അശ്ശൈഖ് സയ്യിദ് അബ്ദുറഹ്‌മാൻ അല്‍ ഹൈദ്രോസ് (ഖ.സി), പൊന്നാനി (1687-1751)

കേരളത്തിലെ ആത്മീയ പ്രചാരണത്തിലും നവോത്ഥാനത്തിലും നിത്യസ്മരണീയമായാ മുദ്ര ചാര്‍ത്തിയ ആത്മീയ നേതൃത്വമാണ് പൊന്നാനി വലിയ ജാറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്‌മാൻ അല്‍ ഹൈദ്രോസ് (ഖ.സി).

സയ്യിദ് അബ്ദുറഹ്‌മാൻ സഖാഫിന്‍റെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ സകറാന്‍റെ പുത്രന്‍ സയ്യിദ് അബ്ദുള്ള ഹൈദ്രോസ് അവർകളുടെ സന്താനപരമ്പരയാണ് ഹൈദ്രോസികള്‍. 1687 (ഹിജ്റ 1099)ല്‍ ഹള്റമൗത്തില്‍ ജനിച്ച് അവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം, 1703 (ഹിജ്റ 1115)ല്‍ മലബാറിലെ കോഴിക്കോട് എത്തിച്ചേരുകയും, പിന്നീട് ആത്മീയ പ്രചരണാര്‍ത്ഥം പൊന്നാനിയില്‍ വന്ന് താമസമാക്കുകയും ചെയ്തു. പിതാവും ആത്മീയ ഗുരുവുമായ സയ്യിദ് അലി ഇബ്നു ഹുസൈന്‍ അല്‍ ഹൈദ്രോസ് ഹള്റമിയില്‍ നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത്.

ഹിജ്റ ആറാം നൂറ്റാണ്ടില്‍ ഇറാഖില്‍ രൂപീകൃതമായ ഖാദിരിയ്യ ത്വരീഖത്ത്, ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (1077-1165) യോട് ചേര്‍ത്താണ് അറിയപ്പെടുന്നത്. ഖാദിരിയ്യ ത്വരീഖത്തിന്‍റെ സന്ദേശങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ, ശൈഖ് ഫരീദുദ്ദീന്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ പ്രസ്തുത ത്വരീഖത്ത് പൊന്നാനിയിലും പ്രചാരം നേടിയിയിരുന്നു. അദ്ദേഹം സ്ഥാപിച്ച തോട്ടുങ്ങല്‍ പള്ളി ആസ്ഥാനമായാണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ത്വരീഖത്തിന്‍റെ ഔദ്യോഗിക പദവി ലഭിച്ച ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റേയും മകന്‍ അല്ലാമാ അബ്ദുല്‍ അസീസിന്‍റേയും, പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റേയും ശ്രമഫലത്താല്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഖാദിരിയ്യ ത്വരീഖത്ത് വ്യാപിച്ചു. ഇവരുടെ ആസ്ഥാനകേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സ്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതശ്രേഷ്ഠന്മാരാണ് മുഖ്യ പ്രചാരകര്‍. സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളുടെ ആഗമനത്തോടെ പൊന്നാനിയിലും, പരിസരങ്ങളിലും സാധാരണക്കാരുടെ ഇടയില്‍പോലും ഖാദിരിയ്യ ത്വരീഖത്തിന് വ്യാപകപ്രചാരം നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ വൈജ്ഞാനിക പാണ്ഡിത്യ മേഖലയ്ക്ക് മഖ്ദൂമുകള്‍ നേതൃത്വം നല്‍കിയപ്പോള്‍, ആത്മീയ നേതൃത്വം സയ്യിദന്മാരിലായിരുന്നു.

