സൂഫികളുടെ വ്രതം



ഹൃദയം ഭൗതികതയിൽ നിന്നകന്ന്, ദൈവികതയോടൊപ്പം വസിക്കുന്ന 'ഉപ'വാസമാണ് യഥാർത്ഥ വ്രതം. ദേഹത്തിന്റെ ആവശ്യങ്ങളിൽ നിന്നകന്ന്, ദേഹിയുടെ വിശുദ്ധാവസ്ഥ അനുഭവിക്കലാണ് വ്രതത്തിന്റെ പൂർണത. ഈ ഭൗതികതയിൽ നിന്നും ദേഹബോധത്തിൽ നിന്നും അകന്നുനിൽക്കുന്ന അവസ്ഥയാണ് ശരിയായ വ്രതം (സൗമ്).

പഞ്ചേന്ദ്രിയങ്ങളിലൂടെ പുറംലോകത്തെ അനുഭവിക്കുന്ന ഐഹികതയിൽ നിന്നുള്ള വിട്ടുനിൽക്കലാണ് വ്രതം കൊണ്ട് വിവക്ഷിക്കുന്നത്. ഉള്ളിലെ ദൈവികതയ്ക്കൊപ്പം വസിച്ചു, ആ ദൈവികതയിൽ സദാ ആയിത്തീരാനുള്ള പരിശീലനമാണത്.

ഇത് ഏതെങ്കിലും നിശ്ചിത കാലത്തിനകത്ത് ബന്ധിതമല്ല സൂഫികൾക്ക്. മുൻകഴിഞ്ഞ എല്ലാ സമൂഹങ്ങളും സാക്ഷാൽക്കാരം അനുഭവിച്ചത് ഇതേ തപശ്ചര്യയിലൂടെ തന്നെയാണ്. അതിന്റെ ഭാഗമാണ് വിവിധ സമൂഹങ്ങളിലെ വൈവിധ്യമാർന്ന ഉപവാസ രീതികൾ.

സ്വത്വത്തിലെ അവിശുദ്ധികളെ ഉപവാസത്തിന്റെ തപസ്സിൽ, അഗ്നിയുതിർത്ത് കരിച്ചുകളയുന്ന ഘട്ടത്തെയാണ് 'റമദാൻ' അർത്ഥമാക്കുന്നത്. ചിന്തയിലും വാക്കിലും കർമ്മത്തിലും ആഹാരപാനീയങ്ങളിലും സംയമങ്ങൾ പുലർത്തി, ദേഹേച്ഛകളെ മെരുക്കിയെടുത്തു, ദൈവബോധത്തിന്റെ (തഖ്‌വ) നിതാന്തജാഗ്രതയിൽ ഉണരുമ്പോഴാണ് വ്രതം പൂർത്തിയാവുന്നത്.

മുൻകഴിഞ്ഞ എല്ലാ സമൂഹങ്ങളിലും ദൈവബോധമുണരാൻ ഇതേ രീതികൾ തന്നെയാണ് ഉല്ലേഖിതമായിരുന്നതെന്ന് (യാ അയ്യുഹല്ലദീന ആമനൂ കുതിബ അലൈകുമുസ്സ്വിയാമു
കമാ കുതിബ അലല്ലദീന മിൻ ഖബ്ലിക്കും ലഅല്ലകും തത്തഖൂൻ) വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു.

ആത്മസ്വരൂപം നിറഞ്ഞുതെളിയേണ്ട സ്വത്വം, പ്രാപഞ്ചികതയോട് ഒട്ടിച്ചേർന്നപ്പോൾ ഭവിച്ച കലർപ്പുകളെ തപിപ്പിച്ചു തന്നെ ഭസ്മീകരിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ആ പരമപരിശുദ്ധ സ്വരൂപം വെളിപ്പെടുകയുള്ളൂ. തപം ചെയ്യുന്ന ഈ സംയമപ്രക്രിയ ആ പരമപ്രകാശത്തിനു വെളിപ്പെടാൻ വേണ്ടി മാത്രമുള്ളതാണ്; ആ പ്രകാശം തന്നെയാണ് അതിന്റെ ആത്യന്തിക ഫലവും (അസൗമു ലീ, വ അന അജ്സീ ബിഹീ).

തപം ചെയ്ത വിശുദ്ധ ഹൃദയവുമായി, ദൈവമല്ലാത്ത സകലത്തിൽ നിന്നുമകന്ന് (സൗമ്), മറ്റെല്ലാം സ്വത്വത്തിൽ നിന്ന് ഭസ്മീകരിയ്ക്കപ്പെടുമ്പോൾ (റമദാൻ ) പരമപ്രകാശത്തെ സന്ധിയ്ക്കുന്നു. അവിടെയാണ് യഥാർത്ഥ ആനന്ദം (ഈദ് ).

ഒന്നാമതായി, അവന്റെ അവിശുദ്ധി ഭസ്മീകരിച്ചു മുറിയ്ക്കപ്പെട്ടതിന്റെ ആഘോഷം. രണ്ടാമതായി, പ്രകാശങ്ങളുടെ പ്രകാശത്തെ (നൂറുൻ അലാ നൂർ ) പൂർണമായ നിറവിൽ സന്ധിയ്ക്കുന്നതിന്റെ പരമാനന്ദം. പ്രകാശത്തിനായി സ്വേച്ഛകളെ തപം ചെയ്തവന്റെ നിശ്വാസം പോലും ദൈവികതയിൽ കസ്തൂരിയേക്കാൾ സുഗന്ധവാഹിയാണ് (ലിസ്സ്വാഇമി ഫർഹതാനി ഫർഹതൻ ഹീന യുഫ്തിറു വ ഫർഹതൻ ഹീന യൽഖാ റബ്ബഹു,
വലഖലൂഫു ഫമി സ്സ്വാഇമി അത്വയബു ഇൻദല്ലാഹി രീഹിൽ മിസ്ക് ).

റൂമി പറയുന്നു;

'വ്രതത്താൽ നിന്റെ അന്തരാളം നിശ്ശൂന്യമാകുമ്പോൾ,
മറഞ്ഞിരിക്കുന്നത് സ്വർഗ്ഗീയ മാധുര്യമാണ്.
നിശ്ശബ്ദമായ മൗനപൂർണിമയിലാണ്
അനശ്വരത വീണമീട്ടുന്നത്.
നിന്റെ ദേഹമാകെ ഉപവാസത്തിൽ
ഉരുകിത്തെളിയുമ്പോൾ,
പിറവിയെടുക്കുന്നു വസന്തത്തിന്റെ വിശുദ്ധ ഗാനം.
കാർമുകിലുകൾ മുഴുവൻ നീങ്ങി,
നിന്റെ ആത്മാകാശം നിറഞ്ഞുതെളിയുന്നു.
 
യഥാർത്ഥ വ്രതമറിഞ്ഞ സൂഫികൾ ഒരു ആത്മമന്ത്രണം പോലെ ഇങ്ങനെ ഉരുവിടുന്നു: