കാരക്കാട് തറമ്മൽ സയ്യിദ് ഹൈദ്രോസ് കോയതങ്ങൾ (അലൂർ ഖ്വാജ) 1916-1975



വടകര കാരക്കാട് പുതിയ പുരയിൽ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട സയ്യിദ് ഇബ്രാഹിം തങ്ങളുടെയും, കാരക്കാട് തറമ്മൽ സയ്യിദത്ത് കോയമ്മ ബീവിയുടേയും പുത്രനായി 1916 (ഹിജ്റ1334)ൽ തറമ്മൽ തറവാട്ടിൽ ജനിച്ചു. സയ്യിദ് സൈൻകോയതങ്ങൾ, സയ്യിദ് ഹസൻ കുഞ്ഞി സീതിക്കോയതങ്ങൾ, സയ്യിദത്ത് ആയിശ ആറ്റബീവി, സയ്യിദത്ത് റുഖിയ ചെറിയബീവി എന്നിവർ സഹോദരങ്ങളാണ്. 

സഹോദരി സയ്യിദത്ത് ആയിശ ആറ്റബീവിയെ സൂഫിവര്യൻ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ (ഖ.സി) അവർകളാണ് വിവാഹം ചെയ്തത്. ഇവർ വടകര താഴെയങ്ങാടി മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 

മതപഠനത്തോടൊപ്പം ആത്മീയ വിദ്യയും അഭ്യസിച്ച ശേഷം സയ്യിദ് അവർകൾ മലേഷ്യയിലേക്ക് യാത്ര പുറപ്പെട്ടു. ആത്മീയ പ്രവർത്തികളാലും അത്ഭുത സിദ്ധികളാലും മലേഷ്യക്കാർക്കിടയിലും മറ്റ് വിദേശികൾക്കിടയിലും ഏറെ ഖ്യാതി നേടിയ അദ്ദേഹം ജോഹർ എന്ന പ്രദേശത്ത് അലൂർ ഖ്വാജ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഫലപ്രദമായ ഒറ്റമൂലി ചികിത്സകൾ കൂടി സ്വായത്തമാക്കിയിരുന്ന  തങ്ങൾക്ക് ധാരാളം ശിഷ്യഗണങ്ങളുണ്ടായിരുന്നു. നാട്ടിലെത്തുന്ന വേളകളിലും മരുന്ന് തയ്യാറാക്കുന്നതിൽ വ്യാപൃതനാകുമായിരുന്നു. 

പിതാവ് സയ്യിദ് ഇബ്രാഹിം തങ്ങൾ അവരുടെ പിതാവ് സയ്യിദ് ഹൈദ്രോസ് തങ്ങൾ അവരുടെ പിതാവ് സയ്യിദ് സാലിം തങ്ങളാണ് സൗദി അറേബ്യയിൽ നിന്ന് കേരളത്തിൽ എത്തിച്ചേർന്ന ശൈഖ് അബൂബക്കർ ഖബീലയിലെ ആദ്യത്തെ വംശ നാഥൻ. ഇവരുടെ 9ാം പിതാമഹൻ ഹളർമൗത്തിലെ സയ്യിദ് ശൈഖ് അബൂബക്കർ ഇബ്നു സാലിം എന്നവരുടെ നാമത്തിലാണ് ഈ ഖബീല അറിയപ്പെടുന്നത്. ഇദ്ദേഹമാണ് വിശ്വവിഖ്യാതമായ താജുസ്സ്വലാത്തിന്റെ രചയിതാവ്. 

നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ശൈഖും അറിയപ്പെടുന്ന വലിയ്യുമായ കണ്ണൂർ പാലത്തുങ്കര നുഞ്ഞേരി മുഹമ്മദ്കുട്ടി ശൈഖാണ് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ ആത്മീയഗുരു. 

നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ അറിയപ്പെടുന്ന ശൈഖ് സൗദി അറേബ്യയിലെ ശൈഖ് യഹിയ, മുഹമ്മദ്കുട്ടി ശൈഖിന്റെ പിതാമഹനും ആരിഫുമായ ശൈഖ് കുഞ്ഞഹമ്മദ് അവർകൾക്ക് ഖിലാഫത്ത് നൽകി. അദ്ദേഹം പുത്രൻ ശൈഖ് അബ്ദുൽ ഖാദർ എന്നവർക്ക് ഖിലാഫത്ത് നൽകുകയും അവരിൽ നിന്ന് പുത്രൻ ശൈഖ് മുഹമ്മദ്കുട്ടി അവർകൾ ബൈഅത്തും ഖിലാഫത്തും സ്വീകരിക്കുകയും ചെയ്തു. 

1965 ജൂലൈ 22 (ഹിജ്റ 1385 റ.അവ്വൽ 23)ന് വെള്ളിയാഴ്ച രാവിൽ നുഞ്ഞേരി ശൈഖ് മുഹമ്മദ്കുട്ടി അവർകൾ ഇഹലോകവാസം വെടിഞ്ഞു. നുഞ്ഞേരി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 

