(വടകര താഴെയങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങള്‍ (ഖ.സി) അവര്‍കളുടെ ആത്മീയഗുരുവിന്‍റെ ഗുരുവാണ്).ആത്മീയ നവോത്ഥാന രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുണ്യപുരുഷനാണ് കാസര്‍ഗോഡിനടുത്തെ കാഞ്ഞങ്ങാട് കോയാപ്പള്ളി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി (ഖ.സി).
ആന്ത്രോത്ത് ദ്വീപിലെ പടന്നാത പുതിയ പുരയില്‍ സയ്യിദ് സൈനുദ്ദീന്‍ ബുഖാരി, സയ്യിദത്ത് ആയിശബീവി ദമ്പതികളുടെ പുത്രനായി ജനിച്ചു. ബാല്യത്തില്‍ പിതാവിന്‍റെ വിയോഗത്തെ തുടര്‍ന്ന്, പിതൃസഹോദരന്‍ സയ്യിദ് അഹ്‌മദ് ഫരീദുദ്ദീന്‍ ബുഖാരി എന്നവരുടെ സംരക്ഷണയിലാണ് മഹാനവര്‍കള്‍ വളര്‍ന്നു വന്നത്. ആത്മീയതയോടുള്ള അടങ്ങാത്ത അഭിനിവേശത്താല്‍ ശൈഖ് സയ്യിദ് യൂസഫുല്‍ ഖാദിരി അവര്‍കളെ കണ്ടെത്തുകയും, ആത്മീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തു.
ആത്മീയ പ്രബോധന മേഖലയിലും വൈജ്ഞാനിക വ്യാവസായിക വാണിജ്യരംഗത്തും നൂറ്റാണ്ടുകളായി കേരളക്കരയുമായി സുദൃഢബന്ധമുള്ള പ്രദേശങ്ങളാണ് അറബിക്കടലില്‍ ചിന്നിച്ചിതറി കിടക്കുന്ന മിനിക്കോയി, കല്‍പ്പേനി, ആന്ത്രോത്ത്, കവരത്തി, അഗത്തി, അമ്മേനി, കിളുത്തം, കടുമം, ചേത്തിലാത്ത്, ബിത്തിര തുടങ്ങിയ ലക്ഷദ്വീപ് സമൂഹം. ഒരവസരത്തില്‍ ഈ പ്രദേശങ്ങളുടെ ഭരണം നടത്തിയിരുന്നത് കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായിരുന്ന അറക്കല്‍ ഭരണകൂടമായിരുന്നു.
പുണ്യപ്രവാചകന്‍റെ വിയോഗശേഷം എ.ഡി. 632-33 കാലത്ത് ഖിലാഫത്ത് ഭരണം നടത്തിയിരുന്ന ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ് എന്നവരുടെ പൗത്രന്‍ ഹസ്രത്ത് ഉബൈദുള്ളാഹ് മുഖേനയാണ് ഇവിടെ ഇസ്ലാം പ്രചരിച്ചത്. ഇദ്ദേഹത്തിന്‍റെ സഹോദരന്മാരായ ഹസ്രത്ത് ഖാസിമും, ഹസ്രത്ത് അബ്ദുള്ളയും അറബിലോകത്ത് വിഖ്യാതരായ ഹദീസ് പണ്ഡിതന്മാരായിരുന്നു.
റഷ്യയിലെ ബുഖാറയില്‍ നിന്നും കേരളക്കരയില്‍ ആദ്യമായി എത്തിച്ചേര്‍ന്ന, ബുഖാരി സയ്യിദന്മാരുടെ പൂര്‍വ്വികനും മഹാപണ്ഡിതനും, വലിയ്യുമായിരുന്ന വളപട്ടണത്തെ സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് ശൈഖ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി അവര്‍കള്‍.
