വടകര കാരക്കാട്ടിൽ സയ്യിദ് സാലിം മുത്തുകോയ തങ്ങൾ (സിംഗപ്പൂർ)

 പ്രവാചക വംശപരമ്പരയിലെ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട കാരക്കാട് തറമ്മൽ സയ്യിദ് ഹൈദ്രോസ് തങ്ങളുടെയും, കാരക്കാട് പുതിയ പുരയിൽ സയ്യിദത്ത് ഉമ്മുഹാനി എന്ന കോയമ്മബീവിയുടെയും പുത്രനായി മാതൃഗൃഹത്തിൽ ജനിച്ചു. സയ്യിദ് ഇബ്രാഹിം തങ്ങൾ, സയ്യിദത്ത് ആയിഷാ ബീവി, കൂടാതെ പിതാവ് നാദാപുരം ചക്കരപ്പുറത്ത് സയ്യിദ് കുടുംബത്തിൽ നിന്ന് മറ്റൊരു വിവാഹം ചെയ്തതിൽ സയ്യിദ് അഖീൽ ആറ്റക്കോയ തങ്ങൾ (നാദാപുരം), സയ്യിദ് ഉമർ ചെറിയ കോയതങ്ങൾ (വടകര), സയ്യിദത്ത് പൂക്കുഞ്ഞി ബീവി (കാരക്കാട്) എന്നിവരും സഹോദരങ്ങളാണ്. 

പിതാമഹൻ സയ്യിദ് സാലിം തങ്ങളാണ് യമനിലെ ഐനാത്ത് പ്രദേശത്ത് നിന്ന് കേരളത്തിൽ എത്തിച്ചേർന്ന ശൈഖ് അബൂബക്കർ ഖബീലയിലെ ആദ്യത്തെ വംശനാഥൻ. ഇവരുടെ 9ാം പിതാമഹൻ ഹളർമൗത്തിലെ സയ്യിദ് ശൈഖ് അബൂബക്കർ ഇബ്നു സാലിം  എന്നവരുടെ നാമത്തിലാണ് ഈ ഖബീല അറിയപ്പെടുന്നത്. ഫഹ്റുൽ വുജൂദ് എന്നും നാമകരണമുണ്ട്. ഇദ്ദേഹമാണ് വിശ്വവിഖ്യാതമായ താജുസ്സ്വലാത്തിന്റെ രചയിതാവ്. 

വടകര താഴെയങ്ങാടിയിൽ സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങളുടെ പുത്രിയാണ് മാതാവ് സയ്യിദത്ത് ഉമ്മുഹാനി ബീവി. 

മതപഠനത്തിനുശേഷം ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച തങ്ങൾ സഹായം തേടിയെത്തുന്നവരുടെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്നു. കുടുംബ വഴക്കുകളും, അതിർത്തി തർക്കങ്ങളും മറ്റ് സാമൂഹിക പ്രശ്നങ്ങളും സംസാരിച്ച് ഒത്തുതീർപ്പാക്കുന്നതിലും, മധ്യസ്ഥം വഹിക്കുന്നതിനും പ്രത്യേകമായ കഴിവ് തന്നെ തങ്ങളവർകൾക്കുണ്ടായിരുന്നു. 

സയ്യിദ് സാലിം മുത്തുക്കോയ തങ്ങൾ വൈദ്യവും ആത്മീയ ചികിത്സയും സ്വായത്തമാക്കിയിരുന്നു. സ്വദേശത്തും സിംഗപ്പൂരിലും ആത്മീയ ഗുരുവായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം അത്ഭുത സിദ്ധികൾ കൊണ്ട് ജനങ്ങളെ ആകർഷിച്ചിരുന്നു.  പുതിയപുര തറവാട് ചുറ്റുപാടുമുള്ള കാര്യങ്ങളെ നിശ്ചയിക്കുന്ന സാമൂഹ്യാധികാര രൂപമായി മാറിയിരുന്നു. ആർക്കും ജാതിമത പരിഗണനകൾക്കപ്പുറത്ത് ഏത് സമയത്തും വന്ന് പ്രശ്നങ്ങൾ പറയാനും പരിഹരിക്കപ്പെടാനുമുള്ള അന്തരീക്ഷം പുതിയപുര തറവാട്ടിൽ അക്കാലത്ത് ഉണ്ടായിരുന്നു. 1917-ൽ വാക് ഭടാനന്ദ ഗുരു രൂപീകരിച്ച ആത്മവിദ്യാ സംഘത്തിൽ പ്രവർത്തിക്കുന്നവരും എതിരാളികളും തമ്മിലുണ്ടായ സംഘർഷം പലപ്പോഴും ഇവിടുത്തെ സ്വൈര്യ ജീവിതത്തിനു തന്നെ ഭീഷണിയായിരുന്നു. ഇത്തരം സംഘർഷങ്ങളിൽ പലപ്പോഴും ഇടപെട്ട് തീർപ്പുണ്ടാക്കിയത് സയ്യിദ് മുത്തുക്കോയ തങ്ങളായിരുന്നു. പ്രാദേശികമായ മറ്റു തർക്കങ്ങളും പരിഹരിക്കുന്ന വേദിയായി മുത്തുക്കോയ തങ്ങളുടെ പുതിയപുര തറവാട് മാറിയിരുന്നു. കാരക്കാട് പ്രദേശത്തെ തർക്കപരിഹാര സംവിധാനം എന്ന നിലയിലേക്ക് തറവാട് ഉയരുകയും സാമൂഹിക ബന്ധങ്ങൾ ഈ പ്രദേശത്ത് ഊട്ടി ഉറപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുകയും ചെയ്തു. 

