സൂഫിസത്തെ കുറിച്ചുള്ള അറിവുകൾ ലഭിക്കാനും തസവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ സഹായകമാണ് ആത്മീയഗുരുവും സൂഫിവര്യരുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) മഹാനവർകളെ പഠിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകർന്നുതന്നിരുന്നു. സ്വാർത്ഥതയും ഞാനെന്ന ഭാവവും ഹൃദയങ്ങളെ കീഴടക്കുന്ന പുതിയ സാഹചര്യത്തിൽ നിഷ്കളങ്ക സ്നേഹം കൊണ്ട് മനസ്സുകളെ കൂട്ടിയിണക്കുന്നത് സൂഫികളാണ്. സൂഫിസം സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്ന പാഠശാലയാണെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചുതന്നു. നൂറ്റാണ്ടിൽ അപൂർവ്വമായി കടന്നുവരുന്ന യുഗപുരുഷന്മാരുടെ ഗണത്തിൽ ഉന്നതസ്ഥാനീയരായി വേണം അവിടുത്തെ മനസ്സിലാക്കാൻ. ഖാദിരി സരണി നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മലബാറിൽ അതിന്റെ വലിയ പ്രചാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ലോകം കണ്ട ആത്മജ്ഞാനി അശ്ശൈഖ് സയ്യിദ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി)യുടെ താവഴിയിൽ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ (ഖ.സി) (ആന്ത്രോത്ത്) അവർകളുടെ വഴിയിൽ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) കടന്നുവന്നത് സൂഫി ചരിത്രത്തിൽ പുതിയൊരു ഉണർവ്വ് പകർന്നു. ജീവിതലക്ഷ്യമറിയാതെ ജീവിച്ച വലിയൊരു സമൂഹം ആത്മവിശുദ്ധിയിലേക്ക് കടന്നുവരാൻ ഇതുകാരണമായി.
സാധാരണക്കാർക്കും, പണ്ഡിതന്മാർക്കും എല്ലാവിധ ജനങ്ങൾക്കിടയിലും ഇതിന് വലിയ സ്വാധീനമാണ് ലഭിച്ചിരുന്നത്. അവർക്കുവേണ്ട എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും നൽകി സൂഫിസത്തെ സ്വന്തം കർമ്മപഥത്തിലൂടെ പുനരവതരിപ്പിച്ച മഹാനായിരുന്നു ശൈഖ് തങ്ങൾ. ജീവിതകാലം മുഴുവൻ തസവ്വുഫിനെ ചേർത്തു പിടിക്കുകയും കാലശേഷവും അത്തരം ചിന്തകൾ സജീവമായി നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
ആത്മീയ ചേതനയുടെ അംശം അർഹതപ്പെട്ടവർക്കു പകർന്നു നൽകി പരമമായ സ്രോതസ്സിലേക്ക് അഥവാ ആവിർഭാവസ്ഥാനത്തേക്ക് തന്നെ യാത്രതിരിച്ച റ.ആഖിർ 13 ആഗതമാവുകയാണ്.