അശ്ശൈഖ് സയ്യിദ് അഹമദുല്‍ കബീര്‍ രിഫാഈ (ഖ.സി) (1107-1182)

ടൈഗ്രീസ് നദിക്ക് സമീപം കുന്നുകളാലും, വയലുകളാലും, അരുവികളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായ ബത്വാഈലെ ഉമ്മി ഉബൈദ എന്ന ഗ്രാമത്തില്‍, പ്രമുഖ സൂഫിയും മഹാപണ്ഡിതനുമായ സയ്യിദ് അബുല്‍ ഹസന്‍ അലിയുടേയും, ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അല്‍ അന്‍സാരിയുടേയും പുത്രനായി ഹിജ്റ 500 റജബ് 27 (ക്രി.വ. 1107 മാര്‍ച്ച് 27) മിഅ്റാജ് രാവിലാണ് ശൈഖ് സയ്യിദ് അഹമദുല്‍ കബീര്‍ രിഫാഈയുടെ (ഖ.സി) ജനനം. പിതാമഹന്‍ ഹസന്‍ രിഫാഅത്തുല്‍ മക്കിയ്യി എന്നവരിലേക്ക് ചേര്‍ത്തിയാണ് രിഫാഈ എന്നറിയപ്പെടുന്നത്. സയ്യിദ് ഉസ്മാന്‍, സയ്യിദ് ഇസ്മായില്‍, സയ്യിദത്ത് സിത്തുന്നസബ് എന്നിവര്‍ സഹോദരങ്ങളാണ്. പ്രവാചകന്‍റെ 20ാം പൗത്രനാണ് ശൈഖ് രിഫാഈ. മഹാനവർകളുടെ തലമുറ രിഫാഈ ഖബീല എന്ന പേരിൽ അറിയപ്പെട്ടു.

ചെറുപ്പം മുതല്‍ തന്നെ കൂട്ടുകാരില്‍ നിന്നും വ്യതിരിക്തമായ സ്വഭാവ വിശേഷണങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. മഹാന്മാരുടെ സഹവാസത്തിലും, അവരുടെ സദസ്സുകളില്‍ പങ്കെടുത്തും, അവരുമായുള്ള സ്നേഹബന്ധം പ്രതീക്ഷിച്ചും, ആരാധനയിലും, ആത്മീയതയിലും ആഗ്രഹം പ്രകടിപ്പിച്ചും അദ്ദേഹം ബാല്യത്തില്‍ തന്നെ ഉത്കൃഷ്ടത കൈവരിച്ചിരുന്നു.

അതീവ ധീക്ഷണശാലിയായ ശൈഖ്, കര്‍മ്മശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിജ്ഞാന കലകളില്‍ വളരെ പെട്ടെന്ന് നിപുണനായിത്തീര്‍ന്നു. അബു ഇസ്ഹാഖുശ്ശിറാസിയുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ കിതാബുത്തന്‍ബീഹ് അദ്ദേഹം ഹൃദിസ്ഥമാക്കി എന്നത് അതിനു തെളിവാണ്. ശൈഖ് അബൂബക്കര്‍ അല്‍ വാസ്വിതി, ശൈഖ് അബ്ദുല്‍ മലികില്‍ ഖര്‍നൂബി തുടങ്ങിയവരും ശൈഖവര്‍കളുടെ ഉസ്താദുമാരാകുന്നു. ശൈഖവര്‍കളുടെ ധീക്ഷണാശക്തിയും ആത്മീയ ഔന്നിത്യവും മനസ്സിലാക്കിയ ഉസ്താദുമാര്‍ ശൈഖവര്‍കളെ ഗുരുതുല്യരായി കാണാറുണ്ടായിരുന്നു. ഒരിക്കല്‍ ശൈഖ് അലിയ്യുല്‍ വാസ്വിത്വി പറഞ്ഞു: 'ഞങ്ങള്‍ പേരിനു മാത്രമാണ് അദ്ദേഹത്തിന്‍റെ ഉസ്താദാവുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം നമ്മുടെ ഉസ്താദാണ് '. വന്ദ്യപിതാവിൽ നിന്നാണ് ആത്മീയ മാർഗ്ഗം സ്വീകരിച്ചത്, പിന്നീട് രിഫാഈ ത്വരീഖത്ത് എന്ന പേരിൽ ഈ ആത്മീയ സരണി പ്രസിദ്ധമായി.

ബസ്വറയിലെ പ്രമുഖ പണ്ഡിതനും, സൂഫിവര്യനും, ഖുര്‍ആന്‍ പാരായണ നിപുണനുമായ ശൈഖ് അബുല്‍ ഫള്ല്‍ അലിയ്യുല്‍ ഖാരി വാസ്വിതിയുടെ ദര്‍സില്‍ ശൈഖ് രിഫാഇയെ ചേര്‍ത്തു. ആത്മീയ ഉല്‍കര്‍ഷത പ്രാപിച്ച ശൈഖിന് ഒരിക്കലും ദാമ്പത്യ ജീവിതം തടസ്സമായിരുന്നില്ല. മെരുക്കിയൊതുക്കാന്‍ വളരെ ശ്രമകരമായ സ്വശരീരത്തേയും മനസ്സിനേയും ഒതുക്കിയ ശൈഖവര്‍കള്‍ക്ക് ദാമ്പത്യം ആത്മീയോന്നതി മാത്രമേ നല്‍കിയിരുന്നുള്ളു. തന്‍റെ ഉസ്താദായ, ശൈഖ് അബൂബക്കര്‍ അല്‍ വാസ്വിത്വിയുടെ പുത്രി സയ്യിദത്ത് ഖദീജ അന്‍സാരിയാണ് പ്രഥമ ഭാര്യ. മക്കള്‍ ഫാത്വിമ, സൈനബ.

