സയ്യിദ് മുഹമ്മദ് സ്വാഹിബ് ളുഫാര്‍ (മിര്‍ബാത്ത്)



സയ്യിദ് മുഹമ്മദ് സ്വാഹിബ് ളുഫാര്‍ (മിര്‍ബാത്ത്)

(നബി പരമ്പരയിലെ പതിനാറാം കണ്ണിയാണ് മഹാനുഭാവന്‍).

ചരിത്രം ഉറങ്ങിക്കിടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഒമാന്‍. 1507-ല്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു ഈ രാജ്യം. ഒമാനിലെ മസ്കറ്റായിരുന്നു അവര്‍ പിടിച്ചെടുത്തത്.

ഖൗർറൂറി എന്ന് വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തെ ഗ്രീക്കുകാരാണ് മസ്കറ്റ് എന്ന് വിളിച്ചത്. എ.ഡി. രണ്ടാം നൂറ്റാണ്ട് മുതൽ ഗ്രീക്കുകാരുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ഥലമായിരുന്നു മസ്കറ്റ്. ഈത്തപ്പഴം, മത്സ്യം, മുത്ത് എന്നിവയാണ് ഇവിടുത്തെ പ്രധാന പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. പേർഷ്യൻ ഗൾഫിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മിനാഖാബൂസ് മസ്കറ്റിലാണ്.

പോര്‍ച്ചുഗലിന്‍റെ അധിനിവേശത്തിനെതിരെ പോരാടി ഒമാനിലെ ദേശീയ വാദികള്‍ 1649-ല്‍ ഒമാനെ പോര്‍ച്ചുഗീസുകാരില്‍ നിന്നും മോചിപ്പിച്ചു. ഇമാം സുല്‍ത്താന്‍ ബിന്‍ സയ്ദിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിജയം. 1679-ല്‍ സുല്‍ത്താന്‍റെ മരണം ഒമാന് ഒരു തീരാനഷ്ടമായിരുന്നു.

കാലചക്രം മുന്നോട്ട് തിരിയവെ 1891-ല്‍ ഒമാന്‍ ബ്രിട്ടന്‍റെ സംരക്ഷിത പ്രദേശമായി. 1971-ല്‍ ആയിരുന്നു ഒമാന്‍ ബ്രീട്ടീഷ് വാഴ്ചയില്‍ നിന്ന് പൂര്‍ണ്ണമായും സ്വാതന്ത്ര്യം നേടിയത്. സുല്‍ത്താന്‍ ഖാബൂസ് ആണ് ആധുനിക ഒമാന്‍റെ ശില്പി.

യമനില്‍ നിന്ന് എത്തിയ ഹൂദ് നബി(അ)ന്‍റെ പുത്രന്‍ ബഹ്ത്വാനിന്‍റെ പുത്രനായിരുന്നു ഉമാന്‍. അദ്ദേഹത്തിന്‍റെ പേരില്‍ നിന്നാണ് 'ഒമാന്‍' എന്ന പേരിന്‍റെ നിഷ്പത്തി. യമനിലെ മഅരിബ് അണക്കെട്ടിന്‍റെ പതനശേഷം അവിടെ നിന്ന് ഈ ഭൂമിയില്‍ വന്ന് താമസിച്ചവരുടെ ഗ്രാമത്തിന്‍റെ പേരായിരുന്നു 'ഉമാന്‍' എന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ഒമാനിലെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് സയ്യിദ് മുഹമ്മദ് സ്വാഹിബ് മിര്‍ബാത്ത് അന്ത്യവിശ്രമം കൊള്ളുന്ന ളുഫാറിലെ മഖ്ബറ. ഇമാം സയ്യിദ് അലി ഹാലിയില്‍ ഖിസമിന്‍റെയും, ഇമാം സയ്യിദ് അഹ്‌മദുല്‍ മുഹാജിര്‍ എന്നവരുടെ പുത്രന്‍ സയ്യിദ് ഉബൈദുള്ള എന്നവരുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് ജദീദ് എന്നവരുടെ പുത്രന്‍ സയ്യിദ് അലി എന്നവരുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് എന്നവരുടെ പുത്രി സയ്യിദത്ത് ശരീഫ ഫാത്വിമ എന്നവരുടെയും പുത്രനായി യമനിലെ തരീമില്‍ ജനിച്ചു. പിതാവിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്നു. വലിയ സൂഫിവര്യനും ഫഖീഹും ആബിദുമായിരുന്നു. ഹളറ്മൗത്ത്, യമന്‍, ഹറം എന്നിവിടങ്ങളില്‍ നിന്നാണ് മഹാന്‍ വിദ്യ അഭ്യസിച്ചത്. പഠന പര്യാടനത്തിന് ശേഷം ഹളറ്മൗത്തിലേക്ക് മടങ്ങി. തുടര്‍ന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ച ശേഷം ഒമാനിലെ മിര്‍ബാത്തില്‍ (ളുഫാര്‍) താമസമാക്കി. സയ്യിദ് കുടുംബങ്ങളുടെ രണ്ട് കണ്ണികളായ ഫഖീഹുല്‍ മുഖദ്ദം ബിന്‍ അലി പരമ്പരയും അല്‍ ഫഖീഹ് അലവി പരമ്പരയും തമ്മില്‍ ഒത്തുചേരുന്നതിനാല്‍ അലവി കുടുംബങ്ങളുടെ സമുച്ചയം മുജമ്മഉസ്സാദാത്തില്‍ അലവിയ്യ എന്ന നാമത്തിലാണ് സയ്യിദ് മുഹമ്മദ് സ്വാഹിബ് ളുഫാര്‍ അറിയപ്പെടുന്നത്. സയ്യിദ് അബ്ദുള്ള, സയ്യിദ് അഹ്‌മദ്, സയ്യിദ് അലവി, സയ്യിദ് അലി ബാഅലവി എന്നീ സന്താനങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. തരീമിലെ മസ്ജിദുല്‍ ഖൗം, മസ്ജിദ് ബനീ  അഹ്‌മദ് എന്നിവ മഹാനായിരുന്നു പുതുക്കി പണിതത്.

അവസാനമായി ഒമാനിലെ മിര്‍ബാത്തിലെ ളുഫാറില്‍ സ്ഥിരതാമസമാക്കിയ മഹാന്‍ അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തു.

ഹിജ്റ 556 (ക്രി.വ.1161)ല്‍ നബിവംശ പരമ്പരയിലെ ജ്ഞാനസൂര്യന്‍ ഇഹലോകവാസം വെടിഞ്ഞു. ഹിജ്‌റ 1097 (ക്രി.വ.1686)ല്‍ ഈ മഹാന്‍റെ മഖ്ബറ ഇമാം ഉഖൈല്‍ ഇംറാന്‍ പുതുക്കിപ്പണിയുകയുണ്ടായി. ധാരാളം ആളുകള്‍ നിത്യം സിയാറത്തിനായി വന്നുകൊണ്ടിരിക്കുന്നു.