സയ്യിദ് ഹൈദ്രോസ് തങ്ങൾ ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും ആദരണീയരും ആശ്രിതവത്സനുമായിരുന്നു. ഇവരുടെ ആത്മീയശോഭയാല്‍ മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം അക്കാലത്ത് മുസ്ലീങ്ങളായി തുടര്‍ന്ന് ഇവര്‍ പുതു ഇസ്ലാമീങ്ങളെന്ന പേരില്‍ അറിയപ്പെട്ടു.

ആത്മീയ ഭൗതിക വിഷയങ്ങളില്‍ അഗാത ജ്ഞാനമുണ്ടായിരുന്ന മന്‍ത്വിഖ്, തസ്വവ്വുഫ് എന്നീ വിജ്ഞാന ശാഖയാല്‍ വലിയ അവഗാഹം നേടിയിരുന്നു. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് തുടങ്ങിയ ആത്മീയ ഉന്നത മേഖലകളില്‍ നിന്ന് കൊണ്ട് ശിഷ്യഗണങ്ങള്‍ക്ക് തസ്വവ്വുഫിന്‍റെ വെളിച്ചം വിതറിയ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ കഴിവുള്ള ആത്മജ്ഞാനത്തിന്‍റെ ഉടമകൂടിയായിരുന്നു. ആളുകളുടെ അകമില്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍കാഴ്ചയിലൂടെ വെളിവാക്കിയ നിരവധി അനുഭവസംഭവങ്ങളുണ്ടായിട്ടുണ്ട്.

നൂറ്റാണ്ടിന്‍റെ ഖുത്വുബായിരുന്ന ശൈഖ് സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. അവരില്‍ ഉന്നതസ്ഥാനീയരായിത്തീര്‍ന്ന പലരുമുണ്ട്. കൊയിലാണ്ടിയിലെ ശൈഖ് സയ്യിദ് ജമാലുദ്ദീന്‍ മുഹമ്മദ് ഹാമിദ് വലിസീതിതങ്ങള്‍, വടകരയിലെ ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതിതങ്ങള്‍, വടകര കോട്ടക്കലിലെ ശൈഖ് സയ്യിദ് മുശ്ശൈഖ് ഹാമിദ് കുഞ്ഞിസീതിതങ്ങള്‍ എന്നീ സഹോദരങ്ങളും, സയ്യിദ് മുഹമ്മദ് ബിന്‍ അലി ഹൈദ്രോസ്, സയ്യിദ് അബ്ദുള്ള ബിന്‍ ശൈഖ് ബാഫഖി, സയ്യിദ് അലി ബിന്‍ ഹുസൈന്‍ ഹൈദ്രോസ്, സയ്യിദ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാൻ ഫഖീഹ് തുടങ്ങി ആത്മീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹാരഥന്മാര്‍ ശിഷ്യരായിട്ടുണ്ട്.

ചാവക്കാട് ഉത്വാങ്ങാനകം തറവാട്ടില്‍ നിന്നും കൊച്ചി രാജകുടുംബത്തില്‍ നിന്നും വിവാഹം ചെയ്ത സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങള്‍ക്ക് ചാവക്കാട് സയ്യിദ് മുഹമ്മദ്, സയ്യിദ് അലി, സയ്യിദ് അലവി സയ്യിദ് അബൂബക്കര്‍ എന്നിവരും കൊച്ചിയില്‍ നിന്നുള്ള വിവാഹത്തില്‍ സയ്യിദ് മുസ്ത്വഫ, സയ്യിദ് ഹുസൈന്‍ എന്നിവരുമാണ് പുത്രന്മാരായിട്ടുള്ളത്.

ചാവക്കാട് വെച്ച് ഹിജ്റ 1164 (ക്രി.വ.1751)ല്‍ ഇഹലോകവാസം വെടിഞ്ഞ മഹാനവര്‍കളുടെ ജനാസ പൊന്നാനിയിലേക്ക് കൊണ്ടുവന്ന് വലിയജാറം അങ്കണത്തിലെ പ്രധാന മഖ്ബറയില്‍ അടക്കം ചെയ്തു.

