
സയ്യിദുനാ ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) തങ്ങളുടെ നാൽപ്പത്തിയൊമ്പത് സന്താനങ്ങളിൽ മൂന്നാമത്തെ പുത്രനാണ് ശൈഖുൽ മശായിഖ് അൽ-ഖുത്വുബ് അശ്ശൈഖ് താജുദ്ദീൻ അബ്ദുർറസാഖ് ഖാദിരി (ഖ.സി).
ഹിജ്റ 528 ദുൽഖഅദ് 18 (ക്രി.വ. 1134 സെപ്തംബർ 9) നാണ് ശൈഖവർകളുടെ ജനനം. മാതാവ് സയ്യിദത്ത് ബീവി മദീന. പിതാവിന്റെ പൂർണ്ണ പരിചരണത്തിലും സംസ്കരണത്തിലും പഠനങ്ങൾ നടത്തുകയും കൂടാതെ അക്കാലത്ത് ബഗ്ദാദിലെ വിശ്രുതരായ ഉന്നത പണ്ഡിതന്മാരിൽ നിന്നും വിവിധ വിജ്ഞാന ശാഖകളിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു. ഹമ്പലി മദ്ഹബിൽ തലയെടുപ്പുള്ള ഫഖീഹായി അറിയപ്പെട്ട ശൈഖവർകൾ ബഗ്ദാദിലെ പ്രധാന മുഫ്തിയുമായിരുന്നു. ഹദീസിൽ 'ഹാഫിള് ' ആയിട്ടാണ് മഹാൻ അറിയപ്പെട്ടിരുന്നത്.
ശൈഖ് ഗൗസുൽ അഅ്ളം ജീലാനി (ഖ.സി) തങ്ങൾക്ക് നാലു ഭാര്യമാരിലായി നാൽപ്പത്തിയൊമ്പത് സന്താനങ്ങൾ ജനിച്ചിരുന്നു. ഇരുപത്തിയേഴ് പുത്രന്മാരും, ഇരുപത്തി രണ്ട് പുത്രികളും. പക്ഷെ, അതിൽ പതിനാല് സന്താനങ്ങൾ മാത്രമാണ് ജീവിച്ചിരുന്നത്. പതിമൂന്ന് പുത്രന്മാരും ഒരു പുത്രിയും മാത്രം. ബാക്കി മുപ്പത്തിയഞ്ച് സന്താനങ്ങളും വളരെ ശൈശവത്തിൽ തന്നെ വിടപറയുകയാണുണ്ടായത്.
സൂഫികൾ ' ألله ' പരമമായ സ്വത്വത്തെ മാത്രമെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയുള്ളു. അവനല്ലാത്തവയെല്ലാം ആപേക്ഷികമായ സ്വത്വങ്ങൾ മാത്രം. അതുകൊണ്ടു തന്നെ അവയെ അവലംബമാക്കുന്നത് അള്ളാഹു അല്ലാത്തവരെ അവലംബമാക്കുന്നതിന്ന് തുല്യമാണ്. അതവർക്ക് ശിർക്ക് തന്നെ. അത്തരമൊരു മാനസിക സാന്നിധ്യം കൈവരിക്കുമ്പോൾ മാത്രമെ യഥാർത്ഥത്തിൽ തൗഹീദ് തന്നെ പൂർണ്ണമാകുകയുള്ളു. അതിനാലാണ് ഇമാം ഗസ്സാലി (റ) തൗഹീദിനെ വിവക്ഷിക്കുന്നിടത്ത് 'തൗഹീദിന്റെ യാഥാർത്ഥ്യമെന്നത് സർവ്വവും അള്ളാഹുവിൽ അർപ്പിക്കുക' എന്നതാണെന്ന് പ്രസ്താവിച്ചത്.
