പൊന്നാനി വെട്ടം പോക്കിരിയകത്ത് സയ്യിദത്ത് നഫീസ കുഞ്ഞാറ്റ ബീവി



മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന വെട്ടം പോക്കിരിയകത്ത് സയ്യിദത്ത് അലവിയ്യ ഇമ്പിച്ചിബീവിയുടെയും, കാപ്പാട് സ്വദേശി സയ്യിദ് ഉമർ കുഞ്ഞിസീതി തങ്ങളുടെയും പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവിയുടെയും, അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് മുഹ്ളാർ ഹൈദ്രോസ് കോയഞ്ഞിക്കോയ തങ്ങളുടെ പുത്രൻ അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും പുത്രിയായി 1910-ൽ വെട്ടം പോക്കിരിയകം തറവാട്ടിലായിരുന്നു സയ്യിദത്ത് നഫീസ കുഞ്ഞാറ്റ ബീവിയുടെ ജനനം. 

സയ്യിദ് മുഹ്ളാർ ഹൈദ്രോസ് കോയഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അബൂബക്കർ ഹൈദ്രോസ് ചെറുകോയ തങ്ങൾ (VPC തങ്ങൾ) എന്നിവർ സഹോദരങ്ങളാണ്. 

ആത്മീയ പ്രചാരണാർത്ഥം യമനിലെ ഹളർമൗത്തിൽ നിന്നും മലബാറിലെത്തിച്ചേർന്ന സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദ്രോസ് തങ്ങളുടെ (വലിയ ജാറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു) പിന്മുറക്കാരനാണ് സയ്യിദത്ത് കുഞ്ഞാറ്റ ബീവിയുടെ പിതാവ് അദ്നയിൽ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ്  തങ്ങൾ. 

1921 ആഗസ്റ്റ് 21ന് സയ്യിദത്ത് നഫീസ കുഞ്ഞാറ്റ ബീവിയുടെ നിക്കാഹിന്റെ തലേദിവസം പൊട്ടിപ്പുറപ്പെട്ട മലബാർ കലാപത്തോടനുബന്ധിച്ച് പൊന്നാനിയിലെത്തിയ മുന്നൂറോളം ലഹളക്കാരെ അനുനയിപ്പിച്ച് സുഭിക്ഷമായ ഭക്ഷണവും വിശ്രമിക്കാൻ ഇടവും നൽകിക്കൊണ്ട്  ദേശത്തിന്റെ പൈതൃകവും മതസാഹോദര്യവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച തറവാടാണ് പൊന്നാനി ജുമാമസ്ജിദ് റോഡിൽ പ്രൗഡിയുടെ മുഖമുദ്രയണിഞ്ഞ് വിശാലമായ കോലായയും മാളികപ്പുറവും മുറ്റത്ത് പള്ളിയും ഒത്തുചേർന്നു നിൽക്കുന്ന പൊന്നാനിയിലെ നാമമാത്ര പ്രശസ്ത തറവാടുകളിൽപ്പെട്ട വെട്ടം പോക്കിരിയകം. 

മലബാർ കലാപക്കാർ റെയിൽ പാളം തകർത്തതിനെ തുടർന്ന് ഫറോക്ക് ആക്കോട് പ്രദേശത്തെ ജീലാനി ഖബീലയിൽപ്പെട്ട യുവാവുമായി പറഞ്ഞുറപ്പിച്ച നിക്കാഹ് മുടങ്ങി പോവുകയും ചെയ്തു. 

പൊന്നാനി മഖ്ദൂം ആയിരുന്ന പഴയകത്ത് സയ്യിദ് അബ്ദുല്ല സഖാഫ് ആറ്റക്കോയ തങ്ങളുടെ പുത്രൻ പൊന്നാനി വലിയ ജാറത്തിങ്കൽ സയ്യിദ് അബൂബക്കർ സഖാഫ് ഇമ്പിച്ചിക്കോയ തങ്ങളുമായി പിന്നീട് ബീവിയുടെ വിവാഹം നടന്നു. 

സയ്യിദ് ഫസൽ സഖാഫ് പൂക്കോയ തങ്ങൾ, സയ്യിദത്ത് ഫാത്വിമ മുല്ലബീവി, സയ്യിദ് അഹ്‌മദ് സഖാഫ് ചെറുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് സഖാഫ് കുഞ്ഞിക്കോയ തങ്ങൾ എന്നിവർ ഈ ദാമ്പത്യത്തിൽ പിറന്നവരാണ്. 

സയ്യിദത്ത് കുഞ്ഞാറ്റബീവി ശരീഫ പിതാവില്‍ നിന്ന് ഗുരുത്വവും പൊരുത്തവും നേടി. കഷ്ടപ്പെടുന്ന ജനങ്ങളുടെ ആശാകേന്ദ്രമായും, മത്സ്യതൊഴിലാളികളുടെ അത്താണിയായും അവര്‍ പരിലസിച്ചു. രാഷ്ട്രീയക്കാര്‍പോലും നാമനിര്‍ദ്ദേക പത്രിക സമര്‍പ്പണത്തിനു മുമ്പ് സയ്യിദത്ത് കുഞ്ഞാറ്റബീവി ശരീഫയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. 

നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും, തകര്‍ന്ന കുടുംബബന്ധങ്ങള്‍ ചേര്‍ത്തി ണക്കാനുള്ള പ്രത്യേകമായൊരു കഴിവും ബീവിക്കുണ്ടായിരുന്നു. ഈ രംഗത്ത് ഇത്തരം ഗുണവിശേഷങ്ങളുമായി വര്‍ത്തിച്ച മറ്റൊരു മഹിളാരത്നം ഉണ്ടായിരുന്നതായി അറിവില്ല. ബീവിയില്‍ നിന്നു ണ്ടായ നിരവധി അത്ഭുത സംഭവങ്ങള്‍ക്ക് പലരും സാക്ഷികളായിട്ടുണ്ട്. 

ദ്വയാംഗ മണ്ഡലമായിരുന്ന പൊന്നാനിയില്‍ മുക്കൂട്ട് മുന്നണിക്കു വേണ്ടി ജനറല്‍ സീറ്റില്‍ സയ്യിദത്ത് കുഞ്ഞാറ്റബീവി ശരീഫയുടെ സഹോദരന്‍ സയ്യിദ് വി.പി.സി. തങ്ങളും, ഹരിജന്‍ സീറ്റില്‍ കോണ്‍ഗ്രസ്സിലെ കെ. കുഞ്ഞമ്പുവുമാണ് മത്സരരംഗത്ത്. നായര്‍, നമ്പൂതിരിയടക്കമുള്ള ജാതികളില്‍പ്പെട്ടവര്‍ സ്വന്തം സ്ഥാനാര്‍ഥി കെ. കുഞ്ഞമ്പുവിനെ വീട്ടില്‍ താമസിപ്പിക്കാന്‍ ജാതീയത അനുവദിക്കാത്ത കാലം. സയ്യിദത്ത് കുഞ്ഞാറ്റബീവി ശരീഫ തന്‍റെ അറ കുഞ്ഞമ്പുവിന് താമസിക്കാന്‍ ഒഴിഞ്ഞുകൊടുത്ത് പുതിയ വിപ്ലവം രചിച്ചു. ഒരു മുസ്ലിം സ്ത്രിയും അക്കാലത്തും, ഇക്കാലത്തും ആലോചിക്കാന്‍ പോലും ധൈര്യപ്പെടാത്ത ചങ്കൂറ്റമാണ് ബീവി അന്നു ചെയ്തു കാണിച്ചത്. 

സയ്യിദത്ത് കുഞ്ഞാറ്റബീവിയുടെ ഭർത്താവ് പൊന്നാനി വലിയ ജാറത്തിങ്കൽ സയ്യിദ് അബൂബക്കർ സഖാഫ് ഇമ്പിച്ചിക്കോയ തങ്ങൾ 1961 മാർച്ച് 17 (ഹിജ്റ 1380 റമളാൻ 29)ന് വെള്ളിയാഴ്ച ഇഹലോകവാസം വെടിഞ്ഞു. 

ബീവിയുടെ സഹോദന്മാരായ സയ്യിദ് കോയഞ്ഞിക്കോയതങ്ങള്‍ 1976ലും, പൊന്നാനിയിലെ രാഷ്ട്രീയ സാമൂഹ്യ മതസാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന മുന്‍ എം. എല്‍. എ., സയ്യിദ് അബൂബക്കര്‍ സഖാഫ് ചെറുകോയ (വി.പി.സി) തങ്ങള്‍ 1983ലും വിടപറഞ്ഞു. 

സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി ശരീഫയുടെ പുത്രി സയ്യിദത്ത് ഫാത്വിമ മുല്ലബീവി ശരീഫയെ വിവാഹം ചെയ്തത് പൊന്നാനി വലിയ ജാറത്തിങ്കല്‍ സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങളാണ്. ഈ ദാമ്പത്യത്തില്‍ സയ്യിദ് ഹുസൈന്‍ക്കോയ തങ്ങള്‍, സയ്യിദത്ത് അസ്മ മുത്തുബീവി, സയ്യിദ് അഹ്‌മദ് മുത്തുക്കോയ തങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി എന്നിവർ ജനിച്ചു. 

സയ്യിദത്ത് ഫാത്വിമ മുല്ലബീവി ശരീഫയുടെ പുത്രി സയ്യിദത്ത് അസ്മ മുത്തുബീവിയെ വിവാഹം ചെയ്തത് പ്രമുഖ സൂഫീവര്യന്‍ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങളുടെ പുത്രന്‍ സൂഫീവര്യന്‍ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളാണ്. 

സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍, സയ്യിദത്ത് അസ്മ മുത്തുബീവി ദാമ്പത്യ വല്ലരിയില്‍, സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ ഫസല്‍ക്കോയതങ്ങള്‍, സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ എന്നീ പുത്രന്മാരും, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആരിഫാബീവി എന്നീ പുത്രിമാരും ജനിച്ചു. 

സയ്യിദത്ത് ഫാത്വിമ മുല്ലബീവിയുടെ ഇളയ പുത്രി സയ്യിദത്ത് ഖദീജ കുഞ്ഞിബീവി ശരീഫയെ, ചാലിയത്തെ സയ്യിദ് ഹൈദ്രോസ് സൈനുല്‍ ആബിദ് തങ്ങളാണ് വിവാഹം ചെയ്തിട്ടുള്ളത്. 

സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി ശരീഫ തന്‍റെ ജീവിതകാലത്തു തന്നെ വെട്ടംപോക്കിരിയകം തറവാടിനോട് ചേര്‍ന്നുള്ള പള്ളി, പൗത്രി സയ്യിദത്ത് അസ്മ മുത്തുബീവിയെ വിവാഹം ചെയ്ത വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് പുനരുദ്ധാരണം നടത്തിയ തറവാട്ടുമുറ്റത്തെ പള്ളിക്ക്  "മഹ്ളറത്തുല്‍ ഖാദിരിയ്യ വമില്‍ക്കില്‍ മശ്ഹൂരിയ്യ" എന്ന് നാമകരണം ചെയ്തു. 

ഒമ്പത് പതിറ്റാണ്ടുകളോളം പൊന്നാനിക്കാരുടെ താങ്ങും തണലുമായി വര്‍ത്തിച്ച സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി ശരീഫ ഹിജ്റ 1420 ദുല്‍ഖഅദ് 1 (2000 ഫിബ്രവരി 6) ഞായറാഴ്ച ഭൗതിക ലോകത്തോട് വിട പറഞ്ഞു. പിറ്റേ ദിവസം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ തറവാട്ടുമുറ്റത്തെ പള്ളിയോടു ചേര്‍ന്നുകൊണ്ട് ഖബറടക്കം നടത്തുകയും ചെയ്തു. ബീവിയുടെ അനുഗ്രഹം തേടി നിരവധിയാളുകളാണ് ഇന്നും മഖാമില്‍ എത്തികൊണ്ടിരിക്കുന്നത്. 

1884 മെയ് 30 (ഹിജ്റ 1301 ശഅബാന്‍ 5) നാണ് സയ്യിദ് മശ്ഹൂര്‍ പൂക്കോയ തങ്ങള്‍ നിലവിലുണ്ടായിരുന്ന വീട് പൊളിച്ചു നീക്കി തൽസ്ഥാനത്ത്  വെട്ടം പോക്കിരിയകം എന്ന ഭവനം നിര്‍മ്മിച്ചത്. കാലപ്പഴക്കത്താൽ തകര്‍ച്ചയുടെ വക്കിലെത്തിയ ഭവനം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്ശൈഖ് സയ്യിദ് അബ്ദുല്ല മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ അവകാശങ്ങളെല്ലാം തീര്‍ത്ത് 

സ്വന്തം ഉടമസ്ഥതയിലാക്കി. പൈതൃക സംരക്ഷണത്തിന് അനുകരണീയ മാതൃക നൽകിക്കൊണ്ട് വീടിന്റെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. 

കേരളത്തില്‍ ഇതിനകം കേൾവികേട്ട പല മനകളും തറവാടുകളും പൊളിച്ചു നീക്കിയപ്പോള്‍ പൂര്‍വ്വോപരി പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന വെട്ടം പോക്കിരിയകം തറവാട്ടില്‍ 2012 ആഗസ്റ്റ് 25 (ഹിജ്റ 1433 ശവ്വാല്‍ 7)ന് ശനിയാഴ്ച നടന്ന പുരപാര്‍ക്കല്‍ ചടങ്ങ് സയ്യിദ് കുഞ്ഞിക്കോയതങ്ങളുടെ ആത്മീയ മഹത്വത്തിന്‍റെയും പ്രതാപത്തിന്‍റെയും പാരമ്പര്യ സംരക്ഷണത്തിലെ ഉള്‍ക്കാഴ്ച പൂര്‍വ്വോപരി പ്രഭ വിതറുന്നതോടൊപ്പം അദിനയില്‍ പടിഞ്ഞാറകത്ത് സയ്യിദ് ഇമ്പിച്ചിക്കോയതങ്ങളുടെയും സയ്യിദത്ത് കുഞ്ഞാറ്റബീവി ശരീഫയുടെയും സയ്യിദ് വി.പി.സി തങ്ങളുടെയും പൈതൃകം നിലനിര്‍ത്തക്ക രീതിയിലുമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.