സയ്യിദ് ഹൈദ്രോസ് തങ്ങളുടെ സന്താനങ്ങളില്‍ പ്രശസ്തിയില്‍ കൂടുതല്‍ മികച്ചുനിന്നത് പൊന്നാനിയില്‍ നിന്ന് കൊച്ചി തൈക്യാവിലെത്തി താമസമുറപ്പിച്ച സയ്യിദ് അബൂബക്കര്‍ ഹൈദ്രോസ് വമ്പ് ആയിരുന്നു. ബാല്യം മുതല്‍ തന്നെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹം പിതാവിനാലും മറ്റ് സര്‍വ്വരാലും വമ്പന്‍ എന്ന് പ്രശംസിക്കപ്പെട്ടു. തന്മൂലം സയ്യിദ് അബൂബക്കര്‍ വമ്പ് എന്ന അപരനാമത്താല്‍ ഖ്യാതിനേടി. പിതാവില്‍ നിന്നു തന്നെയാണ് ത്വരീഖത്ത് സ്വീകരിച്ചത്.

കൊച്ചി തിരുവിതാംകര്‍ രാജകുടുംബങ്ങളുമായി സുദൃഢബന്ധം നിലനിര്‍ത്തപ്പോന്നിരുന്ന സയ്യിദ് അബൂബക്കര്‍ വമ്പ് അവരുടെ സ്നേഹാദരങ്ങള്‍ക്കും പ്രശംസയ്ക്കും പാത്രമായി. തല്‍ഫലമായി. തിരുവിതാംകര്‍ മഹാരാജാവ് അദ്ദേഹത്തിന് ഒരു അമൂല്യ ശംഖ് തന്നെ സമ്മാനിച്ചു. പണ്ഡിതശ്രേഷ്ഠനും സൂഫിവര്യനുമായ തങ്ങള്‍ ക്രി.വ.1814 (ഹിജ്റ 1229)ല്‍ ഇഹലോകവാസം വെടിഞ്ഞു.

സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് അവർകളുടെ പുത്ര പരമ്പരയില്‍പ്പെട്ടവര്‍ മഖ്ദൂം തറവാടുമായി വിവാഹബന്ധം സ്ഥാപിച്ചിരുന്നു. ഹൈദ്രോസികളില്‍ ചിലര്‍ മഖ്ദൂം പദവിയും അലങ്കരിച്ചിട്ടുണ്ട്.

മൂന്നാക്കല്‍ വലിയ ജുമാമസ്ജിദ്, മേലെ ചെറിയ ജുമാമസ്ജിദ്, കാരക്കാട് ജുമാമസ്ജിദ്, കാട്ടിപ്പരുത്തി ജുമാമസ്ജിദ്, കാരക്കാട് വടക്കേ ജുമാമസ്ജിദ്, പാങ്ങ് ജുമാമസ്ജിദ്, തോഴന്നൂര്‍ ജുമാമസ്ജിദ്, വേങ്ങാട്ട് ജുമാമസ്ജിദ്, മൂര്‍ക്കനാട് ജുമാമസ്ജിദ്, കൊളത്തൂര്‍ ജുമാമസ്ജിദ്, പുറമണ്ണൂ ര്‍ ജുമാമസ്ജിദ്, തിരുവേഗപ്പുറ ജുമാമസ്ജിദ്, ഇരുമ്പിളിയം ജുമാമസ്ജിദ്, കൊടുമുടി ജുമാമസ്ജിദ്, എടയൂര്‍ ജുമാമസ്ജിദ്, കോട്ടപ്പുറം ജുമാമസ്ജിദ്, കൊപ്പം ജുമാമസ്ജിദ് തുടങ്ങി മലബാറിലും തിരുകൊച്ചിയിലും വിവിധ ഭാഗങ്ങളില്‍ ഖാസി സ്ഥാനത്തിന്‍റേയും ധാരാളം ഭൂസ്വത്തിന്‍റേയും അധിപന്മാരായിരുന്നു വലിയ ജാറം തങ്ങന്മാര്‍. പുതുപൊന്നാനിയിലുണ്ടായിരുന്ന സ്ഥലത്താണ് ഹൈദ്രോസ് ജുമാമസ്ജിദ് നിലകൊള്ളുന്നത്.

