സൂഫിസം എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകുന്ന ചിലരെ കാണാം
സത്യത്തിൽ സൂഫിസം എന്നത് ഇഹ്സാനാകുന്ന ത്വരീഖത്ത് തന്നെയാണ്.
ഇന്ന് പലരുടെയും തെറ്റായ ധാരണയാണ് മുസ്‌ലിമായി ജനിച്ച് കലിമത്തുത്തൗഹീദിൽ വിശ്വസിക്കുന്ന നാം പ്രത്യേകമായ ഒന്നുകൂടി തൗഹീദിനെ പുതു ക്കേണ്ടതുണ്ടോ ?
ഇന്ന് കാണുന്ന സൂഫികൾ പ്രത്യേകമായി എന്തിനാണ് കലിമത്തുത്തൗഹീദ് ചൊല്ലിക്കൊടുക്കുന്നത്.
ഇങ്ങനെ നിരവധി സംശയങ്ങളും ചോദ്യങ്ങളുമാണ്.
നാം എല്ലാവരും ആദ്യമേ റബ്ബുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അത് നാം ജനിക്കുന്നതിന് മുമ്പ് ആത്മാക്കളുടെ ലോകത്ത് വെച്ചാണ് . പരിശുദ്ധമായ ഖുർആൻ അത് നമ്മോട് ഉണർത്തിത്തരുന്നുണ്ട്.
وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ(الأعراف)
നബിയേ, തങ്ങളുടെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്.)
ഇത് നാം ആത്മാക്കളുടെ ലോകത്ത് വെച്ച് അല്ലാഹുവുമായി ചെയ്ത കരാറാണ് . ഈ കരാർ ആത്മാവിന്റെ ലോകത്ത് വെച്ചാണ് നടന്നെതെങ്കിൽ ആ ആത്മാവ് ഭൗതികശരീരവുമായി ഈ ലോകത്ത് വരുമ്പോൾ അതിനെ പുതുക്കൽ അനിവാര്യമാണ്. എന്നാലെ ആത്മാക്കളുടെ ലോകത്ത് വെച്ച് നടത്തിയ കരാറ് കൊണ്ട് ഫലം ഉണ്ടാകുകയുള്ളൂ എന്നാണ് മഹാന്മാർ പറയുന്നത്.
മേൽ ആയത്ത് വിശദീകരിച്ച് റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) പറയുന്നു:
രണ്ടാമത്തെ കരാറിനെ പുതുക്കാനുള്ള അവസരം ഒരാൾ കണ്ടെത്തുകയും അതിനെ പൂർത്തീകരിക്കുകയും ചെയ്താലാണ് ഒന്നാമത്തെ കരാർ അവന് ഉപകാരപ്പെടുക.
രണ്ടാമത്തെ കരാർ ഈ ലോകത്ത് അവൻ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ആദ്യം അവൻ ചെയ്ത കരാറ് കൊണ്ട് ഒരു ഉപകാരവും ഉണ്ടാവുകയുമില്ല.
ഈ രണ്ടാമത്തെ കരാർ പൂർത്തിയാക്കുന്നതിന് മുമ്പ് പ്രായപൂർത്തിയാകാതെ മരിച്ചവനാണങ്കിൽ
ആദ്യം ചെയ്ത കരാർ പ്രകാരം അവന് ശുദ്ധ പ്രകൃതിയുടെ മേൽ മരിച്ചവനാണ്
ഇനി ഇവിടെയുള്ള സംശയം ഈ കരാറ് രണ്ടാമതായി സ്വീകരിക്കേണ്ടത് ആരിൽ നിന്നായിരിക്കണം എന്നാണ് .
അത് പ്രവാചകന്മാരുടെ കാലത്ത് അവരിൽ നിന്ന് സ്വീകരിക്കണം.
