(നബി വംശ പരമ്പരയിലെ 10ാം കണ്ണി)
സയ്യിദ് ഈസ്സൽ നുഖൈബ് എന്നവരുടെ പുത്രനായി ഹിജ്റ 260 (ക്രി.വ.874)ൽ സയ്യിദ് അഹ്‌മദ് മുഹാജിർ ബസ്വറയിൽ ഭൂജാതരായി. പണ്ഡിതന്മാരാലും ആത്മീയ നേതാക്കളാലും പ്രസിദ്ധിനേടിയ പ്രദേശമായിരുന്നു ബസ്വറ. ശാഫിഈ, മാലിക്കി മദ്ഹബുകൾ സ്വീകരിച്ചവരായിരുന്നു പ്രദേശവാസികളിൽ ഏറെ പേരും. മുഅ്തസിലി വിഭാഗമായ സാലിമിയ എന്ന ന്യൂനപക്ഷവും അവിടെ അധിവസിച്ചിരുന്നു. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ബസ്വറയിലെ ജനജീവിതം ക്ഷേമവും ഐശ്വര്യവും നിറഞ്ഞതായിരുന്നു.
ബസ്വറയിൽ നിന്ന് ഹള്ർമൗത്തിലേക്ക് താമസം മാറിയതിനാലാണ് അൽ മുഹാജിർ എന്ന നാമം കൈവന്നത്. ബസ്വറയിലെ ഭരണ മാറ്റങ്ങളും കലുഷിതമായ മറ്റ് സാഹചര്യങ്ങളുമാണ് സയ്യിദ് അഹ്‌മദ് മുഹാജിർ അവർകളെ ഹള്ർമൗത്തിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. വഴിയിലുടനീളം കൊള്ളസംഘവും മറ്റും ഉള്ളതിനാൽ ഹിജാസിൽ നിന്ന് ശാം വഴി മദീനയിൽ പ്രവേശിച്ചു. തുടർന്ന് യമൻ വഴിയാണ് ഹള്ർമൗത്തിൽ എത്തിച്ചേർന്നത്. വിവരമറിഞ്ഞ് ധാരാളം ഖവാരിജുകൾ മഹാനെ കാണാൻ തടിച്ചുകൂടി. പിന്നീട് ജബീൽ ഗ്രാമം സന്ദർശിച്ച ശേഷം മഹാൻ ബനൂ ജസീബ് ഗ്രാമത്തിലേക്ക് നീങ്ങി.
സയ്യിദത്ത് സൈനബ ബിൻത് അബ്ദുല്ല ബ്നു അലി ഉറൈളിയുടെ പുത്രിയെയാണ് ഇമാം സയ്യിദ് മുഹാജിർ വിവാഹം ചെയ്തത്. ഏഴു സന്താനങ്ങളുടെ പിതാവായിരുന്ന മഹാനവർകൾ ഹിജ്റ 344 (ക്രി.വ.956)ൽ ഹസീസിയയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു. മഹാന്റെ മഖ്ബറ ഹസീസിയയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ്.