പാലക്കാട് ജില്ലയില്‍ പരിസ്ഥിതി സംരക്ഷിത മേഖലയായി ശ്രദ്ധയാകർഷിക്കപ്പെട്ട അനങ്ങന്‍ മലയുടെ വൃഷ്ടിപ്രദേശമായ കോതകുറുശ്ശിക്കടുത്ത് പാലക്കോട് പഴത്തൊടി തറവാട്ടിലെ മൊയ്തീന്‍കുട്ടി- ഫാത്വിമ ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയ പുത്രനായി 1940 ഫെബ്രുവരി 15 (ഹിജ്റ 1359 മുഹര്‍റം 6)ന് വ്യാഴാഴ്ചയാണ് പാലക്കോട് പി.ടി. അബൂബക്കര്‍ മൗലവി എന്ന അബുട്ടി മുസ്‌ല്യാരുടെ ജനനം.
പാലക്കോട് എ.എം.എല്‍.പി. സ്ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, വല്ലപ്പുഴക്കടുത്ത് കുറുവട്ടൂര്‍ പള്ളിദര്‍സ്സില്‍ അബ്ദുള്ളപ്പൂ മുസ്‌ല്യാരുടെ കീഴില്‍ മതപഠനം ആരംഭിച്ചു. തുടര്‍ന്ന് പട്ടാമ്പിക്കടുത്ത് കാരക്കാട് പള്ളിദര്‍സ്സില്‍ കാരക്കാട് അബൂബക്കര്‍ മുസ്‌ല്യാര്‍, മലപ്പുറം ജില്ലയിലെ മണ്ണാര്‍മല പള്ളിദര്‍സ്സില്‍ നെല്ലായ സ്വദേശി എം.പി. കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയ പ്രഗത്ഭരായ മതപണ്ഡിതന്മാരുടെ കീഴില്‍ പഠനം നടത്തിയ ശേഷം 1963-ല്‍ കോഴിക്കോട് ജില്ലയിലെ ഫറൂഖ് കോളേജില്‍ നിന്നും അഫ്സലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി.
1967-ല്‍ കോട്ടയം ജില്ലയിലെ തലയോലപറമ്പ് ജുമുഅത്ത് പള്ളിയിലെ ഖത്തീബ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് സേവന രംഗത്തേക്ക് പ്രവേശിച്ചു.
വല്ലപ്പുഴക്കടുത്ത് കുറുവട്ടൂര്‍ പള്ളിദര്‍സ്സിലെ പഠനകാലത്ത്, പ്രദേശവാസിയും പൗരപ്രമുഖനുമായിരുന്ന ജനാബ് മരക്കാര്‍ സാഹിബിന്‍റെ വീട്ടില്‍ വെച്ച് നടത്തിവന്നിരുന്ന റാത്തീബ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രസ്തുത റാത്തീബ് പ്രമുഖ സൂഫിവര്യനും ആത്മജ്ഞാനിയുമായ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ (ഖ.സി) (1882-1987) അവര്‍കളുടെ നിര്‍ദ്ദേശാനുസരണം നടത്തപ്പെടുന്നതാണെന്നും മഹാനവര്‍കള്‍ അല്‍പം മുമ്പ് അവിടം വന്നുപോയതായും അറിഞ്ഞതോടെ, മഹാനവര്‍കളെ നേരില്‍ കാണുവാനുള്ള ആഗ്രഹം മനസ്സിലുദിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം, 1968-ല്‍ ഹിജ്റ വർഷം 1388 റജബ് മാസം 27നോട് അടുത്തദിവസം വടകരയിലെത്തിയ അദ്ദേഹം മഹാനവര്‍കളെ സന്ദര്‍ശിച്ച് ആഗ്രഹസാഫല്യം നേടി. പ്രഥമ കൂടിക്കാഴ്ചയില്‍ തിരുസവിധത്തില്‍ രണ്ടുനാള്‍ താമസിക്കുവാനുള്ള നിർദേശവും ലഭിച്ചു.
തുടര്‍ന്ന് അവിടുത്തോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും, ആത്മീയ ഗുരുവായി സ്വീകരിച്ച് ജ്ഞാനോപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താൻ തയ്യാറാവുകയും ചെയ്തു.