അല്ലാത്തവർ അവരുടെ കാലഘട്ടത്തിൽ തൗഹീദിന്റെ വചനം പുതുക്കിക്കൊടുക്കാൻ അല്ലാഹു നിർത്തിയ സൂഫികളിൽ നിന്നും കരാർ സ്വീകരിക്കണം
മഹാനായ ഇസ്മാഈലുൽ ഹഖി (റ) പറയുന്നു:
അല്ലാഹുവിലേക്ക് ചെന്നെത്തിയ സൂഫികളും യഥാർത്ഥ പണ്ഡിതരും എല്ലാ കാലഘട്ടത്തിലും അല്ലാഹു അഭിസംബോധന ചെയ്ത് ആത്മാക്കളോട് നടത്തിയ കരാറിനെ ഓർമ്മിപ്പിക്കുമായിരുന്നു. അങ്ങനെ ജനങ്ങൾ രണ്ട് വിഭാഗമായി മാറും. ഒന്ന് അനുസരിക്കുന്നവരും മറ്റൊന്ന് അവഗണിക്കുന്നവരും . അനുസരിച്ചവൻ ഹഖിലേക്കെത്തുകയും റബ്ബിന്റെ അടുക്കൽ സ്വീകാര്യനും അനുഗ്രഹീതനുമാകും. അവഗണിച്ചവൻ ശപിക്കപ്പെട്ടവനും ഹഖിന്റെ സവിധത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവനുമാകും. (റൂഹുൽ ബയാൻ)
ഈ ഒരു കരാറ് സ്വീകരിക്കുന്നതിനാണ് സൂഫികൾ ബൈഅത്ത് എന്ന് പറയുന്നത്. പരിപൂർണ്ണരായ സൂഫികളിൽ നിന്നും ഈ ബൈഅത്ത് ചെയ്യുന്ന പോലെ സ്വഹാബത്ത് നബി (സ്വ)യിൽ നിന്നും ബൈഅത്ത് സ്വീകരിച്ചിരുന്നു:
ഈ ഒരു ബൈഅത്ത് ത്വരീഖത്ത് കൈകാര്യം ചെയ്യുന്ന സൂഫികളിലൂടെയാണ് ഇന്ന് നിലനിന്ന് പോരുന്നത്.
അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا(سورة الفتح)
നബിയേ... തീര്‍ച്ചയായും നിങ്ങളോട് ഉടമ്പടി ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് ഉടമ്പടി ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (ഉടമ്പടി) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം സ്വാവി (റ) പറയുന്നു:
ഇക്കാലത്ത് മുറബ്ബിയായ സൂഫികൾ മുരീദന്മാരിൽ നിന്ന് എടുക്കുന്ന ഉടമ്പടി ഈ ഉടമ്പടിയിൽ ഉൾപ്പെടും. അത് കൊണ്ടാണ് സ്വൂഫികൾ ബൈഅത്ത് കൊടുക്കുന്ന സന്ദർഭത്തിൽ ഈ ആയത്ത് ഓതിക്കൊടുക്കുന്നത്. (ഹാശിയത്തുസ്സ്വാവി )
അല്ലാഹുവുമായി നാം ചെയ്ത ഉടമ്പടിയെ, കരാറിനെ പുതുക്കാനാണ് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നത്.
കരാർ പുതുക്കേണ്ടത് ജീവിച്ചിരിക്കുന്ന സൂഫികളിൽ നിന്നാകണമെന്നും തൗഹീദാകുന്ന കലിമത്തിനെയാണ് പുതുക്കേണ്ടതെന്നും മഹാന്മാർ നമ്മെ പഠിപ്പിക്കുന്നു :
ഇസ്മാഈലുൽ ഹഖി (റ) പറയുന്നു:
വിശുദ്ധമായ തൗഹീദ് ആവർത്തിച്ച് ഉരുവിടലും തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള കരാറ് പുതുക്കലും ബുദ്ധിമാന് അനിവാര്യമാണ്. ദോഷങ്ങൾ പൊറുക്കാനും മുഖർറബീങ്ങളായ സൂഫികളുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയരുവാനും അത് കാരണമായിത്തീരുന്നു.