മഹതി ഖദീജയുടെ വേര്‍പാടിനു ശേഷം അവരുടെ സഹോദരി സയ്യിദത്ത് റാബിയയെയാണ് മഹാനവര്‍കള്‍ വിവാഹം ചെയ്തത്. അവരില്‍ ജനിച്ച പുത്രനാണ് സയ്യിദ് സ്വാലിഹ് ഖുതുബുദ്ദീന്‍. ഇദ്ദേഹത്തിന്‍റെ പുത്രന്മാരും, പൗത്രന്മാരും ആത്മീയ മേഖലയില്‍ മാത്രം ജീവിതം നയിച്ചവരായിരുന്നു എന്നത് ആ കുടുംബത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

ശൈഖ് രിഫാഇയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം മക്കയിലെത്തി. ശേഷം നബി(സ)യുടെ അതിഥിയായി, അവിടുത്തെ ക്ഷണം സ്വീകരിച്ച് മദീനയിലേക്ക് നീങ്ങി.
റൗളാ ശരീഫിനു മുമ്പില്‍ വളരെ താഴ്മയോടെ, വിനയത്തോടെ നിന്ന് ശൈഖ് രിഫാഈ സലാം പറഞ്ഞു. "അസ്സലാമു അലൈകും യാ ജദ്ദീ" ഉടനെ തിരുറൗളയില്‍ നിന്ന് പ്രതികരണമുണ്ടായി. "വഅലൈകുമുസ്സലാം യാ വലദീ" അഥവാ ഓ കുട്ടീ, നിനക്ക് അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ. സലാമിനു ശേഷം റൗളയുടെ മുമ്പില്‍ മുട്ടുകുത്തിയിരുന്ന് അവര്‍ കണ്ണുനീര്‍ പൊഴിക്കാന്‍ തുടങ്ങി. തിരുനബി(സ)യോടുള്ള അതിരറ്റ സ്നേഹത്താല്‍ ശൈഖവര്‍കള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആ സമയം ഇപ്രകാരം പാടി.

"ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ ഈ പുണ്യമായ ഭൂമി ചുംബിക്കുവാനായി എന്‍റെ ആത്മാവിനെ, എന്‍റെ പകരക്കാരനായി ഞാന്‍ പറഞ്ഞയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ തിരുസന്നിധിയില്‍ എത്തിയിരിക്കുന്നു. എനിക്ക് അങ്ങയുടെ വലത് കരം നീട്ടിത്തരൂ. എന്‍റെ ചുണ്ട് അതിനാല്‍ ഭാഗ്യം സിദ്ധിക്കട്ടെ"..

ഉടനെ നബി(സ) അവിടുത്തെ തിരുകരം നീട്ടികൊടുക്കുകയും, ശൈഖ് രിഫാഈ തൃക്കരം മതിവരുവോളം ചുംബിക്കുകയും ചെയ്തു. അവിടുത്തെ തൃക്കരത്തിന്‍റെ പ്രകാശത്താല്‍ മസ്ജിദുന്നബവിയും പരിസരവും മിന്നിത്തിളങ്ങിയെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖവര്‍കള്‍ പുണ്യകരം ഗ്രഹിച്ചെന്നും, ജനങ്ങള്‍ക്ക് ആത്മീയോപദേശങ്ങള്‍ നല്‍കാന്‍ നബി(സ) നിര്‍ദ്ദേശിച്ചെന്നും ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു.

നിരവധി വര്‍ഷങ്ങള്‍ ഈ നശ്വരഭൂമികയില്‍ ആഖിറത്തിനായി ജീവിതം നയിക്കുകയും, അനേകായിരം ശിഷ്യഗണങ്ങളെ ആകർഷിക്കുകയും ചെയ്ത ശൈഖ് രിഫാഈ
മഹാന്മാരുടേയും, ശിഷ്യന്മാരുടേയും സാന്നിദ്ധ്യത്തിൽ പുഞ്ചിരി തൂകിക്കൊണ്ട് ഭൗതിക ലോകത്തോട് വിടപറഞ്ഞു.

ഹിജ്റ 578 ജമാദുല്‍ അവ്വല്‍ 12 (ക്രി.വ. 1182 സപ്തംബര്‍ 13) വ്യാഴാഴ്ച ളുഹ്റിന്‍റെ സമയത്തായിരുന്നു വഫാത്ത്. ഇറാഖിലെ ബസ്വറ പട്ടണത്തിലെ വാസിത്വിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

1626-ൽ തിരൂർ കൂട്ടായി മാനന്റകത്ത് കുഞ്ഞിക്കോയതങ്ങൾ പ്രസിദ്ധമായ 'രിഫാഈ മാലയും', ചാപ്പനങ്ങാടി വെള്ളേങ്ങര ഹസൻ മുസ്ല്യാർ (1867-1920) 'മൗലിദ് ഫി മനാഖിബി അഹമദുൽ കബീർ രിഫാഈ' എന്ന പ്രസിദ്ധമായ മൗലിദും രചന നിർവ്വഹിച്ചു.