പുണ്യപ്രവാചകന്‍റെ പതിനഞ്ചാം പൗത്രനും, പണ്ഡിതശ്രേഷ്ഠനും, സൂഫിവര്യനുമായിരുന്ന അസ്സയ്യിദ് മഹ്‌മൂദുല്‍ ബുഖാരിയുടെ പിന്മുറക്കാരനാണ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി. മഹ്‌മൂദുല്‍ ബുഖാരിയുടെ ഖബീലയോട് ചേര്‍ത്താണ്, ആലുബുഖാരി പ്രശസ്തരായത്. അസ്സയ്യിദ് അലിയ്യുല്‍ അശ്കര്‍ ജലാലുദ്ദീന്‍ അവര്‍കളുടെ കാലത്ത് പ്രസ്തുത ഖബീല ജലാലീ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജലാലുദ്ദീന്‍ എന്നവരിലേക്ക് ചേര്‍ത്തായിരുന്നു ജലാലീ എന്ന് വിളിച്ചുപോന്നത്. അസ്സയ്യിദ് അലിയ്യുല്‍ അശ്കര്‍ ജലാലുദ്ദീന്‍ അവര്‍കളുടെ അഞ്ചാം പിതാമഹന്‍ സയ്യിദ് മൂസ്സല്‍ ഖാളിം എന്നവരിലേക്ക് ചേര്‍ത്തുകൊണ്ട് ഖാളിമി എന്നും വിളിച്ചുപോന്നിരുന്നു. സയ്യിദ് മഹ്‌മൂദുല്‍ ബുഖാരിക്ക് ശേഷം പ്രഗത്ഭരായ പലരും വന്നെങ്കിലും, ഏവര്‍ക്കും ബുഖാരി എന്ന വിശേഷണമാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഈ ഖബീല ബുഖാരി എന്ന പേരില്‍ അറിയപ്പെട്ടു. ബുഖാരി ഖബീലയുടെ തുടക്കം റഷ്യയിലെ ബുഖാറയാണ്.
സയ്യിദ് മഹ്‌മൂദുല്‍ ബുഖാരി റഷ്യയിലെ ബുഖാറയില്‍ ജീവിച്ചിരുന്നതിനാലാണ് ആ കുടുംബത്തിന് ബുഖാരി എന്ന നാമകരണം ലഭിക്കാന്‍ കാരണമായതെന്നും കൂടാതെ, സുഗന്ധപദാര്‍ത്ഥം എന്നര്‍ത്ഥം വരുന്ന ബുഖൂര്‍ എന്ന അറബി പദത്തിനോടു ചേര്‍ത്തുകൊണ്ടാണ് ബുഖാരി എന്ന് വിളിക്കുന്നതെന്നും, വ്യക്തിയെ ബുഖൂര്‍ എന്ന പദത്തിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ബുഖൂരിയ്യി എന്നതിന്‍റെ, വകഭേദമാണ് ബുഖാരി എന്നും രേഖകളില്‍ കാണാം.
ആത്മീയ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ മഹാനവര്‍കള്‍ കാസര്‍ഗോഡിനടുത്ത് കാഞ്ഞങ്ങാട് അതിഞ്ഞാല്‍ എന്ന പ്രദേശത്ത് നിന്ന് വിവാഹം ചെയ്യുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. സൂഫി നഭോമണ്ഡലത്തിലെ വെണ്‍താരകമായ മഹാനവര്‍കള്‍ ദുല്‍ഹജ്ജ് 10ന് വഫാത്തായി. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ കോയാപ്പള്ളി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ധാരാളം ശിഷ്യഗണങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ പ്രമുഖനാണ് സഹോദരനും, ത്വരീഖത്ത് അധികാരം സിദ്ധിച്ചവരുമായ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി (ഖ.സി) (1809-1904). ഇദ്ദേഹം ആന്ത്രോത്ത് ദ്വീപിലെ ചരിത്ര പ്രസിദ്ധമായ ഹുജറ പള്ളി അങ്കണത്തിലെ മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ഖാദിരി അവര്‍കളുടെ ഖാദിരിയ്യ ത്വരീഖത്ത് സില്‍സില.
