സൂഫികളുടെ ദിക്റ്


ഏറ്റവും ഉന്നതമായ ആരാധനകളിൽ ഒന്നാണ് ദിക്റ്. അല്ലാഹുവിൻ്റെ സ്മരണയിൽ അഥവാ അവന്റെ ദിക്റിൽ മുഴുകുന്ന ഒരു വ്യക്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും പ്രാർത്ഥിക്കുന്നവർക്ക് കൊടുക്കുന്നവയിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു നൽകും.*

അല്ലാഹുവിന്റെ ദിക്റിനെ സംബന്ധിച്ച് ഇമാം ഗസ്സാലി(റ) പറയുന്നു. ദിക്റിന് മൂന്ന് തൊലികളും ഒരു കാമ്പുമാണു മുള്ളത്.

1.  നാവ് കൊണ്ട് മാത്രമുള്ള ദിക്റ്

2.  ഖൽബ് കൊണ്ടുള്ള ദിക്റ്

3.  ഖൽബിൽ സ്ഥിരമാകുന്ന അവസ്ഥയിലുള്ള ദിക്റ്.

നാം ശ്രമിക്കാതെ തന്നെ ഖൽബിൽ ദിക്റുള്ളത് നമുക്കറിയാൻ കഴിയും. അതായത് ആ ദിക്റ് പോകണമെങ്കിൽ നാം ശ്രമിക്കണം. അല്ലാഹ് എന്ന ദിക്റ് ഖൽബിൽ സ്ഥിരമായവരാണവർ.

മറ്റ് പ്രവർത്തനങ്ങളിലും സംസാരങ്ങളിലും മുഴുകുമ്പോഴും ഈ ദിക്റ് അവരുടെ ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞ് പോവുകയില്ല. അവരെപ്പോഴും ദിക്റിൽ തന്നെയായിരിക്കും. കച്ചവടമോ മറ്റ് ക്രയവിക്രയമോ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് തിരിച്ച് വിടാത്ത മഹാന്മാരെ സംബന്ധിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്.

ഇതാണ് മൂന്നാമത്തെ അവസ്ഥയിലുള്ള ദിക്റ്. ഇതിന്റെയെല്ലാം മുകളിലാണ് കാമ്പായി നിലകൊള്ളുന്ന നാലാമത്തെ അവസ്ഥ. ഈ ഉന്നതാവസ്ഥയിലുള്ളവർക്ക് ഓർക്കൽ (ദിക്റ്) ആവശ്യമില്ല. കാരണം മറന്നവനേയല്ലേ ഓർക്കേണ്ടിവരിക.

അത് കൊണ്ടാണ് സൂഫിവര്യനായ അബൂ യസീദുൽ ബിസ്ത്വാമി(റ) പറഞ്ഞത്: "ഞാനെന്റെ റബ്ബിനെ സ്മരിച്ചു ഓർത്തു എന്ന് പറയുന്നതിനെ സംബന്ധിച്ച് എനിക്ക് അത്ഭുതം തോന്നുകയാണ് അല്ലാഹുവിനെ എങ്ങനെ മറക്കാൻ കഴിയും. മറന്നാലല്ലേ ഓർത്തു എന്ന് പറയുക"

"പ്രേമത്തിന്റെ മദ്യചശകങ്ങൾ ഓരോന്നായി ഞാൻ കുടിച്ച് വറ്റിച്ചു. പക്ഷെ എന്റെ ദാഹം തീർന്നതുമില്ല പ്രേമസാഗരം വറ്റിയതുമില്ല"

ശൈഖ് സംനൂൻ(റ) പറയുന്നു:

 സ്മരിക്കപ്പെടുന്ന (മദ്കൂർ) അല്ലാഹുവിൽ ലയിച്ചത് കാരണം എല്ലാ വസ്തുക്കളെയും മറക്കലാണ് യഥാർത്ഥ ദിക്റ്. അപ്പോൾ അവന്റെ എല്ലാ സമയവും ദിക്റായി മാറും...

ശൈഖ് ഇമാം വാസിത്വി(റ) പറയുന്നു : ദിക്റിനെ തന്നെ മറന്ന് ദിക്റിൽ നിന്ന് പിന്തിരിയലും ഓർക്കപ്പെടുന്ന അല്ലാഹുവിനെ കൊണ്ടു നിലനിന്ന് അവനിൽ ലയിക്കലുമാണ് യഥാർത്ഥ ദിക്റ്.

മദ്കൂറായ അല്ലാഹുവിൽ ലയിച്ച ഒരു സൂഫിവര്യന് അല്ലാഹുവിനെ ഓർക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ അവൻ ദിക്റ് ചൊല്ലുന്നത് അവന്റെ സ്ഥാനം എത്താത്തവർക്ക് മാതൃകയാവാനും അവരെ പഠിപ്പിക്കാനുമാണ്.

ഇബ്നു അറബി(റ) അടക്കമുള്ള സൂഫികൾ പറഞ്ഞതായി കാണാം..

"അല്ലാഹുവിനെ ഓർക്കൽ കാരണമായി ദോഷങ്ങൾ അധികരിക്കുകയും ഹൃദയങ്ങൾക്കും ഉൾക്കാഴ്ച്ചകൾക്കും മങ്ങലേൽക്കുകയും ചെയ്യും"

അല്ലാഹുവിനെ ഓർക്കൽ അത്ഭുതകരമായി കാണുന്ന സൂഫികളെ സംബന്ധിച്ചാണ് ഈ വരികൾ ഉണർത്തുന്നത്. അല്ലാഹുവിൽ ലയിച്ച സ്വൂഫികൾ മുശാഹദ (അവനും അല്ലാഹുവും പരസ്പരം ദർശിക്കൽ)യിലായി കഴിയുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനെ ഓർക്കുക എന്ന താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങിവരൽ ഏറ്റവും വലിയ നഷ്ടമാണ് (സ്വൂഫികളുടെ കാഴ്ച്ചപ്പാടിൽ)

ഇമാം അൽ ഖുത്വ് ബുശ്ശഅറാനി(റ) പറയുന്നു:

മുശാഹദ എന്ന അവസ്ഥ കരസ്ഥമാക്കിയാൽ ദിക്റിന് പ്രസക്തിയില്ല.

ശേഷം മഹാനവർകൾ ഇതിനെ വിശദീകരിക്കുന്നു: അല്ലാഹുവിനോടൊപ്പം ഹൃദയത്തിൽ അവൻ്റെ സാന്നിദ്ധ്യം നിലനിർത്താനാണ് ദിക്റ് മത നിയമമാക്കപ്പെട്ടത്. ഒരു മുരീദ് ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു വസ്തുവിൻ്റെ ചിന്തയിൽ ലയിച്ചവനാണങ്കിൽ അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിച്ചവനല്ല. അഥവാ അവൻ്റെ ഖൽബിൽ അല്ലാഹുവിന് പകരം ആ വസ്തുവും ചിന്തയുമാണ്.