പൊന്നാനി മഖ്ദൂം കുടുംബത്തിലെ പ്രമുഖ പണ്ഡിതനും സാഹിത്യ പ്രതിഭയുമായിരുന്നു കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍. സൈനുദ്ദീന്‍ മഖ്ദൂം ആഖിറിന്റെയും അഹ്‌മദുല്‍ മഖ്ദൂമിയുടെ പുത്രി കുഞ്ഞിഫാത്തിമയുടെയും പുത്രനായി 1843 (ഹിജ്റ 1259)ല്‍ പൊന്നാനിയിലെ കൊങ്ങണം വീട്ടിലാണ് ജനനം.
പിതാവിനെ കൂടാതെ വലിയ ബാവ മുസ്‌ലിയാര്‍, അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എന്നിവരും ഗുരുനാഥന്‍മാരാണ്. പഠന ശേഷം പൊന്നാനി പള്ളിയില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിരുന്നു. 1888 (ഹിജ്‌റ 1305)ല്‍ പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് പൊന്നാനിയില്‍ ഖാദിയായി നിയമിതനായി.
ബാല്യകാലം മുതല്‍ തന്നെ സാഹിത്യാഭിരുചി പ്രകടമാക്കിയിരുന്ന അദ്ദേഹം നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഹാശിയത്തുന്‍ അലാ മന്‍ളൂമതിസ്സുആലി വല്‍ ജവാബ് ലി ജലാലുദ്ദീന്‍ സുയൂഥി, ഹാശിയത്തുന്‍ തുസമ്മാ ബി നസ്‌രില്ലാഹില്‍ അലീമി അലാ ഫത്ഹില്‍ കരീം, ശര്‍ഹുന്‍ അലാ ബാബി മഅ്‌രിഫത്തില്‍ കുബ്‌റാ, അല്‍ ഖുത്വ്ബത്തുല്‍ മിന്‍ബരിയ്യ ഫില്‍ അറബിയ്യ, മൈമൂനു താജിരീന്‍, മൗലിദുന്‍ ഫീ മനാഖിബി സയ്യിദതി ഫാത്വിമതിസ്സഹ്‌റാഅ്, മൗലിദുന്‍ ഫീ മനാഖിബിസ്സയ്യിദതി മര്‍യമല്‍ അദ്‌റാഅ്. തര്‍ജുമതു സൂറതില്‍ ഫാതിമ, തര്‍ജുമതു സൂറതില്‍ കഹ്ഫ്, തര്‍ജുമതില്‍ മൗലിദില്‍ കബീര്‍ ലിശ്ശൈഖ് മുഹ്‌യിദ്ദീന്‍, തര്‍ജുമതുല്‍ മൗലിദില്‍ മന്‍ഖൂസ്, അല്‍ഖസ്വീദത്തുല്‍ മഖ്ദൂമിയ്യ, വൈദ്യസാരം, ബറകാത്തുല്‍ മുഅ്മീനീന്‍ പത്ത് കിതാബ് പരിഭാഷ, ഭക്ഷിക്കാന്‍ യോഗ്യവും നിഷിദ്ധവുമായ ജീവികളെ സംബന്ധിച്ച കവിതാ സമാഹാരം തുടങ്ങിയവ പ്രധാന കൃതികളാണ്.
ആത്മീയ ഗുരുകൂടിയായിരുന്ന അദ്ദേഹം വൈദ്യ ശാസ്ത്രത്തിൽ നിപുണനും കേരളത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകനുമായിരുന്നു.
ഉത്തരകേരളത്തിലെ ഉളിയില്‍ പ്രദേശത്തേക്ക് മതപ്രഭാഷണത്തിന് പുറപ്പെട്ട അദ്ദേഹം 1905 (ഹിജ്റ 1323)ല്‍ ഉളിയില്‍ വെച്ച് വിടപറഞ്ഞു. ഉളിയിലെ പള്ളി പരിസരത്ത് തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കൊങ്ങണംവീട്ടില്‍ ബാവ മുസ്‌ലിയാര്‍ സഹോദരനാണ്.