1. ശൈഖ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി ഖാദിരി.
2. ശൈഖ് സയ്യിദ് യൂസഫുല്‍ ഖാദിരി.
3. ശൈഖ് സയ്യിദ് ഹാമിദുല്‍ ഖാദിരി.
4. ശൈഖ് സയ്യിദ് അഹ്‌മദുല്‍ ഖാദിരി.
5. ശൈഖ് സയ്യിദ് യൂസഫുല്‍ ഖാദിരി ഇബ്നു സയ്യിദ് മുഹമ്മദ് ഖാസിം.
6. ശൈഖ് സയ്യിദ് അബ്ദുറഹ്മാന്‍.
7. ശൈഖ് സയ്യിദ് മുഹമ്മദ്.
8. ശൈഖ് സയ്യിദ് ഹുസൈന്‍.
9. ശൈഖ് സയ്യിദ് അലി.
10. ശൈഖ് സയ്യിദ് അഹ്‌മദ്.
11. ശൈഖ് സയ്യിദ് സ്വാലിഹ്.
12. ശൈഖ് സയ്യിദ് ത്വാഹ.
13. ശൈഖ് സയ്യിദ് യാസീന്‍.
14. ശൈഖ് സയ്യിദ് ശറഫുദ്ദീന്‍.
15. ശൈഖ് സയ്യിദ് താജുദ്ദീന്‍.
16. ശൈഖ് സയ്യിദ് നൂറുദ്ദീന്‍.
17. ശൈഖ് സയ്യിദ് ജലാലുദ്ദീന്‍.
18. ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍
19. ശൈഖ് സയ്യിദ് ശംസുദ്ദീന്‍ നസര്‍.
20. ശൈഖ് സയ്യിദ് അബൂ സ്വാലിഹ് നസര്‍.
21. ശൈഖ് സയ്യിദ് അബ്ദുറസ്സാഖ്.
22. ശൈഖ് സയ്യിദ് ഖുതുബുല്‍ അക്ത്വാബ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി.
23. ശൈഖ് സയ്യിദ് അബു സഈദ് ഇബ്നു അലിയ്യില്‍ മുബാറക്കില്‍ മഖ്സൂമി.
24. ശൈഖ് സയ്യിദ് അബുല്‍ ഹസനി അലിയ്യില്‍ കുറശിയ്യില്‍ ഹങ്കാരി.
25. ശൈഖ് സയ്യിദ് അബു ഫറഹി മുഹമ്മദുത്തര്‍തൂസി.
26. ശൈഖ് സയ്യിദ് അബ്ദുല്‍ വാഹിദ് തമീമി.
27. ശൈഖ് സയ്യിദ് അബ്ദുല്‍ അസീസ് യമനി.
28. ശൈഖ് സയ്യിദ് അബൂബക്കര്‍ ഷിബിലി.
29. ശൈഖ് സയ്യിദ് ജുനൈദുല്‍ ബാഗ്ദാദി.
30. ശൈഖ് സയ്യിദ് സിരിയ്യിനല്‍ സിഖ്തി.
31. ശൈഖ് സയ്യിദ് മഅറൂഫില്‍ കര്‍ഖി.
32. ശൈഖ് സയ്യിദ് അലിയ്യുബ്നു മൂസ്സ രിള്വ.
33. ശൈഖ് സയ്യിദ് മൂസ്സല്‍ ഖാളിം.
34. ശൈഖ് സയ്യിദ് ജഅഫര്‍ സ്വാദിഖ്.
35. ശൈഖ് സയ്യിദ് മുഹമ്മദ് ബാഖിര്‍.
36. ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍.
37. ശൈഖ് സയ്യിദ് ഹുസൈന്‍.
38. ശൈഖ് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
39. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).
സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിക്കപ്പെട്ട "വസീല ബൈത്ത്" പ്രചാരത്തിലുണ്ട്.