കേരളത്തിനകത്തും പുറത്തും ആത്മീയരംഗത്ത് അവിസ്മരണീയ വിശ്വാസവീഥിയിലെ നിത്യ ചൈതന്യമായ മഹതിയാണ് വടകരയിലെ കരീമത്ത് സയ്യിദത്ത് ആയിശ ബീവി (ഖ.സി).
മഹാപണ്ഡിതരും ഋഷിതുല്യരും ആത്മീയഗുരുശ്രേഷ്ഠരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളുടേയും സയ്യിദത്ത് ആയിശ ആറ്റബീവിയുടേയും പുത്രിയായി കരീമത്ത് സയ്യിദത്ത് ആയിശ ബീവി ഹിജ്റ 1374 റബീഉല്‍ ആഖിര്‍ 1 (1954 നവംബര്‍ 27)ന് ശനിയാഴ്ച, വടകര താഴെയങ്ങാടിയിലെ പ്രശസ്തമായ ആനേന്‍റവിട എന്ന പുണ്യഗേഹത്തില്‍ പിറന്നു.
അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍, സയ്യിദത്ത് ആയിശ ആറ്റബീവി ദാമ്പത്യവല്ലരിയില്‍, ഇളയ പുത്രി കരീമത്ത് സയ്യിദത്ത് ആയിശ ബീവിയെ കൂടാതെ സയ്യിദത്ത് ഫാത്വിമത്ത് സുഹറ ഇമ്പിച്ചിബീവി, സയ്യിദ് ഹാമിദ് മശ്ഹൂര്‍ മുത്തുക്കോയതങ്ങള്‍, സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍, സയ്യിദ് മശ്ഹൂര്‍ പൂക്കോയതങ്ങള്‍, എന്നിവർ ജനിച്ചു. ഇവരില്‍ സയ്യിദ് മശ്ഹൂര്‍ പൂക്കോയതങ്ങള്‍ ചെറുപ്പത്തില്‍ തന്നെ ഇഹലോകവാസം വെടിഞ്ഞു.
സയ്യിദത്ത് ആയിശ ബീവി ഭൗതികവിദ്യഭ്യാസം നേടിയിരുന്നില്ല എങ്കിലും, മഹതിയുടെ ചര്യകളും വാക്കുകളും, ഭാവങ്ങളുമെല്ലാം തികച്ചും ജ്ഞാനസമ്പൂര്‍ണ്ണങ്ങളായിരുന്നു. ഉന്നതശ്രേണിയില്‍ വിരാജിച്ച അവരില്‍നിന്ന് പലപ്പോഴും അത്ഭുതസിദ്ധികള്‍ പ്രകടമായിട്ടുണ്ട്. ഈ രീതിയിലുള്ള സംഭവങ്ങള്‍ക്ക് പലരും സാക്ഷികളായിരുന്നു.
പിതാവില്‍ നിന്ന് പൈതൃകമായി സിദ്ധിച്ച സല്‍ഗുണ വിശേഷണങ്ങള്‍ ജീവിതത്തില്‍ മുഴുവനും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ബാല്യകൗമാര യൗവ്വന പ്രായങ്ങള്‍ പിന്നിട്ട് സയ്യിദത്ത് ആയിശ ബീവി വളര്‍ന്നുവന്നത്. തന്മൂലം പിതാവില്‍ നിന്ന് ഗുരുത്വവും പൊരുത്തവും ആവോളം ലഭിക്കാന്‍ ഹേതുവായി. പില്‍ക്കാലത്ത് ജീവിതചര്യയായി മാറിയ ആത്മീയതയുടെ ഉന്നതിയിലേക്ക് സാഹചര്യം ഒരുക്കുകയും ജീവിതാവസാനം വരെ പ്രപഞ്ച പരിത്യാഗിയായി തന്നെ ജീവിക്കുകയും ചെയ്തു.