അള്ളാഹുവിന്റെ സൃഷ്ടികളിൽ നിന്ന് ഓരോന്നിനുമുള്ള കടമകളും ബാധ്യതകളും എന്താണോ അതു മാത്രമെ സൂഫികൾ പരിഗണിക്കുകയുള്ളു. താൻ നട്ടു വളർത്തിയ പണം കായ്ക്കുന്ന മരം ഇടിവെട്ടി പോയാലും അവർക്കത് ദു:ഖവും വിഷമവും സൃഷ്ടിക്കാത്തത് അതുകൊണ്ടു തന്നെയാണ്. വിശുദ്ധ ഖുർആനിൽ അള്ളാഹു തആല പറയുന്നത് "അറിയുക, തീർച്ചയായും അള്ളാഹുവിന്റെ ഇഷ്ടദാസന്മാർക്ക് ദു:ഖമോ ഭയമോ അലട്ടുകയില്ല തന്നെ" എന്ന്.
ഖുത്വുബുൽ അഖ്ഥാബ് ശൈഖ് ജീലാനി (ഖ.സി) തങ്ങളുടെ ഓരോ കുഞ്ഞുങ്ങളും മരണപ്പെട്ടുവെന്ന വാർത്ത ശൈഖവർകളെ അറിയിക്കുന്ന മിക്ക അവസരങ്ങളിലും ബഗ്ദാദിലെ തന്റെ മദ്രസ്സയിൽ പതിവായി നടത്തിവരുന്ന നിശാ വിജ്ഞാന സദസ്സിന്റെ സമയത്തായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾ മിക്കവരും രാത്രിയിലായിരുന്നു മരണപ്പെട്ടിരുന്നത്. മരണ വാർത്തയറിഞ്ഞതിന്റെ യാതൊരു ഭാവമാറ്റവും ശൈഖവർകളിൽ ഉണ്ടാക്കുകയില്ലായെന്നല്ല തൻ്റെ വിജ്ഞാന സദസ്സിന് യാതൊരു വിഘ്നവും വരുത്താറുമുണ്ടായിരുന്നില്ല.അഭംഗുരം സദസ്സ് തുടരുകയും അതിന്നിടയിൽ അവിടത്തെ സേവകർ കുഞ്ഞുങ്ങളുടെ ജനാസ പരിപാലിച്ച് മദ്രസ്സയിൽ തൻ്റെ മുന്നിൽ കൊണ്ടു വെക്കുകയും തുടർന്ന് അവിടെ സന്നിഹിതരായവരെല്ലാവരും കൂടി ജനാസ നിസ്ക്കരിക്കുകയും ശേഷം വീണ്ടും പീഠത്തിൽ കയറി അഭംഗുരം വിജ്ഞാന സദസ്സ് തുടരുകയുമാണ് ചെയ്യാറുള്ളതെന്ന് ശൈഖ് ഇബ്നു നജ്ജാർ അവിടുത്തെ ചരിത്രത്തിൽ വിവരിക്കുന്നുണ്ട്.
ഗൗസുൽ അഅ്ളം (ഖ.സി) തങ്ങളുടെ പിൽക്കാലത്തു ജീവിച്ചിരുന്ന പതിമൂന്ന് പുത്രന്മാരും തങ്ങളുടെ പിതാവിന്റെ ആത്മീയ പിൻഗാമികളായിരുന്നുവെങ്കിലും ശൈഖ് അബ്ദുർറസാഖ് ഖാദിരി (ഖ.സി) തങ്ങളിലൂടെയാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ ലക്ഷോപലക്ഷം ശാഖകളും പ്രവഹിക്കുന്നത്. പിതാവിന്റെ കാലശേഷം ത്വരീഖത്തുൽ ഖാദിരിയ്യത്തിന് നേതൃത്വം വഹിച്ചിരുന്നത് ശൈഖവർകളായിരുന്നു. ശൈഖ് ഇബ്നു കസീൻ (റ) ശൈഖവർകളെ പ്രതിപാദിക്കുന്നിടത്ത് ശൈഖ് ജീലാനി (ഖ.സി) യുടെ സന്താനങ്ങളിൽ സയ്യിദ് അബ്ദുർറസാഖ് ഖാദിരിയേക്കാളും വിജ്ഞാനങ്ങളിലും പ്രാപ്തിയിലും നിപുണതയുള്ളവർ ഉണ്ടായിരുന്നില്ല എന്ന് രേഖപ്പെടുത്തിയതു കാണാം.
