പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പുരാതന കുടുംബമായ പള്ളത്ത് തറവാട്ടിലെ ഏനുക്കുട്ടി - ഫാത്തിമക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയ പുത്രനായി 1929 ജൂലൈ 1 (ഹിജ്റ 1348 മുഹർറം 23) തിങ്കളാഴ്ചയാണ് പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ ജനനം.
പ്രാഥമിക വിദ്യാഭ്യാസം പട്ടാമ്പി ജി.എം.എല്‍.പി. സ്കൂളിലും, പട്ടാമ്പി സി. ഇ. നായര്‍ ഹൈസ്കൂളിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ് പാസായ ശേഷം മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് കാട്ടുമുണ്ട എല്‍.പി. സ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പഠന ശേഷം പിടിപെട്ട അസുഖത്തിന് ചികിത്സ തേടി അക്കാലത്തെ പ്രശസ്തരായ ഒട്ടനവധി ഡോക്ടര്‍മാരേയും, വൈദ്യന്മാരേയും സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ സഹോദരി ആമിനയുടെ പുത്രി ഖദീജയുടെ ഭര്‍ത്താവ് വഴിയില്‍ മുഹമ്മദ് മുസ്‌ല്യാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ വടകര താഴെയങ്ങാടിയിലെ പ്രസിദ്ധ സൂഫിവര്യനും, ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രഗത്ഭനുമായ അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങളെ (ഖ.സി.) സന്ദര്‍ശിക്കുകയും, മഹാനവര്‍കളുടെ ചികിത്സാ വിധികള്‍ക്കനുസൃതമായി താമസിയാതെ അസുഖം ഭേദമാവുകയും ചെയ്തു.
ആ കൂടിക്കാഴ്ച മുഹമ്മദ് മാസ്റ്ററുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. തുടര്‍ന്ന് മഹാനവര്‍കളുമായി സ്നേഹബന്ധം പുലര്‍ത്തുകയും, ആത്മീയ ഗുരുവായി സ്വീകരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലെ മുട്ടന്നൂരില്‍ നിന്നും പൂപ്പറമ്പില്‍ പൊറ്റമ്മല്‍ മുഹമ്മദിന്‍റേയും, ബീമുവിന്‍റേയും പുത്രി കുഞ്ഞിത്തായിയെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത്. ദാമ്പത്യ ജീവിതത്തില്‍ സന്താനലബ്ധി ഉണ്ടായിരുന്നില്ല.
1984-ല്‍ പാലക്കാട് ജില്ലയിലെ തൃത്താല വരണ്ടകുറ്റിക്കടവ് ജി.എം.എല്‍.പി. സ്കൂളില്‍ പ്രധാന അദ്ധ്യാപകനായിരിക്കെയാണ് ദീര്‍ഘ കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
നഗരമദ്ധ്യത്തിലെ തറവാട്ടുവീട്ടില്‍ വിശ്രമജീവിതം ആരംഭിച്ച അദ്ദേഹം, 1985-ല്‍ അഭിവന്ദ്യഗുരുവിന്‍റെ ആത്മീയഗുരുവും വടകര താഴെയങ്ങാടിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ആന്ത്രോത്ത് ദ്വീപ് സ്വദേശി അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങളുടെ (ഖ.സി) പേരിലുള്ള മൗലിദ് കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കൊണ്ട് അദ്ദേഹത്തിലെ രചനാ പാടവം പ്രകടമാക്കി.
വന്ദ്യഗുരുവിന്‍റെ വിയോഗത്തെ തുടര്‍ന്ന് 1989-ല്‍ മഹാനവര്‍കളുടെ മഹിതമായ ജീവിതവും പാരമ്പര്യവും വിവരിച്ചുകൊണ്ട് സ്വന്തം അനുഭവസാക്ഷ്യത്തോടുകൂടി രചിച്ച "ജ്വലിക്കുന്ന മാര്‍ഗ്ഗദീപം" എന്ന ചരിത്ര കൃതി വായനക്കാരിൽ ഗുരുസ്മരണകളുണര്‍ത്തുന്നതോടൊപ്പം രചയിതാവിനെ കൂടി ശ്രദ്ധേയമാക്കി.
1995-ല്‍, പ്രസിദ്ധമായ മന്‍ഖൂസ് മൗലിദ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കൊണ്ട് "മൗലിദിന്‍റെ ആവശ്യവും പ്രസക്തിയും" എന്ന കൃതിക്ക് രചന നിര്‍വ്വഹിച്ച അദ്ദേഹം 1999-ല്‍ വന്ദ്യഗുരുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള "മശ്ഹൂര്‍ മൗലിദും", തുടര്‍ന്ന് മുഹ്‌യിദ്ദീന്‍ ശൈഖ്തങ്ങളുടെ പേരിലുള്ള "മുഹ്‌യിദ്ദീന്‍ മൗലിദും" മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നല്‍കി.
വിജ്ഞാനപ്രദമായ നിരവധി രചനകള്‍ക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം, പൊതുവെ മിതഭാഷിയും സദാ ചെറുപുഞ്ചിരി പൊഴിച്ചുകൊണ്ട് പ്രസന്നഭാവത്തിലുമാണ് കാണപ്പെട്ടത്. വാക്കുകളില്‍ സൂക്ഷ്മതയും, പെരുമാറ്റത്തില്‍ വിനയവും കലര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വഭാവരീതി.
ഇടക്കാലത്ത് പഴയ തറവാടും സ്ഥലവും വില്‍പ്പന നടത്തുകയും, ഗുരുവര്യര്‍ സ്ഥാപിച്ച മഹ്ളറയിലേക്കും, ഗുരുസവിധത്തിലേക്കുമുള്ള യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും വിധം പട്ടാമ്പി ടി.ബി റോഡിന് സമീപത്തായി ചെറിയ വീടും, സ്ഥലവും വാങ്ങി താമസം മാറുകയും ചെയ്തു.
ജീവിതത്തിലുടനീളം മിതത്വവും ക്ഷമയും കാത്തു സൂക്ഷിച്ച അദ്ദേഹം 2009 ഒക്ടോബര്‍ 4 (ഹിജ്റ 1430 ശവ്വാല്‍ 14)ന് ഞായറാഴ്ച 80ാം വയസ്സില്‍, വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിടപറഞ്ഞു. പട്ടാമ്പി ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
ഗുരുശിഷ്യബന്ധത്തിന്‍റെ ഉദാത്ത മാതൃക കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.