ശൈഖ് നിൽക്കുമ്പോൾ ശൈഖിന്റെ സന്നിധിയിൽ ഇരിക്കാതിരിക്കലും, ശൈഖിന്റെ സമക്ഷത്തിൽ വെച്ച് അവിടുത്തെ അനുവാദമില്ലാതെ അത്യാവശ്യ ഘട്ടത്തിൽ പോലും ഉറങ്ങാതിരിക്കലും, തന്റെ ഹൃദയം കൊണ്ട് സദാ സമയം ശൈഖിനെ കണ്ടു കൊണ്ടിരിക്കലും, തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ശൈഖിന്റെ ബറകത്ത് മുഖേനെയാണെന്ന് കാണലും, ശൈഖ് വെറുക്കുന്നവരോടൊപ്പം സഹവസിക്കാതിരിക്കലും, അവരോട് പിണങ്ങുന്നതിലും അവരിൽ നിന്ന് പിന്തിരിയുന്നതിലും ക്ഷമ കാണിക്കലും, ശൈഖിന്റെ സംസാരം പ്രത്യേക അടയാളമൊന്നുമില്ലാത്തപ്പോൾ ബാഹ്യമായി തന്നെ മനസ്സിലാക്കലും, അതനുസരിക്കലും ശൈഖിനോടുള്ള മര്യാദകളിൽ പെട്ടതാണ്.
ശൈഖ് നൽകിയ പതിവാക്കേണ്ട ദിക്റുകളും മറ്റും മുറുകെപിടിക്കുകയും വേണം. നിശ്ചയമായും ശൈഖിന്റെ മദദ് അവിടുന്ന് നൽകിയ ഔറാദുകളിലാണ്, അതിൽ നിന്ന് പിന്തിരിയുന്നവന് ശൈഖിന്റെ മദദ് (സഹായം) തടയപ്പെടുന്നതുമാണ്" (ഹാശിയതുൽ അല്ലാമത്തി സ്സ്വാവി അലാ ശർഹിൽ ഖരീദത്തിൽ ബഹിയ).
അശ്ശൈഖ് മുഹമ്മദ് അമീൻ അൽ കുർദിയ്യുൽ ഇർബലിയ്യുന്നഖ്ശബന്ദി (റ) അദ്ദേഹത്തിന്റെ തൻവീറുൽ ഖുലൂബ് ഫീ മുആമലത്തി അല്ലാമിൽ ഗുയൂബ് എന്ന ഗ്രന്ഥത്തിൽ പറയുന്നു. അത്യാവശ്യത്തിന് വേണ്ടിയല്ലാതെ മുരീദുമാർ അവരുടെ സഹോദരന്മാരല്ലാത്തവരോട് സംസാരിക്കുന്നതിനെ തൊട്ട് അവരെ തടയൽ ശൈഖിന് നിർബന്ധമാണ്. സഹോദരന്മാർ തമ്മിൽ അവർക്കുണ്ടാകുന്ന കറാമത്തുകളും മറ്റും പറയുന്നതും ശൈഖ് തടയണം. ആ വിഷയത്തിൽ ശൈഖ് അവർക്ക് വിട്ടുവീഴ്ച്ച ചെയ്താൽ അവരുടെ കാര്യത്തിൽ അദ്ദേഹം നീതികേട് (ദോഷകരമായത്) ചെയ്തവനാകുന്നതാണ്. അഹങ്കാരം, ഉൾനാട്യം, പൊങ്ങച്ചം പോലുള്ള അവരെ പിന്നോട്ടടിക്കുന്ന കാര്യങ്ങൾ അതിനെ തുടർന്നുണ്ടാകുന്നതാണ്.
തന്റെ ശിഷ്യന്മാർ മറ്റ് ശൈഖുമാരുടെ ശിഷ്യന്മാരുമായി കൂടി ഇരിക്കുന്നതിനെ തൊട്ട് അവരെ തടയൽ ശൈഖിന് നിർബന്ധമാണ്. എന്ത്കൊണ്ടെന്നാൽ അത് മൂലം പ്രയാണത്തിന് തടസ്സം വരുന്ന ബുദ്ധിമുട്ട് അവരിൽ പെട്ടെന്ന് വന്ന് ഭവിക്കും. ഇനി മുരീദുമാർ തന്നോടുള്ള (ശൈഖിനോടുള്ള) മഹബ്ബത്തിൽ ഉറച്ചവരും അവർക്ക് ചാഞ്ചല്യം ഉണ്ടാകുമെന്ന് ശൈഖ് ഭയപ്പെടാതിരിക്കുകയും ചെയ്താൽ തടയേണ്ടതില്ല. (തൻവീറുൽ ഖുലൂബ്)
യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ!