പണ്ഡിതനും, പ്രഭാഷകനും, സാഹിത്യകാരനുമായിരുന്ന തിരൂരങ്ങാടി മുടയന്‍ പുലാക്കല്‍ അലിഹസന്‍ മുസ്‌ലിയാര്‍ നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.
മുടയന്‍ പുലാക്കല്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ പുത്രനായി 1892 (ഹിജ്‌റ 1310)ൽ ജനനം. പിതാവും പിതാമഹന്‍ ഹസന്‍ മുസ്‌ലിയാരും വലിയ പണ്ഡിതന്മാരായിരുന്നു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ തെന്നലയില്‍ നിന്നാണ് തിരൂരങ്ങാടിയിലെത്തി താമസമാക്കിയത്.
കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. തിരൂര്‍ കോട്ട്, പറമ്പത്ത്, ചേറൂര്‍, എടരിക്കോട്, മുണ്ടുപറമ്പ്, മൈലപ്പുറം, പാണക്കാട്, പരപ്പനങ്ങാടി, ചെറുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. തിരൂര്‍ കോട്ട് ജുമുഅത്ത് പള്ളിയില്‍ ഇരു ഘട്ടങ്ങളിലായി മൂന്ന് പതിറ്റാണ്ട് കാലം മുദരിസായിരുന്നു.
18-ാം വയസ്സില്‍ അറബിഭാഷയില്‍ ഗ്രന്ഥരചന ആരംഭിച്ച അദ്ദേഹത്തിന്റെ പ്രഥമ കൃതി മനാഖിബുശൈഖിതാനൂരി എന്നതാണ്. നാല്‍പ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍റത്തുല്‍ അലിഫ് ഹാശിയത്തു അല്ലഫല്‍ അലിഫ്, തുഹ്ഫത്തുല്‍ ഇന്‍സാന്‍ ബിതഫ്‌സീരില്‍ ഹയവാന്‍, ഖുര്‍റത്തുല്‍ അഹ്ബാബ് ഫീ മനാഖിബില്‍ അഖ്ത്വാബ്, മൈലുല്‍ കിറാം ബി ശറഹി നൈലില്‍ മറാം, അല്‍ഫവാഇദുല്‍ ജല്ലിയ്യ, നൈലുല്‍ ബശര്‍ ബി തര്‍ജുമത്തി തീബിന്നശ്ര്‍, മിന്‍ഹത്തുല്‍ ഗഫാര്‍ ഫീ മനാഖിബി ഹംസത്തില്‍ കര്‍റാര്‍, ദുര്‍റത്തുല്‍ കൗനൈന്‍ ഫീ മനാഖിബില്‍ ഹസനൈന്‍, ബിഗ് യത്തുല്‍ മുഹിബ്ബീന്‍ ഫീ മനാഖിബില്‍ ബദ്‌രിയ്യീന്‍, ഫൈളുല്‍ മതീന്‍ ഫീ മനാഖിബി മുഈനിദ്ദീന്‍ അജ്മീരി, മവാഹിബുല്‍ മജീദ് ഫീ മനാഖിബി ശൈഖി ഫരീദ്(കാഞ്ഞീരമുറ്റം), നഫ്ഹത്തുല്‍ ബാരീ ഫീ മനാഖിബിസ്സയ്യിദ് അലവി (മമ്പുറം), റഹ്മത്തുശ്ശാഫി ഫീ മനാഖിബി ഉഹൈമിദി സ്വൂഫി(പെരുമ്പടപ്പ്), മിനനുല്‍ ഖല്ലാഖ് ഫീ മനാഖിബിസ്സ്വിദ്ദീഖ്, തുഹ്ഫത്തുല്‍ ബാരിസ്സനിയ്യ, താരീഖുല്‍ ഖുലഫാഇല്‍ ഖംസ, ഇആനത്തുല്‍ ആബിദീന്‍, താരീഖു അസ്‌വാജി റസൂല്‍, താരീഖു ഔലാദി റസൂല്‍, അല്‍വസീലത്തുശ്ശറഫിയ്യ, ഗായത്തുത്തവസ്സുല്‍ ബി അസ്മാഇ അഹ്‌ലില്‍ ഫള്ല്‍, കവാഫില്‍ അനാം, മുഹിമ്മത്തുല്‍ ഇസ്‌ലാം, മൗഹിബത്തുല്‍ ജലീല്‍ ഫീ റദ്ദീല്‍ അഖാവീല്‍, ഇലാജുല്‍ വാഖിഅ ഫീ മസാഇലില്‍ ജുമുഅ, മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍, തഖ്‌വീമുല്‍ അഅ്‌വാം ബി അഖ്ബാരി മഹ്ദിയ്യില്‍ ഇമാം, തസ്ഹീലുല്‍ ഹുഫാള്, ദോ ജവാജ് ചില പ്രധാന രചനകളാണ്.
ചെറുപ്പം മുതല്‍ അറിയപ്പെട്ട പ്രാസംഗികനായിരുന്ന അലിഹസന്‍ മുസ്‌ലിയാര്‍ 1961 ഏപ്രിൽ,16 (ഹിജ്‌റ 1380 ശവ്വാല്‍ 29)ന് ഞായറാഴ്ച ഇഹലോകവാസം വെടിഞ്ഞു