വിവരസാങ്കേതിക വിദ്യ ഇന്നത്തെപോലെ വികസിക്കാത്ത കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ മാസം ഉറപ്പിക്കുന്നതിന് ഏകീകരണ രൂപമില്ലായിരുന്നു. അക്കാലത്ത് മലബാറിലേയും കൊച്ചി രാജ്യൃത്തയും തങ്ങന്മാരുടെ പുകള്‍പ്പെറ്റ തറവാടും പല മഹല്ലുകളുടെ ഖാസിസ്ഥാനികളുടെ ആസ്ഥാനവുമായിരുന്നു വലിയ ജാറം. റംസാന്‍ മാസപിറ കണ്ടാല്‍ ഇവിടത്തെ ഖാന്‍ സാഹിബ് സയ്യിദ് ആറ്റക്കോയതങ്ങളുടെ സന്നിധാനത്തിലെത്തി സാക്ഷി സഹിതം വിവരം ബോധിപ്പിക്കും. അംഗശുദ്ധി(വുളുഅ്) വരുത്തി പിറ കണ്ട വിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമേ മാസം ഉറപ്പിക്കുകയുള്ളു. കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പുതിയ (കോടി)മുണ്ടും ഇനാമായി നല്‍കും. തുടര്‍ന്ന് ഏഴ് കതിന വെടികള്‍ മുഴങ്ങും ഇതായിരുന്നു മാസമുറപ്പിച്ചതിന്‍റെ അടയാളം. നാടാകെ പ്രകമ്പനം കൊള്ളിക്കുന്ന വെടിയൊച്ച കേട്ടാല്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ഭക്തിസാന്ദ്രമായ ദൈവീക കാരുണ്യത്തിന്‍റെ കവാടങ്ങള്‍ തുറക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റെ ദിനരാത്രങ്ങളുടെ തുടക്കമായി. നാടാകെ റംസാന്‍ മാസത്തെ സസന്തോഷം വരവേല്‍ക്കുന്ന പ്രതീതിയും ആത്മീയ ചൈതന്യവും തിരയടിക്കും. കൊച്ചി രാജ്യത്തിലേയും തിരുമലശ്ശേരി നാട്ടിലേയും വെട്ടത്ത് നാട്ടിലേയും വള്ളുവനാട്ടിലേയും പല മഹല്ലുകളുടെയും ഖാസിസ്ഥാനം വലിയ ജാറത്തിനായിരുന്നു. വിവിധ മഹല്ലുകളിലെ ഉലമാ ഉമറാക്കളും മുതവല്ലിമാരും നാട്ടുകാരണവന്മാരും നേരത്തെ തന്നെ വന്ന് വലിയ ജാറത്തിങ്കല്‍ ക്യാമ്പ് ചെയ്യും.

ടിപ്പുസുല്‍ത്താന്‍ ഭരണകൂടം വലിയ ജാറത്തിന് 2.90 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ടിപ്പുസുല്‍ത്താന്‍ റോഡിനു ചാരെ ഇന്നും പടര്‍ന്നുപന്തലിച്ചു പകലന്തിയോളം ശീതഛായയും ഇളംങ്കാറ്റും അനുസൃതം പകരുന്ന പതിറ്റാണ്ടുകളുടെ ഓര്‍മ്മ ചിഹ്നമായി പരിലസിക്കുന്ന രണ്ടു ഭീമന്‍ ചീനി മരങ്ങള്‍ക്ക് പറയാനുള്ളത് ഏതാണ്ടു ഒരേക്കര്‍ സ്ഥലത്തു പരന്നു കിടക്കുന്ന പ്രശസ്തിയുടെ പാരമ്യകാലത്ത് നിര്‍മ്മിച്ച വലിയ ജാറം മാളിക വീടുകളുടേയും, പള്ളിയുടേയും, പടിപ്പുര തട്ടിന്‍മുകളിന്‍റേയും, സയ്യിദന്മാരുടെ ഖബറിടങ്ങളുടേയും രോമാഞ്ചദായകമായ ചരിത്രമാണ്.

"ഹളറമൗത്തീന്ന് പതിയകം വന്ന,
സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് പൂവേ..
സ്വന്ത ആശയാല്‍ പൊന്നാനിക്കണഞ്ഞു പാര്‍ത്തെ,
സുപ്പതി സൂതനാം നബിയുടെ മുപ്പതാം മകനാം..."

തുടങ്ങി പഴമക്കാര്‍ പാടിയിരുന്ന ഇത്തരത്തിലുള്ള കെസ്സ് പാട്ടുകളും മദ്ഹുകളും, മാലകളും, മൗലിദും റാത്തീബും പ്രചാരത്തിലുണ്ട്. സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളുടെ മദ്ഹുകള്‍ വിവരിക്കുന്ന വലിയ ഹൈദ്രോസ് മാല എന്ന പേരില്‍ ഒരു കൃതി 1907ല്‍ പൊന്നാനിയിലെ പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് നാലകത്ത് കുഞ്ഞിമൊയ്തീന്‍കുട്ടി രചിച്ചിട്ടുണ്ട്.

ഹൈദ്രോസ് മൗലിദ് വടകര ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ (ഖ. സി) അവര്‍കളുടെ നിര്‍ദ്ദേശ പ്രകാരം ശിഷ്യന്‍ അബ്ദുല്‍ മജീദ് മുസ്ല്യാര്‍ പൂനൂര്‍ രചന നിര്‍വ്വഹിതാണ്.

സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളുടെ വംശപരമ്പര (ശജറ)
പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം.

1. സയ്യിദ് അബ്ദുറഹ്‌മാൻ അല്‍ ഹൈദ്രോസ്.
2. സയ്യിദ് അലി.
3. സയ്യിദ് ഹുസൈന്‍.
4. സയ്യിദ് അലവി.
5. സയ്യിദ് മുഹമ്മദ്.
6. സയ്യിദ് അഹ്‌മദ്.
7. സയ്യിദ് ഹുസൈന്‍.
8. സയ്യിദ് അബ്ദുള്ളാഹില്‍ ഹൈദ്രോസ്.
9. സയ്യിദ് അബൂബക്കര്‍ സക്റാന്‍.
10. സയ്യിദ് അബ്ദുറഹ്‌മാൻ സഖാഫ്.
11. സയ്യിദ് മുഹമ്മദ് മൗലദ്ദവീല.
12. സയ്യിദ് അലി.
13. സയ്യിദ് അലവി.
14. സയ്യിദ് മുഹമ്മദ് അല്‍ ഫഖീഹില്‍ മുഖദ്ദം.
15. സയ്യിദ് അലി.
16. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ മിര്‍ബാത്വ്.
17. സയ്യിദ് അലി ഹാലിയില്‍ ഖിസം.
18. സയ്യിദ് അലവി.
19. സയ്യിദ് മുഹമ്മദ്.
20. സയ്യിദ് അലവി.
21. സയ്യിദ് ഉബൈദുള്ള.
22. സയ്യിദ് അഹ്‌മദുല്‍ മുഹാജിര്‍.
23. സയ്യിദ് ഈസല്‍ നുഖൈബ്.
24. സയ്യിദ് മുഹമ്മദ്.
25. സയ്യിദ് അലിയ്യില്‍ ഉറൈളി.
26. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്.
27. സയ്യിദ് മുഹമ്മദ് ബാഖിര്‍.
28. സയ്യിദ് സൈനുല്‍ ആബിദീന്‍.
29. സയ്യിദ് ഹുസൈന്‍.
30. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
31. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).