1970-ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുള്ളശ്ശേരി വീരമംഗലം ജി.എം. എല്‍.പി. സ്ക്കൂളില്‍ അറബിക് അദ്ധ്യാപകനായിക്കൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1972-ല്‍ സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് സ്വദേശമായ അനങ്ങടി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ അദ്ധ്യാപനം തുടര്‍ന്നു. 1995-ല്‍ പ്രസ്തുത സ്ക്കുളില്‍ വെച്ച് സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിച്ചു.
മികച്ച വാഗ്മിയും രചയിതാവുമായിരുന്ന അദ്ദേഹം, അറബി അക്ഷരമാലയിലെ 28 അക്ഷരങ്ങളാല്‍ ഇസ്‌ലാമിന്‍റെ അഞ്ച് അനുഷ്ഠാന കർമ്മങ്ങളെ അടിസ്ഥാനമാക്കി ഏഴ് വ്യത്യസ്ഥ ഈണങ്ങളിലായി രചിച്ചിട്ടുള്ള "ദുററുല്‍ മആരിഫ്" അഥവാ വിജ്ഞാന മുത്തുകള്‍ എന്ന കൃതി 1978-ല്‍ അഭിവന്ദ്യഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം തിരുസന്നിധിയില്‍ വെച്ച് ആലപിക്കുകയും, അവിടുത്തെ അകമഴിഞ്ഞ പ്രശംസയ്ക്ക് അര്‍ഹനാവുകയും ചെയ്തു.
"റജാഈ" അഥവാ എന്റെ പ്രതീക്ഷ എന്ന ശീർഷകത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കി വീടിന്റെ ചുവരിൽ തൂക്കിയിരുന്ന അറബിക് കവിതാശകലത്തിലെ ഒരോ വരികളും ജീവിത സാക്ഷാത്കാരത്തിനായി രക്ഷിതാവിനോട് കേണപേക്ഷിക്കുന്ന അദ്ദേഹത്തിലെ അന്വേഷിയെ പരിചയപ്പെടുത്തുന്നതാണ്.
മഹാനവര്‍കളുടെ ആത്മീയ സദസ്സുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം, 1987-ല്‍ വന്ദ്യഗുരുവിന്‍റെ വിയോഗത്തെ തുടര്‍ന്ന് അവിടുത്തെ മഹിതമായ പാരമ്പര്യത്തെയും, അത്ഭുത സിദ്ധികളുള്‍ക്കൊണ്ട മഹത്ജീവിതത്തേയും പ്രകീര്‍ത്തിച്ചുകൊണ്ട് രചിച്ച അഞ്ച് ബൈത്തുകളടങ്ങിയ 'മശ്ഹൂര്‍ മൗലിദ്', രചനാ വൈഭവം കൊണ്ടും ആലാപന ശൈലികൊണ്ടും മികവുറ്റതാണ്.
2016-ല്‍ ഗുരുപുത്രി കരീമത്ത് സയ്യിദത്ത് ആയിശ ബീവി(ന.മ) (1954-2016)യുടെ നിര്യാണത്തെ തുടര്‍ന്ന് മഹതിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം രചിച്ച 'ആയിശാബീവി മൗലിദും' ഏറെ ശ്രദ്ധേയമാണ്.
മശ്ഹൂര്‍ മൗലിദിന്‍റെ 30ാം വാര്‍ഷികം 2017 ഏപ്രില്‍ 15 ശനിയാഴ്ച, രചയിതാവിന്‍റെ വസതിയില്‍വെച്ച് ഗുരുപുത്ര-പൗത്രന്മാരും മറ്റ് സ്നേഹജനങ്ങളും പങ്കെടുത്ത് കൊണ്ട് വളരെ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയില്‍ ശൈഖ്തങ്ങളുടെ വിവിധ പ്രദേശങ്ങളിലുള്ള ശിഷ്യഗണങ്ങള്‍ രചയിതാവിനെ പൊന്നാട അണിയിച്ച് സന്തോഷം പ്രകടിപ്പിച്ചു.
സൗമ്യ സമീപനത്താൽ ഏവരിലും സൗഹൃദം സൂക്ഷിച്ചിരുന്ന ഇദ്ദേഹം 2018 ജൂലൈ 31ന് (ഹിജ്റ 1439 ദുല്‍ഖഅദ് 17) ചൊവ്വാഴ്ച 78ാം വയസ്സില്‍, വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിടപറഞ്ഞു. ഗുരുപുത്ര-പൗത്രന്മാരുടെയും ബന്ധുമിത്രാദികളുടെയും മറ്റ് സ്നേഹജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പാലക്കോട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.