ബുഖാരി മഖാം (മഖാമുൽ അഅ്ല) മജ്‌ലിസ്

 ശൈഖ് സയ്യിദ് ബുഖാരി മഖാമിന് സമീപത്തെ മജ്‌ലിസ് പുനർനിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു.

1921 ഫെബ്രുവരി 2 ബുധനാഴ്ചയാണ് ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ അൽ ജീലാനി സ്വദേശമായ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്ന് കപ്പൽ മാർഗ്ഗം വടകരയിൽ എത്തിച്ചേരുന്നത്.

മഹാനവർകൾക്ക് വടകരയിൽ താമസസൗകര്യവും മറ്റും ഒരുക്കിയത്, ശൈഖ് തങ്ങളോട് അതിയായ ബഹുമാനാദരവുകൾ പ്രകടിപ്പിച്ചിരുന്ന പാണ്ടികശാല വളപ്പിൽ പുതിയ പുരയിൽ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയതങ്ങൾ അവർകളുടെ വസതിയിലായിരുന്നു. കടപ്പുറത്തെ പാണ്ടികശാല തറവാട് ഉൾപ്പെടെയുള്ള തറവാടുകളിൽ നിന്ന് ശൈഖ് ബുഖാരി തങ്ങൾക്കുള്ള ഭക്ഷ്യവിഭവങ്ങൾ എത്തിച്ചിരുന്നതായും, ശൈഖ് തങ്ങൾ അധിവസിച്ചിരുന്ന ആ നാളുകൾക്കിടയിൽ ഒരിക്കൽ അവിടുത്തെ വസ്ത്രങ്ങൾ കഴുകി ഉണങ്ങാനിട്ട പരിസരത്ത് മാത്രം മഴ പെയ്യാതിരുന്ന അത്ഭുതകരമായ സംഭവത്തെക്കുറിച്ചും പഴമക്കാരുടെ വാമൊഴികൾ കേട്ടവർ ഇന്നും അനുസ്മരിക്കാറുണ്ട്.

ദ്വീപിൽ നിന്നും ആത്മജ്ഞാനിയായ ഒരു മഹാൻ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ധാരാളം ആളുകൾ നേരിൽ കാണുന്നതിനും ശിഷ്യത്വം സ്വീകരിക്കാനുമായി നിത്യവും വന്നുകൊണ്ടിരുന്നു. 

വടകരയിലെ സന്ദർശന കാലയളവിൽ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകൾ ബൈഅത്തും (ശിഷ്യത്വം), സിഫ്ഫത്തും സ്വീകരിക്കുന്നത് പ്രസ്തുത ഭവനത്തിൽ വെച്ചാണ്.

മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമകാലികനും സമശീർഷനുമായിരുന്ന വടകര താഴെയങ്ങാടിയിലെ മഹാകവി എന്നറിയപ്പെട്ട തേർക്കണ്ടി മമ്മദ് ഈ വേളയിൽ തന്നെയാണ് മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. ശൈഖ് ബുഖാരി തങ്ങളിൽ നിന്ന് ലഭിച്ച ആത്മജ്ഞാന പ്രവാഹമാണ് സൂഫിസത്തിന്റെ ആചാര്യഗുരു മഹാനായ സയ്യിദ് ചെറുസീതി തങ്ങളെക്കുറിച്ചുള്ള ചെറുസീതി തങ്ങൾ മാല, മഹാനായ ശൈഖ് സയ്യിദ് ബുഖാരി മുത്തുക്കോയതങ്ങൾ അവർകളെക്കുറിച്ചുള്ള ശൈഖ് ബുഖാരി മാല. സുൽഹ് മാല തുടങ്ങി നിരവധി രചനകൾക്ക് പ്രചോദനമായത്.

വടകരയിലെ താമസം കേവലം നാൽപ്പത് നാളുകൾ പിന്നിടെ മഹാജ്ഞാനിയും യതിവര്യനുമായ ആ പുണ്യാത്മാവ് 1921 മാർച്ച് 14 (1339 റജബ് 4)ന് തിങ്കളാഴ്ച താഴെയങ്ങാടിയിലെ പ്രസ്തുത വസതിയിൽ വെച്ച് തന്നെ ഇഹലോകവാസം വെടിഞ്ഞു. വിയോഗ വേളയിൽ പ്രമുഖ ശിഷ്യന്മാരായ ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളും (ഖ.സി), ആന്ത്രോത്ത് ദ്വീപിലെ ശൈഖ് ഖാലിദ് (റ) അവർകളും സമീപസ്ഥരായിരുന്നു.

