ആത്മീയനേതാവ് സമുദായ ഉദ്ധാരകന്‍ പണ്ഡിതശ്രേഷ്ഠന്‍ എന്നീ വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റവരാണ് അശ്ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍. അശ്ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതി തങ്ങള്‍ (1669-1747), അശ്ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതി തങ്ങള്‍ (1669-1771) എന്നീ ആത്മജ്ഞാനികളുടെ സഹോദന്‍ കൂടിയാണ് മഹാനവര്‍കള്‍.
യമനിലെ ഹള്റമൗത്ത് പ്രദേശത്തെ തരീം പട്ടണത്തിലാണ് ശൈഖ് സയ്യിദ് ഹാമിദ് ബിൻ അബുല്‍ ഖൈര്‍ അബ്ദുള്ള ബാഅലവി എന്നവരുടെ പുത്രനായി മഹാനവര്‍കള്‍ ഭൂജാതരായത്. അശ്ശൈഖ് സയ്യിദ് മുശ്ശൈഖ് ബിന്‍ ഹാമിദ് ബിന്‍ അബുല്‍ ഖൈര്‍ അബ്ദുള്ള ബാഅലവി കുഞ്ഞിസീതി തങ്ങള്‍ എന്നാണ് പൂര്‍ണ്ണനാമം. ബാല്യം മുതല്‍ തന്നെ ദയ, അനുകമ്പ, പക്വത തുടങ്ങിയ സല്‍ഗുണ വിശേഷണങ്ങള്‍ പ്രകടമായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് വിടപറഞ്ഞതോടെ മഹാനവര്‍കള്‍ മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നുവന്നത്.
സ്വദേശത്തു നിന്ന് ഖുര്‍ആനും തജ്‌വീദും അഭ്യസിക്കുകയും, പിന്നീട് സയ്യിദ് അബ്ദള്ള ഇബ്നു അലവി അല്‍ഹദ്ദാദ് (1634-1720) അവര്‍കളെപോലുള്ള മഹാന്മാരായ പണ്ഡിതരില്‍ നിന്ന് മത വിദ്യയും സ്വായത്തമാക്കി. മക്ക, മദീന എന്നിവിടങ്ങളില്‍ നിന്നും വിദ്യ അഭ്യസിച്ചക്കുകയും, തുടര്‍ന്ന് ഈജിപ്ത്, ശാം, റോം, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജന്മദേശത്തേക്കുതന്നെ മടങ്ങിയെത്തി.
സുല്‍ത്താന്‍ മുഹമ്മദ് ബാഷ യമന്‍ ഭരിക്കുന്ന കാലം, അക്രമവും, അനീതിയും കൊണ്ട് ജനങ്ങള്‍ ഏറെ പൊറുതിമുട്ടി. അതിക്രമങ്ങള്‍ കാട്ടുതീപോലെ ഹള്റമൗത്തിലേക്കും വ്യാപിച്ചതോടെ ജനങ്ങള്‍ പലരും രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തില്‍ ബഹുമാന്യരായ സയ്യിദ് സഹോദന്മാര്‍ ഇന്ത്യയിലേക്കാണ് യാത്ര പുറപ്പെട്ടത്.
ഇന്ത്യയില്‍ ഗുജറാത്തിലെ അഹ്‌മദാബാദിനടുത്ത സൂറത്തില്‍ എത്തിച്ചേര്‍ന്ന ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍, ഹിജ്റ 1113 (ക്രി.വ. 1701)ല്‍ സഹോദരന്മാരായ ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതി തങ്ങള്‍, ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതി തങ്ങള്‍ എന്നിവരോടൊത്ത് കേരളത്തിന്‍റെ തെക്കെ അറ്റമായ പഴയ തിരുവിതാംകൂറും, ഇന്നത്തെ തലസ്ഥാന നഗരിയുമായ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. കുറച്ചുകാലം അവിടെ താമസിച്ച ശേഷം താനൂര്‍ ഇടത്താവളമാക്കുകയും തുടര്‍ന്ന് വടകരയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. പ്രസിദ്ധ സയ്യിദ് വംശമായ ബാഅലവി ഖബീലയില്‍പ്പെട്ടവരാണ് സയ്യിദ് മുശ്ശൈഖ് കുഞ്ഞിസീതി തങ്ങള്‍.