സര്‍വ്വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായും സത്യാന്വേഷികള്‍ക്ക് പ്രത്യേക ഗുണമായും അല്ലാഹു കനിഞ്ഞേകിയ മുഹമ്മദ് നബി(സ.അ)യുടെ കുടുംബത്തില്‍ പിറന്നവരായ നിരവധി മഹത് വ്യക്തികള്‍ ജീവിച്ചു മണ്‍മറഞ്ഞുപോയിട്ടുണ്ട്. നബി കുടുംബത്തെ സ്നേഹിക്കല്‍ ഏറ്റവും പുണ്യമേറിയ കാര്യമാണ്. നൂഹ് നബിയുടെ കപ്പലില്‍ കയറിയവരെ ഉപമിച്ചുകൊണ്ടാണ്, അഹലുബൈത്തിനെ പിന്‍പറ്റിയവരെ അല്ലാഹു വിശേഷിപ്പിച്ചത്. അഹലുബൈത്തിനെ എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധിവരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അങ്ങിനെ ആത്മശുദ്ധി നേടിയവര്‍ക്കു മാത്രമെ മറ്റുള്ളവരെ ആത്മീയമായി ശുദ്ധിവരുത്തുവാന്‍ കഴിയുകയുള്ളു. മുഹമ്മദ് നബി(സ.അ) ശേഷം സയ്യിദരില്‍ നിന്ന് നിരവധി മഹാന്മാരും മഹതികളും ഉണ്ടായിട്ടുണ്ട്. ശൈഖ് സയ്യിദ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ് സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ, ശൈഖ് സയ്യിദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി, സയ്യിദ് ശിഹാബുദ്ദീന്‍ സുഹ്റവര്‍ദ്ദി, സയ്യിദ് മുഹമ്മദ് ബിന്‍ അബ്ദുള്ളാഹില്‍ മശ്ഹൂരി, സയ്യിദത്ത് നഫീസത്തുല്‍ മിസ്രിയ, സയ്യിദത്ത് റാബിഅത്തുല്‍ അദവിയ്യ, സയ്യിദത്ത് മൈമൂനത്തുല്‍ മിസ്രിയ, തുടങ്ങിയവര്‍ മായാത്ത പാദമുദ്ര ചാര്‍ത്തിയവരില്‍ ചിലരാണ്. ഈ ഗണത്തിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന നാമമാണ് സയ്യിദത്ത് ആയി ശബീവിയുടേത്.
വിലായത്ത് എന്ന അറബിപദത്തിന്‍റെ ധാതുവില്‍ നിന്നാണ് വലിയ്യ് എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. വലിയ്യ് എന്നാല്‍ അല്ലാഹുവിന്‍റെ സാമിപ്യം കരസ്ഥമാക്കിയവര്‍ എന്നാണര്‍ത്ഥം. ജീവിത വിശുദ്ധികൊണ്ട് ആത്മീയ ഉന്നതി നേടിയ പുണ്യാത്മാക്കളില്‍ നിന്ന് പല സന്ദര്‍ഭങ്ങളിലായി വിവധ രീതിയിലുള്ള അത്ഭുതസിദ്ധികള്‍ പ്രകടമാകാറുണ്ട്. കരീമത്ത് സയ്യിദത്ത് ആയിശ ബീവിയെ സംബന്ധിച്ച് ഇത്തരം അനുഭവങ്ങള്‍ നിരവധിയാണ്.
സയ്യിദത്ത് ആയിശ ബീവിയുടെ വാക്കുകളും, പ്രവര്‍ത്തികളും ചെറുപ്പം മുതല്‍തന്നെ, മറ്റുള്ളവരെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അല്ലാഹുവില്‍ വിലയം പ്രാപിച്ച ആരിഫീങ്ങളുടെ ഖല്‍ബ് എപ്പോഴും അവരുടെ നാഥനില്‍ ലയിച്ച് ആനന്ദിച്ചുകൊണ്ടിരിക്കുകയും, ബാഹ്യാവയവങ്ങള്‍ മുഖേന സാധാരണ ജീവിതസാഹചര്യങ്ങളുമായി യോജിച്ചുപോകാനും കഴിയും. മഹതിയെ ആശ്രയിച്ചെത്തുന്നവര്‍ക്കെല്ലാം നല്ലതുവരട്ടെ എന്ന പ്രാര്‍ത്ഥനമാത്രമായിരുന്നു അവരുടെ അനുഗ്രഹം. അതുകൊണ്ട് തന്നെ വരുന്നവര്‍ മഹതിയെ ഉമ്മ എന്നാണ് വിളിച്ചിരുന്നത്. മഹതിയുടെ വാക്കുകള്‍, അക്ഷരംപ്രതി പുലര്‍ന്നുകണ്ട ചില സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പതിവായി മഹതിയെ സന്ദര്‍ശിക്കാറുള്ള ഒരു സ്ത്രീയുടെ സ്വര്‍ണ്ണമോതിരങ്ങൾ ഭര്‍തൃഗൃഹത്തില്‍വെച്ച് നഷ്ടപ്പെടുകയുണ്ടായി. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതെ ഏറെ നിരാശപ്പെട്ടപ്പോള്‍, ആയിശ ബീവിക്കു നേര്‍ച്ചനേരുവാന്‍ തീരുമാനിച്ചു, തുടര്‍ന്നുള്ള ഒരുദിവസം മഹതിയെ സ്വപ്നത്തില്‍ കാണുകയും, മോതിരങ്ങൾ നിങ്ങളുടെ വീട്ടിലെ കിണറ്റിലുണ്ട്, നോക്കിയെടുത്തോ.. എന്ന് പറയുകയും ചെയ്തു. നേരം പുലര്‍ന്നശേഷം കിണര്‍ വറ്റിച്ച് ചളി നീക്കുന്നതിനിടെ തിളങ്ങിക്കൊണ്ടിരിക്കുന്ന വസ്തു കണ്ടെത്തി. അത് നഷ്ടപ്പെട്ട സ്വര്‍ണ്ണമോതിരങ്ങ ളായിരുന്നു. മഹതി പറഞ്ഞതിന്‍ പ്രകാരം മോതിരം തിരികെ ലഭിച്ചതില്‍ അവര്‍ അതിയായി സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ബീവിയെ സന്ദർശിച്ച് സംതൃപ്തരായി മടങ്ങി.
ഒരു വിദ്യാര്‍ത്ഥിക്ക് മാസങ്ങളായി കലശലായ ചുമ കാരണം പഠനത്തില്‍ ശ്രദ്ധിക്കാനോ, സദസ്സുകളില്‍ പങ്കെടുക്കാനോ കഴിയാതെ പ്രയാസപ്പെടുന്ന അവസരത്തില്‍, യാദൃശ്ചികമായി ബീവിയുടെ വീട്ടില്‍ പോവുകയുണ്ടായി. തദവസരത്തില്‍, വിരിക്കപ്പുറം നിന്നുകൊണ്ട് ബീവി ആഗതനെ വിളിക്കുകയും, നിന്നെ ബുദ്ധിമുട്ടിക്കുന്ന ചുമയുണ്ടല്ലോ, ഇനി അതുണ്ടാവുകയില്ല എന്നും പറഞ്ഞു. താന്‍ പറയാതെ തന്നെ തന്‍റെ പ്രയാസം ബീവി മനസ്സിലാക്കിയതില്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി. മാത്രമല്ല, പിന്നീടൊരിക്കലും ആ ചുമ അയാളെ അലോസരപ്പെടുത്തിയില്ല എന്നത് അനുഭവസാക്ഷ്യമാണ്.
2016 ജനുവരി 12 (ഹിജ്റ 1437 റബീഉല്‍ ആഖിര്‍ 1) ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് കര്‍മ്മയോഗിയും സര്‍വ്വസംഗപരിത്യാഗിയുമായ, സയ്യിദത്ത് ആയിശ ബീവി 63ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. പിതാവിനെ പോലെ, പിറന്ന ദിവസം തന്നെ ഇഹലോകവാസം വെടിഞ്ഞു എന്ന അത്യപൂര്‍വ്വ സൗഭാഗ്യത്തിന് അര്‍ഹയായി. വന്ദ്യപിതാവ് ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളും, ശൈഖ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയും വിടപറഞ്ഞ, പുണ്യമേറിയ റബീഉല്‍ ആഖിര്‍ മാസത്തില്‍ തന്നെയാണ് വേര്‍പാട് എന്നത് അവരുടെ മഹത്വം വിളിച്ചോതുന്നു. വന്ദ്യപിതാവിനോടൊപ്പം താഴെയങ്ങാടി മസ്ജിദുല്‍ ഹുസ്ന വമഹല്ലുല്‍ അസ്ന മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നുത്.
ആത്മീയതയുടെ അകംപൊരുളറിഞ്ഞ സജ്ജനങ്ങളുമായുള്ള സഹവാസം നമ്മെ നന്മയിലേക്ക് നയിക്കട്ടെ.. ആമീൻ