അൽ ഇമാം സയ്യിദ് അലി ഉറൈളി
(നബി വംശ പരമ്പരയിലെ ഏഴാം കണ്ണി)
മദീന ശരീഫിൽ ജനനം. പിതാവ് ഇമാം സയ്യിദ് ജഅ്ഫർ സ്വാദിഖ്(റ) നോടൊപ്പം ജീവിച്ചു. സ്വപിതാവിനെ മാതൃകാപുരുഷനായി കണ്ടു. പിന്നീട് മദീനയിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ഉറൈളിയിൽ താമസമാക്കി. ഉറൈളിയിൽ താമസിച്ചതിനാലാണ് ഈ പേര് സിദ്ധിച്ചത്. ചില രേഖകളിൽ കുറൈളി എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കൾ ഉറൈളിയ്യിൽ എന്ന പേരിൽ അറിയപ്പെടുന്നു. നബി(സ)യുടെ വംശപരമ്പരയേയും കുടുംബത്തേയുമാണ് അഹ്‌ലുബൈത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ), അലിയ്യുബ്നു അബീത്വാലിബ്(ക.വ), ഫാത്വിമത്തുസ്സഹ്റ(റ), ഇമാം ഹസ്സൻ(റ), ഇമാം ഹുസൈൻ(റ) എന്നീ അഞ്ച് മഹാത്മാക്കളും അവരുടെ വംശപരമ്പരയുമാണ് അഹ്‌ലുബൈത്തെന്ന വിശേഷണത്താൽ കൂടുതൽ വിശ്രുതമായത്. ഗൗസീങ്ങൾ, ഖുത്വുബീങ്ങൾ, ഔലിയാക്കൾ, പണ്ഡിതശ്രേഷ്ഠർ, സമുദായനേതാക്കൾ തുടങ്ങിയ ധാരാളം മഹത്തുക്കൾ ഈ പരമ്പരയിലുണ്ട്. അന്ത്യനാൾവരെ നിലനിൽക്കുന്ന ഈ പരമ്പരയെ സ്നേഹിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്.
അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനും, എൻ്റെ സന്താനപരമ്പരയേയും ഞാൻ ഇതാ നിങ്ങളെ ഏൽപ്പിക്കുന്നു എന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്.
പ്രവാചക പരമ്പരയിൽ പിറന്ന പ്രസിദ്ധിയാർജ്ജിച്ചവരുടെ പേരിലാണ് അവരുടെ സന്താനപരമ്പരകൾ പിന്നീട് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവിധ ഖബീലകളായി ഇവർ അറിയപ്പെടുന്നു.
വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്ന മഹാൻ കിത്താബുൽ മസാഈൽ, കിത്താബുൽ മനാസിക് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. അബുൽ ഹസൻ എന്നാണ് വിളിപ്പേര്. മഹാനവർകളോട് ജനങ്ങൾക്ക് വലിയ സ്നേഹ ബഹുമാനമായിരുന്നു. ഇബാദത്തും, വശ്യമായ സ്വഭാവഗുണങ്ങളുമായിരുന്നു ഇതിന് പ്രധാന കാരണം. വാക്കുകൾ സർവ്വ സ്വീകാര്യമായിരുന്നു. പ്രപഞ്ചത്യാഗിയും ദാനധർമ്മങ്ങളിലും അവശരെ ഭക്ഷിപ്പിക്കുന്നതിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മഹാന്റെ മഖ്ബറ ഉറൈളിൽ അറിയപ്പെടുന്ന സിയാറത്ത് കേന്ദ്രമാണ്.
ആത്മീയ അനുഭൂതിയുടെ വാതായനങ്ങൾ അനുചരന്മാർക്ക് തുറന്നു നൽകിയ ആത്മതേജസ്സ് ഹിജ്റ 216 (ക്രി.വ. 831)ലാണ് ഇഹലോകവാസം വെടിഞ്ഞത്.
മഹാനവർകൾക്ക് പതിനൊന്ന് മക്കളുണ്ടായിരുന്നു. സയ്യിദ് ഹുസൈൻ, സയ്യിദ് ജഅ്ഫർ കബീർ, സയ്യിദ് ഈസ, സയ്യിദ് ഹസൻ, സയ്യിദ് മുഹമ്മദ്, സയ്യിദ് അഹ്‌മദ്, സയ്യിദ് ഖാസിം, സയ്യിദത്ത് കുൽസു, സയ്യിദത്ത് അലിയ, സയ്യിദ് അലി സ്വഹീർ, സയ്യിദ് മുഹമ്മദ് ജമാലുദ്ദീൻ.
