സ്നേഹ സ്മരണ : വി. പി. ഹുസൈൻ കോയതങ്ങൾ


 പൊന്നാനിയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ വി. പി. ഹുസൈൻ കോയതങ്ങൾ ഇക്കഴിഞ്ഞ 2023 ജനുവരി, 28ന് ശനിയാഴ്ച വിട പറഞ്ഞിരിക്കുന്നു. 


1952 മെയ്, 4 (ഹിജ്റ 1371 ശഅബാൻ, 9)ന് ഞായറാഴ്ച്ച പ്രമുഖ സയ്യിദ് തറവാടായ വെട്ടം പോക്കിരിയാനകത്ത് ഫാത്വിമ മുല്ല ബീവി ശരീഫയുടെയും പൊന്നാനിയിലെ മറ്റൊരു പേരുകേട്ട സയ്യിദ് തറവാടായ വലിയജാറത്തിങ്കൽ ഒ. പി. എം. സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയ തങ്ങളുടെയും പുത്രനായി ജനിച്ചു. 


സർവ്വരാലും ആദരിക്കപ്പെടുന്ന വെട്ടം പോക്കിരിയാനകത്ത് നഫീസ കുഞ്ഞാറ്റബീവി ശരീഫ ഉമ്മാമ (ഉമ്മയുടെ ഉമ്മ)യാണ്. പരേതനായ സയ്യിദ് അഹ്‌മദ് മുത്തുകോയ തങ്ങൾ, അസ്മ മുത്തുബീവി ശരീഫ (വടകര), ഖദീജ കുഞ്ഞി ബീവി ശരീഫ (ചാലിയം) എന്നിവർ സഹോദരങ്ങളാണ്. 


പൗര പ്രമുഖനും, പൊന്നാനി മുൻ എം.എൽ.എയും, ദീർഘകാലം പൊന്നാനിയുടെ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വി. പി. സി. തങ്ങൾ ഉമ്മയുടെ അമ്മാവനാണ്.

ഇദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായി കൊണ്ടാണ് വി. പി. ഹുസൈൻ കോയതങ്ങൾ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 


വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പടിപടിയായി ഉയർന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വവും, തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനവും വഹിച്ചു. പിന്നീട് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ മത്സരിച്ച് വിജയിച്ച് പൊന്നാനി മുൻസിപ്പൽ ചെയർമാൻ പദവിയിലെത്തി. കൂടാതെ നിരവധി മത വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. 


മുൻസിപ്പൽ ചെയർമാൻ പദവി ലഭിക്കുന്നതിന് മുൻപും ശേഷവും സാധാരണക്കാർക്ക് അവരുടെ എന്ത് ആവശ്യത്തിനും ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന ഒരു നേതാവായിരുന്നു ഹുസൈൻ കോയ തങ്ങൾ. തന്നെ തേടിയെത്തുന്നവരോടൊപ്പം സമയം നോക്കാതെ ഇറങ്ങിപ്പുറപ്പെടാൻ മടിയില്ലാത്ത അദ്ദേഹം പലപ്പോഴും വന്നവരുടെ കൂടെ ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്നുള്ള യാത്ര പൊന്നാനിയിലെ തെരുവോരങ്ങൾക്ക് പതിവ് കാഴ്ചയാണ്. ദിനചര്യയെന്നോണമുള്ള ഈ പ്രയാണത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പൊന്നാനിയിലും പരിസരങ്ങളിലുമുള്ള മരണവീടുകളിലും, വിവാഹങ്ങളിലും ഇത്രയേറെ പങ്കെടുത്ത മറ്റൊരാൾ പൊന്നാനിയിൽ ഉണ്ടാവാൻ സാധ്യതയില്ല, അത്രയ്ക്കേറെ ജനങ്ങളുമായി ഇടപെടുന്നതിനാലാണിത്. 


രാഷ്ട്രീയത്തിനും ജാതിമതത്തിനുമപ്പുറം വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കല്പിച്ചിരുന്ന  അദ്ദേഹത്തിന്  ഒരു വലിയ  സ്നേഹവലയം തന്നെ ഉണ്ടായിരുന്നു. ജീവിതാവസാനം വരെ അത് കാത്തു സൂക്ഷിച്ചിരുന്നു. 


അപ്രതീക്ഷിതമായ രോഗാവസ്ഥയാൽ ശാരീരികമായി പ്രയാസം അനുഭവപ്പെടുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ മറ്റുള്ളവരുടെ സഹായത്താൽ പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. ആറ് പതിറ്റാണ്ടുകാലം ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം രോഗശയ്യയിൽ പോലും മറ്റുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ സമയം കണ്ടെത്തിയിരുന്നു. 


പൊതുപ്രവർത്തനരംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് പൊന്നാനി ജെ. എം. ആർ. സിയും, പ്യാക്കയും ചേർന്ന് എം. ഐ. സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  ജനാവലിയുടെ സാന്നിധ്യത്തിൽ  ആദരം നൽകിയിരുന്നു. രാഷ്ട്രീയ മത സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങ് ഹുസൈൻ കോയതങ്ങൾക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകിയിരുന്നു. അതിന്റെ സംഘാടകരുടെ ശ്ലാഘനീയമായ പ്രവർത്തനത്തെ കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു. 


2023 ജനുവരി, 28 (ഹിജ്റ 1444 റജബ്, 5)ന് ശനിയാഴ്ച പുലർച്ചെ 5 മണിക്കായിരുന്നു വി. പി. ഹുസൈൻ കോയതങ്ങളുടെ ആകസ്മിക വേർപാട്. സാധാരണക്കാരുടെ അത്താണിയായിരുന്ന തങ്ങളുടെ വിയോഗം പൊന്നാനി ജനസമൂഹത്തിന് വലിയ നഷ്ടമാണ്. 


കാപ്പാട് സ്വദേശിനി സുഹറാ ബീവി ശരീഫയാണ് ഭാര്യ. സുഫിന, നാസിഹ, സയ്യിദ് ഉനൈസ്, സയ്യിദ് അനീസ് എന്നിവർ മക്കളാണ്. 


പൊന്നാനി തെക്കേപള്ളി സയ്യിദന്മാരുടെ ഖബർസ്ഥാൻ അങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മഅ്ഫിറത്തും മർഹമത്തും നൽകി പാരത്രിക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ.. ആമീൻ. 


സയ്യിദ് ഹുസൈൻ കോയ തങ്ങളുടെ വംശ പരമ്പര 


1.  സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍

2.  സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങള്‍

3.  സയ്യിദ് ഹുസൈന്‍ ഹൈദ്രോസ് ചെറുകുഞ്ഞിക്കോയതങ്ങള്‍

4.  സയ്യിദ് മുഹമ്മദ് ഹൈദ്രോസ്

5.  സയ്യിദ് അഹ്‌മദ് ഹൈദ്രോസ് 

6.  സയ്യിദ് മുഹമ്മദ് ഹൈദ്രോസ്

7.  സയ്യിദ് അബ്ദുറഹ്‌മാന്‍ ഹൈദ്രോസ്

8.  സയ്യിദ് മുഹമ്മദ് ഹൈദ്രോസ്

9.  സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹൈദ്രോസ്

10.  സയ്യിദ് അലി ഹൈദ്രോസ്

11.  സയ്യിദ് ഹുസൈന്‍

12.  സയ്യിദ് അലവി

13.  സയ്യിദ് മുഹമ്മദ്

14.  സയ്യിദ് അഹ്‌മദ്

15.  സയ്യിദ് ഹുസൈന്‍

16.  സയ്യിദ് അബ്ദുള്ള ഹൈദ്രോസ്

17.  സയ്യിദ് അബൂബക്കര്‍ സക്റാന്‍

18.  സയ്യിദ് അബ്ദുറഹ്‌മാന്‍ സഖാഫ്

19.  സയ്യിദ് മുഹമ്മദ് മൗലദ്ദവീല

20.  സയ്യിദ് അലി ഹൈദര്‍

21.  സയ്യിദ് അലവി

22.  സയ്യിദ് മുഹമ്മദ് ഫഖീഹില്‍ മുഖദ്ദം

23.  സയ്യിദ് അലി ബാഅലവി

24.  സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ മിര്‍ബാത്ത്

25.  സയ്യിദ് അലി ഹാലിഇല്‍ ഖിസം

26.  സയ്യിദ് അലവി

27.  സയ്യിദ് മുഹമ്മദ്

28.  സയ്യിദ് അലവി

29.  സയ്യിദ് ഉബൈദുള്ള

30.  സയ്യിദ് അഹ്‌മദ് മുഹാജിര്‍

31.  സയ്യിദ് ഈസ നുഖൈബ്

32.  സയ്യിദ് മുഹമ്മദ്

33.  സയ്യിദ് അലിയ്യില്‍ ഉറൈളി

34.  സയ്യിദ് ജഅഫര്‍ സ്വാദിഖ്

35.  സയ്യിദ് മുഹമ്മദ് ബാഖിര്‍

36.  സയ്യിദ് സൈനുല്‍ ആബിദീന്‍

37.  സയ്യിദ് ഹുസൈന്‍

38.  സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്

39.  സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ)



സയ്യിദ്  ആറ്റക്കോയ തങ്ങൾ, വടകര