സയ്യിദ് ബുഖാരി ശൈഖ് തങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്ന താഴെയങ്ങാടി കടപ്പുറം പാണ്ടികശാല തറവാട്ടിലെ കാരണവരും വടകര ജുമാഅത്ത് പള്ളി മുത്തവല്ലിയുമായ മുഹമ്മദ് ഹാജി അവർകളാണ് തൻ്റെ അധീനതയിലും അവകാശത്തിലുമുള്ള പൊതു ഖബർസ്ഥാനിന്റെ മതിൽക്കെട്ടിന് പുറത്തുള്ള സ്ഥലം മഹാനവർകളുടെ അന്ത്യവിശ്രമത്തിനായി വിട്ടുനൽകിയത്. അവിടെ നിർമ്മിക്കപ്പെട്ടതാണ് മഖാമുൽ അഅ്ല.

ശൈഖ് ബുഖാരി തങ്ങളുടെ വിയോഗശേഷം പുത്രൻ ആന്ത്രോത്തിലെ സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയതങ്ങൾ അൽ ജീലി പിതാവിന്റെ ആത്മീയ മാർഗ്ഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനു വേണ്ടി വടകര താഴെയങ്ങാടിയിൽ വെച്ച് ആത്മീയ പ്രഭാഷണം നടത്തുകയുണ്ടായി.

69 ആണ്ടുനേർച്ചകൾക്ക് നേതൃത്വം നൽകിയ പ്രിയ ശിഷ്യൻ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) (1882-1987) അവർകളുടെ വിയോഗത്തെ തുടർന്ന് പ്രിയ പുത്രനും ശിഷ്യനുമായ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (1948-2017) അവർകൾ മഖാമിന്റെ കൈകാര്യ കർത്താവാവുകയും, ആധുനിക രീതിയിൽ മഖാം പുനരുദ്ധാരണം നടത്തുകയും ചെയ്തു. ആണ്ടനുസ്മരണ ദിനത്തിൽ മഖാമിൽ സമൂഹ സിയാറത്തും, മൗലിദ് പാരായണവും, അരി വിതരണവും ആരംഭിച്ചു. 

ഒന്നേകാൽ സെന്റ് ചുറ്റളവിൽ മാത്രമായി സ്ഥിതിചെയ്യുന്ന മഖാം, സ്ഥലപരിമിതിയാലും ജനബാഹുല്യത്താലും ആണ്ടുനേർച്ചക്കും മറ്റും ഏറെ സൗകര്യക്കുറവ് അനുഭവപ്പെട്ടപ്പോൾ ക്രി.വ. 2004-ൽ സയ്യിദ് അബ്ദുള്ള മശ്‌ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി), ശൈഖ് ബുഖാരി തങ്ങൾ താമസിച്ചിരുന്നതും അവിടുത്തെ അന്ത്യ നിമിഷത്തിന് സാക്ഷ്യം വഹിച്ചതുമായ മഖാമിന് സമീപത്തെ വീട് വില കൊടുത്ത് വാങ്ങുകയും അവിടെവെച്ച് നേർച്ചകളും മറ്റും നടത്തിവരികയും ചെയ്തു. 99 ആണ്ടുനേർച്ചകൾ പൂർത്തിയാക്കി 2017 ജൂൺ 10ന് മഹാനവർകൾ വിടപറഞ്ഞതോടെ പിൻഗാമികൾ അത് തുടർന്നുപോരുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ വീട് ആധുനിക രീതിയിൽ പുനർനിർമ്മിക്കുകയും മജിലിസ് എന്ന് നാമകരണവും ചെയ്ത് 104ാം നേർച്ചയ്ക്ക് മുന്നോടിയായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടിരിക്കുകയാണ്.

ശൈഖ് ബുഖാരി തങ്ങൾ മുതൽ തുടരുന്ന ഈ സിൽസിയിലെ കണ്ണിയായ മുഴുവൻ ആളുകൾക്കും സന്തോഷത്തിന്റെ നിമിഷമാണിത്..