കാരക്കാട് തറമ്മൽ മഖാമിനോട് ചേര്‍ന്നുകൊണ്ട് ഓലമേഞ്ഞ ഒരു ചെറിയ നമസ്കാരപള്ളിയാണ് അക്കാലത്ത് നിര്‍മ്മിച്ചിരുന്നത്. പിന്നീട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ (അലൂര്‍ ഖ്വാജാ) നിര്‍ദ്ദേശപ്രകാരം പൊതുജനങ്ങള്‍ക്ക് കൂടി നമസ്കരിക്കാന്‍ സൗകര്യപ്രദമാവും വിധം പള്ളി പുനരുദ്ധാരണം ചെയ്തു. അക്കാലത്തെ നാട്ടുകാരണവന്മാരില്‍പ്പെട്ട തൈക്കണ്ടി മാമു സാഹിബിനെ ക്ഷണിച്ചുവരുത്തി സയ്യിദ് ഹൈദ്രോസ് തങ്ങള്‍ പള്ളിയുടെ സൗകര്യങ്ങള്‍ കാണിച്ചുകൊടുത്തത് ദൃക്സാക്ഷികള്‍ ഇന്നും അനുസ്മരിക്കാറുണ്ട്. ദേശീയ പാതയ്ക്കരികിൽ യാത്രക്കാര്‍ക്ക് കൂടുതൽ സൗകര്യപ്രദമാകും വിധം സ്ഥിതിചെയ്യുന്ന പ്രസ്തുത പള്ളി മസ്ജിദുല്‍ സൈന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. തീർത്ഥാടകരും മറ്റും മഖ്ബറ സന്ദര്‍ശിക്കാൻ എത്താറുണ്ട്. ഹിജ്റ വർഷം അനുസരിച്ച് എല്ലാ മാസാന്ത്യവും തിങ്കളാഴ്ച രാവില്‍ (ഞായറാഴ്ച മഗ്‌രിബിന് ശേഷം) പള്ളിയില്‍ വെച്ച് സ്വലാത്ത് നടത്തിവരുന്നുണ്ട്. 

തളിപ്പറമ്പിലെ സാദത്ത് മൻസിലിൽ താമസിച്ചിരുന്ന സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ പുത്രി സയ്യിദത്ത് ആറ്റ ബീവിയെയാണ് സഹധർമ്മിണിയായി സ്വീകരിച്ചത്. ഇവർക്ക് സന്താനങ്ങൾ ഉണ്ടായിരുന്നില്ല. 

നിരവധി അത്ഭുത സിദ്ധികൾ കൊണ്ടും സ്വഭാവ മഹിമ കൊണ്ടും മുഹിബ്ബീങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മഹാനവർകൾ 1975 ജൂൺ 19 (ഹിജ്റ 1395 ജ.ആഖിർ 9)ന് വെള്ളിയാഴ്ച രാവിൽ ഇഹലോകവാസം വെടിഞ്ഞു. പിറ്റേദിവസം ജുമുഅ നമസ്കാരനന്തരം തറമ്മൽ തറവാടിന് സമീപം പിതാമഹനും മറ്റ് കുടുംബാംഗങ്ങളും അന്ത്യവിശ്രമംകൊള്ളുന്ന കാരക്കാട് തറമ്മൽ മഖാമിൽ ഖബറടക്കം നടത്തി. 

ജീവിത കാലത്തെന്നപോലെ വിയോഗ ശേഷവും നിരവധിയായ അത്ഭുതങ്ങൾക്ക് അനുയായികളും അവരുടെ പരമ്പരയും മറ്റുള്ളവരും ഇന്നും സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുകയാണ്. 

മഹാന്മാരെ സ്നേഹിച്ചുകൊണ്ട് അവരുടെ തണലിൽ ജീവിച്ചു മരിക്കാൻ അനുഗ്രഹിക്കട്ടെ.. ആമീൻ 

സയ്യിദ് ഹൈദ്രോസ് കോയതങ്ങള്‍ അവര്‍കളുടെ വംശപരമ്പര (ശജറ) 

പ്രവാചകന്‍ മുഹമ്മദ് നബി(സ)യിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം. 


1. സയ്യിദ് ഹൈദ്രോസ് കോയതങ്ങള്‍

2. സയ്യിദ് ഇബ്രാഹീം.

3. സയ്യിദ് ഹൈദ്രോസ്.

4. സയ്യിദ് സാലിം ഹുസൈന്‍.

5. സയ്യിദ് ഉമര്‍.

6. സയ്യിദ് അബ്ദുള്ള.

7. സയ്യിദ് ശൈഖ് മുഹ്സിന്‍.

8. സയ്യിദ് സാലിം അഖീല്‍.

9. സയ്യിദ് ശൈഖ് മുഹമ്മദ്.

10. സയ്യിദ് ശൈഖ് അബൂബക്കര്‍.

11. സയ്യിദ് സാലിം.

12. സയ്യിദ് അബ്ദുള്ള.

13. സയ്യിദ് അബ്ദുറഹ്മാന്‍.

14. സയ്യിദ് അബ്ദുള്ള.

15. സയ്യിദ് അബ്ദുറഹ്മാന്‍ സക്കാഫ്.

16. സയ്യിദ് മുഹമ്മദ് മൗലദ്ദവീല.

17. സയ്യിദ് അലി ഹൈദര്‍.

18. സയ്യിദ് അലവി.

19. സയ്യിദ് മുഹമ്മദ് ഫഖീഹില്‍ തുര്‍ബ.

20. സയ്യിദ് അലി ബാ അലവി.

21. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ ളഫാര്‍.

22. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം.

23. സയ്യിദ് അലവി.

24. സയ്യിദ് മുഹമ്മദ്.

25. സയ്യിദ് അലവി.

26. സയ്യിദ് ഉബൈദുള്ള.

27. സയ്യിദ് അഹമ്മദ്.

28. സയ്യിദ് ഈസ.

29. സയ്യിദ് മുഹമ്മദ്.

30. സയ്യിദ് അലിയ്യില്‍ ഉറൈളി.

31. സയ്യിദ് ജഅഫര്‍ സ്വാദിഖ്.

32. സയ്യിദ് മുഹമ്മദ് ബാഖിര്‍.

33. സയ്യിദ് സൈനുല്‍ ആബിദീന്‍.

34. സയ്യിദ് ഹുസൈന്‍.

35. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.

36. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).