ആത്മീയ വഴിയിൽ നിരവധി അനുയായികളെ സമ്പാദിച്ച തങ്ങൾ വടകരയിലെ കുന്നുമ്മൽ സയ്യിദ് കുടുംബത്തിൽ നിന്നും നാദാപുരത്തെ തുണ്ടിയിൽ കുടുംബത്തിൽ നിന്ന് ഫാത്വിമ എന്നവരേയും വിവാഹം ചെയ്തിട്ടുണ്ട്. ഇരു വിവാഹങ്ങളിലായി സയ്യിദത്ത് ആയിശ ബീവി, സയ്യിദത്ത് പൂക്കുഞ്ഞിബീവി എന്നീ പുത്രിമാർ പിറന്നു. 

ജീവിതത്തിന്റെ അവസാന നാളുകൾ സിംഗപ്പൂരിലായിരുന്നു തങ്ങൾ കഴിച്ചുകൂട്ടിയത്. സ്വദേശത്തും വിദേശത്തും തങ്ങളിൽ നിന്ന് നിരവധി അത്ഭുത സിദ്ധികൾ പ്രകടമായിരുന്നതായി പഴമക്കാർ ഇന്നും ഓർത്തെടുക്കാറുണ്ട്. 

സയ്യിദ് മുത്തുക്കോയ തങ്ങൾ സിംഗപ്പൂരിൽ വെച്ച് വിടപറഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനായോഗങ്ങൾ ആത്മവിദ്യാസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ആത്മവിദ്യാസംഘം എൽ. പി. സ്കൂളിൽ വെച്ച് നടന്നു. സിംഗപ്പൂർ മലബാർ മസ്ജിദ് അങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 

മലബാറുകാർക്ക് സിംഗപ്പൂരുമായുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമായാണ് മലബാർ മസ്ജിദ് നിലകൊള്ളുന്നത്. ശില്പ ചാരുത ഭംഗികൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിക്കപ്പെടുന്ന മസ്ജിദിന്റെ ഇരു താഴികക്കുടങ്ങൾ ഏറെ മനോഹാരിത പകരുന്നതാണ്. വിക്ടോറിയ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് സന്ദർശക ഭൂപടത്തിലെ പ്രധാന കേന്ദ്രം കൂടിയാണ്. 

സിംഗപ്പൂരിലെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് അഭയാർത്ഥികളായും തൊഴിൽ അന്വേഷകരായും എത്തിച്ചേർന്ന മലബാർ മുസ്ലിങ്ങളാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദ് സ്ഥാപിച്ചത്. 

സയ്യിദ് സാലിം തങ്ങളവർകളുടെ ജീവിതത്തെ കുറിച്ചും അവസ്ഥാ വിശേഷങ്ങളെപ്പറ്റിയും മാതൃസഹോദര പുത്രനും, സഹോദരൻ സയ്യിദ് ഇബ്രാഹിം തങ്ങളുടെ പുത്രി സയ്യിദത്ത് ആയിശ ആറ്റബീവിയുടെ ഭർത്താവുമായ പ്രമുഖ സൂഫിവര്യൻ വടകര അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ (ഖ.സി) അവർകളിൽ നിന്ന് ലഭിച്ച അറിവുകൾ പുത്രൻ അശ്ശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ (ഖ.സി) പുത്രനായ ഈ രചയിതാവിന് പകർന്നു നൽകിയ വിവരങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. കൂടാതെ കാരക്കാട്ടിലെ പുതിയ പുര തറവാട് വാങ്ങിച്ച് പുനരുദ്ധാരണം നടത്തുമ്പോൾ ലഭിക്കുകയും വർഷങ്ങളായി നമ്മുടെ വീട്ടിൽ സൂക്ഷിച്ച് വരുന്നതുമായ ഫോട്ടോയാണ് ഇതോടൊപ്പം നൽകുന്നത്. 

മഹാത്മാക്കളെ അറിയുവാനും സ്മരിക്കുവാനും നമുക്ക് അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