പ്രസിദ്ധ കവിയും എഴുത്തുകാരനുമായിരുന്ന പൊന്നാനി സ്വദേശി മാഞ്ചാന്‍ പിറയകത്ത് അബ്ദുല്‍ അസീസ് 1902-ല്‍ (ഹിജ്റ1320) രചിച്ച വലിസീതി തങ്ങള്‍ മാലയിലെ,
"വലിസീതി രണ്ട് അഖി ചെറുസീതി മുശൈഖി
വളര്‍മാ ബഹിന്‍ ബഹിന്‍ ബഹറില്‍ മറിന്തവര്‍..
കെല്‍പ്പില്‍ വടകര കാരക്കാട് അയ്യൂരാ
കാമാന്‍ മഖ്ബറ രണ്ടായി തിരിത്തവര്‍..
കുടുംബത്തിലകന്നോരാ കുളലില്‍ ഇണചേരാ
ഗുണതര്‍ മുശ്ശൈഖോരാം കോട്ടക്കല്‍ ആണ്ടവര്‍..
പൊലിവര്‍ കഥാകൊണ്ട് പ്രത്യേകം മാലെണ്ട്പ
ണിവാന്‍ കൊതിയുണ്ട് ഒടുമന്‍ നീ വീട്ടള്ളാ.."
എന്ന വരികളിലും, 1924-ല്‍ പ്രസിദ്ധ കവി വടകര സ്വദേശി തേര്‍ക്കണ്ടി മുഹമ്മദ് രചന നിര്‍വ്വഹിച്ച ചെറുസീതി തങ്ങള്‍ മാലയിലെ,
"കനിന്തൊലിയും ഇഖ്‌വര്‍ ഒത്ത് പിറന്തെനാടും വിടുന്തെ
കുറഞ്ഞ നാളിന്‍റെ ഇടയില്‍ താനൂര്‍ അവനിക്കാതി അനുന്തെ..
തുണവൊത്തുള്ളെ ഇഖ്‌വര്‍ മുണ്ട്‌റും പുന ഓരോരെ പതിക്കെ
തനിച്ചി തങ്കള്‍ ചെറുസീതിഇം ബുറയ്റമണ്ണില്‍ അടുക്കെ.."
എന്ന വരികളിലും, കൂടാതെ പ്രപൗത്രനും സൂഫിവര്യനുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ തയ്യാറാക്കിയ, സയ്യിദ് ചെറുസീതി തങ്ങള്‍ മൗലിദിലും, പ്രസ്തുത സഹോദന്മാരുടെ ആഗമനത്തെക്കുറിച്ചും അനുഭവസിദ്ധികളെക്കുറിച്ചും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രി.വ. 952-ല്‍ ഹള്റമൗത്തിലേക്ക് കുടിയേറിപ്പാര്‍ത്ത സയ്യിദ് അഹ്‌മദ് ബിന്‍ ഈസയാണ് ബാഅലവി പരമ്പരയുടെ നേതാവ്. ഇവരുടെ പുത്രന്‍ സയ്യിദ് ഉബൈദുള്ളാഹിയിലൂടെയാണ് ഈ പരമ്പര നിലനിന്നത്. ഉബൈദുള്ളാഹിയുടെ സന്താനങ്ങളില്‍ പ്രഥമപുത്രനായ സയ്യിദ് അലവി തികഞ്ഞ മതഭക്തനും പ്രഗത്ഭനായ മതപ്രബോധകനും പണ്ഡിതശ്രേഷ്ഠനുമായിരുന്നു. സയ്യിദ് അലവിയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ബാഅലവികള്‍ എന്ന് വിളിക്കുന്നത്. യമന്‍, ഹിജാസ്, വെസ്റ്റ് ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ വിവിധ ലോകരാഷ്ട്രങ്ങളിലായി പ്രസ്തുത ഖബീല വ്യാപിച്ചു കിടക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ സയ്യിദ് കുടുംബങ്ങള്‍ ഹള്റമൗത്തില്‍ നിന്നും ബുഖാറയില്‍ നിന്നും മലബാറിലെത്തിയതോടെ മലബാറിലെ മുസ്ലീം മതജീവിതത്തിലും മാറ്റങ്ങള്‍ വന്നു. സൂഫി മാര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി. ദര്‍ഗ്ഗകളും, മാലകളും, മൗലിദുകളും മുസ്ലീം ജീവിതത്തിന്‍റെ ഭാഗമായി. ആദ്ധ്യാത്മിക ജീവിതം കൂടുതല്‍ കരുപ്പിടിച്ചു വന്നു. സയ്യിദന്മാര്‍ (നബി കുടുംബം) മലബാറിലെ മുസ്ലീം ജീവിതത്തില്‍ മാത്രമല്ല, പൊതുരംഗത്തും, വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തി. മലബാറില്‍ നടന്ന അധിനിവേശവിരുദ്ധ സമരങ്ങള്‍ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും ഈ അറബ് വംശജരാണ് നേതൃത്വം നല്‍കിയത്. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും അവര്‍ തന്നെ മുന്നോട്ടു വന്നു.
