം യാഫിഈ (റ) പറയുന്നു: സ്വൂഫികളുടെ കറാമത്തുകൾ നിഷേധിക്കുന്നവർ മൂന്ന് വിഭാഗമാണ്.
ഒരു വിഭാഗം, സ്വൂഫികളുടെ കറാമത്തുകളെ നിരൂപാധികം നിഷേധിക്കുന്നവരാണ്. അറിയപ്പെട്ട ഒരു വിഭാഗം ജനങ്ങളാണിവർ . തഖ്‌വയെ തൊട്ട് അകറ്റപ്പെട്ടവരുമാണ്. അല്ലാഹുവിന് തടിയുണ്ട് എന്ന് വിശ്വസിക്കുന്ന മുജസ്സിമത്താണീ വിഭാഗം
ومنهم من يصدق بكرامات من مضى ، و يكذب بكرامات أهل زمانه ، فهولاء كما قال سيدي أبو الحسن الشاذلي رضي الله عنه کېني إسرائيل صدقوا موسى حين لم يروه ، و كذبوا بمحمد صلى الله عليه وسلم حين رأوه ، مع أن محمدا صلى الله عليه وسلم أعظم من موسى ، وإنما ذلك حسد منهم ، وعدوانا ، و شقاء منهم ،
രണ്ടാമത്തെ വിഭാഗം, കഴിഞ്ഞു പോയ മഹാൻമാരുടെ കറാമത്തുകളെ അംഗീകരിക്കും. എന്നാൽ സമകാലികരായ മഹാന്മാരുടെ കറാമത്തുകളെ നിഷേധിക്കുകയും ചെയ്യും. പൂർവ്വകാല സ്വൂഫികളുടെ ചരിത്രങ്ങൾ പറയാനും കറാമത്തുകളെ എടുത്തുദ്ധരിച്ച് പ്രസംഗത്തെ ചടുലതയുള്ളതാക്കാനും ഒരുപാടു നാവുകളുണ്ടാക്കും. ജീവിച്ചിരിക്കുന്ന സ്വൂഫികളെ അംഗീകരിക്കില്ലെന്ന് മാത്രമല്ല അവരിൽ നിന്നുണ്ടാക്കുന്ന കറാമത്തുകളെ ദുർവ്യാഖ്യാനം നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തും. ഇമാം ശാദുലി(റ) ബനൂ ഇസ്റാഇലിലെ യഹൂദികളോടാണ് ഇവരെ ഉപമിച്ചത്. ജീവിച്ചിരിക്കുന്ന മുഹമ്മദ് നബി(സ)യെ കളവാക്കുകയും വഫാത്തായ മൂസ നബി(അ)യെ അംഗീകരിക്കുകയും ചെയ്യുന്നു.
നിരപരാധികളായ പൊതുജനത്തെ മഹാന്മാരിൽ നിന്നകറ്റുന്ന ഇത്തരം സമുദായ വഞ്ചകരുടെ വിളയാട്ടമുള്ള കാലത്താണ് നാം ജീവിക്കുന്നത് എന്നോർക്കണം
ومنهم من يصدق بأن الله تعالى أولياء من أهل زمانه ، ولكن لا يصدق بأحد معين فهذه محرم من الإمدادات ، لأن من لم يسلم لأحد معين لا ينتفع بأحد أبدا نسأل الله العافية
മൂന്നാമത്തെ വിഭാഗം, അല്ലാഹുവിന്റെ ഔലിയാക്കൾ ഈ കാലത്തും ഉണ്ടെന്ന് അവർ വിശ്വസിക്കും. പക്ഷെ ഒരു നിർണ്ണിത വലിയ്യിനെയും അവർ അംഗീകരിക്കില്ല. മഹാന്മാരിലൂടെ ലഭിക്കേണ്ട എല്ലാ വിധ സഹായവും (അവരിലൂടെ സഹായം ലഭിക്കൂ) തടയപ്പെട്ടവരാണവർ. കാരണം ജീവിച്ചിരിക്കുന്ന ഒരു നിർണ്ണിതമായ വലിയ്യിനെ അംഗീകരിക്കാത്തവന് ഒരു കാലത്തും യഥാർത്ഥ ഉപകാരം ലഭിക്കുകയില്ല
(ത്വബഖാത്തുൽ കുബ്റാ).