സയ്യിദ് അബ്ദുറഹ്‌മാൻ സഖാഫ്
(നബി വംശ പരമ്പരയിലെ 22ാം കണ്ണിയാണ് മഹാനവർകൾ)
യമനിൽ ഹളർമൗത്തിലെ തരീം പ്രദേശത്ത് സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെയും, അൽ ഫഖീഹുൽ മുഖദ്ദം എന്നവരുടെ പുത്രൻ സയ്യിദ് അഹ്‌മദ് ശഹീദ് എന്നവരുടെ പുത്രൻ സയ്യിദ് അബൂബക്കർ വരിഅ് എന്നവരുടെ പുത്രി സയ്യിദത്ത് ആയിശബീവിയുടെയും പുത്രനായി ഹിജ്റ 739 (ക്രി.വ.1319)ൽ ജനിച്ചു. ശൈഖുൽ മുഅല്ലിം അഹ്‌മദ് മുഹമ്മദുൽ ഖത്വീബിന്റെ സഹായത്താൽ ഖുർആൻ മനപാഠമാക്കി. തുടർന്ന് മത വിജ്ഞാന സമ്പാദന രംഗത്തേക്ക് ശ്രദ്ധ പതിപ്പിച്ചു. ബഹുമാന്യരായ അബൂ ഇസ്ഹാഖ് ശീറാസിയുടെ 'അൽ മുഹദിബ്' എന്ന ഗ്രന്ഥം പഠന വിധേയമാക്കുകയും ഗ്രന്ഥത്തിന്റെ ഭൂരിഭാഗവും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇമാം ശൈഖ് സുഹ്റവർദ്ദിയുടെ "അവാരിഫുൽ മആരിഫ്', ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാഅ് ഉലൂമുദ്ദീൻ', ഇമാം ഖുശൈരിയുടെ 'രിസാലത്തുൽ ഖുശൈരിയ്യ' തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും അറിവുകൾ സമ്പാദിച്ചു. മറ്റു പല വിജ്ഞാനശാഖകളിലും മഹാൻ അവഗാഹം നേടി. ശൈഖ് അഹ്‌മദ് ബ്നു മുഹമ്മദുൽ ഖത്വീബ്, ശൈഖ് മുഹമ്മദ് ബ്നു സഈദ് ബാശകീൽ, ശൈഖ് അബൂബക്കർ ബ്നു ഈസ ബായസീദ് തുടങ്ങിയവർ ഗുരുവര്യന്മാരാണ്.
അറിവും ഭക്തിയും സമന്വയിച്ച ജീവിതം നയിച്ചിരുന്നതിനാൽ സഖാഫ് (ഉന്നതൻ) എന്ന സ്ഥാനപ്പേരിന് അർഹനാക്കി.
ഈ പേര് ലഭിക്കാൻ മറ്റു പല കാരണങ്ങളും പറയുന്നുണ്ട്. ആ കാലഘട്ടത്തിലെ പണ്ഡിതന്മാരിൽ നിന്നെല്ലാം മാറി നിൽക്കുകയും പ്രശസ്തി ആഗ്രഹിക്കാതെ പ്രവർത്തിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ആ കാലഘട്ടത്തിലെ ഔലിയാക്കളിൽ ഉന്നതസ്ഥാനത്ത് എത്തുകയും മറ്റുള്ളവരേക്കാൾ ഉന്നതി കൈവരിക്കുകയും ചെയ്തതിനാൽ സഖാഫ് എന്ന പേര് ലഭിച്ചു എന്നും അഭിപ്രായമുണ്ട്. ഹഖായിഖിന്റെ ഇൽമിലും ഹദീസിലും ഫിഖ്ഹിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന മഹാനെ തേടി ധാരാളം പേർ എത്തിയിരുന്നു. കൂടാതെ അവിടുത്തെ സന്താനങ്ങളും മറ്റു ധാരാളം മഹാൻമാരും ശിഷ്യന്മാരായിട്ടുണ്ട്. വഴിവക്കുകളിലും മറ്റും ധാരാളമായി വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചിരുന്ന മഹാൻ പത്തോളം പള്ളികൾ നിർമ്മിക്കുകയും അവയുടെ പരിപാലനത്തിന് ആവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തരീമിൽ നിന്ന് കൊണ്ട് തന്നെ ലോകം മുഴുവൻ പ്രഭ പരത്തിയ ആ വിജ്ഞാന ഗോപുരം ഹിജ്റ 819 റജബ് 23 (ക്രി.വ. 1416 സെപ്റ്റംബർ 16) തിങ്കളാഴ്ച ഇഹലോകവാസം വെടിഞ്ഞു. തരീമിലെ മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