നമുക്കിടയിലുള്ള വൈവിധ്യമാർന്ന ഖാദിരിയ്യത്തിൻ്റെ സനദുകൾ ഇന്നും ശൈഖ് അബ്ദുർറസാഖ് ഖാദിരി (ഖ.സി) തങ്ങളിലൂടെയാണ് ഗൗസുൽ അഅ്ളം (ഖ.സി) ലേക്ക് ചെന്നെത്തുന്നത്.
വിജ്ഞാന പ്രസരണത്തിലും സദാ ഇബാദത്തിലുമായിരുന്ന ശൈഖവർകൾ പൊതുജനവാസത്തിനോട് വിരക്തി പ്രകടിപ്പിച്ച് മിക്ക സമയങ്ങളിലും വീട്ടിൽ തന്നെയായിരുന്നു വസിച്ചിരുന്നത്. അധികവും ജുമുഅ നിസ്ക്കാരത്തിനല്ലാതെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നില്ല. വലിയ ഉദാരമതിയും മുരീദന്മാരോട് അങ്ങേയറ്റം ആദരവും പ്രകടിപ്പിച്ചിരുന്ന ശൈഖ് തങ്ങൾ തൻ്റെ ദാരിദ്ര ജീവിതത്തിൽ വിവരണാതീതമായ ക്ഷമയും സഹനവും അവലംബിക്കുകയും സദാ സന്തോഷവാനുമായിരുന്നു.
ഗൗസുൽ അഅ്ളം ശൈഖ് ജീലാനി (ഖ.സി) തങ്ങളുടെ മദ്രസ്സത്തുൽ ബഗ്ദാദിയ്യയിലെ വിശ്രുതമായ പ്രഭാഷണങ്ങൾ ക്രോഡീകരിക്കുകയും അവ പ്രചരിപ്പിക്കപ്പെട്ടതും മഹാനിലൂടെയായിരുന്നു. ഖുത്വുബുൽ അഖ്ത്വാബായ തന്റെ പിതാവിനെ സദാ അനുഗമിക്കുകയും, പിതാവിനെ തൊട്ട് യാത്രകളിലടക്കമുള്ള നിരവധി അനുഭവ സാക്ഷ്യങ്ങളും അമലുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സൂഫി ഗാന രചയിതാവായിരുന്ന അല്ലാമ: കാടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി ശൈഖ് സയ്യിദ് അബ്ദുർറസാഖുൽ ഖാദിരീ (ഖ.സി) തങ്ങളെ കുറിച്ച് മനോഹരമായ ഒരു ഗാനം രചിച്ചിട്ടുണ്ട്.
'അബ്ദുർറസാഖ് ഇബ്നു മുഹ്‌യിദ്ദീൻ
അനുകൂല സുന്ദിര ലോക പ്രതിഭ മക്,
സുൽതാനുൽ ആരിഫീൻ,
ബഗ്ദാദൊളി നായകമേ'....
ഹിജ്റ 603 ശവ്വാൽ 6 (ക്രി.വ. 1207 മെയ് 6)ന് ശനിയാഴ്ച്ച രാത്രിയിൽ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ വഫാത്താകുകയും ബഗ്ദാദിൽ ഇമാമുനാ അൽ-ഇമാം അഹ്‌മദ് ഇബ്നു ഹമ്പൽ (റ)ന്റെ മഖ്ബറയുടെ ചാരത്ത് ഖബറടക്കം നടത്തുകയും ചെയ്തു.
ശൈഖവർകളുടെ സരണിയിൽ ഞങ്ങളെ ഉൾപ്പെടുത്തുകയും അവിടത്തെ മദദുംശഫാഅത്തും ഞങ്ങൾക്കു ലഭ്യമാക്കുകയും ചെയ്യണമേ