വടകരയില്‍ സ്ഥിരതാമസമാക്കിയ ബഹുമാന്യ അതിഥികളുടെ അറബിപ്പേരുകള്‍ നാവിന് വഴങ്ങാന്‍ പ്രയാസമായതിനാല്‍ തദ്ദേശീയര്‍ ഇവരെ വലിസീതി തങ്ങളെന്നും, ചെറുസീതി തങ്ങളെ ന്നും, കുഞ്ഞിസീതി തങ്ങളെന്നും വിളിച്ചു. അക്കാലത്തെ ഭൂപ്രഭുക്കളായ വലിയകത്ത് തറവാട്ടുകാര്‍ താഴങ്ങാടിയില്‍ അവരുടെ ഉടമസ്ഥതയിലുള്ള ഒരു ഇരുനിലക്കെട്ടിടം സയ്യിദ് സഹോദരന്മാര്‍ക്ക് താമസിക്കുന്നതിനായി നല്‍കി. അനുജന്‍ താഴെനിലയിലും, ജേഷ്ഠന്‍ മുകള്‍നിലയിലുമായി താമസമാരംഭിച്ചു. വടകരയില്‍ നിന്നും, പരിസരപ്രദേശങ്ങളില്‍ നിന്നും ഇവരെ സന്ദര്‍ശിക്കുവാനും, പരിദേവനങ്ങള്‍ അറിയിക്കുവാനുമായി അനുദിനം ആളുകള്‍ വന്നുകൊണ്ടിരുന്നു.
ഒരുദിവസം വലിസീതി തങ്ങള്‍ വീടിന്‍റെ മുകള്‍ നിലയിലും ചെറുസീതി തങ്ങള്‍ താഴെ നിലയിലും ഇരിക്കുകയായിരുന്നു. ആ സമയം വലിസീതി തങ്ങള്‍ക്ക് നല്‍കുവാനായി, ഒരുകുല പഴുത്ത പഴം ചാക്കില്‍ പൊതിഞ്ഞുകൊണ്ട് ഒരാള്‍ കടന്നുവന്നു. ആഗതനോട് ചാക്കില്‍ എന്താണെന്ന് ചെറുസീതി തങ്ങള്‍ ചോദിച്ചു. തങ്ങള്‍ക്ക് അനിഷ്ടം തോന്നാതിരിക്കാന്‍ പെട്ടെന്നയാള്‍ ചാക്കില്‍ പച്ച വാഴക്കുലയാണെന്ന് മറുപടി നല്‍കി. മുകള്‍ നിലയിലെത്തി ചാക്ക് കെട്ടഴിച്ച സമയത്ത് പഴുത്ത് പാകമായിരുന്ന പഴങ്ങള്‍ പൂര്‍ണ്ണമായും പച്ചയായി മാറിയിരിക്കുന്നു. നടന്ന സംഭവമെല്ലാം വലിയ തങ്ങളോട് വിവരിച്ചു. പഴക്കുല ചെറിയ തങ്ങള്‍ക്ക് നല്‍കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ സംഭവത്തിനുശേഷം അധികകാലം കഴിയുന്നതിന് മുമ്പ് വലിസീതീ തങ്ങള്‍ കൊയിലാണ്ടിയിലേക്ക് താമസം മാറ്റി.
ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍ വടകരക്കടുത്ത് കോട്ടക്കലുള്ള സയ്യിദ് കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കുകയും അവിടേക്ക് താമസം മാറുകയും ചെയ്തു. ഈ ദാമ്പത്യത്തില്‍ സന്താനങ്ങള്‍ ഉണ്ടായിരുന്നില്ല.
1703-ല്‍ ഹള്റമൗത്തില്‍ നിന്ന് മലബാറിലെത്തിയ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹൈദ്രോസ് തങ്ങളില്‍ (പൊന്നാനി വലിയ ജാറത്തിങ്കല്‍ അന്ത്യവിശ്രമം കൊള്ളുന്നു) നിന്നാണ് ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങള്‍ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്.
1747-ല്‍ വിടപറഞ്ഞ ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതി തങ്ങള്‍ കൊയിലാണ്ടി വലിയകം മഖാമിലും, 1771-ല്‍ വിടപറഞ്ഞ ശൈഖ് സയ്യിദ് സൈന്‍ ഇബ്നു ഹാമിദ് ചെറുസീതി തങ്ങള്‍ വടകര താഴെയങ്ങാടി മഖാമിലുമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
pശൈഖ് സയ്യിദ് അബ്ദുറഹ്‌മാന്‍ ഹൈദ്രോസ് തങ്ങളും, ശൈഖ് സയ്യിദ് വലിസീതി തങ്ങളും, ശൈഖ് സയ്യിദ് ചെറുസീതി തങ്ങളും, ശൈഖ് സയ്യിദ് മുശ്ശൈഖ് കുഞ്ഞിസീതി തങ്ങളും, സയ്യിദ് ശൈഖ് ജിഫ്രി തങ്ങളും, ശൈഖ് സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളും, ശൈഖ് സയ്യിദ് അബ്ദുറഹ്‌മാന്‍ മശ്ഹൂര്‍ തങ്ങളും മലബാറിലെ ജനങ്ങളില്‍ ആത്മീയ പരിവര്‍ത്തനം നടത്തിയ മഹത്‌വ്യക്തിത്വങ്ങളായിരുന്നു. ഇവര്‍ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും ആത്മീയ സാംസ്കാരിക സമുദ്ധാരണം നടത്തുകയും ചെയ്തതിന്‍റെ ഫലമായി ധാരാളം ആളുകള്‍ ആത്മീയതയിലേക്ക് ആ കര്‍ഷിക്കപ്പെട്ടു.
ശൈഖ് സയ്യിദ് മുശ്ശൈഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതി തങ്ങളുടെ അത്ഭുത സിദ്ധികള്‍ അനുഭവിച്ചറിഞ്ഞ ധാരാളമാളുകള്‍ ആത്മീയ മാര്‍ഗ്ഗം സ്വീകരിച്ചു. വിവിധ ജനവിഭാഗങ്ങള്‍ മഹാനവര്‍കള്‍ക്ക് അര്‍ഹമാം വിധം സ്നേഹവും ബഹുമാനവും നല്‍കിയിരുന്നു. നാടിനും സമുദായത്തിനും ഒട്ടേറെ സേവനങ്ങള്‍ അര്‍പ്പിക്കുകയും, ധാരാളം ശിഷ്യഗണങ്ങളില്‍ ആത്മീയതയുടെ വെളിച്ചം പകര്‍ന്നു നല്‍കുകയും ചെയ്ത ആ പുണ്യാത്മാവ് ഭൗതിക ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ് വടകര കോട്ടക്കല്‍ ജുമൂഅത്ത് പള്ളിയുടെ പടിഞ്ഞാറെ ചെരുവില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ജീവിതകാലത്തെന്നപോലെ വിയോഗാനന്തരവും മഹാനവര്‍കളില്‍ നിന്ന് നിരവധി അത്ഭുതസംഭവങ്ങള്‍ പ്രകടമായിട്ടുണ്ട്.