ശൈഖ് മുഹ്‌യിദ്ദീൻ ഇബ്നു അറബി (റ) പറയുന്നു;
“സിയാറത്ത് എത്രയോ ആളുകളെയാണ് നശിപ്പിച്ചത് ?! മുരീദുമാർ വേറെ ശൈഖിനെ സന്ദർശിക്കുമ്പോൾ തന്റെ ശൈഖ് തനിക്ക് നിരോധിച്ചിട്ടുള്ള കാര്യങ്ങൾ ആ ശൈഖ് അവിടുത്തെ ശിഷ്യന്മാരോട് ചെയ്യാൻ കൽപിച്ചതായി കാണും. അപ്പോൾ തന്റെ മനസ്സ് ആ ശൈഖിലേക്ക് ചായുകയും തത്സമയം തന്റെ ശൈഖ് അവന്റെ മനസ്സിൽ നിന്നും ഒഴിവാകുന്നതുമാണ്. തന്റെ മനസ്സിൽ നിന്ന് തന്റെ ശൈഖ് ഒഴിവാകുകയും പിന്നെ ആ ശൈഖിനോട് സഹവസിക്കുകയും ചെയ്താൽ അത് ഒരൊറ്റ ശരീരം പോലെ സഹവസിച്ചാലും ശരി അവൻ കപടനും അല്ലാഹുവിനോടുള്ള കരാർ ലംഘിച്ചവനുമാണ്. അഥവാ തന്റെ ശൈഖല്ലാത്ത ആരിലേക്കും ചായുകയില്ലെന്ന കരാർ ലംഘിച്ചവൻ.
നിന്റെ ശൈഖ് മറ്റുള്ളവരെ സന്ദർശിക്കുന്നതിനെ തൊട്ട് നിന്നെ തടയുന്നത് നേത്യത്വ മോഹത്താലോ ശൈഖിന്റെ സമകാലികർക്ക് കൂടുതൽ ശിഷ്യന്മാർ ഉണ്ടാകുന്നതിലുള്ള അസൂയയാലോ ആണെന്ന് ഭാവിക്കുന്നതിനെ തൊട്ട് നീ നന്നായി സൂക്ഷിച്ചു കൊള്ളുവീൻ. ദുർബലവിശ്വാസികളായ മുരീദുമാരും ത്വരീഖത്തിനെ സംബന്ധിച്ച് അറിവില്ലാത്തവരും ഭാവിക്കുന്നത് പോലെ. നിശ്ചയം അത് ശൈഖിനെ പറ്റിയുള്ള ദുർവിചാരത്തിൽ പെട്ടതും അത് നീയും ശൈഖും തമ്മിലുള്ള കരാർ പൊളിക്കലുമാണ്. നീ നിന്റെ അവസ്ഥയോട് ശൈഖിന്റെ അവസ്ഥയെ തുലനപ്പെടുത്തുകയും രണ്ടും തുല്യമാണെന്ന് വിധിക്കുകയും ചെയ്യരുത്.
അപ്രകാരം നീ ചെയ്താൽ നീ വഞ്ചകനും കരാർ മുറിച്ചവനുമാകുന്നതാണ്. ശൈഖിന്റെ അവസ്ഥ നിന്റെ അവസ്ഥ പോലെയായിരുന്നുവെങ്കിൽ ശൈഖ് നിന്റെ ശൈഖാവില്ലായിരുന്നു. നീ നിന്റെ ശൈഖിനോടും അവിടുത്തെ ശിഷ്യന്മാരോടും ഒപ്പം കൂടിക്കോളൂ. ആട്ടിയോടിച്ചാലും നീ ശൈഖിന്റെ വാതിൽക്കൽ തന്നെ നിൽക്കണം. പിന്നെയും ആട്ടിയോടിക്കുകയാണെങ്കിൽ അൽപം കൂടി മാറി നിൽക്കണം. അതല്ലാതെ നിന്റെ ശൈഖുമായി നീ പിരിയരുത്. കാരണം ശൈഖല്ലാത്ത മറ്റാരിലൂടെയും നീ ഒരിക്കലും വിജയിക്കുകയില്ല. ഇത് പരീക്ഷിച്ച് അറിഞ്ഞിട്ടുള്ളതാണ് (തുഹ്ഫതു അഹ്‌ലിൽ ഫുതൂഹാതി വൽ അദ്‌വാഖ്)
യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ..