
സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ)(നബി വംശ പരമ്പരയിലെ 21ാം കണ്ണി)യമനിലെ തരീം പ്രദേശത്ത് സയ്യിദ് അലി ഹൈദർ (റ)യുടെ പുത്രനായി ഹിജ്റ 705 (ക്രി.വ.1306)ൽ സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) ജനിച്ചു. ചെറുപ്രായത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് പിതൃവ്യൻ സയ്യിദ് അബ്ദുള്ള എന്നവരുടെ തർബിയ്യത്തിൽ വളർന്നു. വലിയ പണ്ഡിതരിൽ നിന്ന് അറിവുകൾ കരസ്ഥമാക്കി. കരഗതമാക്കിയ ഓരോ അറിവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക മഹാന്റെ പതിവായിരുന്നു. കൂടുതൽ സമയവും മസ്അലകളും ആത്മീയ വിഷയങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചിരുന്നത്. ഹളർമൗത്തിന്റെ കിഴക്കൻ പ്രദേശമായ ഹൂദ് (അ)ന്റെ ഖബറിന് സമീപം യബ്ഹർ എന്ന സ്ഥലത്തെ അതെ നദിക്കരയിൽ നിർമ്മിച്ച വീട്ടിലാണ് മഹാൻ താമസിച്ചിരുന്നത്. പിന്നീട് തൻ്റെ അനുയായികളും അവിടെ താമസിക്കാൻ തുടങ്ങി. അവിടം ചെറിയ ഒരു ഗ്രാമമായി. യ ബ്ഹറിന്റെ സമീപ ഗ്രാമമായ ദവീലയിലും ജനവാസം തുടങ്ങി. അവിടെ താമസം ഉറപ്പിച്ചതോടെ "മൗലദ്ദവീല" എന്ന പേരും വിളിക്കപ്പെട്ടു. ഖുത്വുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങൾ(റ) മൗലദ്ദവീല ഖബീലയിൽ പ്പെട്ടവരാണ്.
ചില സമയങ്ങളിൽ മഹാനവർകൾക്ക് പ്രത്യേക അവസ്ഥകൾ ഉണ്ടാകാറുണ്ടായിരുന്നു. ചില സമയങ്ങളിൽ കട്ടിയുള്ളതും മറ്റ് ചില സന്ദർഭങ്ങളിൽ നേരിയ വസ്ത്രവുമായിരുന്നു ധരിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും നോമ്പിൽ (സൗമ്) ആയിരുന്നു. ശരീരത്തോട് നിരന്തരം ജിഹാദ് നടത്തിയിരുന്ന മഹാന്റെ ജീവിതം തഖ്‌വയിലധിഷ്ഠിതമായിരുന്നു.
ബാ അലവി പള്ളിയിൽ ഒരു ദിവസം ഇമാമായി നിൽക്കാൻ ഉദ്ദേശിച്ചപ്പോൾ നിങ്ങൾ ഗ്രാമവാസിയാണ് ഇമാമത്ത് നിൽക്കാൻ കൊള്ളാത്തവരാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി. ശേഷം ഖുർആനിന്റെ ഉൾസാര വിജ്ഞാനങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ട് സർവ്വരും അത്ഭുതപ്പെടുകയുണ്ടായി. ഒരു കാലഘട്ടത്തിൻറെ ദിവ്യ ശോഭ കാട്ടിയ മഹാനവർകൾ (ക്രി.വ. 1364) ഹിജ്റ 765 ശഅബാൻ 10ന് ഇഹലോകവാസം വെടിഞ്ഞു. യമനിലെ സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.