സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയതങ്ങൾ ആന്ത്രോത്ത് (സയ്യിദ് അഹ്‌മദുൽ ജീലി) (റ)
(അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുകോയ തങ്ങൾ (ഖ.സി) അവർകളുടെ പുത്രൻ)തിരമാലകളുടെ ആരവത്താൽ ശബ്ദമുഖരിതമായ അറബിക്കടലിനു നടുവിൽ നാഥന്റെ അപാരമായ കഴിവ് വിളിച്ചോതിക്കൊണ്ട് നിലകൊള്ളുന്ന ചെറിയ ദ്വീപുകൾ, ഇവയെല്ലാം ചേർന്നതാണ് ലക്ഷദ്വീപ്. അതിന്റെ സാംസ്കാരിക കേന്ദ്രവും നിരവധി മഹത്തുക്കളുടെ ജന്മം കൊണ്ട് അനുഗ്രഹീതവുമായ ദ്വീപാണ് ആന്ത്രോത്ത്.
ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുകോയ തങ്ങളുടെയും, സയ്യിദത്ത് ആയിശ മുത്തുബീവിയുടെയും പുത്രനായി പുറാടം തറവാട്ടിലാണ് ജനനം,
ദീനിന്റെ വിവിധ വിജ്ഞാനശാഖകളിൽ അവഗാഹവും അറബി ഭാഷയിൽ നല്ല നൈപുണ്യവും നേടിയിരുന്നു.
ഒരിക്കൽ ഒരുകൂട്ടം ആളുകൾ തങ്ങളവർകളെ സമീപിച്ചുകൊണ്ട് അവരുടെ പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഒരു മഹാൻ്റെ ഉറൂസ് ദിനമാണ് നാളെയെന്നും, അന്നേദിവസം പാരായണം ചെയ്യാൻ മഹാൻ്റെ പേരിൽ നിലവിൽ മൗലിദ് കൃതികളൊന്നും ഇല്ലായെന്നും അറിയിക്കുകയുണ്ടായി. വന്നവരിൽ നിന്ന് ആ മഹാനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ തങ്ങളവർകൾ, സ്വുബ്ഹി ആയപ്പോഴേക്കും ആ മഹാൻ്റെ ജീവചരിത്രവും അത്ഭുതസിദ്ധികളും ഗദ്യപദ്യ രൂപത്തിൽ പ്രകീർത്തിച്ചു കൊണ്ട് ഒരു മൗലിദ് കിതാബ് രചിച്ച് ആ നാട്ടുകാർക്ക് നൽകി. അറബി സാഹിത്യത്തിൽ തങ്ങളവർകൾക്കുള്ള പാണ്ഡിത്യവും കഴിവും കണ്ട് ഏവരും അത്ഭുതപ്പെട്ടുപോയി.
വന്ദ്യപിതാവും മഹാജ്ഞാനിയും ആയിരങ്ങളുടെ ആത്മീയ ഗുരുവുമായ അശ്ശെഖ് സയ്യിദ് ബുഖാരി തങ്ങളുടെ പേരിലുള്ള ബുഖാരി മൗലിദിന്റെ രചന നിർവഹിച്ചിട്ടുള്ളത് തങ്ങളവർകളാണ്. കൂടാതെ നിരവധി മൗലിദുകളും മാലപ്പാട്ടുകളും സ്വതസിദ്ധമായ ശൈലിയിൽ രചിച്ചിട്ടുണ്ട്. ഗോളശാസ്ത്രത്തിലും മറ്റും വലിയ അവഗാഹമുണ്ടായിരുന്ന തങ്ങളവർകളുടെ വീട്ടിൽ ആയിരം വർഷങ്ങൾ രേഖപ്പെടുത്തിയ ഒരു ഹിജ്റ കലണ്ടർ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നിരവധിപേരാണ് സന്ദർശകരായി നിത്യവും എത്തിക്കൊണ്ടിരിക്കുന്നത്.
അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഖുമൂൽ അഥവാ പ്രശസ്തി ആഗ്രഹിക്കാത്ത ഒരു വിഭാഗമുണ്ട് അക്കൂട്ടത്തിൽപ്പെട്ടവരായിരുന്നു തങ്ങളവർകൾ. ഒരിക്കൽ ഒരു സ്നേഹിതന്റെ ഗൃഹത്തിൽ താമസിച്ചുവരുന്നതിനിടെ മണ്ണാർക്കാട് അമ്പംകുന്ന് മീരാൻ ഔലിയ സന്ദർശിക്കാനെത്തുകയും തങ്ങളവർകളുടെ കൈ പിടിച്ച് ചുംബിച്ചു കൊണ്ട് അങ്ങേയറ്റം ബഹുമാനാദരവ് പ്രകടിപ്പിക്കുകയുമുണ്ടായി.
മീരാൻ ഔലിയയുടെ ഈ പ്രവൃത്തി കണ്ട പ്രദേശവാസികളും തങ്ങളവർകളെ ബഹുമാനിക്കാനും ആദരിക്കാനും തുടങ്ങിയതോടെ, മീരാൻ ഔലിയ നമ്മെ പ്രശസ്തമാക്കി.. ഇത് നമുക്ക് യോജിച്ചതല്ല.. എന്ന് പറഞ്ഞു കൊണ്ട് തങ്ങളവർകൾ ആ പ്രദേശം വിട്ടുപോയി. പിന്നീട് അവിടത്തുകാർ തങ്ങളവർകളെ കണ്ടിട്ടില്ല.
ശവ്വാൽ 26ന് സയ്യിദ് അഹ്‌മദ് ജീലി തങ്ങൾ (റ) ഇഹലോകവാസം വെടിഞ്ഞു. ആന്ത്രോത്ത് ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ജീവിതകാലത്ത് പ്രശസ്തി ആഗ്രഹിക്കാത്ത ആളായിരുന്നതിനാൽ തന്നെ വിയോഗശേഷം തങ്ങളവർകളുടെ ഖബർ ശരീഫ് തിരിച്ചറിയുന്നതിനു വേണ്ടി പ്രത്യേകം പടുത്തുയർത്തുകയോ ചുറ്റും ചുവരുകൾ സ്ഥാപിച്ച് സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.
തങ്ങളവർകളുടെ പേരിൽ മൗലിദ് പ്രചാരത്തിലുണ്ട്.