
മുംബൈ നഗരത്തിലെ അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾക്ക് നടുവിൽ ഡോംങ്ക്രി പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മലയാളിയായ സുൽത്താനുൽ മജ്ദൂബ്, മൗലാന ഹാഫിള് അശ്ശൈഖ് സയ്യിദ് അബ്ദുറഹിമാൻ ഷാഹ് ഖാദിരി ഫക്രി നിസാമി ചിശ്തി ഖാജാ കറം നവാസ് (ഖ.സി) ദർഗ്ഗ പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
പാരമ്പര്യമായി തന്നെ സൂഫി കുടുംബവും ഇറാഖിലെ ബഗ്ദാദ് പട്ടണത്തിൽ നിന്ന് വന്നവരുമാണ് മഹാന്റെ പൂർവ്വികർ. പിതാവ് ശംസുദ്ദീൻ ഖാദിരി തമിഴ്നാട്ടിലെ സേലം ജില്ലയിലെ സിന്തൂരിൽ താമസമാക്കി. അവിടെയാണ് ശൈഖ് അബ്ദുറഹിമാൻ ബാവയുടെ ജനനം.
ബാല്യത്തിൽതന്നെ മത പഠനത്തോടൊപ്പം ഖുർആനും ഹൃദിസ്ഥമാക്കിയ മഹാൻ മലബാറിലെ കണ്ണൂർ ജില്ലയിലാണ് താമസിച്ചിരുന്നത്. വന്ദ്യപിതാവിനെ തന്നെ ആത്മീയ ഗുരുവായി സ്വീകരിച്ച മഹാനവർകൾ മുംബൈയിലെ മസ്ജിദിൽ വിദ്യാർഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിൽ വ്യാപൃതനായി. ആത്മജ്ഞാനം വേണ്ടുവോളം കരസ്ഥമാക്കുകയും ഇലാഹി സ്മരണയാൽ ആരിഫീങ്ങളുടെ സ്ഥാനം കൈവരിക്കുകയും ചെയ്ത മഹാൻ ഒരു മജ്ദൂബിനെ പോലെ വടിയും പിടിച്ച് ഡോംങ്ക്രി പ്രദേശത്ത് ചുറ്റി നടന്നിരുന്നത് കണ്ട് പലരും മഹാനെ പരിഹസിച്ചിരുന്നു. കാര്യങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കിയിരുന്നവർ മഹാനോടൊത്ത് കൂടിയിരുന്നു. ആലംബഹീനരായ നിരവധിയാളുകളുടെ ആശാകേന്ദ്രമായിരുന്ന മഹാനിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട്.
ഒരിക്കൽ ഡോംങ്ക്രി പ്രദേശത്ത് ചുറ്റി നടക്കുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിന്നീട് ജയിൽ പരിശോധിച്ച അധികൃതർക്ക് മഹാനെ കാണാൻ കഴിഞ്ഞില്ല. മഹാനിലെ അസാധാരണത്വം ബോദ്ധ്യമായ അധികൃതർ ജയിലിനുള്ളിലെ ആ സ്ഥലവും അതിനോട് ചേർന്നുള്ള മസ്ജിദും ആദരവോടെ ഇന്നും സംരക്ഷിക്കപ്പെടുകയും
എല്ലാ വർഷവും ഉറൂസ് ദിനത്തിൽ മഖാമിലെത്തി പ്രത്യേക ചടങ്ങോട് കൂടി പട്ട് അണിയിക്കുകയും ചെയ്യാറുണ്ട്.
ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അബോധാവസ്ഥയിലുള്ള കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും, ഒരിക്കലും ഭേദമാവില്ലെന്ന് പറഞ്ഞ രോഗം ഭേദമാക്കിയതും, കഠിനമായ പനി പഴം നൽകി സുഖപ്പെടുത്തിയതും. കൽക്കരി സ്വർണ്ണമാക്കി മാറ്റിയതും. മഹാൻ മുംബൈയിലുള്ള അതേ സമയം തന്നെ ആഫ്രിക്കയിലുള്ളവർ കണ്ടതും, രോഗങ്ങളാൽ പ്രയാസപ്പെട്ട് എത്തുന്നവരെ കൈവശമുള്ള വടികൊണ്ട് സ്പർശിച്ച് രോഗശാന്തി നൽകിയതുമായ സംഭവങ്ങൾ നിരവധിയാണ്. 125 വയസ്സ് വരെ ജീവിതം നയിച്ച മഹാനവർകൾ, ഹിജ്റ 1336 ജ. അവ്വൽ 1 (1918 ഫെബ്രുവരി 13)ന് ബുധനാഴ്ച ഭൗതിക ലോകത്തോട് വിടപറഞ്ഞു.
വിയോഗ വിവരമറിഞ്ഞ് ഡോംങ്ക്രി പ്രദേശത്തേക്ക് ജനങ്ങൾ ഒഴുകിയെത്തി. സകരിയ്യാ മസ്ജിദിലെ ജനാസ നമസ്കാരാനന്തരം മുൻനിശ്ചയപ്രകാരമുള്ള സ്ഥലം അന്ത്യവിശ്രമത്തിനായി തയ്യാറാക്കി.
മുംബൈയിലെ ദർഗ്ഗയിൽ എല്ലാവർഷവും ജ.അവ്വൽ 1 മുതൽ 10 വരെ വിപുലമായ രീതിയിൽ ഉറൂസ് നടത്തി വരുന്നു.
മഹാനവർകളുടെ അവസ്ഥകളെ കുറിച്ച് സൂഫിവര്യൻ വടകര അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ (ഖ.സി) ശിഷ്യരോട് പലപ്പോഴും പറയാറുണ്ടായിരുന്നു.