ഇസ്‌ലാമിന്റെ ആത്മീയ സരണിയെ വികലമായി ചിത്രീകരിക്കുകയും തങ്ങളുടെ ഇച്ഛകൾ മാനവസമൂഹത്തിൽ പ്രാവർത്തികമാക്കാൻ ആത്മീയഗുരുക്കൾക്ക് നേരെ ഒളിയമ്പുകൾ തൊടുത്ത് വിടുകയും ചെയ്യുന്നത് ഇസ്‌ലാമിക ചരിത്രത്തിൽ അന്യമല്ല. സ്വത്വത്തെ നിരാകരിച്ച് പരമസത്യമായ അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അനുഭൂതിദായകമായ പൂങ്കാവനത്തിൽ വിരാചിക്കാൻ തയ്യാറാകുന്ന ദാഹാർത്ഥിയെ നേർമാർഗ്ഗത്തിൽ നിന്ന് തിരിച്ച് നടത്താൻ ശ്രമിക്കുന്ന തൽപര കക്ഷികളുടെ പ്രവർത്തനങ്ങൾക്ക് ത്വരീഖത്ത് പ്രസ്ഥാനത്തോളം തന്നെ പഴക്കമുണ്ട്, ത്വരീഖത്ത് പ്രസ്ഥാനത്തിലെ പ്രാജ്ജ്വല തേജസ്സായ ഖുത്വ്‌ബുൽ അഖ്ത്വാബ് അശ്ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (ഖ.സി)യെ പോലും തൽപരകക്ഷികൾ വെറുതെ വിട്ടിട്ടില്ല എന്നത് ഈ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അജ്ഞത നടിച്ചും അന്ധത മൂലവും തങ്ങൾ പ്രചരിപ്പിക്കുന്ന ദാർശനിക ചിന്തകൾക്ക് (?) അക്കമിട്ട് മറുപടി പറയപ്പെടുമ്പോൾ തങ്ങളുടെ സ്വാധീനത്തിനും പ്രൗഢിക്കും പൊതുസമൂഹത്തിൽ വേരോട്ടമില്ല എന്ന തിരിച്ചറിവാണ് പലപ്പോഴും അവരെ മുൻകർ നകീർ റോളിലേക്ക് വഴി തിരിക്കുന്നത്.
“കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് സ്വൂഫികളെ എതിർക്കാം. എന്നാൽ സ്വൂഫികൾ കർമ്മശാസ്ത്ര പണ്ഡിതന്മാരെ എതിർക്കരുത്".
ഏകപക്ഷീയമായ സ്വച്ഛാധിപത്യത്തിനുള്ള അംഗീകാരം സ്വായത്തമാക്കാനുളള ശ്രമമാണിത്. മറുപടിക്ക് പകരമുള്ള മറു പിടിയും, സമന്വയിപ്പിക്കലും വ്യാഖ്യാനിക്കലും ദർശനത്തിലൂടെയും അനുഭവത്തിലൂടെയും പരിചയിച്ച ഇവർ പ്രസ്താവ്യ വിഷയമെത്തുമ്പോൾ അതെല്ലാം വിസ്മരിച്ച് പോകുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
“കാട്ടുരാജാവിനെ ഭയന്ന് ഉണങ്ങിയ ശിഖിരത്തിൽ പിടിച്ച് തൂങ്ങുന്ന നാട്ടുരാജാവിനോട് എന്ത് പറയാൻ!".
പ്രസ്തുത പരാമർശത്തിൽ നിന്ന് ഉത്ഭവിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഫഖീഹിന് (കർമ്മശാസ്ത്രജ്ഞൻ) സ്വൂഫിയെ എതിർക്കാം. രണ്ട് സ്വൂഫിക്ക് ഫഖീഹിനെ എതിർക്കാവുന്നതല്ല. രണ്ട് ഭാഗവും രണ്ടായി തന്നെ വിശകലനം ചെയ്യുന്നതായിരിക്കും സരളമെന്ന് മനസ്സിലാക്കുന്നു.